ഇരുവറിലെ രംഗങ്ങൾ
'ഇരുവരി;='ല്‍ തമിഴ് സെല്‍വനിലൂടെ കരുണാനിധിയെയും ആനന്ദനിലൂടെ എം.ജി.ആറിനെയും മണിരത്നം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിട്ടപ്പോള്‍ തമിഴകത്ത് പിറന്നതൊരു ക്ലാസിക് ചിത്രം.
തമിഴ്നാട് കണ്ട മൂന്ന് രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്നു കരുണാനിധിയും എം.ജി. രാമചന്ദ്രനും ജയലളിതയും. അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങളാണ് സാങ്കല്പിക കഥാപാത്രങ്ങളിലൂടെ മണിരത്നം വരച്ചു കാണിച്ചത്. ആനന്ദന്, തമിഴ് സെല്വന് എന്നീ കഥാപാത്രങ്ങളിലൂടെ അവരുടെ സൗഹൃദത്തിലൂടെ, പിന്നീട് രാഷ്ട്രീയ വൈരത്തിലൂടെ സംവിധായകന് സഞ്ചരിച്ചപ്പോള്‍ 'ഇരുവര്‍' കാലത്തെ അതിജീവിച്ച കലാസൃഷ്ടിയായി. അത് തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രവുമായി ഇഴചേര്‍ന്നു.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആനന്ദന്. ലാലിന്റെ അഭിനയപാടവം തന്നെയാണ് സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചത്. ആ വര്‍ഷത്തെ ദേശീയ പുരസ്കാര പട്ടികയില്‍നിന്ന് അദ്ദേഹം അപ്രത്യക്ഷനായത് ഏറെ അവിശ്വസനീയമായിരുന്നു. ഒപ്പം തമിഴ്സെല്വമായി പ്രകാശ് രാജ് കാഴ്ചവച്ച അസാമാന്യ പ്രകടനവും. മോഹന്‍ലാലും പ്രകാശ് രാജും പരസ്പരം അഭിനയിച്ച് മത്സരിക്കുകയാണോ എന്ന് തോന്നിപ്പോകും. ജയലളിതയുടെ സിനിമാറ്റിക് വേര്‍ഷനായി അരങ്ങിലെത്തിയത് ഐശ്വര്യ റായ് ആയിരുന്നു. ഒപ്പം നാസറും ഗൗതമിയും തബുവും രേവതിയുമെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളായി നിറഞ്ഞാടി. 'ഇരുവറി'നെക്കുറിച്ച് സംസാരിക്കുമ്പോള്‍ സന്തോഷ് ശിവനെയും എ.ആര്. റഹ്മാനെയും ഓര്‍ക്കാതെ തരമില്ല. സന്തോഷ് ശിവന്റെ ഫ്രെയിമുകളുടെ ചാരുതയും കഥയുടെ വൈകാരികത ചോര്‍ന്നുപോകാതെ രംഗങ്ങളോട് ഇഴ ചേര്‍ന്നുനിന്ന സംഗീതവുമാണ് 'ഇരുവറി'നെ ക്ലാസിക് ചിത്രമാക്കിയത്.
സിനിമയില്‍ തരംഗമായ ആനന്ദന് തന്റെ വീട്ടില്‍ വിരുന്നെത്തിയപ്പോള്‍ ഭക്ഷണം കഴിക്കുന്നതിനിടെ പിടിച്ചു വലിച്ച് അവിടെ തടിച്ച് കൂടിയ ജനങ്ങള്‍ക്ക് മുന്പില് തമിഴ്സെല്‍വം എത്തിക്കുന്നത് ചിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്. മട്ടുപ്പാവിന് താഴെ കൈവീശിയാര്ക്കുന്ന ജനക്കൂട്ടം ആനന്ദനില്‍ ഒരു വലിയ തിരിച്ചറിവാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയവും സിനിമയും തമ്മില്‍ അതിര്‍വരമ്പുകളില്ലാത്ത തമിഴ് മനസ്സിനെ ആനന്ദന് മനസ്സിലാക്കുന്നത് അവിടെനിന്നാണ്. സിനിമയില്‍ സൂപ്പര്‍താരമായ ആനന്ദന് രാഷ്ട്രീയത്തിലും സമാനമായ സ്വാധീനം ഉണ്ടാക്കിയതോടെ തമിഴ്സെല്വന് അസ്വസ്ഥനാകുന്നു. ഗുരുവിന്റെ മരണത്തിന് ശേഷം നടന്ന അനുശോചനയോഗത്തിലാണ് ആനന്ദന്റെ കരുത്ത് തമിഴ്സെല്വന് പൂര്‍ണമായും തിരിച്ചറിയുന്നത് ('ഇരുവറി'ലെ മികച്ച രംഗങ്ങളിലൊന്നാണത്). രാഷ്ടീയവൈരം ഇവരെ പരസ്പരം അകറ്റുന്നു. തെറ്റിപ്പിരിഞ്ഞ് വ്യത്യസ്ത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് അതിന്റെ അമരത്ത് എത്തിയ ഇവര്‍ തമ്മിലുള്ള അധികാരപ്പോരാട്ടം 'ഇരുവറി'ല്‍ പറഞ്ഞുപോകുന്നുണ്ട്.
ചരിത്രവും കെട്ടുകഥയും പരസ്പരം വേര്‍തിരിച്ചറിയാനാവാത്ത വിധം ചേര്‍ന്നു നിന്നപ്പോള്‍ ഇരുവറിനെ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. അവരുടെ അനുയായികളുടെ ആക്രോശങ്ങള്‍ക്ക് മുന്പില് (പ്രത്യേകിച്ച ജയലളിതയുടെ) മണിരത്നത്തിന് ക്ലൈമാക്സ് അടക്കം മാറ്റിയെടുക്കേണ്ടി വന്നുവെന്നാണ് വാല്‍ക്കഷ്ണം. സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയ്ക്കു മുന്പില് 'ഇരുവര്‍' നല്ലവണ്ണം മുറിപ്പെട്ടിരുന്നു. 'ഇത് ഉൺമൈ കഥൈ അല്ല' എന്ന ഒരു കുറിപ്പോടു കൂടിയാണ് ചിത്രം തുടങ്ങുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ മൂന്ന് വടവൃക്ഷങ്ങളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ ചലച്ചിത്രകാരന് നേരിടേണ്ടി വരുന്നത് വലിയ പ്രതിസന്ധിയായിരിക്കും എന്നതില്‍ സംശയമില്ലല്ലോ?
സിനിമയുടെ റിലീസിന് രണ്ട് ദിവസം മുന്‍പ് ദ്രാവിഡ കഴകം നേതാവ് കെ. വീരമണി രംഗത്തെത്തി. പെരിയാര്‍ സ്ഥാപിച്ച ദ്രാവിഡ പ്രസ്ഥാനത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം. അര്‍ഹിച്ച അംഗീകാരങ്ങളൊന്നും ചിത്രത്തെ തേടിയെത്തിയില്ല. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അഭിനയത്തിന്റെയും ഫിലിം മേക്കിങ്ങിന്റെയും പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.
സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ മരണമില്ലാതെ നില്ക്കുന്നു. എന്നാല്‍, അന്ന് മണിരത്നം വരച്ചിട്ട കഥാപാത്രങ്ങളുടെയും ജീവിതമാതൃകകള്‍ മൂന്നു പേരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു.
Content Highlights: Iruvar, Mohanlal, Movie, 25 years of Iruvar, Prakash Raj, Aishwarya Rai, Maniratnam, Tabu, Gauthami, Revathy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..