സൂര്യ അഭിനയിച്ച ‘ജയ്ഭീം’ എന്ന സിനിമ തുറന്നിട്ടത് പരിഷ്കൃതം എന്നവകാശപ്പെടുന്ന നമ്മുടെ സമൂഹത്തിലെ അധികമാരും കാണാത്ത ഒരു കൊടും യാഥാർഥ്യമായിരുന്നു; ഇരുളർ എന്ന ആദിവാസിസമൂഹത്തിന്റെ ജീവിതാവസ്ഥയെ. അവരെ ആ അവസ്ഥയിൽനിന്ന്‌ രക്ഷിക്കാനായി ഒട്ടേറെ നിയമപോരാട്ടങ്ങൾ നടത്തിയ ജസ്റ്റിസ് ചന്ദ്രു ഇപ്പോഴും നമുക്കിടയിലുണ്ട്. ഇരുളരുടെജീവിതത്തെ അന്വേഷണാത്മകമായ വാർത്തകളിലൂടെ പുറംലോകത്തിന് കാണിച്ചുകൊടുത്ത മാതൃഭൂമി ന്യൂസിന്റെ മാധ്യമപ്രവർത്തകൻ സിനിമയിൽ സൂര്യയുടെ കഥാപാത്രത്തിന്‌ ആധാരമായ ജസ്റ്റിസ് ചന്ദ്രുവിലേക്ക്‌ യാത്രചെയ്യുന്നു...

മൂന്നുവർഷം മുൻപ് ഒരു ജൂലായിൽ മാതൃഭൂമി ന്യൂസിന്റെ മൈക്കുമായി കാഞ്ചീപുരത്തെ ഇരുളക്കോളനിയിലേക്ക് നടന്നുപോകുമ്പോൾ ഞാൻ കരുതിയിരുന്നില്ല, പിന്നീട്‌ ഒരു അഭിമുഖസംഭാഷണത്തിനായി ജസ്റ്റിസ് ചന്ദ്രുവിന്റെ മുറിയിൽ ഇങ്ങനെ ഇരിക്കേണ്ടിവരുമെന്ന്‌. ചെന്നൈയിലെ ഒരു മലയാളി മാധ്യമ പ്രവർത്തകനിൽനിന്ന് അക്കാലത്തുതന്നെ ജസ്റ്റിസ് ചന്ദ്രുവിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. ‘‘നീ പോയി കണ്ട് സംസാരിക്കണം, വെറുതേ സംസാരിച്ചിരുന്നാൽ മതി ജീവിതത്തിൽ ഉപകാരപ്പെടും’’ ആ വാക്കുകളെ പക്ഷേ, അന്ന് ഞാൻ വേണ്ട ഗൗരവത്തിൽ കണ്ടില്ല എന്നതാണ് സത്യം. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായുള്ള എന്റെ സഞ്ചാരവും അതിനും അനേകമനേകം വർഷങ്ങൾ മുമ്പുമുതലുള്ള ജസ്റ്റിസ് ചന്ദ്രുവിന്റെ പല സഞ്ചാരങ്ങളിൽ ഒന്നും ഞങ്ങളെ കൂട്ടിമുട്ടിച്ചു എന്നു പറയാം. ആ സഞ്ചാരവഴിയിൽ ഒരു മനുഷ്യകുലത്തിന്റെ ജീവനും ജീവിതവുമാണ്; ഇരുളരുടെ. കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലുമായി ജീവിക്കുന്ന ആദിവാസിജനത. പാമ്പിനെ പിടിച്ചും എലിയെപ്പിടിച്ച് കറിവെച്ചു കഴിച്ചുമെല്ലാം ജീവിക്കുന്നവർ. എന്നാൽ, ഏറെ അടിച്ചമർത്തപ്പെട്ടവർ.

2019 ജൂലായ്‌ 11 വൈകുന്നേരം. വാട്സാപ്പിൽ വന്ന ഒരു ചിത്രത്തിൽനിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. വിറകുകൊള്ളിപോലെ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ ഇരുകാൽ മുട്ടും കൈമുട്ടും മണ്ണിൽ കുത്തി യാചകനെന്നോണം തൊഴിലിടത്തിൽ. സങ്കടവും ദേഷ്യവും കണ്ണീരുമെല്ലാം എന്നെ പൊതിഞ്ഞുനിന്നു. കുനിഞ്ഞ് കാൽക്കൽ വീണ ആ മനുഷ്യൻ, കാശി വിളിച്ചുപറഞ്ഞത് ‘‘ഞങ്ങളെ രക്ഷിക്കൂ’’ എന്നായിരുന്നുവെന്ന് അറിഞ്ഞതോടെ ആ മനുഷ്യരുടെ ഗതിയോർത്ത് ഉള്ളുലഞ്ഞു. കാഞ്ചീപുരത്തെ അടിമത്തൊഴിലിടത്ത് നിന്ന് 42 പേരെ ജില്ലാ ഭരണകൂടം രക്ഷിച്ചതായിരുന്നു; പത്തുവർഷമായി ഈ മനുഷ്യർ അടിമകളായി ജീവിക്കുകയായിരുന്നു. കാശിയണ്ണനെ കാണണം, അവരുടെ ജീവിതം അറിയണം എന്ന് നിശ്ചയിച്ചു. രണ്ടുദിവസത്തിനപ്പുറം കാഞ്ചീപുരത്തെ പെരിയകെരമ്പൂരിലേക്ക് വണ്ടി കയറി. 20,000 രൂപ കടം വാങ്ങിയതിനാണ് കാശിയും കുടുംബവും നടരാജൻ എന്ന മുതലാളിയുടെ വിറകുവെട്ടു കേന്ദ്രത്തിൽ അടിമത്തൊഴിലാളികളായത്. സ്ത്രീകളും കുഞ്ഞുങ്ങളുമെല്ലാം ഉൾപ്പെടെ 42 ജീവിതങ്ങൾ ചവിട്ടി മെതിക്കപ്പെട്ട കഥ. കൂലിയില്ലാത്തതിന്റെ, ഭക്ഷണവും നല്ല താമസസൗകര്യവും ഇല്ലാത്തതിന്റെ, വീട്ടിൽ പോകാൻ അനുവദിക്കാത്തതിന്റെ, പെൺകുട്ടികൾ അതിക്രമത്തിന് ഇരയായതിന്റെ, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും രോഗികൾക്ക് ചികിത്സയും നിഷേധിക്കപ്പെട്ടതിന്റെ അനുഭവം. ‘‘നിങ്ങടെ ജീവിതം വാർത്തയാക്കിക്കോട്ടെ’’ എന്ന ചോദ്യത്തോട് അവർ സമ്മതം മൂളി. ക്യാമറാമാൻ ബിജുവേട്ടനും റസാക്കണ്ണനുമൊപ്പം പിറ്റേന്ന് വീണ്ടും എത്തി. ഇരുളരുടെ അടിമജീവിതം മാതൃഭൂമി ന്യൂസ് ചാനലിൽ വാർത്തകളും അരമണിക്കൂർ പരിപാടിയുമായി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഇരുളക്കോളനികളിൽ ഇപ്പോഴുമുണ്ട് ജാതി അടിമകൾ’ എന്ന ലേഖനവും പ്രസിദ്ധീകരിച്ചു. ദക്ഷിണേന്ത്യയിൽ ഏറ്റവും അടിച്ചമർത്തപ്പെടുന്ന ആദിവാസിവിഭാഗം ഇരുളരാണ് എന്ന ബോധ്യം അതിനിടെ വന്നിരുന്നു. ‘ഇരുളരുടെ സാമൂഹികജീവിതത്തിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലെ പഠനം പൂർത്തിയാക്കാനായി പിന്നീട് തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ ഇരുളക്കോളനികളിലേക്ക് ഞാൻ സഞ്ചരിച്ചു. തിരുവള്ളൂരിലെയും കാഞ്ചീപുരത്തെയും കോളനികൾ ഇരുളരുടെ ജീവിതം കൂടുതൽ മനസ്സിലാക്കിത്തന്നു. ഇരുളക്കുട്ടികൾ സ്കൂളിൽ വരാതിരിക്കാൻ കല്ലെടുത്തെറിഞ്ഞ് ഓടിക്കുന്ന എസ്.സി. വിഭാഗത്തിലെ കുട്ടികൾ, പുറമ്പോക്കിന് ചുറ്റുമുള്ള കൃഷിയിടത്തിലേക്ക് ഇറങ്ങാൻപോലും അനുമതിയില്ലാത്തവർ. പതിമ്മൂന്നാം വയസ്സിൽ വിവാഹിതയായി ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയായ ഉഷ, പുറമ്പോക്കിൽപ്പോലും കുടിലുകെട്ടാൻ ജാതിമേലാളന്മാരെ പേടിക്കേണ്ടിവരുന്ന ഇരുളർ.

ഡോക്ടറാകാനുള്ള ആഗ്രഹം അവശേഷിപ്പിച്ച് കമ്പനിയിൽ തൊഴിലെടുക്കാൻ പോകുന്ന കാഞ്ചീപുരത്തെ കുട്ടി, അവരുടെ കൂട്ടത്തിൽ ഞാനൊറ്റ ഡോക്ടർറെയും കണ്ടില്ല, അവരുടെ കൂട്ടത്തിൽനിന്ന് ഐ.എ.എസുകാർ ഉണ്ടായില്ല, മാധ്യമപ്രവർത്തകരെയും രാഷ്ട്രീയനേതാക്കളെയും കണ്ടില്ല. കേരളത്തിൽ അട്ടപ്പാടിയിലാണ് ഇരുളർ ഏറെയുള്ളത്. രണ്ടാഴ്ച മുൻപ് അവിടെ പോയിരുന്നു. നമുക്ക് പരിചിതയായ നഞ്ചമ്മ ഇരുള ഗോത്രത്തിൽ നിന്നുള്ളയാളാണ്. അവകാശങ്ങളെയും ജീവിതത്തെയും കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന ഒരു ജനതയെയാണ് അട്ടപ്പാടിയിൽ കാണാൻ പറ്റിയത്. തമിഴ്നാട്ടിലെ ഇരുളരുമായി ഭാഷയിലും ആചാരങ്ങളിലും മാത്രമാണ് സാമ്യം. തമിഴ്നാട്ടിലെ ഇരുളരെ അപേക്ഷിച്ച് അട്ടപ്പാടിയിലെ ഇരുളർ അല്പംകൂടി മെച്ചപ്പെട്ട ജീവിതം നയിക്കുന്നു. അവർക്ക് താമസിക്കാൻ വീടുകളും സർക്കാർ സഹായവും കൃഷിയുമെല്ലാം ഉണ്ട്. ഒരു പുലർച്ചെ, താഴെ സമ്പാർകോട് ഊരിലെ മുരുകണ്ണൻ എന്റെ മുന്നിൽ നടന്നു. തകർന്ന പാലത്തിലെ ഏച്ചുകെട്ടിയ മുളമ്പാലം ശ്രദ്ധയോടെ നടന്നുകടന്ന് ശിരുവാണിയിലേക്ക്. കുത്തൊഴുക്ക് ബാക്കിയാക്കിയ അനേകം കല്ലുകളിലൊന്നിൽ ഞാനും എതിരായി അദ്ദേഹവും ഇരുന്നു. ഇരുളരുടെ ജീവിതവും ആചാരവും അനുഷ്ഠാനവുമെല്ലാം ഞാൻ കുറിച്ചെടുത്തു. ചാറ്റൽ മഴ തുടങ്ങുവോളം അത് തുടർന്നു. ശിരുവാണിയിൽ മഴ ചാറി, ആ പുഴയെയും അപ്പുറത്തെ മലയടിവാരത്തെയും നോക്കി അദ്ദഹം എനിക്ക് ഇരുള ഭാഷയിലെ ഒരു പാട്ടുപാടിത്തന്നു. ശേഷം ഞാൻ ആനക്കട്ടി വഴി ചെന്നൈയ്ക്ക് കയറി. ചെന്നൈയിലെത്തി രണ്ടാംദിവസം സൂര്യ അഭിനയിച്ച ‘ജയ്ഭീം’  എന്ന സിനിമ കണ്ടു. ആ കാഴ്ച എന്നെ ജസ്റ്റിസ് ചന്ദ്രുവിന് അടുത്തേക്ക്‌ എത്തിക്കുകയായിരുന്നു. അതിന് മുൻപ് ഒരുതവണകൂടി കാശിയണ്ണനെെച്ചന്നുകണ്ടു. അവർക്ക് ഈ ദീപാവലി ദിവസം സർക്കാർ സ്വന്തമായി ഭൂമി നൽകി. കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും താമസിക്കാൻ വീടുമെല്ലാം കിട്ടുമെന്ന് ഇപ്പോൾ ആ ജനത പ്രതീക്ഷയോടെ സ്വപ്നം കാണുന്നു. ഞാൻ, മൈലാപ്പൂരിലെ നാഗേശ്വര റാവുപാർക്കിനടുത്തേക്ക് നടന്നു. അവിടെ ജസ്റ്റിസ് ചന്ദ്രുവുണ്ട്-നീതിയുടെ, കാരുണ്യത്തിന്റെ ഒരിക്കലും കെടാത്ത വിളക്കായി; പോരാട്ട വീര്യത്തിന്റെ അണയാത്തീപ്പന്തമായി...

Content Highlights: Jai Bhim Movie, Suriya, Justice K. Chandru Real Life story