ഷൈജു അന്തിക്കാട് | ഫോട്ടോ: സലീഷ് പെരിങ്ങോട്ടുകര
സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചലച്ചിത്രത്തിന്റെ പേര് അവാര്‍ഡ് കമ്മിറ്റി പരാമര്‍ശിച്ചത് മൂന്ന് തവണയാണ്. നടന് സുധീഷും കവി അന്‍വര്‍ അലിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഷോബി തിലകനും അവാര്‍ഡ് നേടിയപ്പോള്‍ ഏറെ ആഹ്ളാദിച്ചത് ആ സിനിമയുടെ ടീമും അതിന്റെ അമരക്കാരനായ ഷൈജു അന്തിക്കാടുമാണ്. പതിമൂന്ന് വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഷൈജു അന്തിക്കാടിന് നാടകരംഗത്ത് അതിന്റെ മൂന്നിരട്ടി കൊല്ലത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങള്‍ ദേശീയ-അന്താരാഷ്ട്രതലങ്ങളില്‍ ശ്രദ്ധയും അംഗീകാരവും നേടി. ഒരു അന്തിക്കാട്ടുകാരന്റെ നാടക-സിനിമാ അനുഭവങ്ങള്‍ ഷൈജു പങ്കു വെക്കുന്നു.
ഭൂമിയിലെ മനോഹര സ്വകാര്യം-അവാര്‍ഡ് നേട്ടത്തില്‍ ആഹ്ലാദിക്കുന്നു; ഉത്തരവാദിത്വം ഏറുകയാണ്

ഏറെ ഇഷ്ടമുള്ള ഒരെഴുത്തുകാരനാണ് അന്‍വര്‍ അലി. അന്‍വറിക്കയുടെ ഒരു പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ സംഗീതസംവിധായകന് സച്ചിന് ബാലുവാണ്. സുഹൃത്തായ ജിനോ ജോസഫ് വഴിയാണ് സച്ചിനിലേക്കെത്തുന്നത്. ട്യൂണ്‍ ഇട്ട ശേഷമാണ് ആ പാട്ട് അന്‍വറിക്കയെ കൊണ്ടെഴുതിക്കാമെന്ന് സച്ചിന് പറയുന്നത്. അങ്ങനെയാണ് സ്മരണകള്‍ കാടായ് ...എന്ന ഗാനമുണ്ടാകുന്നത്. അന്‍വറിക്കയ്ക്ക് ആ പാട്ടിലൂടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചതും ഏറെ സന്തോഷം പകരുന്ന കാര്യം തന്നെയാണ്. സിനിമയില്‍ അന്‍വറിക്കയെ കൂടാതെ ശാന്തേട്ടന്,വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, മനു മഞ്ജിത്ത് എന്നിവര്‍ കൂടി മറ്റ് മൂന്ന് പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
ഷോബി തിലകന് 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായ തിലകന് വേണ്ടി നല്കിയ ശബ്ദത്തിന് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തിലകന് ചേട്ടന് അഭിനയിച്ച അവസാനത്തെ സിനിമയായിരുന്നു സീന്‍ ഒന്ന് നമ്മുടെ വീട്. ഡബ്ബിങ് കഴിയുന്നതിന് മുമ്പായിരുന്നു അദ്ദേഹം വിടപറഞ്ഞത്. അന്ന് അച്ഛന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്കാനാഗ്രഹമുണ്ടെന്ന് ഷോബി ചേട്ടന് അറിയിക്കുകയായിരുന്നു. മറ്റേതെങ്കിലും മിമിക്രി കലാകാരനെ കൊണ്ട് ഡബ്ബ് ചെയ്യിക്കാമെന്ന നിര്‍ദേശം പലരില്‍ നിന്ന് ലഭിച്ചെങ്കിലും ഒരു മകനെന്ന നിലയിലെ ഷോബി ചേട്ടന്റെ ആഗ്രഹം പരിഗണിച്ച് അദ്ദേഹത്തെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു. അന്ന് കിട്ടാതെ പോയ പുരസ്കാരം ഇന്ന് എന്റെ തന്നെ മറ്റൊരു ചിത്രത്തിലൂടെ ലഭിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നുണ്ട്.
അവാര്‍ഡിന്റെ സന്തോഷം പങ്കിടാന്‍ ശാന്തേട്ടന് കൂടെയില്ല എന്നത് മാത്രമാണ് സങ്കടം. ശാന്തേട്ടന് അകലങ്ങളിലിരുന്ന് ആ സന്തോഷം പങ്കിടുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു. ഫോണിന് റേഞ്ച് കിട്ടാത്ത ഏതോ സ്ഥലത്തിരുന്ന് ശാന്തേട്ടന് പുതിയ നാടകമെഴുതുകയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഇരുപത്തഞ്ച് കൊല്ലത്തെ ബന്ധം; കോവിഡ് കവര്‍ന്ന പ്രതിഭാശാലി; ശാന്തകുമാറിന്റെ ആദ്യ സിനിമ

എ.ശാന്തകുമാര്‍ എന്ന ശാന്തേട്ടനുമായി 25 കൊല്ലത്തെ പരിചയമാണുള്ളത്. ശാന്തേട്ടന്റെ 'ന്റെ പുള്ളിപ്പയ്യ് കരയാണ്' എന്ന നാടകം സംവിധാനം ചെയ്തതിലൂടെ ആരംഭിച്ചതും കത്തുകളിലൂടെ വളര്‍ന്നതുമായ ബന്ധം. ആ നാടകം സംവിധാനം ചെയ്യാനുള്ള അനുമതി തേടി ഒരു പോസ്റ്റ് കാര്‍ഡില്‍ കുറിച്ച കത്തും അതിന് അദ്ദേഹം പോസ്റ്റ് കാര്‍ഡിലൂടെ നല്കിയ മറുപടിയുമായിരുന്നു പിന്നീടുള്ള സഹോദരതുല്യമായ ബന്ധത്തിന് തുടക്കമിട്ടത്. സാധാരണജനങ്ങള്ക്കിടയിലേക്ക് ആഗോളവത്കരണം കടന്നു വരുന്നതെങ്ങനെ എന്നത് ശാന്തേട്ടന് ഏറ്റവും ലളിതമായി പറയുകയും പ്രേക്ഷകരിലേക്ക് സംവദിപ്പിക്കുകയും ചെയ്തിരുന്നു ആ നാടകത്തിലൂടെ.
'ന്റെ പുള്ളിപ്പയ്യ് കരയാണ്' നിരവധി വേദികളില്‍ അവതരിപ്പിക്കുകയും വിവിധ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. ആ നാടകം പലരും വിവിധ വേദികള്‍ക്കായി സംവിധാനം ചെയ്തിരുന്നു. കേരളത്തില്‍ ആ നാടകം ഏറ്റവും നന്നായി സംവിധാനം ചെയ്തത് ഷൈജുവാണ് എന്ന് പ്രിയനന്ദനന് പറഞ്ഞു, നമുക്ക് നേരിട്ട് കാണണം എന്ന് ശാന്തേട്ടന് എഴുതി. കൂടിക്കാഴ്ച പിന്നെയും വൈകി. പിന്നീട് മണിയറ, ദാഹം, ഡിസംബര്‍ എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു. അവയൊക്ക ദേശീയതലത്തില്‍ പുരസ്കാരങ്ങള്‍ നേടുകയുമുണ്ടായി. അതിനു ശേഷം തൃശ്ശൂരില്‍ ഒരു സ്കൂള്‍ കലോത്സവക്കാലത്താണ് ശാന്തേട്ടനെ നേരിട്ടു കാണുന്നത്. അന്ന് രാത്രി പുലരുവോളം സംസാരിച്ചിരുന്നു. അവിടെ നിന്നാണ് നാടകത്തിലേയും ജീവിതത്തിലേയും ചെറുതും വലുതുമായ കാര്യങ്ങള്‍ വരെ പരസ്പരം പങ്കു വെക്കുന്ന തരത്തിലേക്കുള്ള ബന്ധം തുടങ്ങിയത്. സംവിധാനം ചെയ്ത നാടകങ്ങളിലേറെയും ശാന്തേട്ടന്റെ രചനകളാണ്.
മൂന്നാമത്തെ ചിത്രമായ സീന്‍ ഒന്ന് നമ്മുടെ വീട് പൂര്‍ത്തിയായ സമയത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ഒരു ദേശം നുണ പറയുന്നു' എന്ന പേരില്‍ ശാന്തേട്ടന്റെ നാടകം പ്രസിദ്ധീകൃതമാകുന്നത്. ആ നാടകം വല്ലാതെ സ്വാധീനിച്ചു. വല്ലച്ചിറയിലാണ് ഒരു ദേശം നുണ പറയുന്നു എന്ന നാടകം ആദ്യമായി സംവിധാനം ചെയ്ത് അവതരിപ്പിച്ചത്. ആ നാടകം സിനിമയാക്കണമെന്ന ആഗ്രഹം അദ്ദേഹത്തോട് അവതരിപ്പിച്ചു. പക്ഷെ സിനിമ ഒരിക്കലും ശാന്തേട്ടനെ മോഹിപ്പിക്കാത്ത മേഖലയായതിനാല്‍ അദ്ദേഹം വെറുതെ തലയാട്ടുകയും ചിരിക്കുകയും മാത്രമാണുണ്ടായത്. ആ നാടകത്തിന്റെ കഥയുമായി പല നിര്‍മാതാക്കളേയും സമീപിക്കുകയും അതിലൊരാള്‍ ശാന്തേട്ടന് അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ആ സമയത്തുണ്ടായ നോട്ടുനിരോധനം ആ സിനിമയെ വീണ്ടും വൈകിപ്പിച്ചു. പിന്നീട് മറ്റു സിനിമകളിലേക്ക് പോയപ്പോഴും ആ സിനിമാസ്വപ്നം മനസ്സില്‍ സൂക്ഷിച്ചു.
ഓസ്ട്രേലിയയിലെ നാടകപര്യടനത്തിനിടെ രാജീവ് കുമാറുമായുണ്ടായ സൗഹൃദമാണ് പിന്നീട് ഒരു ദേശം നുണ പറയുന്നു എന്ന നാടകത്തെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയിലേക്കെത്തിച്ചത്. വളരെ ഗൗരവമുള്ള വിഷയങ്ങള്‍ നാടകങ്ങളില്‍ കൈകാര്യം ചെയ്യുന്ന ഒരാള്‍ എന്തു കൊണ്ട് അത്തരം സിനിമകള്‍ ചെയ്യുന്നില്ല എന്ന വിഷയം ഒരു സൗഹൃദ ചര്‍ച്ചക്കിടെ ഉയര്‍ന്നു വന്നപ്പോഴാണ് ഒരു ദേശം നുണ പറയുന്നു എന്ന നാടകം സിനിമയാക്കാനുള്ള മോഹത്തെ കുറിച്ച് രാജീവ് കുമാറിനോട് പറയുന്നത്. സിനിമയിലേക്ക് വരണമെന്ന് മുമ്പൊരിക്കലും ആലോചിക്കുക പോലും ചെയ്യാത്ത രാജീവും ഭാര്യ ഉഷയും കഥ കേട്ടയുടനെ തന്നെ ആ സിനിമ നമുക്ക് ചെയ്യണമെന്ന് പറയുകയും ചെയ്തു. രാജീവ് എന്ന നിര്‍മ്മാതാവ് ഉള്ളതു കൊണ്ട് മാത്രം സംഭവിച്ച സിനിമയാണ് ഭൂമിയിലെ മനോഹര സ്വകാര്യം. കേരളത്തിലെ ഒട്ടു മിക്ക നാടകസംവിധായകരും വേദിയിലെത്തിയ നാടകമാണ് ഒരു ദേശം നുണ പറയുന്നു.
അങ്ങനെ അറിയാതെ അറിയാതെ ഒരു നാടകക്കാരനായി തീരുകയായിരുന്നു
കുട്ടിക്കാലത്ത് തന്നെ മനസ്സില്‍ കുടിയേറിയ ഒരിഷ്ടമായിരുന്നു നാടകം. ഞങ്ങളുടെ കുട്ടിക്കാലസംഘത്തിന്റെ പ്രധാനപ്പെട്ട ഗെയിമുകളില്‍ ഒന്നായിരുന്നു നാടകം. നാടകം കളിക്കുക എന്ന ആ 'ഗെയി'മിനെ പ്രോത്സാഹിപ്പിച്ചിരുന്നത് നാട്ടിലുള്ള നാരായണി എന്ന അമ്മൂമ്മയായിരുന്നു. സംഘങ്ങളായി തിരിഞ്ഞ് നാടകം അവതരിപ്പിക്കുക, അഭിനയിക്കുക ഇതൊക്കെ നാരായണി അമ്മൂമ്മ പ്രോത്സാഹിപ്പിച്ചിരുന്നു. അമ്മൂമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ സാരോപദേശകഥകള്‍ പറയുകയും അത് അവതരിപ്പിച്ച് കാണിക്കാനാവശ്യപ്പെടുകയും ചെയ്യുമായിരുന്നു. സമ്മാനമായി അവരുടെ പറമ്പിലുണ്ടാകുന്ന ചക്കയും മാങ്ങയുമൊക്കെ തരുമായിരുന്നു. കളി കാണാനായി അടുത്തുള്ള അമ്മമാരൊക്കെ വന്നിരിക്കുമായിരുന്നു. അതായിരുന്നു നാടകരംഗത്തേക്കുള്ള ആദ്യ പ്രോത്സാഹനം.
അഞ്ചാം ക്ലാസ് മുതല്‍ തന്നെ തുടങ്ങിയതാണ് നാടകപ്രവര്‍ത്തനം. സ്കൂള്കാലത്താരംഭിച്ച നാടകസംഘത്തിന്റെ സൗഹൃദം -പ്രകാശ് പളളത്ത്, അഭീഷ്, രാജേഷ്, വിനോദ്... ഇപ്പോഴും തുടരുന്നു. അധ്യാപകരും നല്ല പ്രോത്സാഹനം നല്‍കിയിരുന്നു. പ്രധാനമായും എടുത്തു പറയേണ്ട പേരാണ് ഡേവിസ് എന്ന മാഷിന്റേത്. നാടകപ്രവര്‍ത്തകനായിരുന്ന ഡേവിസ് മാഷാണ് ഏറ്റവും പിന്തുണ നല്‍കിയത്. ഓന്‍പതാം ക്ലാസ് മുതല്‍ നാടകം സംവിധാനം ചെയ്യാന്‍ തുടങ്ങി. പുത്തന്‍പീടിക സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് അന്തിക്കാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നാടകം സംവിധാനം ചെയ്തു, അതിന് ധൈര്യം പകര്‍ന്നത് നാട്ടിലെ നാടകസൗഹൃദസംഘത്തിന്റെ പിന്‍ബലമാണ്. ആ നാടകം തൃശൂര്‍ ജില്ലയില്‍ ഏറ്റവും മികച്ച സ്കൂള്‍ നാടകമെന്ന സ്ഥാനവും ഏറ്റവും മികച്ച നടനുള്ള സമ്മാനവും നേടി. പിന്നീട് പല സ്കൂളുകള്‍ക്ക് വേണ്ടിയും നാടകങ്ങള്‍ ഒരുക്കി. കേരളവര്മ്മക്കാലവും നാടകപ്രവര്‍ത്തനത്തിന് ഏറെ പ്രോത്സാഹനം പകര്‍ന്നു.
പ്രമുഖ നാടകപ്രവര്‍ത്തകനായ ടി.വി. ബാലകൃഷ്ണന്റെ തെരുവുനാടകത്തില് അഭിനയിക്കാനുള്ള അവസരം ലഭിച്ചത് മികച്ച അനുഭവമായിരുന്നു. സിനിമയിലേക്ക് നയിച്ചതും തട്ടകം എന്ന സിനമയുടെ തിരക്കഥാകൃത്ത് കൂടിയായ ബാലകൃഷ്ണന് മാഷാണ്. അന്തിക്കാട് ഗ്രാമം ഒരുപാട് ഉത്സവങ്ങള്‍ നടക്കുന്ന പ്രദേശമായിരുന്നു. ഉത്സവവേദികളില്‍ അക്കാലത്തെ പ്രധാനപ്പെട്ട നാടകസംഘങ്ങളുടെ-കുയിലന്റേയും എന്‍എന്‍ പിള്ളയുടേയും സതീഷ് സംഗമിത്രയുടേയും-നാടകങ്ങള്‍ അരങ്ങേറിയിരുന്നു. അതൊക്കെ കാണാനിടയായത് നാടകരംഗത്തോട് അഗാധമായപ്രണയമുണ്ടാക്കി. പിന്നീടാണ് അമച്വര്‍ നാടകങ്ങള്‍ കണ്ടു തുടങ്ങുന്നത് ബാലകൃഷ്ണന് മാഷുമായുള്ള പരിചയത്തിലൂടെയാണ്. പിന്നീട് അമച്വര്‍ നാടകങ്ങള്‍ സംവിധാനം ചെയ്യാനും സമ്മാനങ്ങള്‍ നേടാനും അവസരം ലഭിച്ചു. എ. ശാന്തകുമാര്‍ എഴുതിയ അവസാന ചുംബനം എന്ന നാടകം ഡി സോണ്‍ മത്സരത്തില്‍ കേരളവര്‍മ്മയ്ക്ക് വേണ്ടി ചെയ്തത് കണ്ടതിന് തൊട്ടു പിന്നാലെയാണ് സിനിമയ്ക്ക് വേണ്ടി ഒരാള്‍ സമീപിക്കുന്നതും ഷേക്സ്പിയര് എം എ മലയാളം എന്ന ആദ്യ സിനിമ പുറത്തിറങ്ങുന്നതും.
നാടകങ്ങളില്‍ കൈകാര്യം ചെയ്തത് സീരിയസ് വിഷയങ്ങള്‍; ഹ്യൂമര്‍ ടച്ചുള്ള സിനിമകള്‍

സംവിധാനം ചെയ്തതില്‍ ഏറ്റവും വെല്ലുവിളിതോന്നിയതും എന്നാല്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയതുമായ സിനിമയാണ് ഹണിബീ 2.5. സിനിമക്കുള്ളിലെ സിനിമയായിരുന്നു അത്. സംവിധായകനും അഭിനേതാവുമായ ലാല്‍ ആയിരുന്നു അത് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഹണിബീ 2 നുള്ളില്‍ നിന്നൊരു സിനിമ. അതാണ് ലാലേട്ടന് ആവശ്യപ്പെട്ടത്. പതിനഞ്ച് ദിവസത്തെ സമയമായിരുന്നു അതിനുണ്ടായിരുന്നത്. ലാലേട്ടന്റെ കഥയായിരുന്നു, എല്ലാവിധ സഹായവും അദ്ദേഹം തന്നെ നല്കി. അന്റോണിയ മൈക്കിള്‍ ആണ് അതിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ക്യാമറ ഹൈഡ് ചെയ്തും കിടന്നുമൊക്കെയാണ് അത് ഷൂട്ട് ചെയ്തത്. ഒരു പക്ഷെ ലോകസിനിമയിലെ ആദ്യമായിരിക്കണം ഇത്തരമൊരു സംരംഭം-ഒരു സിനിമാഷൂട്ടിനിടെ അത് മറ്റൊരു സിനിമയായി പകര്‍ത്തുക എന്നത്.
നാടകമാണ് സിനിമയിലേക്കുള്ള വഴി തെളിച്ചത്. നാടകത്തോട് അടങ്ങാത്ത പ്രേമമുണ്ട്. അതു പോലെ സിനിമയും വളരെയേറെ ഇഷ്ടപ്പെടുന്നു. രണ്ടും ഒരു പോലെ കൊണ്ടു പോകാനാണ് ആഗ്രഹം. നാടകത്തില്‍ ഗൗരവമുള്ള വിഷയങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാല്‍ ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും കുറച്ചു കൂടി ലളിതമായ വിഷയങ്ങളാണ്.
വീട്ടുകാരും നാട്ടുകാരും നല്കുന്ന പിന്തുണ; പ്രക്ഷകര്‍ നല്കുന്ന സ്നേഹം
ബോംബെയില്‍ ജോലി ചെയ്തിരുന്ന അച്ഛന് എന്നെ ഒരു സ്റ്റെനോഗ്രാഫറാക്കി അങ്ങോട്ട് കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹം. അതിന് വേണ്ടി ടൈപ്പ് റൈറ്റിങ്ങും ഷോട്ട് ഹാന്‍ഡും പഠിച്ചു. കലാരംഗത്തോടുള്ള ഇഷ്ടമറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും അതെതിര്ത്തില്ല എന്നതാണ് അവരില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ പിന്തുണ. അച്ഛന് ധര്മ്മന് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അമ്മ ചന്ദ്രിക. ഭാര്യ അജിതയ്ക്ക് ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ തന്നെ ഞാന്‍ കലാപ്രവര്‍ത്തകനാണ് എന്നറിയാമായിരുന്നു. കലാരംഗത്തുണ്ടയേക്കാവുന്ന അനിശ്ചിതത്വത്തെ കുറിച്ച് അച്ഛനോ അമ്മയോ ഭാര്യയോ ഒരിക്കലും ആശങ്കപ്പെടുന്നത് കണ്ടിട്ടില്ല. അതാണ് ഏറ്റവും വലിയ ധൈര്യം. രണ്ട പെണ്മക്കളാണുള്ളത്-എട്ടാം ക്ലാസുകാരി അനുപല്ലവിയും ആറാം ക്ലാസുകാരി ഋതുപല്ലവിയും. ഈ രംഗത്ത് കുടുംബത്തില്‍ നിന്ന് മുന്ഗാമികളാരുമില്ല. പിന്ഗാമികളുണ്ടാവണമെന്നാണ് ആഗ്രഹം.

അന്തിക്കാട് എന്ന സ്ഥലത്ത് ജീവിച്ചത് ഒരു പക്ഷെ ഒരു കലാകാരനായിത്തീരാന്‍ ഏറെ സഹായകമായി. ഭാവിയില്‍ ആരായിത്തീരണം എന്ന ചോദ്യം നേര്‍ക്കുയരുമ്പോള്‍ ചൂണ്ടിക്കാട്ടാന്‍ സത്യന് അന്തിക്കാട് എന്ന ലെജന്‍ഡ് മുന്നിലുണ്ടായിരുന്നു. പിന്നീട് മുതിര്‍ന്നപ്പോള്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഒപ്പമെത്താന്‍ കഴിയില്ലെന്ന തിരിച്ചറിവുണ്ടായി എന്നതാണ് സത്യം. നാട്ടുകാര്‍ നല്കിയ പിന്തുണയും വലുതാണ്. നിലവില്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കൃഷ്ണകുമാര്‍-അദ്ദേഹം ബാലവേദിയിലൂടെയൊക്കെ കലാരംഗത്തേക്ക് കൈപിടിച്ച് നടത്തിയ വ്യക്തികളില്‍ പെടുന്നു. ഞങ്ങളുണ്ട് പിറകില്‍ എന്ന് പറയുന്ന അന്തിക്കാട്ടുകാരാണ് ഏറ്റവും വലിയ പിന്തുണയും ഈ രംഗത്ത് തുടരാനുള്ള ധൈര്യവും.
നല്ലതിനെ ഏപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്നവരാണ്,ഏറെ സ്നേഹം തരുന്നുണ്ട്. ഇനിയും ചേര്‍ത്തു നിര്‍ത്തണമെന്ന് മാത്രമാണ് പ്രേക്ഷകരോട് പറയാനുള്ളത്. സിനിമകള്‍ കാണണം, പ്രോത്സാഹിപ്പിക്കണം. സിനിമയ്ക്ക് കിട്ടിയ മൂന്ന് അവാര്‍ഡുകള്‍ കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നുണ്ട്. വളരെ സീരിയസായി തന്നെ സിനിമയെ കാണുന്നു.
Content Highlights: Interview with Director Shyju Anthikkad, Kerala State Film Awards 2021, Bhoomiyile Manohara Swakaryam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..