ജോബ് കുര്യൻ | Photo : Facebook / Job Kurian
സ്വതന്ത്രസംഗീത മേഖല (Independent Music) യ്ക്ക് കേരളത്തില്‍ വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ടോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും ജോബ് കുര്യന് എന്ന ഗായകനെ സംഗീതപ്രേമികള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നത് ഇന്‍ഡിപെന്‍ഡന്റ് മ്യുസീഷന് എന്ന നിലയിലാണ്. പിന്നണി പാടിയ സിനിമാഗാനങ്ങളെല്ലാം തന്നെ സൂപ്പര്ഹിറ്റുകളാണെങ്കിലും ജോബ് കുര്യന് എന്ന സംഗീതജ്ഞന്റെ റേഞ്ച് നാമറിഞ്ഞത് പദയാത്ര, എമ്പ്രാന്, റൂട്ട്സ്, നിലാവ്... തുടങ്ങി കുറേയേറെ ഗാനങ്ങളിലൂടെയും കപ്പ ടിവിയുടെ മ്യൂസിക് മോജോയിലൂടെ ജോബ് ചെയ്ത കവര്‍ വേര്ഷനുകളിലൂടെയുമാണ്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ജോബിന്റെ മാജിക് മ്യൂസിക് കപ്പ ഒറിജിനല്‍സിലൂടെ വീണ്ടുമെത്തുകയാണ്. മാതൃഭൂമി അവതരിപ്പിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ലേബല്‍ കപ്പ ഒറിജിനല്‍സിന്റെ ജനുവരി പതിനഞ്ചിന് നടക്കുന്ന ലോഞ്ചിങ് ഇവന്റില്‍ റിലീസ് ചെയ്യുന്ന ഐ ആം ഒറിജിനല്‍ (I'm ORIGINAL) എന്ന ആല്‍ബത്തില്‍ ജോബിന്റെ ഏറ്റവും പുതിയ ഗാനം അതേ നിലായും പുറത്തിറങ്ങും. ഈയവസരത്തില്‍ ജോബ് കുര്യന് ആദ്ദേഹത്തിന്റെ സംഗീതപ്രവര്‍ത്തനത്തെ കുറിച്ചും സ്വതന്ത്രസംഗീതമേഖലയെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് എന്ന സംഗീതശാഖയ്ക്ക് മുമ്പത്തേക്കാള്‍ കേരളത്തില്‍ പ്രാധാന്യമേറുകയാണല്ലോ. ആസ്വാദകരും വര്‍ധിക്കുന്നു. എങ്കിലും പഴയകാല ഗാനങ്ങള്‍ക്കും അവയുടെ കവര്‍ വേര്‍ഷനുകള്‍ക്കും എന്തുകൊണ്ടാണ് ഇത്രയധികം സ്വീകാര്യത എന്നാണ് ലൈവ് ഷോകളില്‍ കവര്‍ സോങ്ങുകളും പെര്‍ഫോം ചെയ്യാറുള്ള ജോബിന് തോന്നുന്നത്?
പഴയകാല ഗാനങ്ങള്‍ വീണ്ടും ഹിറ്റാകുന്നതിന് പിന്നില്‍ ഒരുപക്ഷെ ഇന്നത്തെ മുതിര്‍ന്ന തലമുറയുടെ നൊസ്റ്റാള്ജിയയാവാം. കേട്ടുവളര്‍ന്ന ഗാനങ്ങളുടെ വരികളും ഈണവുമൊക്കെ അവരുടെ കുട്ടിക്കാല ഓര്‍മകളില്‍ ഇപ്പോഴുമുണ്ടാകും. ആ ഓര്‍മകളുടെ മാധുര്യം അത്തരം ഗാനങ്ങളോടുള്ള ഇഷ്ടവും അടുപ്പവും കൂട്ടുന്നുണ്ടാകും. ജോണ്സണ് മാഷിന്റേയും ദാസ് സാറിന്റേയും റഫി സാബിന്റേയും തുടങ്ങി കുട്ടിക്കാലത്ത് അധികമായി കേട്ടിരുന്ന പാട്ടുകളോട് എനിക്ക് പ്രത്യേക മമതയുണ്ട്. മ്യൂസിക് ചാനലുകളില്‍ വന്നിരുന്ന ആല്‍ബങ്ങളും ഇഷ്ടങ്ങളുടെ പട്ടികയിലുണ്ട്. ഇന്നത്തെ പോലെ ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കാനോ താത്പര്യമില്ലാത്തവ സ്കിപ് ചെയ്യാനോ അവസരമുണ്ടായിരുന്നില്ലല്ലോ. എന്നു കരുതി എല്ലാ ഗാനങ്ങളും ഏറ്റെടുക്കപ്പെട്ടിരുന്നില്ല. മികച്ച ഗാനങ്ങള്‍ക്ക് അന്നും ഇന്നും ആരാധകരുണ്ട്. ആസ്വാദകനാണ് ഒരു കലാസൃഷ്ടിയെ വിലയിരുത്തുന്നത്. അത് അയാളുടെ അധികാരവും അവകാശവുമാണ്. ആസ്വാദകന് ഗാനം ഇഷ്ടമായാല്‍ ആ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനന്ദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നു കരുതി ഞാനുണ്ടാക്കുന്ന എല്ലാ സംഗീതത്തേയും ഇഷ്ടപ്പെടണമെന്ന് വാശി പിടിക്കുകയോ ഞാന്‍ ചെയ്യുന്ന എല്ലാ സംഗീതവും കേള്‍ക്കണമെന്ന് നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് ശരിയല്ലല്ലോ. പക്ഷെ നല്ലതിനെ എപ്പോഴും സംഗീതാസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതാണ് ഞാനുള്‍പ്പെടെയുള്ള കലാകാരന്മാര്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനം.
യൂട്യൂബും സോഷ്യല്‍ മീഡിയയും സ്പോട്ടിഫൈയും പോലെയുള്ള മാധ്യമങ്ങള്‍ പാട്ടുകളെ കൂടുതല്‍ സംഗീതപ്രേമികളിലേക്ക് എത്തിക്കാന്‍ സഹായിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ മുന്‍കാലത്തും നല്ല ഗാനങ്ങള്‍ക്ക് അര്‍ഹമായ സ്വീകാര്യത ലഭിച്ചിരുന്നു. കാസറ്റ് യുഗത്തിലും സിഡികളുടെ കാലത്തും നല്ല പാട്ടുകള്‍ ഏറെ വിപണിമൂല്യം നേടിയിട്ടുണ്ട്. ടെക്നോളജിയുടെ വികസനം മൂലം ആസ്വാദകരിലേക്കെത്തുന്ന ഗാനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയൊക്കെ കണ്ടന്റ് ഓവര്‍ലോഡഡ് ആണ്. അവിടെ തിരഞ്ഞെടുപ്പിനുള്ള ഇടവേള കുറയുകയാണ്. അതിനാല്‍ത്തന്നെ ചില നല്ല ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ചിലപ്പോള്‍ വരുംകാലത്ത് ആ ഗാനങ്ങള്‍ക്ക് പരിഗണന ലഭിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തേക്കാം. ഇന്ന് നാം ആസ്വദിക്കുകയും റിപ്പീറ്റ് മോഡില്‍ പ്ലേ ചെയ്യുന്നതുമായ പാട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേള്‍ക്കുമ്പോഴും നമുക്കതിനോട് മാനസികമായ അടുപ്പം തോന്നാം, അത് സ്വാഭാവികമാണ്.
സിനിമാസംഗീതത്തിന് ലഭിക്കുന്ന സ്വീകാര്യത നമ്മുടെ നാട്ടില്‍ സ്വതന്ത്രസംഗീതത്തിന് ലഭിക്കുന്നുണ്ടോ / അത്തരമൊരു സാഹചര്യത്തില്‍ കപ്പ ടിവി പോലുള്ള പ്ലാറ്റ്ഫോമുകള് സ്വതന്ത്ര സംഗീതപ്രവര്ത്തകര്ക്ക് ഏതുവിധത്തിലാണ് പിന്തുണയാകുന്നത്? ജോബ് എന്തുകൊണ്ട് ഈ മേഖലയില്‍ത്തന്നെ തുടരുന്നു?
സിനിമാസംഗീതത്തിന് സമാന്തരമാണ് ഇന്‍ഡിപെന്‍ഡന്റ് അഥവാ പാരലല്‍ മ്യൂസിക് എന്നാണ് നാം പൊതുവെ പറയാറുള്ളത്. സിനിമ കൂടുതല്‍ ജനകീയമായ കലാരൂപമായതിനാല്‍ സിനിമാസംഗീതത്തിന് സ്വീകാര്യത കൂടുതലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കേരളത്തില്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് ആരാധകരേറെയുണ്ട്. പക്ഷേ, സ്വതന്ത്ര സംഗീത മേഖലയിലേക്ക് കടന്നുവരാന്‍ സംഗീതപ്രവര്‍ത്തകര്‍ ഒന്ന് മടിക്കും. ഇതിന് വേണ്ടി വരുന്ന മുതല്‍മുടക്കാണ് ആദ്യകാരണം. ഒരുപക്ഷേ, പാട്ട് ഫ്ളോപ്പായാല്‍ പണം നഷ്ടമാകും, ആത്മവിശ്വാസം നഷ്ടപ്പെടും പിന്നീട് ഈ രംഗത്ത് തുടരാന്‍ പോലും മടിച്ചേക്കാം. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് വേണ്ടത്ര പ്രൊമോഷന് ഇവിടെ കിട്ടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. മാധ്യമങ്ങളൊന്നും തന്നെ സ്വതന്ത്രസംഗീതമേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രചാരം നല്‍കുന്നില്ലെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. വിദേശരാജ്യങ്ങളിലൊക്കെ പാട്ടുകളേക്കാള്‍ ബാക്ഗ്രൗണ്ട് സ്കോറിനാണ് സിനിമയില്‍ പ്രാധാന്യം നല്‍കുന്നത്. അതേസമയം പാരലല്‍ മ്യൂസിക്കിനും ഏറെ പ്രാധാന്യം അവിടങ്ങളില്‍ ലഭിക്കുന്നുണ്ട്.
എനിക്ക് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിനോടാണ് കൂടുതല്‍ താത്പര്യമെന്നതിനാല്‍ ഞാന്‍ ഇതില്‍ത്തന്നെ തുടരുന്നു. ആസ്വാദകരില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ഈ രംഗത്ത് തുടരാന്‍ എനിക്ക് പ്രേരകമാകുന്നത്. ചെയ്യുന്ന പാട്ടുകള്‍ നന്ന് എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷവും അഭിമാനവും വേറെ തന്നെയാണ്. സാമ്പത്തികമായി പ്രയാസം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ നിരാശ തോന്നാറുണ്ടെന്നതും സത്യമാണ്. പക്ഷേ, കപ്പ ടിവി പോലെയുള്ള ചാനലുകള്‍ എന്നെപ്പോലെയുള്ള കലാകാരന്മാര്ക്ക് നല്കുന്ന പ്രോത്സാഹനം എടുത്തുപറയുക തന്നെ വേണം. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് ഇത്രയും നല്ലൊരു പ്ലാറ്റ്ഫോം കിട്ടുന്നത് നല്ല കാര്യമല്ലേ. കപ്പ ടിവിയിലെ മ്യൂസിക് മോജോ വഴിയാണ് എന്റെ പദയാത്ര ആദ്യം വരുന്നത്. അതുപോലെ തൈക്കുടം ബ്രിഡ്ജ്, തകര... ഒരുപാട് കലാകാരന്മാരെ കപ്പ ടിവിയുലൂടെയാണ് സംഗീതപ്രേമികളിലേക്കെത്തിയത്. ഇന്‍ഡിപെന്‍ഡന്റ് മ്യുസീഷന്‍സിന് വേണ്ടി പുതിയൊരു പ്ലാറ്റ്ഫോം കൂടി കപ്പയിലൂടെ വരികയാണ്-കപ്പ ഒറിജിനല്‍സ് എന്ന പേരില്‍.
ഒരുപാട് കലാകാരന്മാര്ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ ഒറിജിനല്‍ മ്യൂസിക് പ്രൊഡക്ഷന്‍സ് സംഗീതപ്രേമികളിലേക്ക് എത്തിക്കാനാവും. ആര്‍ട്ട് പ്ലസ് ബിസിനസ് തീര്‍ച്ചയായും വേണം. ബിസിനസില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍സ് ഒരു ആര്‍ട്ടിസ്റ്റിന് എപ്പോഴും പ്രോത്സാഹനമാണ്. ഒരുപക്ഷെ ഭാവിയില്‍ കപ്പ ടിവിയ്ക്ക് ഇതില്‍ നിന്ന് റിട്ടേണ്‍സ് ലഭിച്ചേക്കാം. ഒരു തീര്‍ച്ചയുമില്ലാത്ത ആ ലാഭത്തിന് വേണ്ടി മാത്രമാകില്ല ചാനലിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ഇനിഷ്യേറ്റീവ് ഉണ്ടായിരിക്കുന്നത്. മറ്റിടങ്ങളിലെ പോലെ കേരളത്തിലും സ്വതന്ത്രസംഗീതപ്രവര്ത്തകര്ക്ക് ഒരിടം ലഭിക്കണമെന്നുള്ള ആഗ്രഹമാണ് മയൂര (ഡയറക്ടര്‍-മാതൃഭൂമി ഡിജിറ്റല്‍ ബിസിനസ്) എന്നോട് പങ്കുവെച്ചത്. അത് ഞങ്ങളെപ്പോലെയുള്ള കലാകാരന്മാര്ക്ക് ഏറെ പ്രയോജനപ്രദമാണെന്നതുകൊണ്ടാണ് ഏറെ ആത്മാര്‍ഥതയോടെ ഞാനും സയനോരയുമൊക്കെ ഈ സംരംഭവുമായി സഹകരിക്കുന്നത്. കപ്പ ഒറിജിനല്‍സിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പുതിയ ഗാനങ്ങള്‍ കൂടി റിലീസാകുന്നുണ്ട്. അവയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടും എന്നും തന്നെയാണ് പ്രതീക്ഷ. ഇത്തരം സംരംഭങ്ങളിലൂടെ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് മേഖല കൂടുതല്‍ സജീവമാകും, കലാകാരന്മാര്ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയും ചെയ്യും.
ജോബിന്റെ ലൈവ് പെര്‍ഫോമന്‍സ് വളരെ വൈബ്രന്റാണ്. അസംഖ്യം ഓഡിയന്സിന്റെ മുന്നില്‍ നിന്നുള്ള സ്റ്റേജ് പെര്‍ഫോമന്‍സും മറ്റൊരു മ്യൂസിക് ഡയറക്ടറുടെ സംഗീതത്തില്‍ സ്റ്റുഡിയോയിലെ സോങ് റെക്കോഡിങ്ങും-വ്യത്യസ്തമായ അനുഭവങ്ങളല്ലേ?
സ്റ്റേജ് പെര്‍ഫോമന്‍സും സ്റ്റുഡിയോ റെക്കോഡിങ്ങും തികച്ചും വ്യത്യസ്തമാണ്. സ്റ്റേജ് ശരിക്കും ഒരു മാജിക്കാണ്. ഓഡിയന്സിന്റെ ഇന്ററാക്ഷന് നമ്മളുടെ പെര്‍ഫോമന്‍സിന് നല്കുന്ന ഒരു എനര്‍ജി ചിലപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പാടുമ്പോള്‍ കിട്ടണമെന്നില്ല. പലപ്പോഴും നമ്മള് പാടുമ്പോള്‍ ഓഡിയന്‍സ് കൂടെപ്പാടുകയോ ഏറ്റുപാടുകയോ ചെയ്യാറുണ്ട്. സ്റ്റേജില്‍ നിന്ന് പാടുമ്പോള്‍ വീട്ടിലോ അടുത്ത ഫ്രണ്ട് സര്‍ക്കിളിലോ പാടുന്നതു പോലെയാണ് തോന്നുക. പ്രോഗ്രാം കാണാനെത്തിയവരില്‍ നേരിട്ടു പരിചയമുള്ളവര്‍ കുറവായിരിക്കും. പക്ഷെ അവരൊക്കെ നമുക്ക് ഏറ്റവും അടുപ്പമുള്ളവരായി മാറും. നമ്മുടെ മുന്നില്‍ നില്ക്കുന്നവരൊക്കെ ഫാമിലി മെമ്പേഴ്സോ ഫ്രണ്ട്സോ ആയി മാറും. അവിടെ സംഗീതം മാത്രമാണ് ഭാഷ. സോഷ്യലൈസ് ചെയ്യാന്‍ ഏറെ താത്പര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ക്രൗഡും അവര്‍ക്കൊപ്പമുള്ള മാജിക്കല്‍ മോമന്റ്സും ഞാന്‍ വളരെയേറെ എന്ജോയ് ചെയ്യാറുണ്ട്. ഞാന്‍ ചെയ്ത പാട്ടുകള്‍ മാത്രമല്ല എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന പാട്ടുകളും ഞാന്‍ പാടാറുണ്ട്. അത് ചിലപ്പോള്‍ ഓഡിയന്സിന്റെ ഭാഗത്ത് നിന്ന് വരുന്ന സജഷനാവാം, എനിക്ക് പ്രിയമുള്ളവയാവാം.
സിനിമയ്ക്ക് വേണ്ടിയോ മറ്റോ പാടേണ്ടി വരുന്നത് എന്നെ സംബന്ധിച്ച് വളരെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യമാണ്. കാരണം, മറ്റൊരു കലാകാരന്റെ സംഗീതത്തില്‍ പാടുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നതുപോലെ, പ്രതീക്ഷിക്കുന്നതുപോലെ ആ ഗാനം പാടാനാവുമോ എന്ന ആശങ്ക എപ്പോഴുമുണ്ടാകാറുണ്ട്. ശ്രമിച്ചുനോക്കി ഉപേക്ഷിച്ച ഗാനങ്ങളുമുണ്ട്. ആ ഗാനത്തിന്റെ പെര്ഫെക്ഷന് ഞാന്‍ പാടിയാല്‍ കിട്ടില്ല എന്നൊരു തോന്നലുണ്ടായാല്‍ അത് മറ്റൊരാളെക്കൊണ്ട് പാടിക്കാന്‍ ഞാന്‍ മ്യൂസിക് ഡയറക്ടേഴ്സിനോട് ആവശ്യപ്പെടാറുണ്ട്. അവരത് അതേ അര്ഥത്തിലെടുക്കുന്നതുകൊണ്ട് ഇതുവരെ പ്രശ്നങ്ങളുണ്ടായിട്ടില്ല. അവര്‍ക്കത് മനസിലാകും എന്നതുകൊണ്ടാണ് അത് തുറന്നുപറയാന്‍ എനിക്കാവുന്നതും. ഞാന്‍ വളരെ പെര്ഫെക്ഷന്റെ ആളാണ്. പല മ്യൂസിക് ഡയറക്ടേഴ്സും എത്ര മനോഹരമായാണ് പാടുന്നത്. അവര്‍ പാടിക്കേള്‍പ്പിക്കുന്ന റേഞ്ചിന്റെ അടുത്തെങ്കിലും ഞാന്‍ പാടുമ്പോള്‍ എത്തണ്ടേ? ആ ചിന്ത ഓരോ പാട്ട് പാടുമ്പോഴും ഉണ്ടാകാറുണ്ട്. മറ്റൊരാളുടെ സംഗീതത്തില്‍ പാടുമ്പോള്‍ മാക്സിമം എഫര്‍ട്ട് എടുക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്.
സംഗീതരംഗത്തെ സൗഹൃദങ്ങള്‍ ഏതുവിധത്തിലാണ് സ്വാധീനിക്കുന്നത് ? പ്രത്യേകിച്ച് റെക്സ് വിജയന്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് തുടങ്ങിയവരുമായി ഏറെ അടുപ്പമുണ്ടല്ലോ
റെക്സ് ചേട്ടനുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. പുള്ളിയാണ് എന്റെ ഇന്‍സ്പിറേഷനും മെന്ററുമൊക്കെ. വളരെ യുസ്ഫുള്‍ ആയ സജഷന്‍സ് ചേട്ടന് തരാറുണ്ട്. സംഗീതരംഗത്ത് എന്നെക്കാള്‍ സീനിയറാണ് ചേട്ടന്. പരസ്പരം ബഹുമാനിക്കുന്ന, സ്പേസ് ഗിവിങ് ആയ ഒരു ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. അതുപോലെത്തന്നെ മാനസികമായി ഏറെ അടുപ്പമുള്ള മറ്റുപല ബന്ധങ്ങളുമുണ്ട്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്താണ് സ്റ്റീഫന്‍ ദേവസി ചേട്ടനെ കാണുന്നത്. അന്നത്തെ ബന്ധം ഇപ്പോഴും ചേട്ടനുമായുണ്ട്. പിന്നെ ഹരീഷ് (ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്)...അങ്ങനെ ഒരുപാട് പേരുണ്ട്. ബാന്‍ഡ് മേറ്റ്സിന്റെ കാര്യം എടുത്തുപറയേണ്ടതുണ്ട്. എന്തിനും കട്ടയ്ക്ക് കൂടെനില്ക്കുന്നവര്. അവര്‍ തരുന്ന റെസ്പെക്ടും സ്നേഹമുമില്ലെങ്കില് സ്റ്റേജില്‍ മാജിക് ക്രിയേറ്റ് ചെയ്യാനാവില്ല.

റെക്സ് ചേട്ടനാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്ന പാട്ടെഴുത്തുകാരനെ പരിചയപ്പെടുത്തിയത്. ഞങ്ങള്‍ക്കിടയില്‍ മനോഹരമായ കെമിസ്ട്രിയുണ്ട്. മിക്കപ്പോഴും ഞാന്‍ ചിന്തിക്കുന്നതുപോലെ അദ്ദേഹം വരികളെഴുതാറുണ്ട്. ഒരു പാട്ടിന് വേണ്ടി ഈണമിടുമ്പോള്‍ ഞാന്‍ ഡമ്മി വരികളെഴുതാറുണ്ട്. ഇതുമായാണ് വരികളെഴുതാന്‍ ചന്ദ്രേട്ടനെ സമീപിക്കാറ്. ആ വരികള്‍ ബേസ് ചെയ്ത്, എനിക്ക് വേണ്ട രീതിയില്‍ അദ്ദേഹം എഴുതിത്തരാറുണ്ട്. ഒരിക്കലും അവിടെ ഈഗോ വരാറില്ല. പച്ചയായ ഒരു മനുഷ്യനാണ് ചന്ദ്രേട്ടന്. അദ്ദേഹത്തിന്റെ എഴുത്തും വ്യത്യസ്തമാണ്. എത്രയോ പാട്ടുകള്‍ അദ്ദേഹവുമായി ഞാന്‍ ചെയ്തിരിക്കുന്നു. അദ്ദേഹവുമൊത്ത് വര്‍ക്ക് ചെയ്യുന്നതില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്.
മലയാളികള്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യേശുദാസ് എന്ന ഗായകനെ ആരാധിക്കുന്ന ധാരാളം സംഗീതപ്രേമികളുണ്ട്. ജോബും അദ്ദേഹത്തിന്റെ ആരാധകനാണല്ലോ. യേസുദാസിനെപ്പോലെ ഇനിയൊരു ഗായകന് ഇനി ഉണ്ടായേക്കാമെന്ന അഭിപ്രായമുണ്ടോ?
യേശുദാസിനെ പോലെ മറ്റൊരു ഗായകന് എന്ന് പറയുന്നതില്‍ തന്നെ ഔചിത്യക്കുറവില്ലേ? ഒരാളെ പോലെ എങ്ങനെ മറ്റൊരാളാവും, തീര്‍ച്ചയായും ദാസ് സര് ഒരു ലെജന്‍ഡ് ആണ്. മലയാളികളുടെ സ്വകാര്യഅഹങ്കാരം. അദ്ദേഹവും റഫി സാബും എസ്പിബിയുമൊക്കെ വേറെ ലെവലല്ലേ. ഓരോത്തര്‍ക്കും ഫേവറിറ്റായ ഗായകരുണ്ട്. അത് പേഴ്സണല്‍ ചോയ്സാണ്. കൂടുതല്‍ ഗായകര്‍ ഇപ്പോള്‍ രംഗത്തേക്ക് വരുന്നുണ്ട്. ഓരോത്തരും വ്യത്യസ്തരാണ്. എല്ലാവരും അംഗീകരിക്കപ്പെടണം എന്നു തന്നെയാണ് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്. അതാണ് വേണ്ടതും. അപ്പോള്‍ കൂടുതല്‍ മികച്ച സംഗീതമുണ്ടാകും. മുമ്പ് സിനിമയോ നാടകമോ മാത്രമായിരുന്നു നമുക്ക് പാട്ടുകള്‍ തന്നിരുന്നത്. ഇപ്പോള്‍ സ്വതന്ത്രസംഗീതവും കൂടുതലായി അംഗീകരിക്കപ്പെടുന്നുണ്ട്. സ്വതന്ത്രസംഗീതപ്രവര്ത്തകര് കൂടുതലായി രംഗത്തേക്ക് വരുന്നു, അവര്‍ക്ക് പ്രോത്സാഹനവുമായി കപ്പ ടിവി പോലുള്ള പ്ലാറ്റ്ഫോമുകളും വരുന്നു. എക്ട്രീമിലി ടാലന്റഡായ ഒരുപാട് കലാകാരന്മാരുണ്ട്. നല്ല സംഗീതം കൂടുതലായി വരട്ടെ. അതാണ് വേണ്ടത്.
സംഗീതരംഗത്തേക്ക് എങ്ങനെ എത്തിപ്പെട്ടു / ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫീല്‍ഡില്‍ തുടരാന്‍ ചില്ലറ ധൈര്യമല്ല വേണ്ടത്. എന്താണ് ജോബിന്റെ ധൈര്യം?
കുട്ടിക്കാലം മുതല്‍ തന്നെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു. അതിനുള്ള അവസരം വീട്ടിലും ഉണ്ടായിരുന്നു. കുട്ടനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചേക്കേറിയ ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് ഞാന്‍. അച്ഛന് കുര്യന് ജേക്കബ്, അമ്മ റോസമ്മ കുര്യന്. അച്ഛന് അത്യാവശ്യം പാടാറുണ്ട്. കൂടാതെ സഹോദരിമാര്‍ ട്രീസയും ആനിയും പാടാറുണ്ട്. ഭാര്യ ആതിരയും ഗായികയാണ്. എനിക്ക് സംഗീതത്തിലുളള താത്പര്യം മനസിലാക്കി അച്ഛന് കൂടെനിന്നു. ഒരു കാര്യം മാത്രമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. ജോലിക്കായി ഒരു ബിരുദം നേടിയിരിക്കണം. അതിനാല്‍ തന്നെ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. അധ്യാപകരും ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. മലനാട് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സമാനതത്പരര് എന്നിലെ സംഗീതജ്ഞനെ കൂടുതല്‍ പോളിഷ് ചെയ്യാന്‍ സഹായിച്ചു. കൂടുതല്‍ ഫെസ്റ്റിവലുകളിലേക്കും യാത്രകളിലേക്കും എന്റെ ലോകം തുറന്നുതന്നത് ആ ഫ്രണ്ട്സ് സര്‍ക്കിളാണ്.

അവിടെ നിന്നിറങ്ങിയതോടെ ഒരു ജോലിക്കായിരുന്നു പ്രയോറിറ്റി. കോവളത്തെ ഒരു റിസോര്‍ട്ടില്‍ ഗ്രീന്ഹാര്ട്ട് ബാന്‍ഡിനൊപ്പം ഗായകനായി കൂടി. ഏഴുമാസത്തോളം അവിടെ ഉണ്ടായിരുന്നു. അയല്പക്കത്തെ സജീവന് ചേട്ടനാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ അതില്‍ പങ്കെടുത്തു. ആ ഷോയില്‍ നിന്നുണ്ടായ ഏറ്റവും വലിയ ഭാഗ്യം ഒരുപാട് പേര് ഇപ്പോഴും തിരിച്ചറിയുന്നു എന്നതാണ്. ഇപ്പോഴും അന്നത്തെ ജോബായി തന്നെ പലരും എന്നെ കാണുന്നു. അതിന് ഞാനേറെ കടപ്പെട്ടിരിക്കുന്നു. ആ സ്നേഹത്തില്‍ നിന്ന് കിട്ടുന്ന ധൈര്യത്തിലാണ് ഞാനിപ്പോഴും സ്വതന്ത്ര സംഗീത മേഖലയില്‍ തുടരുന്നതും. ഇപ്പോള്‍ എല്ലാവിധ പ്രോത്സാഹനവുമായി ആതിരയും കൂടെയുണ്ട്.
Content Highlights: Job Kurian, Interview, Kappa Originals, Mathrubhumi, Independent Music, Music, Musician
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..