വീട്ടിലെത്തിയ ഓമനയെ ജെസി സ്വീകരിക്കുന്നു | ഫോട്ടോ: മാതൃഭൂമി
അറ്റുപോയെന്ന് കരുതിയ സുഹൃദ്ബന്ധം ആറുപതിറ്റാണ്ടോളം കഴിഞ്ഞ് തിരിച്ചുകിട്ടിയതിന്റെ ത്രില്ലിലാണ് രണ്ട് പ്രതിഭകൾ. ‘നദി’ എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ജെസിയും മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലൻ’ എന്ന സിനിമ’യിലെ നായകൻ കെ.കെ. അരൂരിന്റെ മകൾ ഓമനയുമാണ് 59 വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്. കൊയിലാണ്ടി സ്വദേശി തളയം പുനത്തിൽ ശശീന്ദ്രൻ സംഗീത ഗ്രൂപ്പുകളിലൂടെ അവതരിപ്പിക്കുന്ന പരിപാടിയാണ് സുഹൃത്തുക്കളുടെ സംഗമത്തിന് വഴിയൊരുക്കിയത്.
കൗമാരത്തിൽ കൂട്ടുപിരിഞ്ഞ സുഹൃത്തുക്കളായിരുന്നു ഇവർ. ജെസി യുടെയും ഓമനയുടെയും വിദ്യാഭ്യാസം പാലാ ഗവ. സ്കൂളിലായിരുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും ചെറുപ്പംമുതലേ നൃത്തം അഭ്യസിച്ചിരുന്നു. സ്കൂൾ പഠനശേഷമാണ് ഇവർ പിരിയുന്നത്. കത്തുകളിലൂടെ സൗഹൃദം കുറെക്കാലം നിലനിന്നു. പിന്നീട് അതും ഇല്ലാതായി.
നദി, കായംകുളം കൊച്ചുണ്ണി, ആരോമലുണ്ണി, കാലചക്രം തുടങ്ങി 12 സിനിമകളിൽ വേഷമിട്ട ജെസി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ സിനിമ വിട്ടു. പാലാ അൽഫോൻസാ കോളേജിൽ പ്രൊഫസറായാണ് എഴുപത്തിരണ്ടുകാരിയായ ജെസി വിരമിച്ചത്. 74-വയസ്സുള്ള ഓമന ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ പ്രിൻസിപ്പലായിരുന്നു.
ചാലക്കുടി കാർബൊ റാണ്ടം കമ്പനി ജീവനക്കാരനായ ശശീന്ദ്രൻ സംഗീതഗ്രൂപ്പുകളിലൂടെ പാട്ടിന്റെ പിന്നാമ്പുറചരിത്രം പറയുന്ന പരിപാടിയിൽ നടത്തിയ പരാമർശമാണ് ഇവരുടെ കണ്ടുമുട്ടലിന് നിമിത്തമായത്. നദി സിനിമയിലെ ‘തപ്പുകൊട്ടാമ്പുറം, തകിലുകൊട്ടാമ്പുറം’ എന്ന് തുടങ്ങുന്ന ഗാനരംഗത്തിലൂടെ സിനിമാസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ജെസി എന്ന പ്രതിഭയെപ്പറ്റി ഒരു അറിവുമില്ലെന്നായിരുന്നു പരാമർശം.

ഇതുകേട്ട കോട്ടയത്തുള്ള ഒരു ശ്രോതാവ് തന്റെ സുഹൃത്തും ജെസിയുടെ ബന്ധുവുമായ ആളിന്റെ വിവരം നൽകി. ഇതുപ്രകാരം പാലായിലെ ചക്കാമ്പുഴയിൽ വിശ്രമജീവിതം നയിക്കുന്ന ജെസിയെ കണ്ടെത്തി. ജെസിയുടെ അഭിമുഖം വേണമെന്നും ഇതിനായി കെ.കെ. അരൂരിന്റെ ബന്ധുവും അവതാരകയുമായ ശ്രീദേവി ബന്ധപ്പെടുമെന്നും ശശീന്ദ്രൻ അറിയിച്ചു. കെ.കെ. അരൂരിന്റെ മകൾ ഓമന തന്റെ അടുത്ത സുഹൃത്താണെന്നും നേരിൽ കണ്ടിട്ട് വർഷങ്ങളായെന്നും അവരെ കാണാൻ ആഗ്രഹമുണ്ടെന്നും ജെസി പറഞ്ഞതോടെയാണ് സമാഗമത്തിന് വഴിയൊരുങ്ങുന്നത്.
അന്ന് രാത്രിതന്നെ ഓമന ജെസിയെ വിളിച്ചു, സൗഹൃദം പുതുക്കി. ക്രിസ്മസിന് രണ്ടുദിവസം മുമ്പാണ് ഓമന ഡൽഹിയിൽനിന്ന് പാലായിലുള്ള ജെസിയുടെ വീട്ടിലെത്തിയത്. മണിക്കൂറുകളോളം വിശേഷങ്ങൾ പങ്കുവെച്ചാണ് ഇരുവരും പിരിഞ്ഞത്. രണ്ട് പ്രതിഭകളുടെ പുനഃസമാഗമത്തിന് നിമിത്തമായതിന്റെ സന്തോഷത്തിലാണ് തളയം പുനത്തിൽ ശശീന്ദ്രനും ശ്രീദേവിയും.
Content Highlights: jessy and omana met after 59 long years, nadhi malayalam movie, balan malayalam movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..