ബിജിഎമ്മിലെ സസ്‌പെന്‍സും ത്രില്ലും; 'ദ മിസ്റ്റീരിയസ് മ്യൂസിക് മാന്‍' | Interview - Anil Johnson


സ്വീറ്റി കാവ്‌

ട്വൽത് മാൻ എന്ന സിനിമയുടെ ബാക്ക് ബോൺ തന്നെ മിസ്റ്ററിയാണ്. സിനിമയുടെ സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്ന രീതിയും അത് ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയും പൂർണമായും മിസ്റ്റീരിയസാണ്. അതുകൊണ്ടു തന്നെ ആ സിനിമയിലെ പാട്ടുകളായാലും ബാക്ക് ഗ്രൗണ്ട് സ്‌കോറായാലും മിസ്റ്ററിയുടെ എലമെന്റിൽ റൂട്ടഡ് ആയിരിക്കണം എന്നുള്ളത് നിർബന്ധമാണ്

സംഗീതസംവിധായകൻ അനിൽ ജോൺസൺ

നാലാമത്തെ വയസിലാണ് അനില്‍ ജോണ്‍സണ്‍ ആദ്യമായി ഒരു വേദിയില്‍ ഗാനമാലപിക്കാന്‍ കയറുന്നത്. ഇരു കൈകളിലും അച്ഛനുമമ്മയും മുറുകെ പിടിച്ചിരുന്നു, കര്‍ട്ടനുയരുമ്പോള്‍ കുട്ടി പേടിച്ച് പിന്തിരിയാതിരിക്കാന്‍. പിന്നീട് സസ്‌പെന്‍സുകള്‍ക്കും ത്രില്ലറുകള്‍ക്കും സംഗീതമൊരുക്കി പ്രേക്ഷകരെ ആശങ്കയുടേയും ഭയത്തിന്റേയും കൊടുമുടികളിലേക്ക് അനില്‍ ജോണ്‍സനെന്ന മ്യൂസിക് ഡയറക്ടര്‍ ഒട്ടും ദാക്ഷിണ്യമില്ലാതെ കയറ്റിവിട്ടു. സംഗീതജ്ഞരും സംഗീതാസ്വാദകരുമുള്ള കുടുംബപശ്ചാത്തലം അനില്‍ ജോണ്‍സനെ കൊണ്ടെത്തിച്ചത് സംഗീതലോകത്ത് തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ ജോലിയോ സംഗീതമോ എന്ന തിരഞ്ഞെടുപ്പ് വേണ്ടി വന്നപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ജോലി വിട്ടു. വീട്ടില്‍ സമ്മര്‍ദമേറിയപ്പോള്‍ ദുബായില്‍ ജോലി സ്വീകരിച്ചു. പക്ഷെ ഉള്ളിലെ മ്യുസിഷ്യനെ അദ്ദേഹത്തിന് ഉപേക്ഷിക്കാനാവുമായിരുന്നില്ല. ഒരിക്കല്‍ നാട്ടിലെത്തിയ അനില്‍ സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിലും പിന്തുണയിലും വീണ്ടും സംഗീതത്തിന്റെ വഴിയിലേക്ക്, അവിടെ നിന്ന് ആഡ് ഫിലിം ഡയറക്ടറിലേക്ക്, പന്ത്രണ്ട് ഭാഷകളിലെ ജിംഗിളുകളുടെ ക്രിയേറ്ററിലേക്ക്, മലയാളത്തിലെ മികച്ച സസ്‌പെന്‍സ് ത്രില്ലര്‍ ഡയറക്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം, ട്വല്‍ത് മാന്‍ തുടങ്ങി എട്ടോളം സിനിമകള്‍ക്ക് സംഗീതത്തിന്റെ പശ്ചാത്തലമൊരുക്കിയതും അനില്‍ ജോണ്‍സണാണ്. ജോസഫും റിലീസിനൊരുങ്ങുന്ന ഇലവീഴാപൂഞ്ചിറയും അനില്‍ ജോണ്‍സണ്‍ എന്ന സംഗീതജ്ഞന്റെ റേഞ്ച് വെളിപ്പെടുത്തുന്നു. ജോസഫിന്റേയും ദൃശ്യത്തിന്റേയും അന്യഭാഷാപതിപ്പുകളുടെ സംഗീതമൊരുക്കാന്‍ മറ്റ് സംഗീതസംവിധായകരെ ഏല്‍പിച്ചിട്ടും ദൗത്യം അനിലിലേക്ക് തന്നെ എത്തിയതും നിയോഗം. സംഗീതം നല്‍കിയ സിനിമകളില്‍ ഗായകനായെത്തി പാട്ട് ഹിറ്റാക്കിയ ചരിത്രവും ഈ മ്യൂസിക് മാന് സ്വന്തം.

ട്വല്‍ത് മാന്‍ എന്ന സിനിമയുടെ ടൈറ്റില്‍ സോങ് പോലും ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏറെ മിസ്റ്റീരിയസായ ഒരു മൂഡിലാണ്, അതേ സമയം ആവര്‍ത്തിച്ച് കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഗാനവുമാണ്. ആ സിനിമയ്ക്ക് വേണ്ടി കൂടുതല്‍ ഹോം വര്‍ക്ക് എന്തെങ്കിലും വേണ്ടി വന്നിരുന്നോ?

ട്വൽത് മാൻ എന്ന സിനിമയുടെ ബാക്ക് ബോൺ തന്നെ മിസ്റ്ററിയാണ്. സിനിമയുടെ സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്ന രീതിയും അത് ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയും പൂർണമായും മിസ്റ്റീരിയസാണ്. അതുകൊണ്ടു തന്നെ ആ സിനിമയിലെ പാട്ടുകളായാലും ബാക്ക് ഗ്രൗണ്ട് സ്‌കോറായാലും മിസ്റ്ററിയുടെ എലമെന്റിൽ റൂട്ടഡ് ആയിരിക്കണം എന്നുള്ളത് നിർബന്ധമാണ്. എന്നാൽ മാത്രമേ അത് ഇഫക്റ്റീവായി വർക്ക് ചെയ്യുകയുള്ളൂ. ട്വൽത് മാന്റെ കേസിൽ പതിനൊന്ന് ക്യാരക്ടേഴ്‌സിനെ നമുക്ക് സിനിമയുടെ തുടക്കത്തിൽ ഉൻട്രൊഡ്യൂസ് ചെയ്യണം. ഇത് ആക്ച്വലി സമയനഷ്ടം ഉണ്ടാക്കുന്ന കാര്യമാണ്. വളരെ കുറച്ച് സമയത്തിനുള്ളിൽ അതെങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഫൈൻഡ് മീ എന്ന ടൈറ്റിൽ സോങ് കടന്നുവന്നത്. ക്യാരക്ടേഴ്‌സിന്റെ ഇൻട്രഡക്ഷന് വേണ്ടിയുള്ള ഗാനമായതിനാൽ വളരെ ഷാർപ്പും റൂട്ടഡും ആയുള്ള ആശയമില്ലാതെ വെറുമൊരു ട്യൂൺ കൊണ്ട് മാത്രം അത് വർക്കാവില്ല. ഇവിടെയാണ് സ്‌ക്രിപ്റ്റിലെ ഒരു ഇന്ററസ്റ്റിങ് പോയന്റ് ശ്രദ്ധയിൽ പെട്ടത്. ആ സീൻ ഓപ്പൺ ചെയ്യുന്നത് ഒരു കഥാപാത്രം അയാളുടെ ഭാര്യയുമായി തർക്കിക്കുന്നതാണ്. ആ ആർഗ്യുമെന്റിൽ ഭാര്യ പറയുന്നു തനിക്ക് ഭർത്താവിനെ നന്നായിട്ടറിയാം എന്ന്. ഈ പറയുന്ന നേരത്ത് തന്നെ ഭർത്താവ് വിരുദ്ധമായ ഒരു സ്‌റ്റേറ്റ്‌മെന്റ് പറയുന്നുണ്ട്. നിനക്ക് എന്നെ അറിയാമെന്ന് ഒരു വിചാരമുണ്ട്. പക്ഷെ നിനക്ക് എന്നെ ശരിക്കറിയില്ല. ഈയൊരു വാചകമാണ് 'ഫൈൻഡ്' എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിച്ചത്.

ഒടിടി റിലീസായതു കൊണ്ടുതന്നെ പാൻ ഇന്ത്യൻ ഓഡിയൻസാണ് സിനിമക്കുള്ളത്. മലയാളികളല്ലാത്തവരും സിനിമ കാണും. ഇംഗ്ലീഷിലുള്ള ഒരു ഗാനമാണെങ്കിൽ ഓഡിയൻസുമായി ഇഫക്ടീവായി കമ്മ്യൂണിക്കേറ്റ് ചെയ്യാം, ആശയം കൺവിൻസ് ചെയ്യാനും പറ്റും. മിസ്റ്ററി സിനിമകൾ പരിശോധിച്ചാൽ അതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിംപിളും സട്ടിലും ആയിരിക്കും. നമ്മളിലെ ഉത്കണ്ഠ, ആകാക്ഷ, ഭയം എന്നിവയെ ഇരട്ടിയാക്കാൻ വേണ്ടി ഈണത്തിലെ നിഗൂഡത നമ്മൾ ഉപയോഗപ്പെടുത്തും. ട്യൂൺ ചെയ്ത ശേഷമുള്ളതാണ് മ്യൂസിക് അറേഞ്ച്‌മെന്റ്. ഒരു മിസ്റ്ററി സിനിമയ്ക്ക് വേണ്ടി സെറ്റ് ചെയ്യുന്ന പാട്ടുകളുടേയും ഈണത്തിന്റേയും മൂഡ് വളരെ പ്രധാനമാണ്. സന്തോഷം പോലെയോ സങ്കടെ പോലെയോ നമ്മൾ പ്രകടിപ്പിക്കാത്ത പല വികാരങ്ങളും നമ്മുടെ ഉള്ളിലുണ്ട്. ട്വൽത് മാന്റെ കേസിൽ ഓരോ ക്യാരക്ടറിനേയും പരിചയപ്പെടുത്തുമ്പോൾ ഈ ഇമോഷൻസിനെ ഒരു മെലങ്കളിക് അറേഞ്ച്‌മെന്റിലൂടെ ഓഡിയൻസുമായി കണക്ട് ചെയ്യുന്നു. ഇത്തരമൊരു അപ്രോച്ച് കൊണ്ടാവാം പ്രേക്ഷകർക്ക് ഈ സിനിമയിലെ പാട്ടും സ്‌കോറും വിരസമായി തോന്നാത്തത്. മിസ്റ്ററി എന്ന ജോണർ ഞാൻ ആദ്യമായാണ് ചെയ്യുന്നത്. ഞാനത് ട്രൈ ചെയ്തുവെന്നേയുള്ളൂ. ആധികാരികമായി പറയാനുള്ളത്ര പരിചയമില്ല. എന്റെ മ്യൂസിക് സക്‌സസ് ആയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സിനിമയുടെ മുഴുവൻ ടീമും ചേർന്നുള്ള ഒരു ഔട്ട്പുട്ടിന്റെ വിജയമായിട്ട് തന്നെ കാണാനാണ് ആഗ്രഹിക്കുന്നത്.

പ്രേക്ഷകരെ മടുപ്പിക്കാതെയും ആവര്‍ത്തനവിരസതയില്ലാതെയും സംഗീതസംവിധാനം നിര്‍വഹിക്കാന്‍ ഏതുവിധത്തിലാണ് സാധ്യമാകുന്നത്? /ഒരു സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുമ്പോള്‍ ഏതൊക്കെ ഘടകങ്ങള്‍ക്കാണ് ഒരു സംഗീതസംവിധായകന്‍ പ്രാധാന്യം നല്‍കേണ്ടതെന്നാണ് താങ്കളുടെ അഭിപ്രായം?

ഒരു തരത്തിലുള്ള മുൻവിധിയും കൂടാതെയാണ് ഞാൻ ഓരോ സിനിമയേയും സമീപിക്കാറുള്ളത്. കോംപസിഷൻ എപ്പോഴും ഒരു നാച്വറൽ പ്രോസസ് ആയിരിക്കണം. പാട്ടാലും സ്‌കോറായാലും നമ്മളതിനെ ഫോഴ്‌സ് ചെയ്യേണ്ട കാര്യമില്ല. ഓരോ തിരക്കഥയിലും അതിന്റെ താളവും ടെംപോയും ശ്രുതിയും അടങ്ങിയിരിക്കുന്നുണ്ട്. ഒരു കലാകാരനെന്ന നിലയിൽ അത് കണ്ടെത്തുകയാണ് ഞാനാദ്യം ചെയ്യാറുള്ളത്. അതുപോലെ തന്നെയാണ് ഒരു സിനിമയുടെ ഇമോഷനും. ഒരു സിനിമ ഒരുപാട് സീനുകളിലൂടെ കടന്നുപോകുമെങ്കിലും അതിന് സ്ഥായിയായ ഒരു ഇമോഷനുണ്ടാകും. അതിനെ നമ്മൾ പ്രൈമറി ഇമോഷൻ എന്നും മറ്റ് ഇമോഷനുകളെ സെക്കൻഡറി ഇമോഷനുകളെന്നും വിളിക്കും. ഇതിനെ കൃത്യമായി കണ്ടെത്തി ഡിവൈഡ് ചെയ്ത ശേഷം അതിനെ ഉൾക്കൊണ്ട് ഒരു തീം സ്‌കെച്ച് ചെയ്യും. കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളേയും ആ തീമിലേക്ക് പ്ലെയ്‌സ് ചെയ്യും. ഇംപ്രൊവൈസേഷനുകൾ, അറേഞ്ച്‌മെന്റിന്റെ രീതി തുടങ്ങി കുറേ കാര്യങ്ങൾ നമുക്ക് കിട്ടും. ഇത് മിനുക്കിമിനുക്കി അവസാനം മുഴുവൻ കഥയും ഈ തീമിലേക്ക് എടുത്തു വെക്കാൻ പറ്റും. ഇതാണ് ആ സിനിമയുടെ മ്യൂസിക്കൽ സമ്മറി.

സിനിമ കടന്നുപോകുന്ന വ്യത്യസ്ത മൂഡുകളിൽ വ്യത്യസ്തമായി അറേഞ്ച് ചെയ്ത് ഇത് വിന്യസിക്കും. മറ്റൊരു പ്രധാന ഘടകമാണ് എവിടെ മ്യൂസിക് വേണം എവിടെ വേണ്ട എന്നുള്ള തീരുമാനം. മ്യൂസിക്കിനെ നമ്മൾ ഒരു സ്ഥലത്തും ഫോഴ്‌സ് ചെയ്ത് ഉപയോഗിക്കരുത്. ഒരിടത്ത് വേണ്ടുന്നതാണെങ്കിൽ മാത്രം അതുപയോഗിക്കുക, അല്ലെങ്കിൽ അത് ചിലപ്പോൾ നെഗറ്റീവായ ഫലമുണ്ടാക്കാനും പ്രേക്ഷകന് അത് അരോചകമായി ഫീൽ ചെയ്യാനും ഇടയാക്കും. ഒരു പ്രേക്ഷകന്റെ കേൾവിയേയും അനുഭവത്തേയും ഇൻഫ്‌ളുവൻസ് ചെയ്യും, എൻഹാൻസ് ചെയ്യും. ഉദാഹരണത്തിന്, വിഷ്വൽസിനും ഡയലോഗിനും ആക്ഷനും റിയാക്ഷനുമപ്പുറത്ത് സ്‌ക്രീനിൽ നമുക്ക് പ്രകടമാക്കാൻ സാധിക്കാത്ത വളരെ മെലങ്കളിക് ആയിട്ടുള്ള ഒരു ​ഗ്രേ ഏരിയയുണ്ട് ദൃശ്യം എന്ന സിനിമയിൽ. കഥാപാത്രങ്ങളുടെ ചിന്തകൾ, ഭയം, ആശങ്ക, ധർമസങ്കടം അങ്ങനെ എടുത്ത് കാണിക്കാൻ പറ്റാത്ത കുറേ മാനസികാവസ്ഥകൾ. അവയാണ് ദൃശ്യത്തിന്റെ സ്കോർ ആക്ച്വലി റെപ്രസന്റ് ചെയ്യുന്നത്. അതിലെ സൈലൻസ് പോലും പ്ലാൻ ചെയ്ത് പ്ലെയ്സ് ചെയ്തിരിക്കുന്നതാണ്. അതിലൊരു മ്യൂസിക്കാലിറ്റിയുണ്ട്. ഒരു പ്രേക്ഷകന്റെ ഇമാജിനേഷന് നമ്മൾ സ്പേസ് കൊടുക്കുകയാണ്. ഒരു സിനിമയെ സംബന്ധിച്ച് വിഷ്വലി എക്സ്പ്ലെയിൻ ചെയ്യാൻ പറ്റാത്ത ധാരാളം ​ഗ്രേ ഏരിയയുണ്ടാകും. സൂക്ഷ്മമായി നിരീക്ഷിച്ച് അത് കണ്ടെത്തി കൃത്യമായ ഇമോഷൻസ് അടങ്ങുന്ന ട്യൂണുകളായി അവതരിപ്പിക്കുമ്പോൾ അത് നരേറ്റീവിന്റെ ഭാ​ഗമാകും. അതു വഴി കമ്യൂണിക്കേഷൻ എളുപ്പമാകും. ഇഫക്ടീവാകും.

ഒരു സം​ഗീതസംവിധായകന് പ്രധാനമായും വേണ്ട ക്വാളിറ്റി കോമൺസെൻസാണ്. സിനിമ ഒരു എന്റർടെയ്ൻമെന്റ് മീഡിയം ആയതു കൊണ്ടു തന്നെ അത് പ്രേക്ഷകന്റെ ഇമോഷൻസിനേയാണ് സ്പർശിക്കുന്നത്. കോമൺസെൻസ് വെച്ച് ഈ കാര്യങ്ങളെ നോക്കുമ്പോൾ പല കാര്യങ്ങളേയും സിംപ്ലിഫൈ ചെയ്യാൻ സാധിക്കും. മ്യൂസിക്കിലേക്ക് സിംപ്ലിസിറ്റി കൊണ്ടുവരുമ്പോൾ ഏതുതരത്തിലുള്ള ആസ്വാദകനും അത് ഉൾക്കൊള്ളാനും ഓർമയിൽ സൂക്ഷിക്കാനും എളുപ്പമാകും. വ്യത്യസ്തതയ്ക്ക് വേണ്ടി വ്യത്യസ്തത ചെയ്യുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. കാരണം ഓരോ സ്ക്രിപ്റ്റിനും അതിനു വേണ്ട വ്യത്യസ്തത അതിൽ തന്നെയുണ്ട്. ഒരു കമ്പോസർ എന്ന നിലയിൽ ഞാനതിനെ കണ്ടെത്തിയാൽ മാത്രം മതി. അത് കണ്ടെത്തിയാൽ നമ്മൾ ചെയ്യുന്ന മ്യൂസിക്കും സ്വാഭാവികമായി ഡിഫറന്റാവും. സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നത് എന്താണോ അത് ചെയ്യുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്.

ജീത്തു ജോസഫിനൊപ്പം എട്ട് സിനിമകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം. ഒരു സംവിധായകന്‍ ഒരേ സംഗീതസംവിധായകനെ തന്നെ വീണ്ടും സമീപിക്കുമ്പോള്‍ അദ്ദേഹം സാറ്റിസ്‌ഫൈഡാണ്, കംഫര്‍ട്ടബിളാണ് എന്ന് അനുമാനിക്കാം. എങ്ങനെയാണ് നിങ്ങള്‍ക്കിടയിലുള്ള കെമിസ്ട്രി വര്‍ക്ക് ഔട്ടാകുന്നത് ?

ഇഫക്ടീവായിട്ടുള്ള കമ്യൂണിക്കേഷനും ട്രാൻസ്പരന്റായുള്ള പ്രോസസ്സും ആണ് ഒരു സം​ഗീതസംവിധയകനും സംവിധായകനും തമ്മിലുള്ള കെമിസ്ട്രിയുടെ ബാക്ക്ബോൺ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഓരോ കഥയും അദ്ദേഹത്തിൽ നിന്ന് പൂർണമായും ഉൾക്കൊണ്ട് അതിലെ സംശയങ്ങളും ആശങ്കകളും ക്ലിയർ ചെയ്ത ശേഷമാണ് ഞാൻ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള വർക്ക് ആരംഭിക്കുന്നത്. എനിക്ക് എന്താണ് മനസിലായത് എന്നുള്ളതാണ് എന്റെ ആദ്യത്തെ മ്യൂസിക്കൽ സ്കെച്ച്. അത് അദ്ദേഹത്തെ കേൾപ്പിക്കും. ചില സമയത്ത് വീണ്ടും ചർച്ചകൾ ആവശ്യമായി വരും. അപ്പോൾ കൂടുതൽ ക്ലാരിറ്റിയും ഇംപ്രൊവൈസേഷനുമൊക്കെ ഉണ്ടാവും. അഭിപ്രായവ്യത്യാസം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇ​ഗോയിസ്റ്റിക്കായല്ലാതെ പരസ്പരം സംസാരിച്ച് അതിൽ വ്യക്തത വരുത്തുകയാണ് ചെയ്യുന്നത്. ജീത്തുവിന്റെ കൂടെ വർക്ക് ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ ​ഗുണം അതാണ്. ഒരു ട്യൂൺ കേൾപ്പിച്ചാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ സത്യസന്ധമായി തന്നെ അദ്ദേഹം തുറന്നു പറയും. കാരണവും കൃത്യവും വ്യക്തവുമായി പറയുകയും ചെയ്യും. അതുപോലെ ചില ഏരിയകളിൽ ജീത്തു അത് പറ്റില്ല എന്ന് ഞാൻ ഇൻസിസ്റ്റ് ചെയ്യാറുമുണ്ട്. അത് ക്ലിയറാക്കിക്കൊടുത്താൽ പുള്ളി ഒകെയാണ്. ഈ ഒരു രീതിയിലുള്ള ഞങ്ങളുടെ പ്രോസസ്സ് ആയിരിക്കാം ഒരുപക്ഷെ ഞങ്ങളുടെ കെമിസ്ട്രി എന്ന് പറയുന്നത്.

ബാക്ക്​ഗ്രൗണ്ട് സ്‌കോര്‍ അല്ലെങ്കില്‍ ഒരു ഗാനം, ഇതിനായി പ്രത്യേകമായി എന്തെങ്കിലും തയ്യാറെടുപ്പുകള്‍ വേണ്ടി വരാറുണ്ടോ, അതായത് റെഫറന്‍സുകള്‍ പോലെയോ മറ്റോ / പശ്ചാത്തലസംഗീതമൊരുക്കുന്നതാണോ പാട്ടുകളൊരുക്കുന്നതാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ / ചാലഞ്ചിങ്?

കംഫർട്ടബിൾ പാട്ടാണ്. അവിടെയുള്ള ഏറ്റവും വലിയ ​ഗുണം ആ പാർട്ട് മാത്രം ഫോക്കസ് ചെയ്താൽ മതി എന്നതാണ്. എന്നാൽ സ്കോർ അങ്ങനെയല്ല, ഒരുപാട് ഡീറ്റെയിലിങ് വേണം. ഓരോ സിനിമയും വ്യത്യസ്തമായ ചലഞ്ച് തന്നെയാണ്. ഒരു സിനിമയ്ക്ക് ഇമോഷണലി ജീവൻ കൊടുക്കുക എന്ന പ്രോസസ്സാണ് ബാക്ക്​ഗ്രൗണ്ട് സ്കോർ എന്നുപറയുന്നത്. അതുകൊണ്ട് തന്നെ സ്കോർ ചെയ്യുന്നതാണ് കൂടുതലിഷ്ടം. അതിനങ്ങനെ മുന്നൊരുക്കങ്ങളൊന്നും ചെയ്യാറില്ല. പ്രേക്ഷകനെന്ന നിലയിൽ എനിക്ക് സിനിമയോട് ഭയങ്കര ഇഷ്ടമാണ്. വെറുതെയിരിക്കുന്ന സമയങ്ങളിൽ സിനിമ കാണുക എന്നതുതന്നെയാണ് എന്റെ ഹോബി. ഓരോ സിനിമയിലും ഓരോ ഘടകമായിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്. ട്രീറ്റ്മെന്റ്, സിറ്റുവേഷൻസ്, ബാക്ക്​ഗ്രൗണ്ട് സ്കോർ, ഇൻസ്ട്രുമെന്റേഷൻ തുടങ്ങി ഓരോ സിനിമയിലും ആകർഷിക്കുന്ന ഘടകങ്ങളുണ്ട്. ഒരു സിനിമയെ അപ്രോച്ച് ചെയ്യുമ്പോൾ മനസ് എപ്പോഴും ഒരു ക്ലീൻ സ്ളേറ്റായിരിക്കും. മുൻകൂട്ടി റെഫർ ചെയ്യുന്ന രീതി കുറവാണ്. ഒരു ബിറ്റ് കമ്പോസ് ചെയ്ത ശേഷം ഓർമ വരുന്ന സമാനമായ സിനിമാരം​ഗങ്ങളിൽ ചേർത്ത് വെച്ചു നോക്കും. അല്ലെങ്കിൽ അതേ സിറ്റുവേഷൻസിൽ ചേർത്തിരിക്കുന്ന മറ്റ് കമ്പോസർമാരുടെ മ്യൂസിക്കിനോട് കംപയർ ചെയ്ത് നോക്കാറുണ്ട്. മ്യൂസിക്കൽ ഇൻഫ്ലുവൻസസ് ധാരാളമുണ്ട്. നമ്മൾ കേട്ടുവളർന്ന ഒരുപാട് ലെജൻഡറി മ്യുസിഷൻസിന്റെ സ്വാധീനം തീർച്ചയായും ഉണ്ടാകും. ഇവരുടെയൊക്കെ വർക്കുകൾ ഒരു ഡിക്ഷണറി പോലെയാണ് കൂടെക്കൊണ്ടു നടക്കുന്നത്. ആറ്-ഏഴ് വയസിൽ കേട്ട മ്യൂസിക്കൽ ബിറ്റുകൾ നമ്മളിപ്പോഴും ഓർത്തിരിക്കുന്നുണ്ടെങ്കിൽ അതൊക്കെ നമ്മെ വളരെയധികം ഇൻഫ്ളുവൻസ് ചെയ്തിട്ടുണ്ടെന്നുള്ളത് തീർച്ച. അവരിൽ നിന്നുൾക്കൊണ്ട പ്രചോദനമാണ് മ്യുസിഷനാകാനും പിന്നീട് കമ്പോസർ എന്ന ഡെസി​ഗ്നേഷനിലേക്കെത്താനും സഹായിച്ചത് എന്നാണ് എന്റെ വിശ്വാസം.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് മ്യൂസിക് ആല്‍ബങ്ങള്‍, ജിംഗിളുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തിച്ചുവല്ലോ. ആ അനുഭവങ്ങള്‍?

പതിനഞ്ചാം വയസ്സിലാണ് ആദ്യത്തെ കമ്പോസിങ് എന്നാണെന്റെ ഓർമ. ഒരു റേഡിയോ ജിം​ഗിളായിരുന്നു. ഒരു കീബോർഡ് അസിസ്റ്റന്റായി സപ്പോർട്ട് ചെയ്യാൻ പോയതാണ്. ഉച്ച വരെ ഇരുന്നിട്ടും ട്യൂണുകളൊന്നും സെറ്റാവാതിരുന്നപ്പോൾ രണ്ട് വരി തന്നിട്ട് പാടി നോക്കടാ എന്ന് പറഞ്ഞപ്പോൾ പാടി നോക്കുകയും അവർക്ക് അത് ഇഷ്ടപ്പെടുകയും അങ്ങനെ അതൊരു റേഡിയോ ജിം​ഗിളാവുകയും ചെയ്തു. പിന്നീട് ഞാൻ ക്വയർ മെംബറായിരുന്ന മഞ്ഞുമ്മൽ ചർച്ചിന് വേണ്ടി ഒരു ഭക്തി​ഗാനം കമ്പോസ് ചെയ്തു. അതാണ് ആദ്യമായി ഈണമിട്ട മുഴുവൻ​ഗാനം. പിന്നീട് നാടകം, ബാലെ, ഡാൻസ്, ലളിത​ഗാനം, ഭക്തി​ഗാനം, ലൈവ് പെർഫോമൻസ്, ഒപ്പം വിദ്യാഭ്യാസവും. അതിന് ശേഷം ജോലി കിട്ടി. ജോലിയും മ്യൂസിക്കും ഒരുമിച്ച് പോകാതായപ്പോൾ ജോലി രാജിവെച്ചു. സ്വാഭാവികമായും വീട്ടിൽ പ്രശ്നമായി, സമ്മർദമുണ്ടായി, കുറച്ചുകാലം ദുബായിൽ പ്രവാസജീവിതം സ്വീകരിക്കേണ്ടി വന്നു. 1999 അവസാനം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ അവിചാരിതമായി സുഹൃത്തുക്കൾക്ക് വേണ്ടി ഒരു ജിം​ഗിൾ ചെയ്യേണ്ടി വന്നു. എന്റെ മ്യൂസിക്കൽ എബിലിറ്റി മറന്ന് ഞാനെന്തിനാണ് വല്ല നാട്ടിലും പോയി ജോലി ചെയ്യുന്നതെന്ന സുഹൃത്തുക്കളുടെ ഓർമപ്പെടുത്തലിൽ ഞാൻ നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു. തുടർന്ന് ഞങ്ങൾ സുഹൃത്തുക്കളെല്ലാം ചേർന്ന് ചുള്ളി എന്ന മ്യൂസിക് ആൽബം ചെയ്യാൻ തീരുമാനിച്ചു. പഴയ നാടൻപാട്ടുകളുടെ ഒരു റീമിക്സായിരുന്നു അത്. അത് വിജയമായിരുന്നു. എനിക്കും അത് കോൺഫിഡൻസ് നൽകി.

പിന്നീട് കുറേയേറെ ജിം​ഗിളുകൾ. കോർപറേറ്റ് ഫിലിംസ്, ചാനൽ ലോ​ഗോസ്, ന്യൂസ് ടൈറ്റിൽസ് അങ്ങനെ... 2013 ലാണ് ഓർഡിനറിയുടെ സംവിധായകനായ സു​ഗീത് ഇന്ദുലേഖ എന്ന ബ്രാൻഡിന് വേണ്ടി ഞാൻ ചെയ്ത ജിം​ഗിൾ കേട്ടിട്ട് എന്നെ കോൺടാക്ട് ചെയ്യുന്നത്. എഡിറ്റർ സാജൻ വഴിയായിരുന്നു അത്. അങ്ങനെയാണ് ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ സ്കോർ ചെയ്യുന്നത്. ഒത്തിരി പേരോടൊത്ത് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു ഇൻഡിപെൻഡന്റ് കമ്പോസർ എന്ന നിലയിൽ ആദ്യം ചെയ്ത വർക്ക് അതാണ്. ഈ സമയത്ത് തന്നെയാണ് ജീത്തു മെമ്മറീസ് എന്ന സിനിമയ്ക്ക് വേണ്ടി ക്ലാസിക്കൽ വെസ്റ്റേൺ സ്കോർ അറിയാവുന്ന ഒരു കമ്പോസറെ അന്വേഷിക്കുന്നത്. അവിടെയും സാജൻ എന്നെ റെക്കമൻഡ് ചെയ്തു. കൃത്യമായ സ്ക്രിപ്റ്റില്ലാതെ ചെയ്യുമോന്നറിയില്ല എന്നും സാജൻ ജീത്തുവിനോട് പറഞ്ഞു. സ്ക്രിപ്റ്റ് കൃത്യമായി വായിച്ചിട്ട് മ്യൂസിക് ചെയ്യാനറിയുന്ന ഒരാളെയാണ് തനിക്ക് വേണ്ടതെന്നായിരുന്നു ജീത്തുവിന്റെ മറുപടി. അങ്ങനെ ഒരു കോമൺ പോയിന്റിൽ ഞങ്ങൾ കൂട്ടിമുട്ടി, പിന്നീട് ഇതുവരെ എത്തിനിൽക്കുന്നു. ഓരോ ഡയറക്ടറും ഡിഫറന്റാണ്, അവർ നറേറ്റ് ചെയ്യുന്ന രീതിയും ഡിഫറന്റാണ്. കഥാപാത്രങ്ങൾ വ്യത്യസ്തമാണ്, നമ്മൾ കമ്പോസ് ചെയ്യാനിരിക്കുന്ന മാനസികാവസ്ഥ വ്യത്യസ്തമാണ്. അങ്ങനെ ഓരോന്നും വ്യത്യസ്തമാണ്. ഒന്നിനേയും നമുക്കൊരു സ്പെസിഫിക് കാര്യത്തിൽ കൂട്ടിയിണക്കാൻ പറ്റില്ല. ഈ മ്യൂസിക്കൽ ജേണിയിൽ അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ആഡ് ഫിലിം ഡയറക്ടറായി പ്രവര്‍ത്തിച്ചതിന്റെ പരിചയം സിനിമയിലെ സംഗീതസംവിധാനത്തിന് ഏതുവിധത്തിലാണ് സഹായകമായത്?

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഡയറക്ടറായി മാറേണ്ടി വന്നത്. ഞങ്ങളുടെ കൂട്ടായ്മയിലുണ്ടായിരുന്ന ഡയറക്ടർമാർ ഇൻഡിപെൻഡന്റ് ആയപ്പോൾ അത് മുന്നോട്ടു കൊണ്ടുപോകാൻ ഒരു ഡയറക്ടർ ആവശ്യമായിരുന്നു. ആ സമയത്ത് സുഹൃത്തുക്കൾ എന്നെ ആ ജോലി ഏൽപിച്ചു. അതൊരു വലിയ ലേണിങ് പ്രോസസ്സായിരുന്നു. സംവിധായകന്റെ ഷൂസിൽ നിന്നുകൊണ്ട് നമ്മളൊരു പ്രൊജക്ടിനെ അല്ലെങ്കിൽ ഒരു പ്രൊഡക്ഷനെ കാണുന്നത്, ഒരു കഥ കൺസീവ് ചെയ്യുന്നത്, അല്ലെങ്കിൽ മറ്റു ഡിപാർട്മെന്റുകൾക്ക് കഥ നറേറ്റ് ചെയ്യുന്നത്, ഫൈനലി ഒരു എൻഡ് പ്രോഡക്ടായി വരുമ്പോൾ അത് എങ്ങനെയിരിക്കുന്നുവെന്ന് മനസിലാക്കുന്നത് എല്ലാം ഒരു വലിയ ലേണിങ് ആയിരുന്നു. ഒരു മ്യുസിഷൻ എന്ന ആം​ഗിളിൽ നിന്ന് നോക്കുമ്പോൾ കൃത്യമായ ഒരു ബ്രീഫ് ഒരു ഡയറക്ടറുടെ കയ്യിൽ നിന്ന് എങ്ങനെ ഉൾക്കൊള്ളണം അല്ലെങ്കിൽ ആ തിരക്കഥയെ എങ്ങനെ കാണണം എന്നൊക്കെയുള്ളത് എന്നെ പഠിപ്പിച്ചത് ഈ പ്രോസസ്സാണ്. സംവിധായകർ കമ്യൂണിക്കേറ്റ് ചെയ്യുന്ന പല പോയിന്റുകളും അതിന്റേതായ സെൻസിൽ പിടികിട്ടും. അതിലൂടെ നമ്മുടെ വർക്കിങ് പ്രോസസ്സ് എളുപ്പമാക്കാൻ പറ്റും. ദൃശ്യം ചെയ്തപ്പോൾ ഡയറക്ടർ പറഞ്ഞതിങ്ങനെയാണ്, എനിക്കൊരു പാട്ട് വേണം, അത് ഫീൽ ചെയ്യണം, പക്ഷെ അതിന്റെ ലിറിക്സോ ട്യൂണോ ആൾക്കാരെ ഒരു തരത്തിലും വിഷ്വൽസിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതാവരുത്. ഇതൊരു വലിയ ചലഞ്ചാണ്. ഡയറക്ടോറിയൽ ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിച്ചതു കൊണ്ട് ഒരു ഡയറക്ടർ പറയുന്നത് കൃത്യമായി നമുക്ക് പിടികിട്ടും. അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റും. ദൃശ്യത്തിലെ നിഴലേ എന്ന പാട്ട് പലരും ഇന്ന് ഓർത്തിരിക്കുന്നില്ല. പക്ഷേ, ആ സീനുകൾ എല്ലാം ആൾക്കാർക്ക് നല്ല ഓർമയുണ്ട്.

ഇതുവരെയുള്ള സംഗീതയാത്രയെ കുറിച്ച് / സിനിമാരംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് / ആരോടെങ്കിലും കടപ്പാട് ?

ഫോര്‍ട്ട് കൊച്ചിയിലാണ് ജനിച്ചുവളര്‍ന്നത്. അമ്മയുടെ വീട്ടില്‍. ആ വീടിന്റെ പ്രത്യേകത എന്നു പറയുന്നത് ഞാനുറങ്ങുന്നത് വരെ പാട്ടുകള്‍ കേള്‍ക്കാം എന്നുള്ളതാണ്. അന്നത്തെ പ്രമുഖ ബാന്‍ഡുകളുടെ ഗാനങ്ങള്‍, ഹിന്ദി-മലയാള സിനിമാഗാനങ്ങള്‍, വെസ്റ്റേണ്‍ ക്ലാസിക്കല്‍ ഗാനങ്ങള്‍ എന്നിവ കേട്ടാണ് ഞാന്‍ വളര്‍ന്നത്. നാലാമത്തെ വയസ്സില്‍ റസിഡന്‍ഷ്യല്‍ അസ്സോസിയേഷന്റെ വാര്‍ഷികത്തിന് കര്‍ട്ടന്റെ പിറകില്‍ നിന്നിട്ടായിരുന്നു ആദ്യമായി ഞാന്‍ സ്റ്റേജില്‍ പാടുന്നത്. എന്റെ സഭാകമ്പം കാരണം പാടിത്തുടങ്ങിയ ശേഷമാണ് കര്‍ട്ടന്‍ നീക്കിയത്. അമ്മയും അപ്പനും രണ്ട് കയ്യിലും മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. അന്നവിടെ ഉണ്ടായിരുന്ന ശാസ്ത്രീയസംഗീതജ്ഞനും എന്റെ മുത്തച്ഛന്റെ സുഹൃത്തുമായ വിജയരാജന്‍ മാസ്റ്റര്‍ ദക്ഷിണ വെക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് എന്റെ കര്‍ണാടകസംഗീത ബാലപാഠം ആരംഭിച്ചു.

ഫോര്‍ട്ട് കൊച്ചിയിലെ ബ്രിട്ടോ സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. അവിടെ ധാരാളം മത്സരങ്ങള്‍ നടന്നിരുന്നു. സ്‌കൂളിന് പുറത്ത് പല ക്ലബുകളുടേയും മത്സരങ്ങളിലും കലോത്സവങ്ങളിലും പങ്കെടുക്കാന്‍ കൊണ്ടുപോകുമായിരുന്നു. ധാരാളം സമ്മാനങ്ങള്‍ കിട്ടി. ഏഴുവയസ്സില്‍ മൃദംഗപഠനം തുടങ്ങി. അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ തരാന എന്ന കള്‍ചറല്‍ ഫോറത്തിന്റെ ജൂനിയര്‍ ക്വയറില്‍ പാടാനുള്ള അവസരം ലഭിച്ചു. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അച്ഛന് ചെറിയ സ്‌ട്രോക്കുണ്ടായി. അസുഖം കാരണം അദ്ദേഹത്തിന് ജോലിചെയ്തിരുന്ന എഫ്എസിടിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായപ്പോള്‍ ഞങ്ങള്‍ മഞ്ഞുമ്മലേക്ക് താമസം മാറി. പഠനം എഫ്എസിടി സ്‌കൂളിലേക്ക് മാറി. കലയുടെ പറുദീസ എന്ന് ആ സ്‌കൂളിനെ വിശേഷിപ്പിക്കാം. ഒരുപാട് ടാലന്റഡ് ആയിട്ടുള്ള ടീച്ചേഴ്‌സും അവിടെയുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പിയാനോ പഠനം തുടങ്ങിയത്. കുട്ടിക്കാലത്ത് കേട്ടുവളര്‍ന്ന പാട്ടുകളുടെ നൊട്ടേഷനുകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി, മ്യൂസിക്കലി ഉള്‍ക്കൊള്ളാന്‍ തുടങ്ങി.

ഒരുപാട് പേരോട് കടപ്പാടുണ്ട്. സംഗീതരംഗത്ത് മാത്രമല്ല ജീവിതത്തിലും ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ഒന്നും ഞാന്‍ അങ്ങോട്ടുപോയി ചെയ്ത കാര്യങ്ങളല്ല. എല്ലാം എന്റെ അരികിലെത്തുകയായിരുന്നു. പല വ്യക്തികള്‍ വഴിയാണ് ഇതെല്ലാം എത്തിയത്. ഒരു വ്യക്തിയെ മാത്രമായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്റെ മാതാപിതാക്കള്‍, എന്നെ പഠിപ്പിച്ച മാഷുമാര്‍, എന്റെ കുടുംബം, മാനേജര്‍, സ്റ്റാഫ്...അങ്ങനെ ഒത്തിരി പേരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എനിക്കുള്ള സ്‌പേസ് ഒരുക്കിത്തന്നത് അവരാണ്. അവര്‍ ഒരുക്കിത്തന്ന സ്‌പേസിനനുസരിച്ച് എനിക്കുയരാന്‍ പറ്റിയിട്ടുണ്ടോ എന്ന കണ്‍ഫ്യൂഷന്‍ മാത്രമേ എനിക്കുള്ളൂ.

താങ്കളുടെ സിനിമാമ്യൂസിക് ലിസ്റ്റില്‍ അന്യഭാഷാചിത്രങ്ങളും ഇടം പിടിച്ചിരിക്കുന്നു. അതിനെ കുറിച്ച് ?

അന്യഭാഷാ ജിംഗിളുകള്‍ ധാരാളം ചെയ്തിട്ടുണ്ട്. ഏകദേശം പന്ത്രണ്ടോളം ഭാഷകളില്‍. മെയ് എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതിന്റെ ഡയറക്ടര്‍ എസ്.എ. ഭാസ്‌കറിന്റെ ആദ്യ സിനിമയായിരുന്നു മെയ്. ജീത്തു ജോസഫിന്റെ അസ്സോസിയേറ്റായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് കംഫര്‍ട്ടബിളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന, ത്രില്ലറില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ പറ്റുന്ന കമ്പോസര്‍ വേണമെന്ന നിലയിലാണ് എന്നെ സമീപിച്ചത്. പിന്നെ പപ്പേട്ടന്റെ (പദ്മകുമാര്‍) ജോസഫിന്റെ തമിഴ് റീമേക്ക് വിചിത്തരന്‍ ചെയ്തു. ജോസഫിന്റെ ഒറിജിനല്‍ സ്‌കോര്‍ എന്‍ഹാന്‍സ് ചെയ്യുക മാത്രമാണ് ചെയ്തത്. ദൃശ്യത്തിന്റെ തെലുഗ് ചെയ്തു. മറുഭാഷാ സിനിമകളിലേക്ക് ക്ഷണം വരുന്നുണ്ട്. നല്ല സ്‌ക്രിപ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

പി.ജെ. ജോസഫും തങ്കമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ അഞ്ജന.കലാപരമായ പശ്ചാത്തലമൊന്നുമില്ലെങ്കിലും എല്ലാ വിധ പിന്തുണയും നല്‍കുകയും തന്നെ നല്ല രീതിയില്‍ മനസിലാക്കുന്ന ഒരാളാണ് സംഗീതാസ്വാദക കൂടിയായ അഞ്ജനയെന്ന് അനില്‍ പറയുന്നു. മക്കള്‍ ഇരട്ടക്കുട്ടികളാണ്-മകന്‍ വിവിയന്‍, മകള്‍ ദിയ-നാലാം ക്ലാസില്‍ പഠിക്കുന്നു. കുട്ടികളും സംഗീതതത്പരരാണ്. അനുജന്‍ ബെനില്‍ ജോര്‍ജ്‌ ഐടി കമ്പനിയില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

Content Highlights: Anil Johnson, Interview, Music Director, Music Composer, Drishyam Movie, 12th Man, Joseph Movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented