വിവാഹം, റഫി, എസ്.ഡി. ബർമൻ...പിന്നെ ഐസ്ക്രീമും


ലതാ മങ്കേഷ്‌കർ/അമീൻ സയാനി

6 min read
Read later
Print
Share

ആശയ്ക്കുള്ള അവസരങ്ങൾ തട്ടിക്കളയുന്നത് ഞാനാണെന്നാണ് അയാൾ കരുതിയിരുന്നത്. പക്ഷേ, എന്റെ അവസരങ്ങൾ എന്റേതെന്നപോലെ ആശയുടെ അവസരങ്ങൾ അവളുടേതു മാത്രമായിരുന്നു.

Lata Mangheshkar

ലതാ മങ്കേഷ്‌കർ, പ്രശസ്ത റേഡിയോ പ്രക്ഷേപകനായ അമീൻ സയാനിയുമായി നടത്തിയ ദീർഘമായ അഭിമുഖത്തിൽനിന്നുള്ള ഒരു ഭാഗമാണിത്. നിഷ്കളങ്കമായും സത്യസന്ധമായും എല്ലാം തുറന്നുപറയുകയാണ് ലത ഇവിടെ

അമീൻ സയാനി: ലതാജി, താങ്കളുടെ ജന്മസ്ഥലം സംബന്ധിച്ച് ചില തർക്കങ്ങളുണ്ട്: ചിലർ പറയുന്നു താങ്കൾ ജനിച്ചത് ഗോവയിലാണെന്ന്. ചിലർ പറയുന്നു ഇന്ദോറിലാണെന്ന്. എന്താണ് യാഥാർഥ്യം

ലതാ മങ്കേഷ്‌കർ: ഞാൻ ഇന്ദോറിലാണു ജനിച്ചത്. ഞങ്ങളുടെ കുടുംബത്തിൽ ചില രീതികളുണ്ടായിരുന്നു. ആദ്യപ്രസവത്തിന് അമ്മ അവരുടെ നാട്ടിലേക്കു പോകണം. പക്ഷേ, എന്റെ അമ്മമ്മയുടെ വീട് ചെറിയൊരു ഗ്രാമത്തിലായിരുന്നു. അതിനാൽ അമ്മ, സഹോദരിയുടെ സ്ഥലമായ ഇന്ദോറിലേക്കാണു പോയത്. അവിടെ സിഖ് മൊഹല്ലയിലാണ് ഞാൻ ജനിച്ചത്. അഡ്വക്കേറ്റ് വാഗിന്റെ സൗധം എന്നാണ് ആ വീട് അറിയപ്പെട്ടിരുന്നത്.

അമീൻ സയാനി:സിഖ് മൊഹല്ലയിലാണു ജനിച്ചത്. അതുകൊണ്ടുതന്നെ പഞ്ചാബുമായി ചില സാംസ്കാരികബന്ധങ്ങളുണ്ട്. താങ്കളുടെ ജന്മസ്ഥലമായ ഇന്ദോർ മധ്യപ്രദേശിലാണ്. അമ്മ ഗുജറാത്തിൽനിന്നുള്ള ആളായിരുന്നു. താങ്കൾ ഒരു മഹാരാഷ്ട്രക്കാരിയാണ്. ഗോവയിൽനിന്നുള്ളവർ പറയുന്നു, താങ്കൾ അവരുടെ സ്വന്തമാണെന്ന്. താങ്കൾ നന്നായി ബംഗാളിയും സംസാരിക്കുന്നു. എല്ലാംകൂടി ചേർത്തുവെക്കുമ്പോൾ താങ്കൾ പല സംസ്ഥാനങ്ങളുടെയും അസ്തിത്വമുള്ളയാളാണ്.

ലത: എന്റെ അച്ഛൻ ഗോവക്കാരനാണ്. എന്റെ അമ്മ ധൂലിയ ജില്ലയിലെ ചെറിയ ഗ്രാമമായ താൽനെറിൽനിന്നുള്ളയാളാണ്. അവരുടെ അമ്മ ഗുജറാത്തിയായിരുന്നില്ല. പക്ഷേ, അച്ഛൻ അവിടത്തുകാരനായിരുന്നു. പക്ഷേ, അദ്ദേഹം മഹാരാഷ്ട്രയെയും മറാത്തി ഭാഷയെയും ഇഷ്ടപ്പെട്ടു. അപൂർവമായാണ് അദ്ദേഹം മറാത്തി സംസാരിച്ചിരുന്നത്. ഇതാ, നിങ്ങൾക്കുവേണ്ട മറ്റൊരു വിവരം... ഞാൻ സിഖ് മൊഹല്ലയിൽ ജനിച്ചതുകാരണം എനിക്ക് നീളമുള്ള മുടിയുണ്ടായിരുന്നു... (ചിരിക്കുന്നു)

അമീൻ സയാനി: അതുകാരണം ഏതു ഭാഷയിൽ പാടിയാലും ആ ഭാഷയുടെ നൈർമല്യം കാത്തുസൂക്ഷിക്കാൻ താങ്കൾക്കു കഴിഞ്ഞിട്ടുണ്ട്. കേൾക്കുന്നവർക്ക് താങ്കളുടെ മാതൃഭാഷ അതുതന്നെയാണെന്ന തോന്നലുണ്ടാകുന്നു.

Lata Mangheshkar

ലത: ഞാൻ ഏതുഭാഷയിൽ പാടുമ്പോഴും ആരാണ് സിനിമയിൽ ആ പാട്ടിനു ചുണ്ടനക്കുന്നത്, ആ രംഗത്തിന്റെ സ്വഭാവം എന്താണ് എന്നെല്ലാം മനസ്സിലാക്കാൻ നോക്കും. അത് ബംഗാളിയിൽ ഞാൻ നന്നായി ചെയ്യാറുണ്ട്. അതിന് സലിൽ ദായ്ക്കും(സലിൽ ചൗധരി) ഹേമന്ത് ദായ്ക്കും(ഹേമന്ത് കുമാർ) ഹൃഷി ദായ്ക്കും(ഹൃഷികേശ് മുഖർജി) നന്ദി. അവരെല്ലാം എന്നോട് ബംഗാളിയിലാണ് സംസാരിച്ചിരുന്നത്. എനിക്ക് ബംഗാളി വായിക്കാനും എഴുതാനും പഠിക്കണമെന്ന് ഒരിക്കൽ ഞാൻ സലിൽ ദായോടു പറഞ്ഞു. അതിനായി അദ്ദേഹം, ബിമൽ റോയിയുടെ സഹായിയായിരുന്ന ബസു ഭട്ടാചാര്യയെ എന്റടുക്കലേക്ക് പറഞ്ഞയച്ചു. അങ്ങനെ ഞാൻ ബംഗാളി പഠിച്ചു. അതിനുമുമ്പുതന്നെ സ്വന്തംനിലയിൽ ഞാൻ ഉർദുവും തമിഴും പഠിച്ചിരുന്നു.

അമീൻ സയാനി: ലതാജി, ഒരിക്കൽ ഞാൻ ചോദിക്കുകയുണ്ടായി, താങ്കൾ എന്തുകൊണ്ടാണ് ദാദ ബർമനുമൊത്ത് (എസ്.ഡി. ബർമൻ) പാട്ടുപാടുന്നത് നിർത്തിയതെന്ന്. പിന്നീട് താങ്കളെങ്ങനെയാണ് അതിലേക്കു തിരിച്ചുവന്നത്? അദ്ദേഹം എങ്ങനെയാണ് ഫോൺ ചെയ്തിരുന്നതെന്ന് താങ്കൾ എന്നോടു പറഞ്ഞിട്ടുണ്ട്. ‘‘ലത, ഞങ്ങൾക്കുവേണ്ടി ഒരു പാട്ടുപാടാമോ?’’ അതോടെ ‘ഘർ ആജാ ഘിർ ആയേ’ എന്ന പാട്ടുപാടാൻ താങ്കൾ തീരുമാനിച്ചു. പക്ഷേ, ആ സമയത്ത് ലതാജി, ദാദയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നില്ല.

ലത: ‘മിസ് ഇന്ത്യ’ എന്ന ചിത്രത്തിനുവേണ്ടി പാടാൻ ദാദ എന്നെ വിളിച്ചു. അതിലെ മുഖ്യകഥാപാത്രം എങ്ങനെയായിരിക്കും എന്നറിയാത്തതിനാൽ (നർഗീസ് ചെയ്തത്) ഞാൻ ദാദയോട് ഉപദേശം തേടി. പാട്ടിൽ മാധുര്യം തുളുമ്പണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അതനുസരിച്ച് ഞാൻ മൃദുലമായി പാടി. അത് ദാദയ്ക്ക് ഇഷ്ടപ്പെട്ടു. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം എന്നെ വിളിച്ചു. റെക്കോഡിങ് ഇഷ്ടപ്പെട്ടില്ലെന്നും ആ പാട്ട് വീണ്ടും റെക്കോഡ് ചെയ്യണമെന്നും പറഞ്ഞു. ആദ്യം പാടിയത് ഇഷ്ടപ്പെട്ടെന്ന് അന്നുപറഞ്ഞ കാര്യം സൂചിപ്പിച്ചെങ്കിലും റീറെക്കോഡിങ്ങിനു വരാൻ ഞാൻ സമ്മതിച്ചു. എന്റെ റെക്കോഡിങ് തീയതിക്കായി ദാദ ഒരാളെ പറഞ്ഞയച്ചു. വളരെ തിരക്കുള്ള സമയമായതിനാൽ അഞ്ചാറുദിവസം കഴിഞ്ഞേ വരാൻ പറ്റൂ എന്ന് ഞാൻ പറഞ്ഞു. ‘‘പാട്ട് ഇങ്ങനെ തോന്നുംപോലെ മാറ്റിപ്പാടിക്കാനാണെങ്കിൽ അദ്ദേഹത്തിനു തരാൻ സമയമില്ല’’ എന്ന് ഞാൻ പറഞ്ഞതായി അയാൾ ദാദയോടു പറഞ്ഞു.

അമീൻ സയാനി:ലതാജി അങ്ങനെ പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല അല്ലേ

ലത: ഇല്ല. ഞാനങ്ങനെ പറഞ്ഞിട്ടേയില്ല. എനിക്ക് വളരെ തിരക്കാണ് എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. ഞാനെങ്ങനെയാണ് ദാദയോട് അങ്ങനെയൊക്കെ പറയുക? അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയായിരുന്നു. അയാൾ പറഞ്ഞതു കേട്ടതോടെ, എന്നെക്കൊണ്ട് ഇനി പാട്ടുകൾ പാടിക്കില്ലെന്ന് ദാദ പറഞ്ഞു. ആ പാട്ട് അദ്ദേഹം ആശയെക്കൊണ്ടാണ് പാടിച്ചത്. ദാദയുടെ ആ തീരുമാനം അദ്ദേഹത്തിന്റെ ഒരു അടുത്ത സഹായിയിൽനിന്നാണ് ഞാനറിഞ്ഞത്. അതോടെ, അദ്ദേഹത്തിനുവേണ്ടി പാടില്ലെന്ന് ഞാനും തീരുമാനിച്ചു. ആ പിണക്കം ഏഴെട്ടു വർഷം നീണ്ടു.

അമീൻ സയാനി: വിവാദമായ ‘മിസ് ഇന്ത്യ’ ഗാനം അവസാനം ആശയാണ് പാടിയതെന്ന് ലതാജി മുമ്പ് എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങൾ രണ്ടു സഹോദരിമാർ അത്ര സുഖത്തിലല്ലാതിരുന്ന കാലമുണ്ടായിരുന്നു. നിങ്ങൾക്ക് പരസ്പരം അസൂയയാണെന്നും ഇരുവരും പരസ്പരം കടത്തിവെട്ടാൻ ശ്രമിച്ചിരുന്നതായും പലരും പറഞ്ഞിരുന്നു. ഈ ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്

ലത: ഞങ്ങൾക്കിടയിൽ ഒരു അസൂയയും ഉണ്ടായിരുന്നില്ല. കുറെ വർഷങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നില്ല എന്നതു ശരിയാണ്. 1947-ൽ ആശ പെട്ടെന്ന് വീടുവിട്ട് പോകുകയും ഭോസ്‌ലെയെ വിവാഹം കഴിക്കുകയും ചെയ്തു. അന്നവൾക്ക് 14-15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത് അമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതോടെ ഞങ്ങളെല്ലാവരും ആശയോടു സംസാരിക്കാതായി. അതേവർഷം ഓഗസ്റ്റിൽ ഞാൻ പിന്നണിഗാനങ്ങൾ പാടിത്തുടങ്ങി. ആശയും ഇതേ മേഖലയിൽ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഈ മേഖലയിൽ പച്ചപിടിക്കുന്നതുവരെ സ്വാഭാവികമായും ഞങ്ങൾ പരസ്പരം അപൂർവമായേ കണ്ടിരുന്നുള്ളൂ. ഇരുവരും ഒരുമിച്ച് പാട്ടുപാടാനെത്തുന്ന അവസരങ്ങളിൽ ആശ എന്നോട് സംസാരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഭോസ്‌ലെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ആശയ്ക്കുള്ള അവസരങ്ങൾ തട്ടിക്കളയുന്നത് ഞാനാണെന്നാണ് അയാൾ കരുതിയിരുന്നത്. പക്ഷേ, എന്റെ അവസരങ്ങൾ എന്റേതെന്നപോലെ ആശയുടെ അവസരങ്ങൾ അവളുടേതു മാത്രമായിരുന്നു. അവളുടെ ആലാപനരീതി അവളുടേതുമാത്രമായിരുന്നു. ഗീത സമാനരീതിയിൽ പാടുമായിരുന്നെങ്കിലും അതും കവച്ചുവെച്ച് ആശ സ്വന്തം മുദ്ര പതിപ്പിച്ചു. ഞങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ചിലർ ശ്രമിച്ചിരുന്നു. പക്ഷേ, അത്തരക്കാർക്ക് ഞാൻ ചെവികൊടുത്തിട്ടില്ല. ഭോസ്‌ലെയോടും ഇത്തരം കാര്യങ്ങൾ ആളുകൾ പറഞ്ഞിട്ടുണ്ടാകും. അത് അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ല. അമ്മയായ സമയത്ത് ആശ ഞങ്ങളുടെ അമ്മയെയും ഉഷയെയും ഹൃദയനാഥിനെയും അവളുടെ കുട്ടിയെ വന്ന് കാണാൻ വിളിക്കാറുണ്ടായിരുന്നു. ഭോസ്‌ലെ എതിർത്തിരുന്നതിനാൽ എന്നെ വിളിക്കാൻ കഴിയുന്നില്ലെന്ന് ആശ അവരോട് പറയാറുണ്ടായിരുന്നു.

അമീൻ സയാനി:റഫി സാബിനെക്കുറിച്ച് പറയൂ... വ്യക്തിയെന്ന നിലയിൽ അദ്ദേഹം എങ്ങനത്തെ ആളായിരുന്നു

ലത: നാട്യങ്ങളില്ലാത്ത മൃദുഭാഷിയായിരുന്നു അദ്ദേഹം. ഇടപെടലുകൾ സുതാര്യമായിരുന്നു. മനസ്സിലൊന്നും വെച്ചുകൊണ്ട് സംസാരിക്കുന്ന ആളല്ല. ദേഷ്യംവന്നാൽ ആ മുഖത്തു നോക്കിയാലറിയാം. എനിക്കൊരു തമാശ ഓർമവരുന്നു. മെഹ്ദി ഹസൻ സാബിന്റെ ആലാപനശൈലി എനിക്കേറെ ഇഷ്ടമായിരുന്നു. സ്റ്റുഡിയോയിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഞാൻ മൂളാറുണ്ടായിരുന്നു. ഒരിക്കൽ മെഹ്ദി സാബ് മുംബൈയിലെത്തിയ കാര്യം റഫി സാബ് അറിഞ്ഞപ്പോൾ അദ്ദേഹം എന്നോട് അല്പം നീരസത്തോടെ പറഞ്ഞു: ‘‘നിങ്ങളുടെ ഇഷ്ടഗായകൻ നഗരത്തിലുണ്ട്. പോയി അദ്ദേഹത്തിന്റെ പാട്ടു കേൾക്കൂ.’’

സന്തോഷത്തോടെ ഞാൻ പറഞ്ഞു: ‘‘റഫി സാബ്, അങ്ങേക്കെന്തിനാണ് അസൂയ തോന്നുന്നത്? അദ്ദേഹത്തിന്റെ പാട്ട് ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട് എനിക്ക് താങ്കളുടെ പാട്ട് ഇഷ്ടമില്ല എന്നർഥമില്ല. അതും എനിക്കിഷ്ടമാണ്.’’ അപ്പോഴും നീരസത്തോടെ അദ്ദേഹം മറുപടി പറഞ്ഞു: ‘‘നിങ്ങളൊക്കെ എന്റെ പാട്ട് എങ്ങനെ ഇഷ്ടപ്പെടാനാണ്? ഞാൻ ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ലേ പാടാറുള്ളൂ.’’ അദ്ദേഹത്തിന് ഒരു ദുശ്ശീലവുമുണ്ടായിരുന്നില്ല. പാൻ, പുകയില, സിഗരറ്റ്, മദ്യം... ഒന്നുംതന്നെ. അദ്ദേഹത്തിന് ഭക്ഷണം മാത്രമാണ് ഇഷ്ടമുണ്ടായിരുന്നത്. രാത്രിയിൽ പലപ്പോഴും റെക്കോഡിങ് കഴിഞ്ഞ് വീട്ടിലെത്തിയാൽ കഴിക്കാനെന്തെങ്കിലും പ്രതീക്ഷിച്ച് അദ്ദേഹം റഫ്രിജറേറ്ററിൽ പരതാറുണ്ടെന്ന് ചിലരെന്നോടു പറഞ്ഞു. അദ്ദേഹത്തിന് രക്തസമ്മർദത്തിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. റെക്കോഡിങ് സമയത്തൊക്കെ അത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് പലരും കണ്ടിട്ടുണ്ട്. പക്ഷേ, അതൊന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. ആരോഗ്യം കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അദ്ദേഹം ഏറെക്കാലംകൂടി ജീവിക്കുമായിരുന്നു.

അമീൻ സയാനി: ലതാജിയുടെ കുടുംബത്തിൽ ഉഷാജിയൊഴിച്ച് എല്ലാവരും വിവാഹിതരാണ്. അവർക്കൊക്കെ ഇപ്പോൾ കുട്ടികളുമുണ്ട്. ചിലർക്കൊക്കെ പേരക്കുട്ടികളും. എന്തുകൊണ്ടാണ് ലതാജി വിവാഹം കഴിക്കാതിരുന്നത്

ലത: ഞാനെന്റെ ജോലി തുടങ്ങുമ്പോൾ എനിക്ക് പതിമ്മൂന്ന് വയസ്സ് മാത്രമാണുണ്ടായിരുന്നത്. അമ്മയെയും നാല് സഹോദരങ്ങളെയും എനിക്ക് നോക്കണമായിരുന്നു. അതിനുപുറമേ, എന്റെ അമ്മായിയുടെ മകളെയും രണ്ടു കുട്ടികളെയുംകൂടി നോക്കണമായിരുന്നു. ജോലിചെയ്ത് കുടുംബത്തിനുവേണ്ടി സമ്പാദിക്കുക എന്നതുമാത്രമായിരുന്നു അന്നെന്റെ ചിന്ത. അന്നൊക്കെ പണം സമ്പാദിക്കാൻ ഏറെ വിഷമവുമായിരുന്നു. പിന്നീട് ഞങ്ങളുടെ നില അല്പം മെച്ചപ്പെട്ടപ്പോൾ നല്ലൊരു കുടുംബത്തിൽനിന്നുള്ള ഒരാളെ അമ്മ എനിക്കായി കണ്ടെത്തി. ചലച്ചിത്ര-സംഗീതരംഗത്തുള്ള ആളേ ആയിരുന്നില്ല അത്. പക്ഷേ, ആ സമയത്ത് വിവാഹിതയാവാൻ എനിക്ക് താത്പര്യം തോന്നിയില്ല. പിന്നീട് ഞാനിക്കാര്യം കാര്യമായി ആലോചിച്ചില്ല. നമ്മുടെ ജീവിതത്തിൽ മൂന്നു കാര്യങ്ങൾ മുൻകൂട്ടി നിർണയിക്കപ്പെട്ടിട്ടുണ്ടെന്ന് ഞാൻ ബലമായി വിശ്വസിച്ചിരുന്നു: ജനനം, മരണം, വിവാഹം. അതുകൊണ്ട് ഈ സംഗതികൾ സംഭവിക്കാനുള്ളതാണെങ്കിൽ സംഭവിക്കും. വിവാഹം കഴിക്കാത്തതിൽ എനിക്കൊരു സങ്കടവുമില്ല.

അമീൻ സയാനി:പിന്നണിഗാനരംഗത്ത് എന്തുകൊണ്ടാണ് ലത നമ്പർ വണ്ണായും ആശ നമ്പർ ടു ആയും നിൽക്കുന്നതെന്ന് വർഷങ്ങൾക്കു മുമ്പ് ഞാൻ ലതാജിയോടു ചോദിച്ചിട്ടുണ്ട്. അതിനുശേഷം മറ്റു ഗായികമാരെപ്പറ്റി എണ്ണാൻ തുടങ്ങുന്നതിനുമുമ്പ് നീണ്ടൊരു ശൂന്യതയുണ്ട്. കഠിനാധ്വാനം, ജോലിയോടുള്ള ആത്മാർഥത, ഇഷ്ടം എന്നിവയ്ക്കൊക്കെ നന്ദിയെന്നാണ് അന്ന് ലതാജി എന്നോടു പറഞ്ഞത്. പക്ഷേ, പലരും പറയുന്നത് പല നല്ല ഗായികമാരെയും ഈ മേഖലയിൽ ചുവടുറപ്പിക്കാൻ നിങ്ങളിരുവരും അനുവദിച്ചില്ലെന്നാണ്. എന്താണ് അതിനെക്കുറിച്ചു പറയാനുള്ളത്

ലത: എങ്ങനെയാണ് പുതിയ പാട്ടുകാരെ തടയാൻ നമുക്കാവുക? ഓരോരുത്തരും സ്വന്തം വിധിയുമായാണ് വരുന്നത്. ആർക്കും ആരുടെയും വിധി പറിച്ചുകൊണ്ടുപോകാനാവില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ആലോചിക്കുമ്പോൾ എനിക്കു തോന്നുന്നത് ഇതാണ്- മുമ്പ് പല ഗായികമാരും എന്റെയോ ആശയുടെയോ ആലാപന ശൈലി അനുകരിക്കാൻ നോക്കിയിരുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ, അവർ പരാജയപ്പെട്ടുപോയത്. 'ലതയെപ്പോലെ തന്റെ മകൾ പാടുമെന്ന് ' ഒരു അച്ഛൻ തന്നോടു പറഞ്ഞുവെന്ന് സച്ചിൻ ദാ ഒരിക്കൽ എന്നോടു പറയുകയുണ്ടായി. സച്ചിൻ ദാ അയാളോടു ചോദിച്ചു: ‘‘ഒറിജിനൽ അവിടെയുണ്ടാകുമ്പോൾ ഞാനെന്തിന് അതിന്റെ കോപ്പി ഉപയോഗിക്കണം?’’ റഫി സാബിനും കിഷോർ ദായ്ക്കും ശേഷം പലരും അവരെ അനുകരിച്ച് രംഗത്തെത്തി. അത്തരം ശബ്ദങ്ങളൊന്നും ദീർഘകാല മുദ്രകൾ അവശേഷിപ്പിക്കുന്നില്ല.

നിങ്ങൾ നിങ്ങളുടേതായ ശൈലി രൂപപ്പെടുത്തിയെടുക്കുകയാണെങ്കിൽ വിജയം കൈവരിക്കാനാകുമെന്ന് ഇന്ന് സോനു നിഗത്തെയും ഉദിത് നാരായണനെയും അൽക യാഗ്നിക്കിനെയും കവിത കൃഷ്ണമൂർത്തിയെയും സുനീതി ചൗഹാനെയും ശ്രേയാ ഘോഷാലിനെയും പോലുള്ള ഗായകർ നമുക്ക് കാണിച്ചുതരുന്നു. സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തില്ലെങ്കിൽ നിങ്ങൾക്ക് അധികദൂരം സഞ്ചരിക്കാനാവില്ല.

അമീൻ സയാനി: ഇന്ത്യയിലും വിദേശത്തുമായി ലതാജി ഒട്ടേറെ സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. ധാരാളം ഐസ്‌ക്രീമും ചട്‌നിയുമൊക്കെ കഴിക്കുന്നയാളാണ് താങ്കൾ. ഇതൊക്കെ ചെയ്യുന്നതുകാരണം ശബ്ദത്തെയും ആരോഗ്യത്തെയും നാശമാക്കുകയല്ലേ? ആ ശബ്ദം നമ്മുടെ രാജ്യത്തിനുകൂടി സ്വന്തമാണ്. അത് കഴിയുന്നത്ര നിലനിർത്താൻ ശ്രമിക്കണം.

ലത: (ചിരിക്കുന്നു) ഇതൊക്കെ ചോദിച്ച് നിങ്ങളെന്നെ ശരിയല്ലാത്തവിധം കുറ്റപ്പെടുത്തുകയാണ്. എന്റെ ശബ്ദം സംരക്ഷിക്കാൻ അത്രയൊന്നും പണിപ്പെടേണ്ടി വന്നിട്ടില്ലെന്നതിൽ ഞാൻ ഭാഗ്യവതിയാണ്. അങ്ങനെയൊക്കെ ശ്രദ്ധിക്കുന്നവർക്ക് ചെറിയ പൊടിയോ പുകയോ അടിച്ചാൽപ്പോലും ശബ്ദത്തിനു പ്രശ്നം വരാം. ദൈവാനുഗ്രഹത്താൽ, ദിവസേന ഐസ്‌ക്രീമും ചട്‌നിയും അച്ചാറും കഴിച്ചിട്ടുപോലും എനിക്ക് അത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ശബ്ദത്തെയോ ആരോഗ്യത്തെയോ ബാധിക്കുന്ന രീതിയിൽ സ്റ്റേജ് ഷോകളൊന്നും ഞാൻ ചെയ്തിട്ടില്ല. 1974-ലാണ് ഞാൻ വിദേശത്ത് ആദ്യമായി ഷോ ചെയ്യുന്നത്. അന്നുതൊട്ടിന്നുവരെയായി ആകെ 100-120 ഷോകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. രാജ്യത്തിനകത്തും പുറത്തുംകൂടി ഉള്ളതാണിത്. സ്റ്റേജ് അന്തരീക്ഷത്തോട് എനിക്കത്ര മമതയില്ല.

പരിഭാഷ: സന്തോഷ് വാസുദേവ്

Content Highlights : Interview With Lata Mangheshkar Rememberance

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ramla beegum

1 min

കൊടുവള്ളിയുടെ ഓർമകളിൽ നൊമ്പരമായി പാതിമുറിഞ്ഞ ആ കഥപറച്ചിൽ

Sep 29, 2023


KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Arjun C Varma

2 min

ആന നടക്കുന്ന ശബ്ദമുണ്ടാക്കാൻ ബോക്‌സിങ് ഗ്ലൗസ്; എലിഫന്റ് വിസ്പറേഴ്‌സിലെ മലയാളി ഫോളി റെക്കോര്‍ഡിസ്റ്റ്

Mar 14, 2023


Most Commented