സുഗതൊ ഭാദുരി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
സംഗീതജ്ഞർ സംസാരിക്കുമ്പോൾ കാലവും ദേശവും മതഭേദങ്ങളുമെല്ലാം ഇല്ലാതാവുന്നു. സംഗീതത്തിന്റെ ചൈതന്യം മാത്രമാവുന്നു പിന്നെ ശേഷിക്കുന്നത്. പ്രസിദ്ധ മാൻഡലിൻ വാദകനായ സുഗതൊ ഭാദുരി പ്രസിദ്ധമായ മൈഹർ ഘരാനയിൽപ്പെട്ടയാളാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴത്തെയും പരപ്പിനെയും കുറിച്ചാണ് അദ്ദേഹം ഇവിടെ സംസാരിക്കുന്നത്
ഇറ്റാലിയൻ ഭാഷയിൽ ബദാം എന്നർഥമുള്ള മാൻഡൊർല എന്ന വാക്കിൽനിന്ന് വന്നതാണ് മാൻഡലിൻ എന്ന തന്ത്രിവാദ്യം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽവരെ പാശ്ചാത്യലോകത്ത് ഓർക്കസ്ട്രയുടെ ഭാഗമായി നിലനിന്ന മാൻഡലിൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ഏകവാദ്യം എന്ന സ്ഥാനത്തേക്കുയർന്നു. നേപ്പിൾസിന്റെ അതിർത്തികടന്ന് ഇന്ത്യയിൽ എത്തിയത് നാല്പതുകളിൽ. അവിടെ നാലുപതിറ്റാണ്ട് സിനിമാ പിന്നണിഗാനങ്ങൾക്ക് അകമ്പടിയായി സ്റ്റുഡിയോകളുടെ ശീതീകരിച്ച അകത്തളങ്ങളിൽ ഒതുങ്ങി. എൺപതുകളുടെ തുടക്കത്തിൽ ചെന്നൈയിൽവെച്ച് യു. ശ്രീനിവാസ് എന്ന പന്ത്രണ്ടുവയസ്സുകാരൻ പയ്യൻ മാൻഡലിനിൽ കർണാടകസംഗീതം വായിച്ച് സംഗീതലോകത്തെ വിസ്മയിപ്പിച്ചു. തൊണ്ണൂറുകളുടെ അവസാനം കൊൽക്കത്തക്കാരനായ സുഗതൊ ഭാധുരി മാൻഡലിൻ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം വായിച്ച് രംഗപ്രവേശം ചെയ്തു. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ മേളകൾ പിന്നിട്ട്, വലിയ പുരസ്കാരങ്ങളും നേടി സുഗതൊ ഭാധുരി തന്റെ സംഗീതയാത്ര തുടരുകയാണ്.
വായ്പാട്ടാണ് താങ്കൾ ആദ്യം പഠിച്ചത്. പിന്നെ എന്തുകൊണ്ടാണ് ഉപകരണസംഗീതത്തിലേക്ക് തിരിഞ്ഞത് ?
ഒരു സംഗീതജ്ഞനാകാൻ എനിക്ക് ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. വായ്പാട്ട് ഒരു ഹോബി എന്ന നിലയിലാണ് പഠിച്ചുതുടങ്ങിയത്. അതിനുശേഷം ഞാൻ നേപ്പിൾസിൽനിന്നുള്ള മാൻഡലിൻ ഓർക്കസ്ട്രയുടെ റെക്കോഡ് കേട്ടു. മാൻഡലിന്റെ നാദം എന്നെ ആകർഷിച്ചു. പഠിക്കണമെന്ന് തീരുമാനിച്ചു. ആർ.ഡി. ബർമന്റെ സഹായിയായ ഒരു ഗിറ്റാറിസ്റ്റിൽനിന്ന് മാൻഡലിന്റെ പ്രാഥമിക പാഠങ്ങൾ അഭ്യസിച്ചു. വളരെ വേഗം തന്നെ ഇതെനിക്ക് പറ്റിയ ജോലിയല്ല എന്നുതോന്നി. ഉസ്താദ് അലി അക്ബർ ഖാന്റെ പരിപാടി കേട്ടപ്പോൾ അദ്ദേഹത്തെപ്പോലെ വായിക്കാൻ ആഗ്രഹിച്ചു. മാൻഡലിൻ സരോദ് ശൈലിയിൽ വായിക്കുന്നത് നന്നായിരിക്കുമെന്നു തോന്നി. അതിനുശേഷം ഞാൻ ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക് പഠിക്കാൻ തുടങ്ങി.
പാശ്ചാത്യ ഉപകരണമായ മാൻഡലിൻ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിന് അനുയോജ്യമാക്കിയെടുക്കാൻ താങ്കൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?
ഞാൻ മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ വരുത്തിയിട്ടില്ല. മറ്റു ഇന്ത്യൻ സംഗീതോപകരണങ്ങളെപ്പോലെ മീൻഡും ഗമകും ഇതിൽ എളുപ്പം വായിക്കാൻ സാധിക്കുന്നു. ഗായകി അംഗ് വായിക്കാൻ നല്ല വൈദഗ്ധ്യം വേണം. നിങ്ങൾ നല്ലൊരു വായ്പാട്ടുകാരൻ ആണെങ്കിൽ മാത്രമേ ഹിന്ദുസ്ഥാനി രാഗങ്ങൾ മാൻഡലിനിൽ വായിക്കാൻ സാധിക്കൂ. അല്ലെങ്കിൽ വളരെ വിരസമായിപ്പോകും.
സരോദ്, സിതാർ എന്നിവയൊന്നും പഠിക്കാതെ മാൻഡലിൻ തിരഞ്ഞെടുക്കാനുള്ള കാരണം?
അലി അക്ബർ ഖാനും അംജദ് അലിഖാനും സരോദിൽ ഒരാൾക്ക് ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിൽ ഗവേഷണം നടത്താൻ പരിമിതമായ സാധ്യതകളേ ഉള്ളൂ. എന്നാൽ, മാൻഡലിനിൽ ഗവേഷണം നടത്താൻ വലിയ സാധ്യതകളുണ്ട്. അതിൽ എനിക്ക് വഴികാട്ടാൻ ആരുമില്ല. സരോദ്, വീണ, സിതാർ എന്നിങ്ങനെ എല്ലാ ഉപകരണങ്ങളുടെ ശൈലികളും ഞാൻ മാൻഡലിനിൽ സമന്വയിപ്പിച്ചിട്ടുണ്ട്.
അലി അക്ബർ ഖാനിൽനിന്ന് സംഗീതം പഠിച്ചിട്ടുണ്ടോ?
അദ്ദേഹം ഇന്ത്യയിലേക്കു വന്നപ്പോൾ നടത്തിയ ഒട്ടേറെ പരിശീലനക്കളരികളിൽ ഞാൻ പങ്കെടുത്തു. മറ്റുള്ള സരോദ് വാദകർ ചോദിക്കുന്നതു പോലെയുള്ള ചോദ്യങ്ങളായിരുന്നില്ല എന്റേത്. എല്ലാം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന് അതെല്ലാം ഇഷ്ടപ്പെട്ടു. എല്ലാറ്റിനും കൃത്യമായ മറുപടികൾ തന്നു. അലി അക്ബർ ഖാൻ, രവിശങ്കർ എന്നിവർ ഉപകരണസംഗീതത്തിലും ബഡെ ഗുലാം അലിഖാൻ, അമിർ ഖാൻ എന്നിവരെ വായ്പാട്ടിലും കേട്ടാൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീത ഡിക്‌ഷണറിയായി. ഇവർ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിലെ നാല് സ്തംഭങ്ങളാണ്.
ഉസ്താദ് അലി അക്ബർ ഖാന്റെ കൂടെയുള്ള അനുഭവങ്ങൾ?
സംഗീതം ഭക്ഷണംപോലെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലായ്‌പ്പോഴും സരോദ് കൈയിലെടുത്ത് അദ്ദേഹം വായിക്കും. അദ്ദേഹത്തെ സംബന്ധിച്ച് എല്ലാ രാഗങ്ങളും ദൈവത്തെപ്പോലെയാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു രാഗം വായിക്കുന്നതിൽ തെറ്റുവരുത്തിയാൽ ഞാൻ ശപിക്കപ്പെടും. എല്ലാ രാഗത്തിനും ഒരു കമ്പനം ഉണ്ട്. നിങ്ങൾ അതിൽനിന്ന് തെന്നിമാറുകയെങ്കിൽ ആ കമ്പനം നശിപ്പിക്കുകയാണ്. അത് പാപംചെയ്യുന്നതു പോലെയാണ്.
മൈഹർ ഘരാനയിൽ നിന്നാണല്ലോ പഠിച്ചത്. അവിടേക്ക് ആകർഷിച്ചത് എന്താണ്? എന്താണ് ആ ഘരാനയുടെ പ്രത്യേകതയായി തോന്നിയത് ?
അലി അക്ബർ ഖാനെ ആദ്യം കേട്ടപ്പോൾ അദ്ദേഹം ഏതു ഘരാനയാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. പിന്നീടാണ് അദ്ദേഹം മൈഹർ ഘരാനയാണ് എന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ ശൈലി എന്നെ ആകർഷിച്ചു. രാഗത്തിന്റെ ശുദ്ധത മൈഹർ ഘരാനയെപ്പോലെ മറ്റു ഘരാനകൾക്ക് ഉണ്ടെന്നു തോന്നുന്നില്ല. രാഗത്തിന്റെ ഘടനയും വളരെ ശ്രദ്ധാപൂർവമാണ് അവർ കൈകാര്യം ചെയ്യുന്നത്. മറ്റു ഘരാനകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൈഹറിലെ രാഗാവതരണം ധ്യാനാത്മകമാണ്.
താങ്കൾ ഏതെങ്കിലും പുതിയ രാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ ?
ഇല്ല. ഏതാണ്ട് എഴുപത്തയ്യായിരം രാഗങ്ങൾ നിലവിലുണ്ട്. ഞാൻ ഒരു രാഗം ഉണ്ടാക്കുകയാണെങ്കിൽ പിന്നീട് അതിന്റെ ഛായയുള്ള മറ്റൊരു രാഗം കേൾക്കാൻ ഇടവന്നാൽ എനിക്ക് അതിനോടുള്ള താത്‌പര്യം നഷ്ടപ്പെടും. മുമ്പ് ഞാൻ രാഗങ്ങൾ ഉണ്ടാക്കുന്നതിനെപ്പറ്റി കുറെ ആലോചിച്ചിരുന്നു. പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.
രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സംഗീതമേളകളിൽ പങ്കെടുത്തിട്ടുണ്ടല്ലോ. ഇന്ത്യയിലും വിദേശത്തുമുള്ള സംഗീതമേളകൾ തമ്മിലുള്ള പ്രധാന വ്യത്യാസമായി എന്താണു തോന്നിയിട്ടുള്ളത്?
ഒരുപാട് വിദേശ സംഗീതമേളകളിൽ ഞാൻ വായിച്ചിട്ടുണ്ട്. വിദേശികൾ സംഗീതത്തെ ഒരു ധ്യാനംപോലെയാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ ശാന്തതയെയാണ് അവർ ആസ്വദിക്കുന്നത്. ആൾക്കാരുടെ ശ്രദ്ധകിട്ടാൻവേണ്ടി വായിക്കുന്നത് അവർക്ക് ഇഷ്ടമല്ല. അങ്ങനെ ചെയ്താൽപ്പിന്നെ നിങ്ങളെ പരിപാടിക്ക് വിളിക്കില്ല. ഈ മനുഷ്യൻ ആൾക്കാരെ ആകർഷിക്കാൻ ശ്രമിക്കുകയാണെന്ന് അവർ പറയും. പരിപാടി തുടങ്ങുമ്പോൾ പരിപൂർണ നിശ്ശബ്ദതയായിരിക്കും. അതിനിടയിൽ കൈയടിയൊന്നും ഉണ്ടാകില്ല. പരിപാടി അവസാനിച്ചാൽ എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിക്കും.
ജുഗൽബന്ദി ചെയ്യാറുണ്ടോ ?
കഴിയുന്നതും ജുഗൽബന്ദി ഒഴിവാക്കാനാണ് ശ്രമിക്കുക. രണ്ടു സംഗീതജ്ഞരും പരസ്പരം അറിയുന്നവരാകുമ്പോൾമാത്രമേ ജുഗൽബന്ദി അതിന്റേതായ അർഥത്തിൽ സാധ്യമാകൂ. മാത്രമല്ല, അവർ തമ്മിൽ പരസ്പര ബഹുമാനവും സ്നേഹവും ഉണ്ടാകണം. ജുഗൽബന്ദിയിൽകൂടി വായിക്കുന്ന ആൾ പ്രശസ്തനാണെങ്കിൽ മറ്റേയാൾക്ക് അസ്വസ്ഥതയുണ്ടാകാം. ഞാൻ വായിക്കുന്നതു മാത്രം സദസ്സിലുള്ളവർ ആസ്വദിച്ചാൽ മതി എന്ന ഭാവമാണ് അവർക്ക്. ചിലയാളുകൾ, ഉദാഹരണം പറയുകയാണെങ്കിൽ ഷാഹിദ് പർവേസ് ജിയെ പോലുള്ളവർ ജൂനിയറായ ആൾക്കാരെയാണ് കൂടെ കൊണ്ടുപോകുന്നത്.
മാൻഡലിൻ വാദകനായിട്ടില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഞാൻ പറയുന്നതു കേട്ടാൽ ചിലപ്പോൾ നിങ്ങൾ ചിരിക്കുമായിരിക്കും. ചെറുപ്പത്തിൽ ഇന്ത്യൻ ആർമിയിൽ ചേരാനായിരുന്നു താത്‌പര്യം. എന്റെ ഈ ശരീരംവെച്ച് ഞാൻ ഒരു ബ്രിഗേഡിയറോ ലെഫ്റ്റനൻറ് കേണലോ ആയാൽ ഇന്ത്യൻ ആർമിയുടെ അവസ്ഥ എന്തായിരിക്കും? അതുകൊണ്ട് ആ ആഗ്രഹം ഉപേക്ഷിച്ചു. ആക്‌ഷൻ സിനിമകൾ ഇഷ്ടമായിരുന്നു. എല്ലാം അധോലോക രാജാക്കന്മാരെ പറ്റിയായിരുന്നു. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ എന്നിവരെപ്പോലെ ഒരു അധോലോക നായകൻ ആകാൻ ആഗ്രഹിച്ചു. എല്ലാം ശിശുസഹജമായ ചിന്തകളായിരുന്നു. ഞാൻ മാൻഡലിൻ വാദകൻ ആയിട്ടില്ലായിരുന്നെങ്കിൽ പ്രാണികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരാൾ ആകുമായിരുന്നു. ഒരു കുട്ടി എന്ന നിലയിൽ പല ചിന്തകളും ആഗ്രഹങ്ങളും നമുക്കുണ്ടാകാം. ആദ്യം ദാവൂദ് ഇബ്രാഹിം ആകാൻ ആഗ്രഹിച്ച ഞാൻ പിന്നീട് എ.പി.ജെ. അബ്ദുൽ കലാം ആകാൻ ആഗ്രഹിച്ചു. എല്ലാം പക്വതക്കുറവിന്റെ പ്രശ്നങ്ങളാണ്.
ഇഷ്ട രാഗങ്ങൾ ?
ഒരു രാഗം നല്ലൊരു മൂഡ് തരുമ്പോൾ അത് ഇഷ്ടമാകുന്നു. രാവിലെ ലളിത് രാഗം വായിക്കാൻ ഇഷ്ടമാണ്. കൂടാതെ, സാരംഗി ഗ്രൂപ്പിലെ ശുദ്ധ സാരംഗ്. ഉച്ചയ്ക്കുശേഷം ഭിംപലാസി, പിന്നെ മധുവന്തി. വൈകീട്ട് മാർവ. അതുകഴിഞ്ഞ് ബാഗെശ്രീ.
മാൻഡലിൻ കഴിഞ്ഞാൽ ഇഷ്ട സംഗീതോപകരണങ്ങൾ ഏതൊക്കെയാണ് ?
സരോദ്, സാരംഗി പിന്നെ തബല
ഇവയെല്ലാം വായിക്കാറുണ്ടോ?
സരോദ് വായിക്കും. സാരംഗി അറിയില്ല. തബലയും വായിക്കും. ആദ്യം പഠിച്ചത് തബലയാണ്
സംഗീത രംഗത്തേക്ക് വരുമ്പോൾ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നോ?
അച്ഛന് ഞാൻ സംഗീതം പഠിക്കുന്നത് ഇഷ്ടമില്ലായിരുന്നു. ബംഗാളികൾക്ക് മക്കൾ സംഗീതജ്ഞർ ആകുന്നതിൽ വലിയ അഭിമാനമൊന്നും ഇല്ലായിരുന്നു. നിങ്ങളുടെ മക്കളെ എന്തിനാണ് സംഗീതം പഠിപ്പിക്കുന്നത് എന്ന് അവർ ചോദിക്കും. അക്കാലത്ത് അങ്ങനെയായിരുന്നു. അച്ഛൻ കൊൽക്കത്ത ഹൈക്കോടതിയിലെ അറിയപ്പെടുന്ന വക്കീൽ ആയിരുന്നു. അച്ഛന് ഞാൻ ഡോക്ടർ ആകുന്നതായിരുന്നു ഇഷ്ടം. അമ്മയ്ക്ക് ഗവേഷണവിദ്യാർഥിയാകുന്നതും. എന്നാൽ, വലിയ സംഗീതജ്ഞരെ കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവരിലേക്ക് ആകർഷിക്കപ്പെട്ടു. എന്റെ മൂത്തസഹോദരൻ എഴുത്തുകാരനായിരുന്നു. അദ്ദേഹം എന്നെ പിന്തുണച്ചു. ഈ മേഖലയിൽ സമ്പാദിക്കാൻ പറ്റാത്തതിനാൽ എനിക്ക് ആദ്യം അല്പം സംശയം ഉണ്ടായിരുന്നു. സംഗീതരംഗത്തുള്ള ആരെയും പരിചയമില്ലായിരുന്നു. സംഗീതംകൊണ്ട് എങ്ങനെ നിലനിൽക്കും എന്ന സംശയവും ഉണ്ടായിരുന്നു. അവസാനം ദൈവാനുഗ്രഹംകൊണ്ട് 2007-ഓടെ എല്ലാം മാറി.
ഫ്യൂഷൻ സംഗീതത്തോടുള്ള നിലപാട് എന്താണ്?
ഞാൻ ഡെന്മാർക്കിൽവെച്ച് ഫ്യൂഷൻ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഗിറ്റാറിസ്റ്റായ ജോൺസണുമായി ചേർന്ന്. പുതുതായി എന്തെങ്കിലും കൊണ്ടുവരാൻ സാധിക്കുമെങ്കിൽ ഫ്യൂഷൻ സ്വാഗതാർഹമാണ്. അല്ലാതെ ക്ലിഷേ സാധനങ്ങൾ വായിച്ചിട്ടുകാര്യമില്ല.
യു. ശ്രീനിവാസുമായുള്ള ബന്ധം?
അസാമാന്യ പ്രതിഭയായിരുന്നു. 2014 ഒക്ടോബറിൽ ഞങ്ങൾ ഒരുമിച്ച് ഒരു പരിപാടി അവതരിപ്പിക്കാൻ പ്ലാൻ ചെയ്തിരുന്നു. ഞാൻ യൂറോപ്പിൽ ആയിരുന്നു. തിരിച്ചുവന്നപ്പോൾ കേൾക്കുന്നത് ശ്രീനിവാസ് മരിച്ചു എന്നാണ്. പരിപാടി ചെയ്യാൻ സാധിക്കാതെപോയത് വലിയൊരു നഷ്ടമായി കരുതുന്നു.
പുതിയ തലമുറയിലെ സംഗീതജ്ഞരോട് പറയാനുള്ളതെന്താണ്?
ഒന്നിനും ധൃതികാണിക്കരുത്. നിങ്ങളുടെ സംഗീതോപകരണത്തിൽനിന്ന് വരുന്ന ശബ്ദത്തെ ശ്രദ്ധിക്കുക. അതിൽ ധ്യാനിക്കുക. എന്നാൽമാത്രമേ സംഗീതജ്ഞൻ എന്ന രീതിയിൽ നിങ്ങൾക്ക് വളർച്ചയുണ്ടാകൂ. നിങ്ങൾ വായിക്കുമ്പോൾ ആൾക്കാരെ ആകർഷിക്കാൻ ശ്രമിക്കരുത്.You are a musician, not a magician. ചുറ്റുമുള്ള ജനങ്ങൾക്ക് ശാന്തിനൽകാൻ നിങ്ങൾക്ക് കഴിയണം.
കുടുംബം...
അച്ഛൻ വക്കീലായിരുന്നു. അമ്മ വീട്ടമ്മ. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മൂത്ത സഹോദരനും ഭാര്യയുമുണ്ട്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് സംഗീതത്തിൽ മുഴുകാൻ കൂടുതൽ സമയം കിട്ടുന്നു.
Content Highlights: Interview with Mandolin Maestro Pandit Sugato Bhaduri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..