'ചരിത്രം വഴിമാറും ചിലർ വരുമ്പോൾ' എന്ന ഒരു പരസ്യവാക്യം കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് 2019 ലെ ഓസ്കർ, കാൻ പുരസ്കാര ചടങ്ങുകളാണ്. ബോങ് ജൂൻ-ഹോ സംവിധാനം ചെയ്ത 'പാരസൈറ്റ്' എന്ന ദക്ഷിണ കൊറിയന്‍ ചിത്രം ഹോളിവുഡ് ചിത്രങ്ങളെ മറികടന്ന് ലോകത്തിന് മുന്നിൽ അന്യഭാഷാ ചിത്രങ്ങൾക്ക് ഒരു മാതൃക സൃഷിച്ചത് ഈ രണ്ടു പുരസ്കാര വേദികളിലായിരുന്നു. 2019 ലെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം, പാം ഡി ഓർ നേടിയ ആദ്യത്തെ കൊറിയൻ ചിത്രവും 2013 ലെ ബ്ലൂ ഈസ് ദി വാമെസ്റ്റ് കളറിന് ശേഷം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രം എന്ന ഖ്യാതിയും നേടി. അതോടൊപ്പം തന്നെ മികച്ച ദക്ഷിണ കൊറിയൻ ചിത്രമായും 2010-കളിലെ മികച്ച ചിത്രങ്ങളിലൊന്നായും പാരാസൈറ്റ് പ്രശംസിക്കപ്പെട്ടു.

മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ 92-ാമത് ഓസ്കർ പുരസ്കാര വേദിയിൽ ആറ് വിഭാ​ഗത്തിലാണ് പാരസെെറ്റ് നാമനിർദ്ദേശം നേടിയത്. അതിൽ  മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ നേടി. അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ ദക്ഷിണ കൊറിയൻ ചിത്രമായും മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമായും പാരാസൈറ്റ് മാറി. അന്യഭാഷാ വിഭാ​ഗത്തിൽ മാത്രം ഒതുങ്ങിനിന്ന ഹോളിവുഡ് ഇതര സിനിമകൾക്ക് ഒരു പുതിയ പാതയാണ് പാരസെെറ്റിലൂടെ ബോങ് ജൂൻ-ഹോ സൃഷിച്ചത്. 

മനുഷ്യന്റെ കഥ എല്ലായിടത്തും ഒരുപോലെയാണ്. സാമ്പത്തിക അസമത്വമെന്ന ആ​ഗോളപ്രശ്നത്തെ അടിസ്ഥാനമാക്കിയാണ് പാരസെെറ്റ് കഥ പറഞ്ഞത്. അതേസമയം തന്നെ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍ ഉന്നതിയില്‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യത്തിലേക്കും ചിത്രം വെളിച്ചം വീശുന്നുണ്ട്. വേറിട്ട ഇയൊരു സമീപനം തന്നെയാണ് പാരസെെറ്റിനെ പുരസ്കാരത്തിന് അർഹമാക്കിയത്.

ഇനി ജല്ലിക്കെട്ടിലേക്ക് വരാം.  ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ ഓസ്കർ പുരസ്കാരത്തിന് തിരഞ്ഞെടുത്തപ്പോൾ ചിലരുടെ നെറ്റി ചുളിഞ്ഞു. 'ഈ പോത്തിന് പിറകെ ചറ പറ ഓടുന്ന' സിനിമയ്ക്ക് എന്തു പ്രത്യേകതയാണുള്ളതെന്നായിരുന്നു അവരിൽ പലരുടെയും  സംശയം. അവരുടെ ചോദ്യത്തെയും അഭിപ്രായത്തെയും മാനിക്കുന്നു, എല്ലാ സിനിമയും എല്ലാവർക്കും ഇഷ്‌ടമാകില്ല, അതുകൊണ്ടു തന്നെ ജല്ലിക്കെട്ട് ഇഷ്ടമായില്ലെന്ന് പറയുന്നതിൽ യാതൊരു പ്രശ്നവുമില്ല. 

എന്നാൽ ഈ ചിത്രത്തിന്റ പ്രസക്തി എന്താണെന്ന് ചോദിക്കുമ്പോൾ അതിന് കൃത്യമായ വിശദീകരണമുണ്ട്. ജല്ലിക്കെട്ട് ഒരു കണ്ണാടിയാണ്, നമ്മളിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഒരു കണ്ണാടി. അവിടെ പോത്തും അതിനെ വേട്ടയാടുന്ന മനുഷ്യരും കേവലം പ്രതീകങ്ങൾ മാത്രമാണ്. ജല്ലിക്കെട്ടിലെ ആൾക്കൂട്ടത്തെ  സമൂഹ മാധ്യമങ്ങളിലേതുമായി വെറുതേ ഒന്ന് താരതമ്യം ചെയ്തു നോക്കുക. 'പൊങ്കാല' എന്ന ഓമനപ്പേരിൽ കേരളത്തിലും മറ്റു വിവിധ പേരുകളിൽ ലോകത്തൊട്ടാകെയും നടക്കുന്ന സമൂഹ മാധ്യമത്തിലെ ആൾക്കൂട്ട ആക്രമണം നിത്യസംഭവമായ ഈ കാലത്ത് ജല്ലിക്കെട്ട് പ്രസക്തമാണ്. മറ്റൊരു പ്രധാന കാര്യം, വാശിയും അഹങ്കാരവും പകയും കാമവും മോഹവും ധെെര്യവും മത്സരബുദ്ധിയും മനുഷ്യനെ നിയന്ത്രിക്കുമ്പോൾ അവരിൽ ഉറങ്ങിക്കിടക്കുന്ന മൃഗതൃഷ്ണകൾ ഉണരുന്നു. സഹജവാസനയുടെ കാര്യത്തില്‍ ആദിമമനുഷ്യരില്‍ നിന്നും ആധുനിക മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് ജല്ലിക്കെട്ട് പറഞ്ഞു വയ്ക്കുന്നത്.

Content Highlights: Jallikattu Movie Oscar Nomination India's official entry Lijo Jose Pellissery  Parasite Movie