ചേട്ടനും അനിയനും വീട്ടിൽ, സിനിമയിൽ ഞങ്ങൾ സഹപ്രവർത്തകർ| ജാൻ എ മൻ സംവിധായകൻ പറയുന്നു


രൂപശ്രീ ഐ വി

ഗണപതിയും ചിദംബരവും ഫോട്ടോ: ഷഹീർ സി എച്ച് | മാതൃഭൂമി

ചേട്ടനും അനിയനും ചേർന്നൊരുക്കിയ തിരക്കഥ, സംവിധാനം ചേട്ടൻ, പ്രധാന കഥാപാത്രമായി അനിയനെത്തുന്നു. മലയാളികൾക്ക് സുപരിചിതനാണ് ഈ അനിയൻ- ബാലതാരമായി മലയാളത്തിലെത്തിയ ഗണപതി. ആദ്യ സിനിമ 'ജാൻ എ മൻ' തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ചിദംബരം. ബി.സി.എ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചിദംബരം സിനിമയുടെ ട്രാക്കുപിടിച്ചിട്ട് 13 വർഷമായി.

ആരാണ് ജാൻ എ മൻ?

ജാൻ എ മൻ ഒരു ഫൺ എന്റർടെയ്‌നറാണ്. ടെൻഷനില്ലാതെ ആളുകൾക്ക് സമാധാനത്തോടെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സാധാരണ സിനിമ. കോമഡി തന്നെയാണ് ചിത്രത്തിന്റെ പ്രധാന എലമെന്റ്. 'ജാൻ എ മൻ' ഒരു ഹിന്ദി, ഉറുദു വാക്കാണ്. ഏറ്റവും പ്രിയപ്പെട്ട ആൾ എന്നാണ് അർഥം. അത് സുഹൃത്തോ പാട്ണറോ ആരും ആകാം. സിനിമയിലെ ജാൻ എ മൻ ആരാണെന്നത് പടം കണ്ടുതന്നെ മനസ്സിലാക്കിക്കോളൂ. പേരിനു പിന്നിലെന്താണെന്ന് ഇപ്പോൾ പറയുന്നില്ല.

ജാൻ എ മൻ- ഒരു ജന്മദിനക്കഥ

ജാൻ എ മനിന്റെ കഥയ്ക്കുള്ള ത്രെഡ് വന്നത് ജീവിതത്തിൽ നിന്നുതന്നെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രം ജോയ് മോനെ പോലെ മുപ്പതാം പിറന്നാൾ ആഘോഷിക്കാൻ ആഗ്രഹിച്ച ആളായിരുന്നു ഞാനും. പിറന്നാൾ ആഘോഷിക്കാനായി ക്ലാസ്‌മേറ്റ്‌സിനെയും ഫ്രണ്ട്‌സിനെയും വിളിച്ച് വീട്ടിൽ അതിനുള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്ത് ഇരിക്കുവായിരുന്നു. അപ്പോഴാണ് നമ്മുടെ തൊട്ടടുത്ത വീട്ടിലെ ഒരു അമ്മൂമ്മ മരിച്ചത്. പിന്നെ പറയേണ്ടല്ലോ. അവിടെ നിന്നാണ് കഥയുടെ ത്രെഡ് കിട്ടിയത്. സിനിമയിൽ പിന്നീട് നടന്ന കാര്യങ്ങളൊക്കെ വെറും കഥകളാണ്. സിനിമ കണ്ടിട്ട് ഏറ്റവും കൂടുതൽ പേർ പറയുന്നത് 'താങ്ക്യൂ ഫോർ ജാൻ എ മൻ' എന്നാണ്. അതൊരു വലിയ അംഗീകാരമായി തോന്നി. എന്റെ സിനിമ കണ്ടതിന് ഞാനല്ലേ അവരോട് സത്യത്തിൽ നന്ദി പറയേണ്ടത്. ജാൻ എ മനിലെ കോമഡികൾ ആളുകൾ ആസ്വദിക്കുന്നതിന്റെ അർഥം അവർ സന്തോഷം അത്രയധികം മിസ് ചെയ്തിട്ടുണ്ടെന്നാണ്. നേരിട്ട് അറിയാത്ത കുറേ പേർ വിളിച്ച് അഭിനന്ദിച്ചു.

Jan E Man
ജാൻ ഇ മനിൽ ഗണപതിയും അർജുൻ അശോകനും

കനകം കാമിനിയും ജാൻ എ മനും തമ്മിൽ

കോവിഡിനു ശേഷം പുറത്തിറങ്ങിയ എല്ലാ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. മികച്ച സിനിമകളുമാണ്. കനകം കാമിനി കലഹം കോമഡി വിഭാഗത്തിലുൾപ്പെടുന്നതാണെങ്കിലും അത് ആക്ഷേപഹാസ്യം കൂടിയാണ്. ജാൻ എ മൻ മറ്റൊരു തരമാണ്. പക്ഷേ, രണ്ടിലും ഒരു കോമൺ ഫാക്ടറുണ്ട്. രണ്ടും സംവിധാനം ചെയ്തിരിക്കുന്നത് പയ്യന്നൂർക്കാരാണ്. കനകം കാമിനി കലഹത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ എന്റെ കസിനാണ്.

ആദ്യ ചിത്രം തിയേറ്ററിൽ റിസ്‌കല്ലേ?

സിനിമ എപ്പോഴും റിസ്‌കാണ്. കോവിഡ് കാലത്ത് റിസ്‌ക് എലമെന്റ് കുറച്ച് കൂടുതലാണ്. ജാൻ എ മൻ ഒടിടിക്കു വേണ്ടി ചെയ്തു തുടങ്ങിയ സിനിമയാണ്. പക്ഷേ ചെയ്തുവന്നപ്പോൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിച്ചു. നിർമ്മാതാക്കളും അത് സമ്മതിച്ചതുകൊണ്ട് ആദ്യ സിനിമ തിയേറ്ററിൽ ഇറക്കാനുള്ള ഭാഗ്യമുണ്ടായി. ചിത്രം ഒ ടി ടി റിലീസ് ചെയ്ത് വേണമെങ്കിൽ റിസ്‌ക് കുറക്കാമായിരുന്നു. പക്ഷേ സിനിമ, അത് എപ്പോഴും വലിയ സ്‌ക്രീനിനുവേണ്ടിയുള്ളതാണ്.

പടത്തിന് ക്ലാപ്പടിച്ചത് നിമിഷ

എന്റെ സിനിമയ്ക്ക് ക്ലാപ്പടിച്ചത് നിമിഷ സജയനാണ്. സിനിമയിൽ ഇല്ലെങ്കിലും അടുത്ത ഫ്രണ്ടാണ്. അതുപോലെ ആസിഫും ഫാമിലിയുമായിട്ട് വളരെ അടുപ്പമാണ്. ഞങ്ങളുടെ കുടുംബം തന്നെയാണ് അവർ. സൗബിനിക്കയുമായിട്ടും അതുപോലൊരു അടുപ്പമാണ്. എന്നെങ്കിലും സിനിമ ചെയ്യുമ്പോൾ അവരെല്ലാം അതിന്റെ ഭാഗമായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. ജാൻ എ മന്നിൽ അവരുടെ രണ്ടുപേരുടെയും സാന്നിധ്യം നിങ്ങൾക്ക് മനസ്സിലാകും.

ആദ്യ ചിത്രം ഇതാകുമായിരുന്നില്ല

കുറേ കഥകൾ മനസിലുണ്ടായിരുന്നു. പലതും വലിയ സ്‌കെയിലിലുള്ള ചിത്രങ്ങളായിരുന്നു. കുറേക്കൂടി സീരിയസ് സബ്ജക്ട് ആയിരുന്നു ആദ്യം മനസ്സിലുണ്ടായത്. അതിനിടയിലാണ് 'ജാൻ എ മനി'ന്റെ സബ്ജക്ടിലേക്കെത്തുന്നത്. കോമഡി കേട്ടുചിരിക്കാൻ സുഖമാണെങ്കിലും അതിനു പിന്നിലെ ജോലി അത്ര എളുപ്പമല്ല. കൃത്യമായി വർക്ക് ചെയ്തില്ലെങ്കിൽ ബോറാവും. എഴുതി തുടങ്ങിയപ്പോൾ പേടിയുണ്ടായിരുന്നു. ഒരു മാസം കൊണ്ട് സ്‌ക്രിപ്റ്റ് തീർത്തു. 35 ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. കോവിഡ് ആദ്യ തരംഗം കഴിഞ്ഞ ബ്രേക്കിലായിരുന്നു ഷൂട്ടിങ്.

Jan E Man
ജാൻ ഇ മനിലെ രംഗം

ചേട്ടൻ- അനിയൻ കെമിസ്ട്രി

ജനിച്ചപ്പോൾ മുതൽ ഉള്ളതാണല്ലോ സഹോദങ്ങൾ തമ്മിലുള്ള കെമിസ്ട്രി. ഗണപതി മാത്രമല്ല അർജുൻ അശോകനും ബാലു വർഗീസും എല്ലാവരും എന്റെ ബ്രദേഴ്‌സ് തന്നെയാണ്. ഞങ്ങൾ ഒരു കുടുംബമാണ്. പിന്നെ എഴുത്തിലേക്ക് വരുമ്പോൾ ഞാനും ഗണപതിയും ബ്രദേഴ്‌സ് അല്ല. ഞങ്ങൾ സഹപ്രവർത്തകരാണ്. ആ രീതിയിലാണ് സിനിമയിൽ ജോലി ചെയ്യുന്നത്. ഞങ്ങളുടെ നാട് പയ്യന്നൂർ അന്നൂരാണ്. സ്‌കൂൾ പഠനം തിരുവനന്തപുരത്തായിരുന്നു. ഇപ്പോൾ എറണാകുളം സെറ്റിൽ ചെയ്തിരിക്കുന്നു.

പാട്ടുകൾ കടമെടുത്തു

സിനിമയിലെ രണ്ട് പാട്ടുകളും പഴയ പാട്ടുകളാണ്- 'മഞ്ഞിൽ വിരിഞ്ഞ പൂവേ', 'പിന്നെ സമയമാം രഥത്തിൽ നാം.' ഒരു മഞ്ഞുനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന ജോയ് മോന്റെ അവസ്ഥ കാണിക്കാൻ മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന ആ പാട്ട് തന്നെയാണ് ഏറ്റവും അനുയോജ്യം എന്നുതോന്നി. മഞ്ഞിൽ വിരിഞ്ഞ് വാടാൻ തുടങ്ങുന്ന പൂവാണ് ജോയ് മോൻ. ആ അവസ്ഥ കാണിക്കാൻ വേറെ ഏതു പാട്ടാണ് നല്ലത്. മഹാരഥന്മാർ നമുക്കു വേണ്ടി നേരത്തേ ആ പാട്ടുകൾ ഉണ്ടാക്കിവച്ചിച്ചുണ്ട്. പിന്നെ മറ്റൊരു പാട്ട് വേണമെന്ന് തോന്നിയില്ല.

സിനിമ കൊണ്ടുവന്നത് അച്ഛൻ

അച്ഛൻ സതീഷ് ഏറെക്കാലം സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ടി.വി ചന്ദ്രൻ സാർ, ജയരാജ് സർ അവർക്കൊപ്പമെല്ലാം ജോലി ചെയ്തിട്ടുണ്ട്. കുറേ ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്. അതിൽ നിന്നെല്ലാമാണ് സിനിമയ്ക്കുള്ള ഊർജ്ജവും പഠനവും. സിനിമയിലെത്തും മുമ്പ് ബിസിഎ പഠിക്കാനൊരു ശ്രമം നടത്തി നോക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ മടുത്തു, നിർത്തി. പിന്നെ ജയരാജ് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. രണ്ടു മൂന്നു സിനിമകളിൽ വർക്ക് ചെയ്തു. പിന്നെ ക്യാമറ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറി. രാജീവ് രവി, കെ യു മോഹൻ എന്നിവർക്കൊപ്പമെല്ലാം ജോലി ചെയ്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും അസിസ്റ്റന്റ് ക്യാമറമാനായിരുന്നു. സംവിധാനവും ഛായാഗ്രഹണം രണ്ട് മേഖലയിലും മാറി മാറി വർക്ക് ചെയ്തിട്ടുണ്ട്.

സംവിധായകനെ ആർക്കു കാണണം

ഇന്റർവ്യൂകളിലൊന്നും അധികം കാണാത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. നാട്ടുകാർക്ക് കാണാൻ ഇഷ്ടം എന്നെയല്ലല്ലോ അവർക്ക് നടന്മാരെയാണ് കാണേണ്ടത്. പിന്നെ ഞാനെന്തിനാ വന്ന് വെറുപ്പിക്കുന്നത്. പിന്നണിയിൽ നിൽക്കുന്നത് മറ്റൊരു സുഖമാണ്.

സിനിമയ്‌ക്കൊരു സമയമുണ്ട്

ഓരോ സിനിമയും സംഭവിക്കാൻ അതിന്റേതായ സമയമുണ്ട്. നല്ല സിനിമ ഏത് എപ്പോൾ വന്നാലും ജനങ്ങൾ സ്വീകരിക്കും. അതിന് നല്ല സമയമോ ചീത്തസമയമോ ഇല്ല. പതിമൂന്ന് വർഷമായി സിനിമയിൽ അസിസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട്. സിനിമയിലെത്താൻ വൈകിപ്പോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സിനിമയെ ആഴത്തെ മനസ്സിലാക്കി പഠിച്ച് ചെയ്യണം എന്നു കരുതുന്നയാളാണ് ഞാൻ. അത് ഇപ്പോൾ സംഭവിച്ചെന്നു മാത്രം. നല്ലൊരു കഥയും അത് ഒരു നിശ്ചിത സമയത്തിനുള്ളിൽ ടു ഡി ഫോർമാറ്റിൽ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവുമുണ്ടെങ്കിൽ ആർക്കും നല്ലൊരു സിനിമയെടുക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented