ലച്ചിത്ര പ്രേമിയായ സുഹൃത്ത് അനിലാണ് എന്നെ 'ഭരതന്‍' എന്ന സമ്പൂര്‍ണ കലാകാരനെ പരിചയപ്പെടുത്തുന്നത്. ഭരതേട്ടന്റെ എങ്കക്കാട്ടുള്ള വീട്ടില്‍പോയി കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തിന് എന്റെ ഹാസ്യപ്രകടനം ഇഷ്ടപ്പെട്ടു. 

ഭരതേട്ടന്റെ പ്രിയസുഹൃത്തായ പവിത്രന്റെ നര്‍മങ്ങളാണ് അന്ന് ഞാന്‍ അവതരിപ്പിച്ചത്. പൊട്ടിച്ചിരിച്ച് കൈയടിച്ച് ഭരതേട്ടന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട പരിചയക്കാരെപ്പോലെ 10 മിനിറ്റുകള്‍ കൊണ്ട് ഞങ്ങള്‍ അടുത്തു.വള്ളുവനാടന്‍ ചുവയുള്ള മലയാളമാണ് ഭരതേട്ടന്റെ സംസാര ഭാഷ. വസ്ത്രധാരണത്തിലും മറ്റും ഏറെ 'മോഡേണാ'യ ഭരതന്‍ ഉള്ളിന്റെയുള്ളില്‍ തനി വടക്കാഞ്ചേരിക്കാരനായിരുന്നു.

കുഞ്ചന്‍നമ്പ്യാരെ കുറിച്ച് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.''നെണക്ക് നമ്പ്യാരെക്കുറിച്ച് എന്തൊക്കെ അറിയാം?''കുഞ്ചനെക്കുറിച്ച് എനിക്കുള്ള പരിമിതമായ അറിവുകള്‍ ഞാന്‍ പങ്കുവെച്ചു. അനുഗ്രഹ സിനി ആര്‍ട്ടിന്റെ ബാനറില്‍ വി.ബി.കെ. മേനോനാണ് സിനിമ നിര്‍മിക്കുന്നത്. ഭരതേട്ടനും ഞാനും മേനോന്‍ ചേട്ടനും കടവന്ത്രയിലുള്ള 'അനുഗ്രഹ'യില്‍ ഒത്തുകൂടി. പ്രാരംഭചര്‍ച്ചകള്‍, പൊട്ടിച്ചിരികള്‍, പാട്ടുപാടലും അനുകരണവും തുടര്‍ന്നു.

മോഹന്‍ലാലിനെയാണ് നമ്പ്യാരായി കാസ്റ്റ് ചെയ്തത്. വാര്‍ത്ത പ്രചരിച്ചപ്പോള്‍ സാഹിത്യകാരനായ തകഴി അന്ന് ഒരു ബോംബ് പൊട്ടിച്ചു. മോഹന്‍ലാലിന്റെ രൂപം കുഞ്ചന്‍നമ്പ്യാര്‍ക്ക് ചേരില്ല എന്ന്. എങ്കിലും ഞങ്ങള്‍ ചര്‍ച്ചകള്‍ തുടര്‍ന്നു. സിനിമയുടെ കഥാപുരോഗതിക്കുള്ള ചര്‍ച്ചയ്ക്കായി സാക്ഷാല്‍ വി.കെ.എന്‍. എന്ന സാഹിത്യകാരനെ കാണാന്‍ പോയത് ഞാനാണ്.

bharathan

ചെന്നൈയിലുള്ള ഭരതേട്ടന്റെ വീട്ടില്‍ എന്നെ സ്‌ക്രിപ്റ്റ് വര്‍ക്കുകളില്‍ പങ്കാളിയാക്കി. ഭരതേട്ടന്‍ എന്നും രാത്രിയില്‍ എന്നോട് തുള്ളല്‍കവിതകള്‍ ഉറക്കെ പാടാന്‍ ആവശ്യപ്പെടുമായിരുന്നു. ഒരു നാള്‍ 'കിരാതം' കഥയിലെ അര്‍ജ്ജുനന്റെ തപസ്സ് വര്‍ണിക്കുന്ന ഭാഗം ഞാന്‍ ചൊല്ലിയാടിയപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു.

ബ്രഷും ക്യാന്‍വാസും മുന്‍പില്‍ തെളിയുകയാണ്. ഭരതേട്ടന്‍ ചിത്രം രചിക്കാന്‍ തുടങ്ങി. എന്റെ കവിതാലാപനത്തോടൊപ്പം അര്‍ജ്ജുനന്റെ തപസ്സും കാട്ടിലെ വന്‍മരങ്ങളും ദേവസുന്ദരിമാരും നൃത്തവും കാട്ടുമൃഗങ്ങളും പുല്ലും മണ്‍പുറ്റുകളും എന്റെ മുന്‍പില്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടു. ചിത്രരചന ക്ഷിപ്രസാധ്യമായ ഒരു മഹാനായ കലാകാരന്റെ മുന്‍പില്‍ മനസ്സുകൊണ്ട് ഞാന്‍ നമസ്‌കരിച്ചു. പകല്‍ മുഴുവന്‍ ഒരു മാസത്തോളം സ്‌ക്രിപ്റ്റ് രചന നടന്നു.

സന്ധ്യ മയങ്ങിയാല്‍ കലാപരിപാടികള്‍. ഭരതേട്ടനും ലളിതചേച്ചിയും മക്കളായ സിദ്ധാര്‍ത്ഥനും ശ്രീക്കുട്ടിയും ബന്ധുജനങ്ങളുമാണ് പ്രേക്ഷകര്‍. രാഷ്ട്രീയനേതാക്കളും എം.ടി.യും സിനിമാ നടന്മാരും ഒ.എന്‍.വി. കവിതകളും തൃശ്ശൂര്‍ ഭാഷയും നിറഞ്ഞ അനുകരണ പ്രകടന സന്ധ്യ. ഞാന്‍ ഇങ്ങനെ പൊരിക്കുകയാണ്. പൊട്ടിച്ചിരികള്‍. ഇടയ്ക്ക് വെച്ച് ലളിതച്ചേച്ചി ചോദിച്ചു. 'ഈ പരിപാടിക്ക് എത്ര കാശുകിട്ടും ജയാ' സ്റ്റേജില്‍നിന്നും കിട്ടുന്ന വേതനത്തിലായിരുന്നു ലളിതചേച്ചിയുടെ കണ്ണ്. ഭരതേട്ടന്‍ ഇടപെട്ടു പറയും. അവന് കാശ് കിട്ടുന്നതില്‍ നെണക്കെന്താ പ്രശ്നം? അവന്‍ ഒരു തോര്‍ത്തുമുണ്ടുമായി (ഷോള്‍) ജീവിച്ചുപോട്ടെ. പിന്നീട് പാട്ടുകളുടെ പെരുമഴയാണ്. കൈയില്‍ എരിയുന്ന സിഗരറ്റുമായി തലവെട്ടിച്ചു ഹിന്ദോള രാഗത്തില്‍ ഭരതേട്ടന്‍ പാടും.

സാഹിത്യ നായകനായ തകഴിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ ഒഴിവായപ്പോള്‍ ജയറാമിനെ നായകനാക്കാന്‍ ഭരതേട്ടന്‍ തീരുമാനിച്ചു. മാടമ്പു കുഞ്ഞുക്കുട്ടനുമായി സ്‌ക്രിപ്റ്റ് ചര്‍ച്ചകള്‍ നടന്നതായും പറഞ്ഞുകേട്ടു. പിന്നീട് ഭരതേട്ടന്‍ ദേവരാഗം, മഞ്ജീരധ്വനി, ചുരം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നെ കാണുമ്പോള്‍ പറയും...''ടാ... നമുക്ക് അതൊന്ന് പിടിക്കണ്ടടാ... ഈ മഴക്കാലം കഴിയട്ടെ. നോക്കാം. നമുക്കു ഒന്നുകൂടെ ഇരിക്കാം.''എനിക്ക് സന്തോഷമായി. വീണ്ടും നമ്പ്യാര്‍ ചര്‍ച്ചകള്‍ക്ക് ഞാനും കാത്തിരുന്നു. 

1998 ജൂലായ് മാസത്തില്‍ അദ്ദേഹം ആശുപത്രിയിലാണ്. ജൂലായ് 30ന് വിടവാങ്ങി. ഇപ്പോള്‍ ആ സ്‌ക്രിപ്റ്റും എന്റെ പുസ്തകങ്ങളും എവിടെയാണ് എന്ന് എനിക്കറിയില്ല. എങ്കിലും അതൊരു 'കാല'മായിരുന്നു. 'കാലം'... കാലത്തിന് മായ്ക്കാന്‍ കഴിയാത്ത ഒരുപാട് ഓര്‍മകള്‍ നല്കിയ ഭരതേട്ടന്‍ ഇന്നും എന്റെ മുന്‍പില്‍ നില്ക്കുന്നു.

കഴിഞ്ഞ മേയ് 4-ാം തിയ്യതി അമ്പലപ്പുഴയില്‍ വെച്ച് കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള ഹാസ്യപ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ഞാന്‍ വീണ്ടും ഭരതേട്ടനെ ഓര്‍ത്തു. നടക്കാതെപോയ ചലച്ചിത്രത്തെയും ഓര്‍ത്തു. മലയാളത്തിലും തമിഴിലും ദൃശ്യഭംഗിയുള്ള, ഉള്‍ക്കനമുള്ള ചലച്ചിത്രങ്ങളും പാട്ടുകളും തീര്‍ത്ത ഭരതന്‍ 'കുഞ്ചന്‍ നമ്പ്യാര്‍' എന്ന സിനിമ ചെയ്തിരുന്നെങ്കില്‍..... വീണ്ടും നമ്മുടെ മുന്‍പില്‍ വന്ന് ആ സിനിമ യാഥാര്‍ഥ്യമാക്കിയെങ്കില്‍.