
ജേക്സ് ബിജോയ്
അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കുരുതി,....ജേക്സ് ബിജോയ് എന്ന സംഗീതസംവിധായകന്റെ റേഞ്ച് രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക നീളുന്നു. അടുത്തിടെ റിലീസായ സിബിഐ-ദ ബ്രെയിൻ, ജനഗണമന, സല്യൂട്ട്, കുരുതി, പത്രോസിന്റെ പടപ്പുകൾ...പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാപ്പൻ, പുഴു, കൊത്ത്... ജോക്സിന്റെ മികവളക്കാൻ ഈ സിനിമകൾക്കായി അദ്ദേഹം നൽകിയ ബാക്ക്ഗ്രൗണ്ട് സ്കോറുകളും ഗാനങ്ങൾക്കായി ഒരുക്കിയ ഈണങ്ങളും വേറെ ലെവലാണ്. ഒരു സിനിമയ്ക്ക് അതിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും പ്രധാനഘടകം തന്നെയാണ്. ഈണമിട്ട ഗാനങ്ങളേക്കാളുപരി ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിലാണ് ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകൻ സ്കോർ ചെയ്തത്. എങ്കിലും ഈണമിട്ട ഗാനങ്ങളും ഹിറ്റാക്കിയ ചരിത്രവും ജേക്സിനുണ്ട്. മലയാളി എന്ന ആൽബത്തിലെ മിന്നലഴകേ എന്ന ഗാനത്തിലൂടെയാണ് ജേക്സ് ബിജോയിയെ സംഗീതപ്രേമികൾ ശ്രദ്ധിച്ചത്. പിന്നീട് അഞ്ച് വർഷത്തെ ഗ്യാപ് ഉണ്ടായെങ്കിലും മാസ്സ് മ്യൂസിക്കിലൂടെ ജേക്സ് മലയാളചലച്ചിത്രസംഗീത മേഖലയിൽ സ്വന്തയൊരു സിഗ്നേച്ചർ ചേർത്തുവെച്ചു. ജോക്സിന്റെ വിശേഷങ്ങളിലേക്ക്...
ഏതുറക്കത്തിലും മലയാളികള്‍ കേട്ടാല്‍ തിരിച്ചറിയുന്നതും ആവേശം കൊള്ളുന്നതുമായ ഒരു ബാക്ക്ഗ്രൗണ്ട് സ്കോറാണ് സിബിഐയുടേത്. സീനിയര്‍ മ്യൂസിക് ഡയറക്ടര്‍ ശ്യാം ഒരുക്കിയ ആ മാസ് സ്കോറിന്റെ തനിമ ഒട്ടും ചോരാതെ തന്നെ പുതിയ സിനിമയുടെ സംഗീതമൊരുക്കുമ്പോള്‍ ജേക്സ് അഭിമുഖീകരിച്ച പ്രധാനപ്രതിസന്ധി എന്തായിരുന്നു. സിബിഐയ്ക്ക് വേണ്ടി ഒരുക്കിയ സംഗീതത്തില്‍ താങ്കള്‍ എത്രത്തോളം സംതൃപ്തനാണ്?
ചെറിയപ്രായം മുതല്‍ ഏറ്റവുമധികം കേട്ടിരിക്കുന്ന ഒരു ബാക്ഗ്രൗണ്ട് മ്യൂസിക്, നമ്മളെയൊക്കെ ഏറ്റവുമധികം കോരിത്തരിപ്പിച്ചിരിക്കുന്ന ബിജിഎം. സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ മ്യൂസിക് ഡയറക്ടറാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അതെനിക്ക് വലിയ ഉത്തരവാദിത്വമായിരുന്നു, ഒരനുഗ്രഹവുമായിരുന്നു.സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തോട് പരമാവധി നീതി പുലര്‍ത്താന്‍ എന്നാല്‍ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. ശ്യാം സാറിന്റെ( സംഗീതസംവിധായകന് ശ്യാം) തീമിന്റെ ഭംഗി കളയാതെ തന്നെ ബാക്ക്ഗ്രൗണ്ട് സ്കോര്‍ തയ്യാറാക്കാന്‍ നോക്കിയിട്ടുണ്ട്.
അടുത്ത് റിലീസായ മറ്റൊരു മാസ്സ് മൂവി ജനഗണമനയ്ക്ക് വേണ്ടി ഒരുക്കിയ മ്യൂസിക്കും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നുമുണ്ട്. അടുത്തുതന്നെ റിലീസാവുന്ന അഞ്ചിലധികം സിനിമകളുടെ സംഗീതസംവിധാന ചുമതല ജേക്സിനാണ്. തിരക്കുള്ള ഒരു സംഗീത സംവിധായകനായി ജേക്സിനെ മാറ്റുന്നത് എന്താണെന്നാണ് താങ്കളുടെ സ്വയം വിലയിരുത്തല്‍?
അക്കാര്യം എനിക്ക് സ്വയം വിലയിരുത്താനറിയില്ലെന്നതാണ് വാസ്തവം. ത്രില്ലര്‍ സിനിമകളാണ് കൂടുതല്‍ ചെയ്യുന്നതെങ്കിലും മാസ്സ് സ്വഭാവമുള്ള സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്. അയ്യപ്പനും കോശിയും, ഓപ്പറേഷന് ജാവ, പൊറിഞ്ചു മറിയം ജോസ്, ഇഷ്ക്...വ്യത്യസ്തവിഷയങ്ങളിലുള്ള സിനിമകള്‍ ചെയ്തിട്ടുണ്ട്. ഏതുവിധത്തിലുള്ള സംഗീതം ചെയ്യാനും സാധിക്കും എന്ന മറ്റുള്ളവരുടെ വിശ്വാസമായിരിക്കാം ഒരു പക്ഷെ എന്നെ തേടി അവസരങ്ങള്‍ വരുന്നതിനുള്ള കാരണമെന്ന് വേണമെങ്കില്‍ പറയാം. ഒരു ജോണറില്‍ തന്നെ സ്റ്റിക് ചെയ്യാതെ പല തരത്തിലുള്ള മ്യൂസിക് ചെയ്യുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്.
'മലയാളി' എന്ന ബെസ്റ്റ് സെല്ലിങ് ആല്‍ബത്തിലൂടെയാണ് ജേക്സ് ബിജോയ് എന്ന സംഗീതസംവിധായകന് ഈ രംഗത്തെത്തുന്നത്. എങ്ങനെയായിരുന്നു ജേക്സിന്റെ എന്‍ട്രി? പിന്നീടുള്ള മ്യൂസിക് ജേണിയെ കുറിച്ച്
മലയാളി ആയിരുന്നു എന്റെ ആദ്യത്തെ ആല്‍ബം. അതിന് ശേഷമുള്ള ഒരു ആല്‍ബം റിലീസാവാതെ പോയി. ഉപരിപഠനവും ജോലിയുമൊക്കെയായി പിന്നീട് അഞ്ചുവര്‍ഷക്കാലം യുഎസിലായിരുന്നു. അക്കാലത്താണ് എന്റെ സുഹൃത്തുക്കള്‍ ഏയ്ഞ്ചല്‍സ് എന്ന സിനിമ ചെയ്യുന്നത്. അവര്‍ സംഗീതം നല്കാന് എന്നെ വിളിച്ചു. വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഒരു ജീവിതം യുഎസില്‍ നയിക്കുകയായിരുന്ന ഞാന്‍ അന്ന അറ്റന്‍ഡ് ചെയ്ത കോളാണ് എന്നെ കേരളത്തിലെത്തിച്ചതും സിനിമാസംഗീതസംവിധായകനാക്കി മാറ്റിയതും. ഏയ്ഞ്ചല്‍സ് കഴിഞ്ഞ്, മണ്‍സൂണ്‍ മാംഗോസ്, കവി ഉദ്ദേശിച്ചത്...എനിക്ക് വളരെ പ്രിയപ്പെട്ട സിനിമകളാണെങ്കിലും ഇവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഞാന്‍ ചെയ്ത വര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ നോട്ടീസ് ചെയ്യപ്പെടാന്‍ നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ക്വീന്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ ആദ്യത്തെ സക്സസ് ഉണ്ടായത്. അതേ സമയത്ത് തന്നെ ധ്രുവങ്ങള്‍ പതിനാറ് എന്ന തമിഴ് സിനിമ റിലീസായി. പിന്നീട് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, രണം...2018 കാലത്താണ് എന്റെ കരിയറില്‍ വലിയ മാറ്റമുണ്ടയത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിലെ ബാക്ഗ്രൗണ്ട് സ്കോറും സോങ്സും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പൊറിഞ്ചു മറിയം ജോസ്, കല്‍ക്കി, അയ്യപ്പനും കോശിയും, ഇഷ്ക്...2018 എന്ന വര്‍ഷം എന്റെ ജീവിതത്തിലെ ഒരു വലിയ ടേണിങ് പോയിന്റായിരുന്നു. എന്റെ രണ്ടാമത്തെ മകള്‍ ജനിച്ചതും ആ വര്‍ഷത്തിലാണ്. അതുകൊണ്ട് തന്നെ അതെന്റെ ഭാഗ്യവര്ഷമാണെന്ന് പറയാം.
മലയാള സിനിമാസംഗീതത്തില്‍ ഹിപ്ഹോപിന് പ്രാധാന്യം നല്കിയ സംഗീതസംവിധായകരിലൊരാളാണ് ജേക്സ്. സംഗീതം നല്കുമ്പോള് ഏത് വിധത്തിലുള്ള ട്രീറ്റ്മെന്റാണ് ജോക്സിന് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിട്ടുള്ളത്?
ഒരു സിനിമയ്ക്ക് അനുയോജ്യമായ ട്രീറ്റ്മെന്റാണ് സാധാരണയായി കൊടുക്കുന്നത്. മ്യൂസിക്കലി കണ്ടംപെററിയായിട്ടുള്ള ട്രീറ്റ്മെന്റാണ് എനിക്ക് കുറച്ചുകൂടി ഇഷ്ടം. അതില്‍ കുറച്ച് ഇന്ത്യന്‍ എലമെന്റ്സ് കൂടി മിക്സ് ചെയ്ത് ചെയ്യാനാണ് താത്പര്യം. യങ്സ്റ്റേഴ്സിന് വൈബ് ചെയ്യാന്‍ പറ്റുന്ന സോങ്സിലേക്കാണ് എന്റെ ഫോക്കസ് പോകുന്നത്. അതേ സമയം ഏതു ജനറേഷനിലുള്ള ശ്രോതാക്കള്‍ക്കും ഇഷ്ടപ്പെടുന്ന കുറച്ച് മെലഡികളും അത്തരത്തിലുള്ള ട്രീറ്റ്മെന്റും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരത്തിലാണ് എന്റെയൊരു ട്രീറ്റ്മെന്റ് സ്വഭാവം.
സംഗീതം നല്കുമ്പോള് സംവിധായകന്റെ നിര്‍ദേശത്തിന് പ്രാധാന്യം നല്കുന്നതാണോ പതിവ്, അതോ സംഗീതസംവിധായകനെന്ന നിലയില്‍ സജന്സ് നല്‍കാറുണ്ടോ?
ഉറപ്പായിട്ടും ഞാന്‍ സജഷന്‍സ് നല്‍കാറുണ്ട്. ഞാന്‍ നല്കുന്ന സജഷന്‍സ് സംവിധായകര്‍ വളരെ സീരിയസായി കോള്ക്കാറുമുണ്ട്. ഡയറക്ടറുടെ വിഷന്‍ എത്രത്തോളം ക്ലിയറാണ് അത്രത്തോളം ക്ലാരിറ്റിയോടെ ഞാനത് ഫോളോ ചെയ്യും. അല്ലെങ്കില്‍ എന്റെ പേര്‍സണല്‍ ലിബര്‍ട്ടി എടുത്ത് ഞാന്‍ കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നിട്ട് ഞാന്‍ പ്രസന്റ് ചെയ്യും, അതവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പ്രൊസീഡ് ചെയ്യും.
ധ്രുവങ്ങള്‍ പതിനാറ്, അയ്യപ്പനും കോശിയും, ഫോറന്‍സിക്, കുരുതി...ജേക്സിന്റെ റേഞ്ച് കൃത്യമായി രേഖപ്പെടുത്തിയ ഒരുപാട് സിനിമകളുണ്ട്. എങ്ങനെയാണ് താങ്കളിലെ സംഗീതസംവിധായകന് ഇത്രത്തോളം ഷാര്‍പ് ആയത്, ജേക്സിലെ സംഗീതജ്ഞനെ ഈ വിധത്തില്‍ ഫോര്‍മാറ്റ് ചെയ്യാന്‍ സഹായിച്ച ഘടകങ്ങള്‍?
അതിനുള്ള ഒരു കാരണം ചെറുപ്പത്തിലുള്ള എന്റെ മ്യൂസിക്കല്‍ എക്സ്പോഷര്‍ ആണ്. പിന്നെ ചെറുപ്പകാലം മുതല്‍ കണ്ട ധാരാളം സിനിമകളുടെ സ്വാധീനവുമുണ്ട്. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി...വൈഡ് വെറൈറ്റി ഓഫ് സിനിമ. എന്റെ മ്യൂസിക്കല്‍ ടേസ്റ്റിനെ ഇവ സ്വാധീനിച്ചിട്ടുണ്ട്. സംഗീതത്തില്‍ വളരെയധികം ജ്ഞാനവും അനുഭവപരിജ്ഞാനവും ഉണ്ടെങ്കില്‍ പോലും ഒരു മ്യൂസിക് ഡയറക്ടറിന് ഏറ്റവുമധികം വേണ്ടത് ടേസ്റ്റാണ്. അതായത് ഓഡിയന്സിന്റെ പള്‍സ് മനസ്സിലാക്കി, അവര്‍ കേള്‍ക്കാനാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ എക്സ്പെക്ട് ചെയ്യുന്നതിന്റെ അടുത്ത ലെവലിലേക്ക് അവരെ കൊണ്ടുപോകാന്‍ പറ്റുന്ന എന്തുതരം മ്യൂസിക്കാണ് പ്രസന്റ് ചെയ്യേണ്ടത് എന്നാണ്. അവര്‍ക്ക് മനസ്സിലാകുകയും വേണം ഒപ്പം അവര്‍ വൗ എന്ന് പറയുകയും വേണം. ഒരു നല്ല പ്രോഡക്ട് ക്ലിയറായി ഐഡന്റിഫൈ ചെയ്യാന്‍ പറ്റും. ക്ലീഷേ സ്വഭാവമുള്ള മ്യൂസിക് എന്റെ ഭാഗത്ത് നിന്ന് വരാതിരിക്കാന്‍ ഞാന്‍ മാക്സിമം ശ്രദ്ധിക്കാറുണ്ട്.
ഇതരഭാഷാസിനിമകളിലും ജേക്സ് സ്വന്തമായൊരിടം നേടിക്കഴിഞ്ഞു. ആ അനുഭവങ്ങളെ കുറിച്ച് പറയാമോ?
തമിഴിലാണ് ആക്ച്വലി എന്റെ മൂവികരിയര് തുടങ്ങുന്നത്. ധ്രുവങ്ങള്‍ പതിനാറ്, മാഫിയ...തെലുങ്കില്‍ ടാക്സിവാല, ചാവു കബുറു ചല്ലഗ...അങ്ങനെ കുറേ സിനിമകള്‍. കാര്‍ത്തിക് ഡയറക്ട് ചെയ്യുന്ന പുതിയ പടം, ഡ്രീം വോറിയര്‍ പിക്ചേഴ്സിന്റെ ഒരു പടം, ഷര്‍വാനന്ദ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ കുറച്ചു കൂടി ആക്ടീവാകുന്നുണ്ട്. എന്റെ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണാം ക്ലാസ് വരെയുള്ള കാലം ഞാന്‍ ചെലവിട്ടത് തമിഴ്നാട്ടിലായിരുന്നു. തമിഴ്നാടും എനിക്ക് സ്വന്തമായൊരിടമാണ്. മലയാളം പോലെത്തന്നെ തമിഴും എനിക്ക് പ്രിയപ്പെട്ടതാണ്, എന്നെ പരിപോഷിപ്പിച്ച ഭാഷ കൂടിയാണ്. കൂടാതെ അവിടത്തെ സിനിമകള്‍ ചെയ്യുമ്പോള്‍ എങ്ങനെയാണ് സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ ലെവലില്‍ നമ്മള് എവിടെ നില്ക്കുന്നു എന്നതിന്റെ ഒരു റിയലൈസേഷന് കൂടിയാണ്. കാരണം ലീഡ് ചെയ്യുന്ന മ്യൂസിക് ഡയറക്ടേഴ്സിനോടാണ് നമ്മള് സ്വയം താരതമ്യം ചെയ്യുന്നത്. അതു കൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ഗ്രഹിക്കാനുമുള്ള അവസരമുണ്ടാകും.
മലയാളത്തിലെ പുതുമുഖസംവിധായകര്ക്കൊപ്പവും പ്രമുഖസംവിധായകര്ക്കൊപ്പവും ജേക്സ് പ്രവര്‍ത്തിച്ചു. ആ അനുഭവങ്ങള്‍ / ഒരുമിച്ച് പ്രവര്ത്തിക്കണമെന്നാഗ്രഹിച്ചിട്ടും ഇതുവരെ ആഗ്രഹം സാധ്യമാകാത്ത ഏതെങ്കിലും സംവിധായകരുണ്ടോ?
ഇന്നത്തെ ലീഡിങ് ആയിട്ടുള്ള എല്ലാ എല്ലാവരുടേയും കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷെ അവരോട് അങ്ങോട്ടുചെന്ന് ഒരിക്കലും എന്റെ ആഗ്രഹം പറയില്ല. കാരണം ഞാന്‍ ചെയ്ത വര്‍ക്ക് ഇഷ്ടപ്പെട്ട് അവര്‍ എന്നെ സമീപിക്കുന്നതാണ് എനിക്കിഷ്ടം. അതിനായി കാത്തിരിക്കുകയാണ്. ഞാനിപ്പോള്‍ കൂടെ വര്‍ക്ക് ചെയ്യുന്ന, വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാ ഡയറക്ടേഴ്സിന്റെ കാര്യത്തിലും വളരെ ഹാപ്പിയാണ്. ജോഷി സാര്‍, മധു സാര്‍, സിബി സാര്‍, സന്തോഷ് ശിവന് സാര്‍, ഷാജി കൈലാസ് സാര്‍, റോഷന് ആന്‍ഡ്രൂസ് ചേട്ടന്, ഡിജോ, രഥീന, അനുരാജ്, പ്രശോഭ് വിജയന്...ഒരുപാട് നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അക്കാര്യത്തില്‍ ഞാനേറെ ഭാഗ്യവാനാണ്.
പാട്ടുകള്‍ക്ക് ഈണമിടുന്നതാണോ പശ്ചാത്തലസംഗീതമൊരുക്കുന്നതാണോ ജേക്സിനെ കൂടുതല്‍ എക്സൈറ്റ് ചെയ്യിക്കുന്നത് / സംഗീതം നല്കുമ്പോള് ഏറ്റവും ശ്രദ്ധ നല്കുന്ന ഘടകങ്ങള്‍ ഏവ?
എനിക്ക് നല്ല പാട്ടുണ്ടാക്കുന്നതിനപ്പുറം ഒരു എക്സൈറ്റ്മെന്റ് ഒന്നിലുമില്ല. ബാക്ഗ്രൗണ്ട് സ്കോര്‍ ചെയ്യുന്നത് ഒരു സ്കില്‍ ആണ്. അതിലൊരു പ്രൊഫഷണല്‍ അപ്രോച്ച് ഉണ്ട്. ഒരു തീം ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ അതൊരു മെക്കാനിക്കല്‍ പ്രോസസ്സ് ആണ്. കഥ തന്നെ നറേറ്റ് ചെയ്ത്, ഒരു ഭിത്തി പെയിന്റ് ചെയ്ത് പോകുന്നതു പോലെയാണത്. പക്ഷെ ഒരു നല്ല പാട്ടിലേക്കെത്തുമ്പോള് ഇന്‍ഡസ്ട്രിയില്‍ നമ്മുടേതായ ഒരു കയ്യൊപ്പ് ചേര്‍ക്കുന്നതു പോലെയാണ്, പൂര്‍ണതയിലേക്കെത്തുന്ന ഒരു ഫീലാണ്. സോ, ഞാന്‍ പറയുകയാണെങ്കില്‍ എനിക്ക് കൂടുതലിഷ്ടം നല്ല പാട്ടുണ്ടാക്കാനാണ്. ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങും ഞാന്‍ എന്ജോയ് ചെയ്യുന്നുണ്ട്. അതെന്റെ പ്രൊഫഷനായി ഞാന്‍ കരുതുന്നു.
സംഗീതം മാത്രമല്ല അതിന്റെ സാങ്കേതികവശങ്ങള്‍ കൂടി പഠിച്ചത് സംഗീതസംവിധായകനെന്ന നിലയില്‍ ജേക്സിന് ഏതു വിധത്തിലാണ് സഹായകമായത്? വാള്‍ട്ട് ഡിസ്നി കമ്പനിയുമായി സഹകരിച്ച് പ്രവർത്തിച്ചതിനെ കുറിച്ച്
വാള്‍ട്ട് ഡിസ്നിയിലെ എക്സ്പീരിയന്‍സ് ഇന്‍ഡസ്ട്രിയില്‍ ഒരു അധികയോഗ്യതയായി ഞാന്‍ കരുതുന്നില്ല. പക്ഷെ എന്റെ വ്യക്തിജീവിതത്തില്‍ എന്നെ കുറച്ചുകൂടി കോംപറ്റേറ്റീവ് ആകാന്‍ സഹായിച്ചിട്ടുണ്ട്. കാരണം നമ്മുടെ മ്യുസിഷന്ഷിപ്പിനെ എന്‍ഹാന്‍സ് ചെയ്യാന്‍ സഹായിക്കുന്ന ചെറിയ കുറച്ച് ടൂള്‍സ് എനിക്ക് അവിടെ നിന്ന് കിട്ടി. എങ്ങനെയാണ് ഒരു ചെറിയ സ്ട്രിങ് റൈറ്റിങ്ങിനെ അപ്രോച്ച് ചെയ്യേണ്ടത്, കൗണ്ടര്‍ മെലഡി എങ്ങനെ ഉണ്ടാക്കാം തുടങ്ങി പല കാര്യങ്ങളും അവിടെ നിന്ന് പഠിക്കാന്‍ സാധിച്ചു. ആഡ്ഹോക്കായി ചെയ്യാതെ ഒരു പ്രൊഫഷണല്‍ രീതിയില്‍ പഠിച്ചതു കൊണ്ട് എവിടേയും സ്റ്റക്കായി നില്‍ക്കാതെ ഒരു അവസരത്തെ എങ്ങനെ സമീപിക്കാമെന്ന ബോധം ഉണ്ടായിയെന്ന് പറയാം. അതാണ് ആ എജ്യൂക്കേഷന്റെ ഗുണം.
ജേക്സിന്റെ സംഗീതയാത്രയില്‍ കുടുംബത്തില്‍ നിന്നുള്ള സ്വാധീനവും പിന്തുണയും?
ഫാമിലിയില്‍ നിന്ന് നല്ല സപ്പോട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസം ജനഗണമനയുടേയും സിബിഐയുടേയും റെക്കോഡിങ്ങും മറ്റുമായി ഞാന്‍ വീട്ടില്‍ പോയിട്ടില്ല. ഞാനും എന്റെ ടീമും സ്റ്റുഡിയോയില്‍ തന്നെയായിരുന്നു. എന്റെ പിള്ളേരെ കണ്ടിട്ടില്ല, ഈസ്റ്ററും പെസഹയും പള്ളിപ്പെരുന്നാളും മിസ്സായി. സിബിഐയും ജനഗണമനയും ഒരേ ദിവസം റിലീസ് പ്ലാന്‍ ചെയ്ത പടങ്ങളായിരുന്നു. എനിക്ക് പാനിക് അറ്റാക്ക് വരെ വന്ന ദിവസങ്ങളുണ്ട്. ഞാന്‍ ചെയ്യുന്ന പാട്ടുകള്‍ക്കും ബാക്ക്ഗ്രൗണ്ട് സ്കോറിനും ഞാനൊരു ക്വാളിറ്റി വെച്ചിട്ടുണ്ട്. ആ ലെവലിലേക്ക് എത്തിയില്ലെങ്കില്‍ ഞാന്‍ വളരെ ഫ്രസ്ട്രേറ്റഡ് ആവും. വെറുതെ എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ എനിക്ക് പറ്റില്ല. സമയപരിമിതി കൊണ്ട് രണ്ട് സിനിമകളും ചെയ്ത് കൊടുക്കാന്‍ എനിക്കും എന്റെ ടീമിനും പറ്റുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ക്കത് വളരെ ഭംഗിയായി മാനേജ് ചെയ്യാന്‍ പറ്റി. അതിന് എന്റെ ടീമിനോട്, കൊച്ചിയിലെ എല്ലാ മ്യുസിഷന്സിനോട്, എന്റെ ഫാമിലിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഫാമിലിയുടെ സാക്രിഫൈസ്, അവരത് സ്പോട്ടിയായി എടുത്തതു കൊണ്ടാണ് എനിക്കിതൊക്കെ ചെയ്യാന്‍ സാധിക്കുന്നത്.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറയിലാണ് ജേക്സിന്റെ വീട്. ബിജോയ്, ഷമ്മി ബിജോയ് എന്നിവരാണ് മാതാപിതാക്കള്‍. അച്ഛന് പ്ലാന്ററാണ്, അമ്മ ഹൗസ് വൈഫും. അന്ന മാത്യുവാണ് ജേക്സിന്റെ ജീവിതപങ്കാളി. രണ്ട് പെണ്‍കുട്ടികളാണ് ജേക്സിന്-നോറയും റോസും. ഇളയസഹോദരന് ജോജു പോണ്ടിച്ചേരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..