ദ ഗോഡ് ഫാദറിൽ ജയിംസ് കാൻ
ഒറ്റ കഥാപാത്രംകൊണ്ട് സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഹോളിവുഡ് നടന്‍ ജെയിംസ് കാന്‍. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെഇതിഹാസ ചിത്രം ' ദ ഗോഡ്ഫാദറിലെ ' സോണി കോര്‍ലിയോണി എന്ന ഒറ്റ കഥാപാത്രം മതി ജെയിംസ് എഡ്മണ്ട് കാനെന്ന ഹോളിവുഡ് നടനെ ഓര്‍മകളില്‍ സൂക്ഷിക്കാന്‍.
ഇറ്റാലിയന്‍ അമേരിക്കന്‍ മാഫിയാ തലവന്‍ വീറ്റോ കോര്‍ലിയോണിയുടെ (മര്‍ലന്‍ ബ്രാന്‍ഡോ) മൂത്ത പുത്രനും ചൂടനുമായ സോണി (സാന്റിനി) കോര്‍ലിയോണിയെ അനശ്വരമാക്കിയ പ്രകടനമായിരുന്നു ജെയിംസ കാനിന്റേത്. ഒറ്റ നിമിഷത്തെ പ്രകോപനത്തില്‍ ചാടിപ്പുറപ്പെട്ട് ഒരു ടോള്‍ബൂത്തില്‍ വച്ച് എതിരാളികളുടെ വെടിയേറ്റു വീഴുന്ന സോണി, കാനിന്റെ കൈകളില്‍ ഭദ്രമായിരുന്നു. മാഫിയ കുടുംബത്തിന്റെ അടുത്ത തലവനായി സോണിയെ വളര്‍ത്തിയെടുക്കാനാണ് വീറ്റോ ശ്രമിക്കുന്നത്. പക്ഷേ, പിതാവിന്റെ പ്രതീക്ഷകള്‍ക്കൊത്ത് വളരാനാകാത്ത സോണിയെയാണ് ഗോഡ്ഫാദറില്‍ കാണുന്നത്. സോണിയുടെ എടുത്തു ചാട്ടവും വിഷയലമ്പടത്വവും ചൂടന്‍ സ്വഭാവുമൊക്കെ വീറ്റോയ്ക്ക് തലവേദനയാകുന്നുണ്ട്.
ദ ഗോഡ്ഫാദറില്‍ അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പമോ അതിനു മേലയോ ആണ് ഡയലോഗുകള്‍ക്കുള്ള സ്ഥാനം. സോണിയുടെ വഴിവിട്ട ബന്ധങ്ങളെയും ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തെയും പരാമര്‍ശിച്ചുകൊണ്ടുള്ള വീറ്റോയുടെ ഡയലോഗുകള്‍ ചരിത്രത്തില്‍ ഇടം നേടിയവയാണ് . സഹോദരി കോണിയുടെ ( ടാലിയ ഷെയര്‍) വിവാഹാഘോഷച്ചടങ്ങിനിടെ വിഷയ ലമ്പടത്വത്തിന് സമയം കണ്ടെത്തുന്ന സോണിയെ വീറ്റോ ഉപദേശിക്കുന്നത് 'എ മേന്‍ ഹു ഡസ് നോട് സ്പെന്‍ഡ് ടൈം വിത്ത് ഹിസ് ഫാമിലി കാന്‍ നെവര്‍ ബീ എ റിയല്‍ മാന്‍ ' ( കുടുംബത്തോടൊപ്പം സമയം ചിവഴിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ഒരിക്കലും ഒരു യഥാര്‍ത്ഥ മനുഷ്യനാകാന്‍ കഴിയില്ല') എന്ന ഓര്‍മ്മപ്പെടുത്തലിലൂടെയാണ്. മാഫിയ തലവന്‍മാരുമായുള്ള ചര്‍ച്ചയ്ക്കിടെ സോണി ഇടയ്ക്കു കയറി സ്വന്തം അഭിപ്രായം പറയുന്നുണ്ട്. വീറ്റോയ്ക്ക് ഇത് ഇഷ്ടപ്പെടുന്നില്ല. അവര്‍ പോയതിനുശേഷം വീറ്റോ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്നത് ' നമ്മളുടെ മക്കള്‍ മിണ്ടാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ സംസാരിക്കും. സംസാരിക്കണമെന്നാഗ്രഹിക്കുമ്പോള്‍ മിണ്ടാതിരിക്കും' എന്ന സംഭാഷണത്തിലൂടെയാണ്.
വീറ്റോയ്ക്ക വെടിയേറ്റതിനെത്തുടര്‍ന്ന് കുടുംബത്തിന്റെ നേതൃസ്ഥാനം സോണിയിലെത്തുകയാണ്. കാര്യപ്രാപ്തയില്ലാത്ത നേരെ ഇളയ സഹോദരന്‍ ഫ്രെഡോയെ (ജോണ്‍ കസാലെ )യും സൈനിക സേവനത്തിനുശേഷം തിരിച്ചെത്തിയ ഏറ്റവും ഇളയ അനുജന്‍ മൈക്കലിനെയും (അല്‍ പാച്ചിനോ) കരുതലോടെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് സോണി. അനുജത്തി കോണിയോടുള്ള സ്നേഹവും കരുതലുമാണ് സോണിയുടെ ജീവനെടുക്കുന്നത്. സോണിയുടെ ചൂടന്‍ സ്വഭാവം അറിയാവുന്ന എതിരാളികള്‍ അയാള്‍ക്കായി കെണിയൊരുക്കുന്നു. കോണിയെ മര്‍ദ്ദിച്ച ഭര്‍ത്താവ് കാര്‍ലോയെ (ഗിയാന്നി റുസോ) എതിരിടാനായി എടുത്തു ചാടിപുറപ്പെടുന്ന സോണിയെ അവര്‍ ടോള്‍ബൂത്തില്‍ വച്ച് ബുള്ളറ്റുകള്‍കൊണ്ട് അഭിഷേകം ചെയ്യുകയാണ്. ഗോഡ്ഫാദറിലെ എന്നും ഓര്‍മയില്‍ നില്‍ക്കുന്ന രംഗമാണത്.
നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചുവന്ന ജെയിംസ് കാനിന്, കൊപ്പോളയുമായുള്ള പരിചയമാണ് 'ഗോഡ്ഫാദറി'ലേക്ക് വഴിതുറന്നത്. റോബര്‍ട്ട് ഡീ നീറോ അടക്കം ഓഡിഷന്‍ നടത്തിയ കഥാപാത്രം ഒടുവില്‍ ജയിംസ് കാനിലെത്തിച്ചേരുകയായിരുന്നു. സോണിയോട് നൂറു ശതമാനവും നീതി പുലര്‍ത്താന്‍ കാനിനായി. സഹനടനുള്ള ഓസ്‌കാര്‍ , ഗോള്‍ഡ്ന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം നേടാന്‍ സോണിയെ അവതരിപ്പിച്ചതിലൂടെ കാനിന് സാധിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ 'ദ ഗോഡ്ഫാദറിന്റെ' അമ്പതാം വാര്‍ഷിക ആഘോഷ അവസരങ്ങള്‍ക്കിടെ സോണിയെ അവതരിപ്പിക്കാന്‍ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് കാന്‍ സംസാരിച്ചിരുന്നു. ഇറ്റാലിയന്‍ അമേരിക്കക്കാരുടെ കഥ പറയുന്ന ഗോഡ്ഫാദറില്‍ അഭിനയിച്ച ഇറ്റാലിയന്‍ വേരുകളില്ലാത്ത നടന്‍മാരിലൊരാളാണ് കാന്‍. സോണിയെ അവതരിപ്പിക്കാനായി തനിക്കു പരിചയമുള്ള ഇറ്റാലിയന്‍ അമേരിക്കക്കാരുടെ രീതികള്‍ സസൂക്ഷ്മം പഠിച്ചിരുന്നതായി അദ്ദേഹം ഈ അവസരത്തില്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തില്‍ തനിക്കു ഇടാനുള്ള ഷൂസുകള്‍ കാന്‍ തന്നെ വാങ്ങിക്കൊണ്ടു വരികയായിരുന്നു. അതില്‍ ഒരു ജോഡി കറുത്ത ഷൂവും ഒരു ജോഡി വെള്ള ഷൂവും ഉണ്ടായിരുന്നു. ഇതെക്കുറിച്ച് കാന്‍ പറഞ്ഞത് തനിക്ക് പരിചയമുള്ള ഇറ്റാലിയന്‍ അമേരിക്കക്കാര്‍ക്ക് രണ്ടു ജോഡി സ്യൂട്ടേ ഉള്ളെങ്കിലും പന്ത്രണ്ട് ജോഡിയെങ്കിലും ഷൂ കാണുമെന്നായിരുന്നു. അതില്‍ ഓരോ ജോഡി കറുത്തതും വെളുത്തതും കാണുമെന്നുമാണ്. സോണിയെ അവതരിപ്പിക്കാന്‍ അത്രമാത്രം കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നു സാരം. ഗോഡ്ഫാദര്‍ പാര്‍ട്ട് രണ്ടില്‍ ചെറിയ ഒരു സീനില്‍ മാത്രം സോണി പ്രത്യക്ഷപ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..