ഒരു റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിന് രാജ് എന്ന പേര് മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത്. പിന്നീട് ജോസഫി'ലെ ഹൃദയം തൊടുന്ന പാട്ടുകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന സംഗീത സംവിധായകനായി. നവാഗതനായ ശരത് ജി. മോഹന്‍ സംവിധാനം ചെയ്യുന്ന 'കര്ണന് നെപ്പോളിയന് ഭഗത് സിങ്ങില്‍ രഞ്ജിന് ഒരുക്കിയ പാട്ടുകള്‍ വീണ്ടും ഹിറ്റുചാര്ട്ടുകളില് ഇടം നേടുകയാണ്. ഉണ്ണിമേനോന് പാടിയ 'കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കെ', ഹരിശങ്കര്‍ ആലപിച്ച 'സായാഹ്ന തീരങ്ങളില്‍ ' എന്നിവ മികച്ച അഭിപ്രായമാണ് നേടുന്നത്. തന്റെ സംഗീത യാത്രയെക്കുറിച്ചും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെക്കുറിച്ചും രഞ്ജിന് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
സംഗീതയാത്രയുടെ തുടക്കം...
നാല് വയസുമുതല്‍ സ്റ്റേജുകളില്‍ പാടിത്തുടങ്ങി. എല്‍കെജി കാലഘട്ടം മുതല്‍ സ്കൂള്‍ പരിപാടികളില്‍ പാടുമായിരുന്നു. അമ്മയായിരുന്നു അക്കാലത്ത് ഏറ്റവും പിന്തുണ നല്‍കിയിരുന്നത്. പാട്ട് കേള്‍പ്പിച്ചു പഠിപ്പിക്കുന്നതെല്ലാം അമ്മയായിരുന്നു. കലോത്സവങ്ങളിലും അത്യാവശ്യം പങ്കെടുക്കുമായിരുന്നു. ഏഴ് വയസ് മുതല്‍ കര്‍ണാടക സംഗീതം പഠിച്ചുതുടങ്ങി. പക്ഷേ, കര്‍ണാടക സംഗീതത്തില്‍ അത്ര പരിശീലനമൊന്നും നേടിയിട്ടില്ല. കുറച്ച് മടിയനായിരുന്നു ഞാന്‍. തുണ്ടും മുറിയുമാണ് പഠിച്ചത്. അത് പക്ഷേ സിനിമാസംഗീതത്തില്‍ എനിക്കത് ഉപകരിക്കുന്നുണ്ട്. പാട്ടുകള്‍ ചെയ്യുമ്പോള്‍ ഒരു രാഗത്തില്‍ തന്നെ ഉറച്ചുനില്ക്കാതെ ഇടയ്ക്ക് അതില്‍നിന്ന് വിട്ടുപോകാറുണ്ട്. അതിനാല്‍തന്നെ സിനിമ സംഗീതത്തില്‍ അത് ഗുണം ചെയ്തു എന്ന് പറയാം.

റിയാലിറ്റി ഷോയിലേക്ക്....
2007ലാണ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ വേദിയും അതായിരുന്നു. ആദ്യമായി ആളുകള്‍ തിരിച്ചറിയുന്നത് അവിടെവെച്ചാണ്. പക്ഷേ അതില്‍ അത്ര സക്സസ് ഒന്നുമായിരുന്നില്ല ഞാന്‍. എന്റെ നൂറ് ശതമാനം എനിക്കവിടെ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. പേടിയും ആത്മവിശ്വാസമില്ലായ്മയുമായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്ന പലരേയും തിരിച്ചറിയുമ്പോള്‍ എന്നെ പലപ്പോഴും തിരിച്ചറിയാറില്ലായിരുന്നു. എല്ലാവരേയും പോലെ ഞാനും സ്ക്രീനില്‍ വരുന്നുണ്ടെങ്കിലും എന്റെ സംസാരമോ പെര്‍ഫോമന്‍സോ ഒന്നും അത്ര ആകര്‍ഷകമായിരുന്നില്ല. അതുകൊണ്ട് തന്നെയായിരിക്കണം, ബാക്കിയുള്ളവരെ പത്ത് പേര് തിരിച്ചറിയുമ്പോള്‍ എന്നെ വെറും രണ്ട് പേര് മാത്രമായിരുന്നു തിരിച്ചറിഞ്ഞിരുന്നത്.
അതിലെല്ലാം എനിക്ക് ഭയങ്കര സങ്കടമായിരുന്നു. പലര്‍ക്കും ഒരുപാട് ഫാന്‍സ് എല്ലാമുള്ളപ്പോഴും എന്നെയാരും ശ്രദ്ധിക്കാറുകൂടിയില്ലായിരുന്നു. നന്നായി സംസാരിക്കണം, കുറച്ചുകൂടി ശരീരം നോക്കണം, ഹാന്സമായി നടക്കണം അങ്ങനെയൊക്കെയുള്ള കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു അന്ന്. സംഗീതത്തില്‍ കുറച്ചുകൂടി അറിവ് നേടണമെന്നും ആഗ്രഹമുണ്ടായിരുന്നു. പലരും പല ഉപകരണങ്ങളൊക്കെ വായിക്കും. പക്ഷേ, ഞാന്‍ പാട്ടല്ലാതെ മറ്റൊന്നിലും പരിശീലനം നേടിയിട്ടില്ല. അതിന്റെയൊരു ആത്മവിശ്വാസമില്ലായ്മയും എനിക്കുണ്ടായിരുന്നു. അന്ന് നേരിട്ട പ്രശ്നങ്ങള്‍ മറികടക്കുക എന്നത് മനസില്‍ പതിഞ്ഞ കാര്യമായിരുന്നു. ആളുകള്‍ തിരിച്ചറിയണം എന്ന ചിന്തയുണ്ടായിരുന്നു, ചെറിയ വാശിയും. എവിടെയും പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അതുണ്ടായിരുന്നുതാനും. അതെല്ലാം കൊണ്ട് തന്നെയാണ് ലൈംലൈറ്റില്‍ നില്‍ക്കാനായി ചാനലുകാരെ അങ്ങോട്ട് വിളിച്ചും കോണ്ടാക്റ്റ് സൂക്ഷിച്ചുമെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത്.
സിനിമയിലേക്ക്...
ആദ്യമായി സിനിമയില്‍ പാടുന്നത് കന്നഡയിലാണ്. സാൻഡൽവുഡ് ഗുരു എന്ന ചിത്രത്തില്‍. സുഹൃത്തുക്കള്‍ വഴി ബെംഗളൂരുവിലുള്ള ഒരു സംഗീത സംവിധായകന് വിളിച്ച് പാടിച്ചതാണ്. കന്നഡയില്‍ തന്നെ നാല് പാട്ടുകള്‍ പാടി. തുളുവില്‍ ഒരു പാട്ടും. മലയാളത്തില്‍ അങ്ങനെ പാട്ടുകള്‍ പാടിയിട്ടില്ല. മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തില്‍ ഒരു കുഞ്ഞുപാട്ട് പാടി. കുന്താപുരാ എന്ന ചിത്രത്തിലും ഒരുപാട്ട് പാടി. അതടക്കം ആറോ ഏഴോ പാട്ടുകളേ ഞാന്‍ പാടിയിട്ടുള്ളു. ഇതിലൊന്നും പോപ്പുലറായോ റീച്ചായതോ ഒന്നും ഉണ്ടായിരുന്നുമില്ല. തുടര്‍ന്ന് ഗാനമേളകള്‍ ഒരുപാട് ചെയ്തു. ലൈം ലൈറ്റില്‍ തന്നെ നില്‍ക്കണമെന്ന ചിന്തയുണ്ടായിരുന്നതിനാല് ചാനലുകളില്‍ ആങ്കറായി ജോലി ചെയ്തു. ഇടയ്ക്ക് ചെറിയ പരസ്യങ്ങള്‍ക്ക് സംഗീതം നല്‍കിത്തുടങ്ങി. 2015 മുതല്‍ 18 വരെയുള്ള കാലയളവില്‍ ജിംഗില്സും മറ്റുമായി എണ്ണൂറോളം വര്‍ക്കുകള്‍ ചെയ്തു.
സംഗീത സംവിധാനം എന്ന സ്വപ്നം...
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ട് വരികളെഴുതി സംഗീതം നല്കി പുസ്തകങ്ങളില്‍ എഴുതി വെക്കുന്ന സ്വഭാവമുണ്ടായിരുന്നു. ആ പുസ്തകത്തെ കാസറ്റായി സങ്കല്പിച്ച് കവര്‍ പേജില്‍ പേരുമിട്ട് വരിയും സംഗീതവും രഞ്ജിന് രാജ് എന്ന് എഴുതി വെയ്ക്കുമായിരുന്നു. അന്ന് തന്നെ ആ അഭിരുചിയുണ്ടായിരുന്നു. അത് ജന്മനാ ഉള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. അഞ്ചിലും ആറിലും പഠിക്കുമ്പോള്‍ തന്നെ രവീന്ദ്രന് മാഷിന്റെയും ജോണ്സണ് മാഷിന്റെയും ശ്യാം സാറിന്റേയുമൊക്കെ പാട്ടിന്റെ ഓര്ക്കസ്ട്രേഷന് കേട്ടാല്‍ എനിക്ക് വേര്‍തിരിച്ചറിയാമായിരുന്നു. പാട്ട് കേട്ടാല്‍ പാടിയതാരെന്നല്ല ആദ്യം ചിന്തിക്കുക, അതിന്റെ സംഗീതമാണ്.
നിത്യഹരിത നായകനും ജോസഫും
2015 മുതല്‍ ചാനലുകളുടെ പ്രെമോകള്‍ ചെയ്യുന്നുണ്ട്. വളരെ പ്രശസ്തമായ ഉപ്പും മുളകും, കോമഡി ഉത്സവം അടക്കമുള്ള പരിപാടികള്‍ക്ക് പ്രെമോ സംഗീതം നല്‍കിയിരുന്നു. ചാനലുകളില്‍ കുറേ സുഹൃത്തുക്കളുണ്ട്. അത്തരത്തില്‍ ചാനലിലെ ഒരു സുഹൃത്താണ് എന്നെ നിത്യഹരിത നായകന്റെ സംവിധായകന് പരിചയപ്പെടുത്തുന്നത്. അങ്ങനെയാണ് ആ ചിത്രത്തിലേക്ക് എത്തുന്നത്.
ജോസഫിന്റെ സംവിധായന് എം.പത്മകുമാറിന്റെയും എന്റേയും ഒരു പൊതുസുഹൃത്താണ് പപ്പേട്ടന് എന്നെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം ഒടിയന്റെ കോ-ഡയറക്ടറായിരുന്നു അപ്പോള്‍. തുടര്‍ന്ന് ഒടിയന്റെ ടീസറിന് സംഗീതം നല്കാന് അവസരം ലഭിച്ചു. അങ്ങനെയാണ് ജോസഫിലേക്ക് എത്തിയത്. ദൈവാനുഗ്രഹത്താല്‍ നിത്യഹരിത നായകനും ജോസഫും ഒരേ ദിവസമാണ് റിലീസ് ചെയ്തത്.
ജോസഫിലെ പാട്ടുകള്‍....
ഹിറ്റാവാന്‍ വേണ്ടി ചെയ്തതായിരുന്നില്ല ജോസഫിലെ ഗാനങ്ങള്‍. അതാവാം അത് ഹിറ്റായത്. പിന്നെ ജോസഫിന്റെ ഗാനങ്ങള്‍ക്ക് ജോജു ചേട്ടന് വലിയ ക്രെഡിറ്റുണ്ട്. അദ്ദേഹം വലിയൊരു മ്യൂസിക് ലവറാണ്. ഇന്നപോലത്തെ പാട്ടുണ്ടാക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. അത് വളരെയധികം സഹായിച്ചിട്ടുണ്ട് പലപ്പോഴും. അദ്ദേഹം പറയുമ്പോള്‍ അതുമായി ബന്ധമില്ലാതെ, എന്നാല്‍ അതേ ഫീല്‍ കിട്ടുന്ന പാട്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നു. സംവിധായകന് പപ്പേട്ടന് പൂര്‍ണ സ്വാതന്ത്യം തന്നിരുന്നു. ആദ്യ ചിത്രം ചെയ്യുന്ന സംഗീത സംവിധായകനെപ്പോലെയല്ല എന്നെ പരിഗണിച്ചത്. ഞാന്‍ നല്ലതേ ചെയ്യൂ എന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെ മുറിപ്പെടുത്തരുതെന്ന ചിന്ത എന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ജോസഫും നിത്യഹരിത നായകനും ഒരുമിച്ച് ഇറങ്ങിയതുകൊണ്ട് തന്നെ എന്റെ പാട്ടുകള്‍ തന്നെ മറ്റൊന്നിനെ അടിച്ചമര്‍ത്തി എന്നാണ് എനിക്ക് തോന്നുന്നത്. ഒരേ ദിവസം, ഏതാണ്ട് ഒരേ സമയങ്ങളിലാണ് പാട്ടുകള്‍ ഇറങ്ങിയത്. ഒരെണ്ണം ഹിറ്റായത് മൂലമാണ് മറ്റേത് ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമുക്കും പ്രമോട്ട് ചെയ്യാവുന്നതിന് പരിധിയുണ്ടായിരുന്നു. ഏത് എങ്ങനെ പ്രമോട്ട് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിപ്പോയി. ജീവിതത്തില്‍ ഒരു പാട്ടെങ്കിലും ഇറങ്ങണം എന്ന് ആഗ്രഹിച്ചിടത്ത് പത്ത് പാട്ടുകളോളം ഒരാഴ്ചയില്‍ ഇറങ്ങുകയാണ്. ആ ഒരു അതിശയമായിരുന്നു അന്നുണ്ടായിരുന്നത്.
കര്ണന് നെപ്പോളിയന് ഭഗത് സിങ്
ജോസഫിന് ശേഷം ചെയ്ത പടങ്ങളില്‍ അഞ്ചു പാട്ടുകള്‍ ചെയ്യാന്‍ അവസരം ലഭിച്ച സിനിമയാണ് കര്ണന് നെപ്പോളിയന് ഭഗത് സിങ്. ടൊവിനോയുടെയും നിവിന്‍ പോളിയുടെയും കസിന് ബ്രദറായ ധീരജ് ഡെന്നിയാണ് ഇതില്‍ നായകന്. അതിന്റെ സംവിധായകനും വളരെ വലിയൊരു മ്യൂസിക് ലവറാണ്. നന്നായി കവിതയൊക്കെ എഴുതുന്ന വ്യക്തി. നമ്മള് മ്യൂസിക്കലി നല്ലത് കൊടുക്കുമ്പോള്‍, അത് നല്ലതാണെന്ന് തിരിച്ചറിയാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മ്യൂസിക്കലി റിച്ചായിട്ടുള്ള പാട്ടുകള്‍ ചെയ്യാന്‍ സാധിച്ചു. ചിത്രത്തിലെ രണ്ട് പാട്ടുകളാണ് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളത്. ഇനി മൂന്ന് പാട്ടുകള്‍ ഇറങ്ങാനുണ്ട്. അതിലൊരു പാട്ട് ഞാനും പാടിയിട്ടുണ്ട്. ഉണ്ണിമേനോന് ചേട്ടനും ഹരിശങ്കറും പാടിയ പാട്ടുകളാണ് ഇറങ്ങിയത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഉണ്ണി മേനോനോടൊപ്പം...
ഉണ്ണിമേനോന് ചേട്ടന്റെയും എന്റേയും ഒരു പൊതുസുഹൃത്ത് വഴി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലേക്ക് പോകാനുള്ള ഒരു അവസരം ഉണ്ടായിരുന്നു. അവിടെ വച്ച് എന്റെയൊരു പാട്ടുപാടുന്ന കാര്യം അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഉറപ്പായിട്ടും എന്നദേഹം മറുപടി നല്കി. അന്ന് എന്റെ കൈയിൽ ഞാന്‍ പാടിയ ഈ പാട്ടുണ്ടായിരുന്നു. ഞാനത് അദ്ദേഹത്തിന് കേള്‍പ്പിച്ച് കൊടുത്തു. ആദ്യം കേട്ടപ്പോള്‍ അതൊരു ആവറേജ് പാട്ടായാണ് തോന്നിയതെങ്കിലും കേള്‍ക്കും തോറും വീര്യം കൂടിക്കൂടിവരുന്നുവെന്നും ജീവിതത്തില്‍ പാടിയതില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്നാണിതെന്നുമാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.
കാതോര്‍ത്ത് കാതോര്‍ത്ത്... എന്ന പാട്ട് ഒരു മുതിര്‍ന്ന ഗായകന് പാടണമെന്നത് ഗാനരചയിതാവ് ഹരിനാരായണന്റെ ആഗ്രഹമായിരുന്നു. പി. ജയചന്ദ്രന്, ഉണ്ണിമേനോന് എന്നിവരിലാരെങ്കിലും പാടണമെന്നായിരുന്നു ആഗ്രഹം. ഉണ്ണി മേനോന് ചേട്ടനെ കാണാനുള്ള അവസരമുണ്ടായപ്പോള്‍ വളരെ എളുപ്പത്തില്‍ അദ്ദേഹത്തിലേക്ക് എത്താനായി. ഒന്ന് പാടിയതിന് ശേഷവും അദ്ദേഹത്തിന് തൃപ്തിയാകാതെ ഒന്നുകൂടി പാടി. അനുപല്ലവിയിലോ മറ്റോ തെറ്റ് പറ്റിയാല്‍ അദ്ദേഹം തുടക്കം മുതല്‍ പാടും. വളരെ അടുത്ത സുഹൃത്തിനെ പോലെയാണ് അദ്ദേഹം പെരുമാറിയത്.
വരുന്നതെല്ലാം മെലഡി...
പരസ്യങ്ങളും ജിംഗിളുകളും ചെയ്യുമ്പോള്‍ ഞാന്‍ പരീക്ഷിക്കാത്ത സൗണ്ടുകളില്ല. എല്ലാത്തരം സംഗീതവും ചെയ്തിട്ടുണ്ട്. പക്ഷേ സിനിമയില്‍ എനിക്ക് വരുന്ന അവസരങ്ങള്‍ കൂടുതല്‍ മെലഡിയാണ്. ജോസഫ് മെലഡിയില്‍ അടിച്ചുകയറിയതുകൊണ്ടാകും തുടര്‍ന്നും മെലഡി തന്നെ വരുന്നത്. സത്യം പറഞ്ഞാല്‍ വരത്തന് പോലുള്ള പടങ്ങള്‍ ചെയ്യാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷേ വരുന്നതെല്ലാം മെലഡിയും ഹോണ്ടിങ് സ്വഭാവമുള്ളതുമാണ്. പക്ഷേ പശ്ചാത്തല സംഗീതത്തില്‍, വളരെ പവര്‍ഫുളായ സംഗീതം ചെയ്യാനുള്ള അവസരം ലഭിക്കാറുണ്ട്. കര്ണന് നെപ്പോളിയന്റെ പശ്ചാത്തലത്തില്‍ എന്റെ വേറിട്ട ഒരു സമീപനം കാണിക്കാന്‍ സാധിക്കുന്ന ചില എലമെന്സുണ്ട്.
പുതിയ ചിത്രങ്ങള്‍, പ്രതീക്ഷകള്‍...
സുരേഷ് ഗോപിയുടെ കാവലാണ് പുതിയ ഒരു ചിത്രം. നിധിന് രഞ്ജി പണിക്കരുടെ ഈ ഹെവി എക്സ്പെറ്റഡ് മൂവിയില്‍ രണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും ചെയ്യുന്നുണ്ട്. ടീസര്‍ ഇറങ്ങിയതിന് തന്നെ നല്ല അഭിപ്രായം ലഭിച്ചു. അമലാ പോള്‍ നിര്‍മിക്കുന്ന കടാവര്‍ എന്ന തമിഴ് ചിത്രം ചെയ്യുന്നുണ്ട്. അതിന്റെ പശ്ചാത്തല സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഇറങ്ങുന്നത്. മനു അശോകന് ഉയരേയ്ക്ക് ശേഷം ചെയ്യുന്ന കാണക്കാണെ, ഗോകുല്‍ സുരേഷിന്റെ അമ്പലമുക്കിലെ വിശേഷങ്ങള്‍, ജോജു ചേട്ടന്റെ ഒരു പടം എന്നിവയാണ് പുതിയ ചിത്രങ്ങള്‍. ഈ ചിത്രങ്ങളിലെല്ലാം ജനങ്ങള്‍ക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. തട്ടിക്കൂട്ടല്ലാതെ കണ്ടന്റുള്ള കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അത് അംഗീകരിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.
Content Highlights: Interview with Music director Ranjin Raj, Karnan Napoleon Bhagat Singh, Unni Menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..