ജയചന്ദ്രനോടിച്ച സൈക്കിളിടിച്ച് വീണു; ആറുപതിറ്റാണ്ടിന് ശേഷം രസകരമായ ട്വിസ്റ്റുമായി ഇന്നസെന്റ്


പി. ജയചന്ദ്രൻ, ഇന്നസെന്റ്/കെ. വിശ്വനാഥ്

ഗായകൻ പി. ജയചന്ദ്രനും നടൻ ഇന്നസെന്റും ഒരേ നാട്ടുകാരാണ്‌, ഒരേ സ്കൂളിൽ പഠിച്ചവരാണ്. പിന്നീട് ജയചന്ദ്രൻ സിനിമയുടെ പിന്നണിയിലേക്കും ഇന്നസെന്റ്‌ വെള്ളിത്തിരയിലേക്കുമെത്തി. വ്യത്യസ്തമേഖലകളിലാണെങ്കിലും ഇരുവരുടെയും സൗഹൃദം അത്രമേൽ ഹൃദ്യമായും നിഷ്കളങ്കമായും നിലനിന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി രണ്ടുപേരും തൃശ്ശൂരിൽ ഒത്തുചേർന്നപ്പോൾ സംസാരങ്ങളിൽ നിറഞ്ഞത് ഒരു കാലവും കുറെ അനുഭവങ്ങളുമായിരുന്നു

പി ജയചന്ദ്രനും ഇന്നസെന്റും| ഫോട്ടോ: സിദ്ദീഖുൽ അക്ബർ | മാതൃഭൂമി

ആറുപതിറ്റാണ്ടുമുമ്പ് ഇരിങ്ങാലക്കുടയിൽനടന്ന ഒരു സൈക്കിളപകടത്തിന്റെ പിന്നിലെ രഹസ്യം ഇപ്പോൾ, ഇവിടെ ചുരുളഴിയുകയാണ്. സംഭവം ഇതാണ്‌ -ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഡിഗ്രി ക്ലാസിൽ പഠിക്കുകയായിരുന്ന ഒരു പതിനെട്ടുകാരൻ തന്നെക്കാൾ നാലു വയസ്സിനിളപ്പമായ ഒരു പയ്യനെ സൈക്കിളിടിച്ച് താഴെയിട്ടു. നിലത്തുവീണുകിടന്ന അവനെ ചെവിക്കുപിടിച്ച് എഴുന്നേൽപ്പിച്ച് ‘‘നോക്കി നടക്കെടാ’’ എന്നുപറഞ്ഞ് ഓടിച്ചുവിട്ടു. സംഭവം അത്ര ഭയങ്കരമൊന്നുമല്ലെങ്കിലും പിൽക്കാലത്ത് ഇവർ രണ്ടുപേരും പ്രസിദ്ധരായിമാറിയതുകൊണ്ട് മാധ്യമങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ഇതു ചർച്ചയായി. സൈക്കിളിൽവന്ന പതിനെട്ടുകാരൻ ഇന്ന് മലയാളികളുടെ പ്രിയങ്കരനായ ഗായകൻ ജയചന്ദ്രനും ഇടികിട്ടിവീണ പയ്യൻ സിനിമാതാരവും മുൻ പാർലമെന്റ് അംഗവുമൊക്കെയായ ഇന്നസെന്റുമാണ്. അന്ന് ഇന്നസെന്റിനെ സൈക്കിളിടിച്ചു വീഴ്ത്തിയിട്ടും ക്ഷമപോലും പറയാൻ തയ്യാറാവാതിരുന്ന ജയചന്ദ്രനായിരുന്നു ഇതുവരെ കേസിലെ പ്രതി. എന്നാൽ, ഇപ്പോൾ ഇന്നസെന്റ് വെളിപ്പെടുത്തുകയാണ്: ‘‘സത്യത്തിൽ ജയേട്ടൻ എന്നെ വന്നിടിച്ചതല്ല. ഞാനങ്ങോട്ടുചെന്ന് ഇടി വാങ്ങിയതാണ്. അതിനൊരു കാരണവുമുണ്ടായിരുന്നു.’’

ഇരിങ്ങാലക്കുടയുടെ ഈ രണ്ടു വിശിഷ്ടപൗരന്മാരും മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി ഒരു കൂടിക്കാഴ്ചയ്ക്കു തയ്യാറായപ്പോഴാണ് രസകരമായ ഇത്തരം സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ഒരേ നാട്ടുകാരാണെങ്കിലും ആദ്യമായിട്ടായിരുന്നു ജയചന്ദ്രനും ഇന്നസെന്റും ഇങ്ങനെ ഒരുമിച്ചിരുന്ന് ഒരു സംഭാഷണം:

‘‘കുറച്ചു സിനിമകൾക്കുവേണ്ടി ഞങ്ങൾ രണ്ടുപേരും സഹകരിച്ചെങ്കിലും ഫോണിലല്ലാതെ ഇങ്ങനെ ഒരുമിച്ചിരുന്ന് ദീർഘനേരം സംസാരിക്കുന്നത്‌ ആദ്യമാവും.’’ -തുടക്കത്തിലേ ജയചന്ദ്രൻ വെളിപ്പെടുത്തി. അതിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയത് ഇന്നസെന്റാണ്.

ജയക്കുട്ടന്റെ അച്ഛൻ

ഇന്നസെന്റ്: ഒരേ നാട്ടുകാരാണെങ്കിലും ചെറുപ്പത്തിലേ ഞങ്ങൾ തമ്മിൽ വലിയ കൂട്ടൊന്നുമില്ലായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ അച്ഛൻ കൊച്ചനിയൻ തമ്പുരാനുമായി എനിക്ക്‌ വലിയ അടുപ്പമായിരുന്നു. ഞാൻ അപ്പന്റെ പലചരക്കു കടയിലിരിക്കുമ്പോൾ ഒരു സൈക്കിളും തള്ളി അദ്ദേഹം വരും. ആദ്യമൊക്കെ എന്റെ മുഖത്തേക്ക് വെറുതേ നോക്കും. ഒരു ദിവസം ഞാൻ പറഞ്ഞു: ‘‘തമ്പ്‌രാൻ ഒന്നു കേറീട്ട് പോവാം.’’ അപ്പോൾ അദ്ദേഹം ‘ഇവൻ കൊള്ളാമല്ലോ’യെന്നമട്ടിൽ എന്നെ നോക്കി കയറിവന്നു -‘‘എന്താടോ ഒരു വിഷമം, തനിക്ക് മുട്ടക്കച്ചവടത്തിൽ നഷ്ടം വന്നോ’’യെന്നൊരു ചോദ്യവും. മറ്റൊരു ദിവസം അവരുടെ വീടിന്റെ പടിക്കലൂടെ പോവുമ്പോൾ എന്നോടു പറഞ്ഞു: ‘‘നിക്കടോ ഞാനൂണ്ട്‌. അകത്ത് ഷർട്ട് ഇസ്ത്രിയിട്ടുകൊണ്ടിരിക്കുകയാണ്, അതൊന്ന്‌ കഴിയട്ടെ.’’ ഞാനദ്ഭുതപ്പെട്ടു, കാരണം അദ്ദേഹത്തെ ഷർട്ടിട്ട് ഒരിക്കലും കണ്ടിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ ജയേട്ടന്റെ അമ്മ സുഭദ്രക്കുഞ്ഞമ്മ ഇസ്ത്രിയിട്ട ഷർട്ട് കൊണ്ടുവന്നുകൊടുത്തു. അത് മടക്കി ചുമലിലിട്ട് തമ്പ്‌രാൻ എന്നോടൊപ്പം അങ്ങാടിയിലേക്കു നടന്നു. ഇസ്ത്രിയിട്ട ഷർട്ട് മടക്കുനിവർത്താതെ എന്തിനാണ് ഇങ്ങനെ ചുമലിലിട്ടതെന്ന് എനിക്ക് മനസ്സിലായില്ല. ഞാനൊട്ട് ചോദിച്ചതുമില്ല. സത്യത്തിൽ ഈ ജയക്കുട്ടനു(അങ്ങനെയാണ് നാട്ടുകാർ അന്ന് ജയചന്ദ്രനെ വിളിച്ചിരുന്നത്)മായിട്ടൊന്നും മൂപ്പർക്ക് വലിയ ചങ്ങാത്തമില്ല. ഞാനുമായിട്ടായിരുന്നു അടുപ്പം. മൂപ്പരുമായി നടക്കുന്നത് എനിക്ക് വലിയ ഗമയായിരുന്നു. കാരണം കൊച്ചി കോവിലകത്തെ തമ്പുരാനാണ്. ഞങ്ങളുടെ നാട്ടിൽവന്ന് വലിയ വീടൊക്കെ പണിത് താമസമാക്കിയതാണ്. എന്തുകൊണ്ടും വലിയ ആൾക്കാർ. അദ്ദേഹത്തോടൊപ്പം നടക്കുമ്പോൾ എനിക്കും തമ്പുരാനാണെന്ന ഭാവമായിരുന്നു. എല്ലാവരും എന്നെയിങ്ങനെ നോക്കും ഈ ചെക്കനെന്തിനാണ് ഇയാളുടെ പിന്നാലെയിങ്ങനെ നടക്കുന്നത് എന്ന ഭാവത്തിൽ. നമ്മളതൊന്നും കാര്യമാക്കില്ല. അദ്ദേഹം പറയും: ‘‘കുറെ വൃത്തികെട്ടവന്മാരുണ്ട് ഇവിടെ. ഒന്നിനും കൊള്ളാത്ത വകകൾ. ഇവിടെയിപ്പോ ആരാ ഉള്ളത്? ഒരു എം.സി. ജോസഫുണ്ട്. കേശവൻ വൈദ്യരുണ്ട്. പിന്നെയിപ്പം നീയ്ണ്ട്, ഞാന്ണ്ട്. തീർന്നു.’’ അതു കേൾക്കുമ്പോൾ ഞാൻ ഞെളിഞ്ഞുനിൽക്കും. പറയുന്നത് ആരാ, നാട്ടിൽ നിലയും വിലയുമുള്ള വലിയ മനുഷ്യൻ. മൂപ്പര് ഷർട്ടിടാതെ മണികളുള്ള മാല കഴുത്തിലിട്ടാണ്‌ പുറത്തേക്കിറങ്ങുക. അപ്പോളെനിക്ക് മനസ്സിലായി, തമ്പുരാനാവണമെങ്കിൽ കൊന്തയുള്ള മാലകൊണ്ട് കാര്യമില്ല. മണിച്ചെയിൻ വേണം. അതിന്റെ ഒരു രീതിയിലാണ് ഞാനിപ്പോൾ കഴുത്തിലിട്ടിരിക്കുന്ന ഈ ചെയിൻ (കഴുത്തിലെ മാലയിലെ മണികൾ പിടിച്ചുനോക്കി ഊറിച്ചിരിക്കുന്നു). പിന്നെ ഒരു രസംകൂടിയുണ്ട്. സൈക്കിളുമായിട്ടായിരുന്നു അങ്ങേരുടെ യാത്ര. പക്ഷേ, അതിൽ കയറി ചവിട്ടില്ല. അത് തള്ളിയങ്ങനെ നടക്കും. അതേപോലെ സൈക്കിൾ തള്ളിനടക്കുന്ന മറ്റൊരാളുകൂടിയുണ്ടായിരുന്നു അവിടെ. സ്‌കൂളിൽ ഞങ്ങളെ പഠിപ്പിച്ചിരുന്ന മഹാകവി, വൈലോപ്പിള്ളി മാഷ്. രണ്ടുപേരും സൈക്കിൾ തള്ളിനടന്നിട്ട് കൂട്ടിയിടിച്ചിട്ടുണ്ട്.

ജയചന്ദ്രൻ: അന്നെനിക്ക് അച്ഛ​ന്റെയും ഇന്നസെന്റിന്റെയും കൂട്ട് ഒരു അദ്ഭുതമാണ്. വഴിയിൽ കാണുമ്പോൾ ഞാൻ പോയി അച്ഛാ എന്ന് വിളിച്ചാൽ, ചോദിക്കും, ‘‘എന്താ? നീ വരണ്ട, പോയ്‌ക്കോ’’. ഇനി ആരെങ്കിലും ചോദിക്കയാണ്, ജയചന്ദ്രന്റെ അച്ഛനല്ലേ? അപ്പം പറയും ‘‘അല്ലാ, അവനെന്റെ മകനാ.’’ അതാണ് പ്രകൃതം. ഞാൻ ചെറുപ്പത്തിലേ പാട്ടുകാരനാണല്ലോ. പക്ഷേ, പാട്ടിനെക്കുറിച്ചൊന്നും എന്നോട് സംസാരിക്കില്ല. ഇന്നസെന്റുമായി പാട്ടുചർച്ചകളൊക്കെ നടത്തും.

ഇന്നസെന്റ്: ഒരു ദിവസം ഇങ്ങനെയിരിക്കുമ്പോൾ പറഞ്ഞു: ‘‘കാട്ടുതുളസിയിൽ പി..ബി. ശ്രീനിവാസ്‌ പാടിയ ആ പാട്ടൊന്ന് പാട്’’. ഞാൻ പറഞ്ഞു: ‘‘എനിക്കങ്ങനെ പാടാനൊന്നുമറിയില്ല.’ ’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘അതെനിക്കറിയാം ഇപ്പോ നീ പാടിയാ മതി’’. അപ്പ പിന്നെ രക്ഷയില്ല. ഞാൻ പാടി: ‘‘തേയിലക്കാട്ടിൻ താഴ്വരയിൽ...’’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘നിർത്തെടോ, എന്ത്? തേയിലക്കാടോ? തേയില തോട്ടത്തിലല്ലേ ഉണ്ടാവുക?’’ ഞാൻ പറഞ്ഞു: ‘‘വയലാറെഴുതിയതാണ്’’

‘‘വയലാറെഴുതിയതാണെന്നുവെച്ച്, അതെങ്ങനെ ശരിയാവും? നീ അത് ശരിയാക്കി പാട്’’. ഞാൻ ഭവ്യതയോടെ ചോദിച്ചു: ‘‘മകൻ പാട്ടുകാരനല്ലേ, ജയക്കുട്ടനോട് പറഞ്ഞാൽ പോരേ?’’

‘ഏയ് അതൊന്നും ശരിയാവില്ല. നീതന്നെ പാടിയാലേ ശരിയാവൂ’.

പിന്നെ ഗത്യന്തരമില്ലാതെ ഞാൻ പാടി -തേയിലത്തോട്ടത്തിൻ താഴ്വരയിൽ... അതു കേട്ടപ്പോൾ സന്തോഷമായി. അങ്ങനെ ഞാൻ അന്ന് ജയക്കുട്ടനെക്കാൾ വലിയ പാട്ടുകാരനായി.

എന്തൊരു കാലമായിരുന്നു അത്...! | ഫോട്ടോ: സിദ്ദീഖുൽ അക്ബർ \ മാതൃഭൂമി

ജയചന്ദ്രൻ: അതായിരുന്നു അച്ഛൻ. ഞാനെത്ര പാടിയാലും അതങ്ങനെ അംഗീകരിച്ചുതരില്ല. സ്നേഹമില്ലാഞ്ഞിട്ടല്ല. അങ്ങനെയൊക്കെയായിരുന്നു അദ്ദേഹം.

ഇന്നസെന്റ്: ഞാനും ഇയാളും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലാണ് പഠിച്ചത്. അവിടത്തെ പരിപാടികളിലൊക്കെ ജയക്കുട്ടന്റെ മൃദംഗംവായനയുണ്ടാവും. ഇയാള് അന്നേ വലിയ സ്റ്റാറാണ്. സ്‌കൂൾ യുവജനോത്സവങ്ങളിലൊക്കെ പയറ്റിത്തെളിഞ്ഞ ആളാണ്. സ്റ്റേജിലേക്ക് വരുന്നതൊക്കെ വളരെ രാജകീയമായിട്ടാവും. ആദ്യം രണ്ടു കുട്ടികൾ മൃദംഗമെടുത്ത് സ്റ്റേജിൽ കൊണ്ടുവെക്കും. അതിനുശേഷം ഇയാൾ ഇങ്ങനെ സ്റ്റേജിലേക്ക് നടക്കും. അപ്പോൾ പെൺകുട്ടികളൊക്കെ പറയും: ‘‘ഈശ്വരാ ജയക്കുട്ടൻ വരുന്നു, ജയക്കുട്ടൻ വരുന്നു...’’ അപ്പോ ഞാനിയാളെ മനസ്സിൽ പിരാകും. അങ്ങനെയൊരിക്കൽ അസൂയമൂത്ത് ഇയാളെ സൈക്കിളിൽനിന്ന് തള്ളിയിടാൻ ഞാനൊരു ശ്രമംനടത്തി. ഇയാള് ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്ന കാലം. ഒരു ദിവസം സൈക്കിളിൽ കോളേജിലേക്ക് പോവുന്നു. അതു കണ്ടപ്പോൾ ഞാൻ പതുക്കെ കാണാത്തപോലെ നടന്ന് തോളുകൊണ്ട് ഒന്ന് തിക്കി ഇയാളെ സൈക്കിളോടെ തള്ളിയിടാൻ ശ്രമിച്ചു. ഇയാള്‌ വീണില്ല. എന്റെ ചെവിക്കുപിടിച്ച് ചീത്തവിളിച്ച്‌ പറഞ്ഞയച്ചു. ഇയാളുടെ ഇന്നുവരെയുള്ള വിചാരം ഇയാൾ എന്നെ സൈക്കിളോടിച്ചു‌വന്ന് തട്ടിയതാണെന്നാണ്. ഇപ്പോൾ ഞാനാ സത്യം വെളിപ്പെടുത്തുകയാണ്.

പിന്നൊരുകാര്യം, ഞാൻ കോളേജിലൊന്നും പഠിച്ചിട്ടില്ല. പക്ഷേ, കോളേജിൽ കയറി ഒന്നു വിലസണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ഇയാള് പഠിക്കുന്ന ക്രൈസ്റ്റ് കോളേജിൽ ചെന്ന്‌ കുറച്ച് കുട്ടികളെ സംഘടിപ്പിച്ച് വോളി ടീമൊക്കെ ഉണ്ടാക്കി അതിന്റെ കോച്ചായി. പക്ഷേ, സത്യം പറയാലോ എനിക്കീ വോളിബോൾ കളിക്കാൻ അറിയില്ല. എന്നിട്ടും ആ ടീമിനെയിങ്ങനെ കൊണ്ടുനടന്നു.

ഇന്നസെന്റ് കോളേജിൽ പഠിച്ചില്ലെങ്കിലെന്താ രാജ്യമറിയുന്ന അഭിനേതാവും എം.പി.യുമൊക്കെ ആയില്ലേയെന്ന് ജയചന്ദ്രൻ സമാശ്വസിപ്പിച്ചു. അതിനും സ്വതസിദ്ധമായ ശൈലിയിൽ ഇന്നസെന്റിന്റെ മറുപടിവന്നു:

ഇന്നസെന്റ്: ഏതു കാര്യവും പൂർണമായിത്തന്നെ ചെയ്യണമെന്ന വാശിയായിരുന്നു എനിക്ക്. അതുകൊണ്ട് എന്തെങ്കിലുമൊക്കെ പഠിച്ച് ഓരോ ക്ലാസിലുംനിന്ന് മുന്നോട്ടുപോവാൻ ഞാനൊരുക്കമായിരുന്നില്ല. മുഴുവനായി പഠിക്കണമെന്ന വാശിയിൽ ഓരോ ക്ലാസിലും മൂന്നും നാലും തവണ പഠിക്കും. അങ്ങനെ പഠിച്ചുപഠിച്ച് സമയം പോയി. അപ്പോഴേക്കും കച്ചവടത്തിന്റെയും സിനിമയുടെയുമെല്ലാം തിരക്കായി. കോളേജിൽ പോവാൻ സമയം കിട്ടിയില്ല. ഓരോ ക്ലാസിലെയും പരീക്ഷ ജയിച്ചോ എന്നറിയാൻ സ്‌കൂളിൽ പോയിവരുമ്പോൾ ഓരാവശ്യവുമില്ലാതെ അങ്ങാടിയിലെ കച്ചവടക്കാരൊക്കെ ചോദിക്കുന്നത് ഓർമയുണ്ട്. ‘‘എന്തായി ഇന്നസെന്റേ റിസൽട്ട്?’’ ഞാൻ പറയും: ‘‘ഡ്രോ ആയി’’. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. കഴിഞ്ഞ വർഷം പഠിച്ച ക്ലാസിൽ തന്നെ എന്നർഥം.

അമ്മന്നൂരിന്റെ കുളവും മന്നാഡേയുടെ പാട്ടും

ഇരിങ്ങാലക്കുടയിൽ ജനിച്ച മറ്റൊരു അനുഗൃഹീത കലാകാരനായ അമ്മന്നൂർ മാധവചാക്യാരെക്കുറിച്ച് ജയചന്ദ്രൻ സംസാരിച്ചുതുടങ്ങി. ഇന്നസെന്റാണത് പൂരിപ്പിച്ചത്

ഇന്നസെന്റ്: മാധവചാക്യാരുടെ വീട്ടുവളപ്പിലൂടെയാണ് ചെറുപ്പത്തിൽ ഞങ്ങൾ സ്‌കൂളിലേക്ക് പോയിരുന്നത്. പറമ്പിൽ അധികം ഉയരമില്ലാത്ത തെങ്ങിൻതൈകൾ കരിക്കുമായി നിൽക്കുന്നു. സമീപത്തൊരു കുളവും കുളപ്പുരയുമുണ്ട്. ഞാൻ കുളത്തിലേക്ക് നോക്കി, വെള്ളമനങ്ങുന്നില്ല. കുളത്തിൽ ആരുമില്ല എന്ന് മനസ്സിലായി. എന്റെ വീട്ടിൽ തെങ്ങുകളുമുണ്ട്. ഇഷ്ടംപോലെ കരിക്കുമുണ്ട്. പക്ഷേ, ചാക്യാരുടെ പറമ്പിലെ കരിക്കുകണ്ടപ്പോൾ ഒരു മോഹം. തൈത്തെങ്ങിൽ വലിഞ്ഞുകയറി കരിക്കുപറച്ചു. ഇറങ്ങിവരുമ്പോൾ മുന്നിൽ ചാക്യാർ. അദ്ദേഹം കുളികഴിഞ്ഞ് കുളപ്പുരയിൽനിന്ന് തലതോർത്തുകയായിരുന്നു. അതായിരുന്നു വെള്ളത്തിൽ അനക്കമില്ലാതിരുന്നത്. കരിക്കുമായിനിൽക്കുന്ന എന്നെ കണ്ടപ്പോൾ ചാക്യാരുടെ ചോദ്യം: ‘‘പള്ളിക്കൂടത്തിലേക്കായിരിക്കും അല്ലേ?’’ ഞാൻ പറഞ്ഞു: ‘‘അതെ.’’ അപ്പോൾ ചാക്യാർ തെങ്ങിനുമുകളിലേക്ക് കണ്ണുകൊണ്ട് കാണിച്ചു. എന്നിട്ട് പറഞ്ഞു: ‘‘ഇങ്ങനേ നടന്നുവന്ന് തെങ്ങിൽ അങ്ങനേ കയറി ഇങ്ങനേയിറങ്ങി സ്‌കൂളിലേക്ക്‌ അല്ലേ? എങ്ങനെയാ വേണ്ടേന്ന് വച്ചാ കുട്ടിയ്ക്ക് അങ്ങനെ ചെയ്യാം’’ കൃത്യമായി ഞാൻ ചെയ്യുന്നത് മുഴുവൻ അതിലുണ്ടായിരുന്നു. മറ്റൊന്നും പറയാതെ അദ്ദേഹം പോയി. അങ്ങനെയായിരുന്നു അദ്ദേഹം. വേണമെങ്കിൽ എന്നെ വഴക്കുപറയാമായിരുന്നു. അതിനെക്കാൾ ശക്തിയുണ്ടായിരുന്നു അന്ന്‌ അദ്ദേഹം പറഞ്ഞ വാക്കുകൾക്ക്. പിന്നീട് വർഷങ്ങൾക്കുശേഷം ഞങ്ങൾ രണ്ടുപേരും പങ്കെടുത്ത ഒരു ചടങ്ങിൽ പ്രസംഗത്തിനിടെ ഞാനിക്കാര്യം പറഞ്ഞു. അദ്ദേഹം അടുത്തുവന്ന് ചോദിച്ചു: ‘‘ഞാനന്നങ്ങനെ പറഞ്ഞപ്പോൾ ഇന്നസെന്റിന് വിഷമം തോന്നിയോ?’’ അദ്ദേഹത്തിന്റെ കൈകൾ ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു: ‘‘ഇല്ല. അന്നങ്ങനെ പറഞ്ഞത് നന്നായി. അത് എനിക്ക് ഗുണമേ ചെയ്തുള്ളൂ.’’

ഏതായിരിക്കും ഇന്നസെന്റിനിഷ്ടമായ ജയചന്ദ്രന്റെ ഗാനം?

ഇന്നസെന്റ്: ചെറുപ്പത്തിലേ കേട്ടുതുടങ്ങിയ ജയേട്ടന്റെ പാട്ടുകൾ തന്നെയാണ് ഇന്നും എന്റെ ഇഷ്ടത്തിൽ മുന്നിൽ. ഇദ്ദേഹത്തിന്റെ മാത്രമായി പത്തിരുപതു പാട്ടുകൾ ഞാൻ കാറിൽ പെൻഡ്രൈവിൽ വെച്ചിട്ടുണ്ട്. അതെല്ലാം ഇടയ്ക്കിടെ കേൾക്കും. ‘ഒന്നിനി തിരിതാഴ്ത്തി പാടുക പൂങ്കുയിലേ...’, ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ അതൊക്കെ വലിയ ഇഷ്ടമാണ്. ചെറുപ്പത്തിൽ ഇദ്ദേഹത്തിന്റെ പാട്ടുകൾ കാര്യമായി ഞാൻ കേൾക്കുന്നത്, നാട്ടിലെ പ്രഭാത് ഇലക്‌ട്രിക്കൽസിലെ വലിയ ഗ്രാമഫോൺ റെക്കോഡിലാണ്. ‘‘അതേയ് ജയക്കുട്ടന്റെ പാട്ട്’’ എന്ന് പറഞ്ഞ് ആളുകൾ അവിടെ കൂടും. അങ്ങനെയാണ് മഞ്ഞലയിൽ മുങ്ങിത്തോർത്തി ആദ്യമായി കേൾക്കുന്നത്. പാട്ടുകേട്ട് ആളുകൾ കോരിത്തരിച്ചുനിൽക്കുന്നു. അങ്ങനെ എത്രയോ പാട്ടുകൾ ഞാൻ കേട്ടുനിന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ വിചാരിക്കും ഇയാളെപ്പോലൊക്കെ ആയിരുന്നേൽ നന്നായേനേ. കാലം കഴിഞ്ഞപ്പോൾ അതേ ജയക്കുട്ടൻ പാടിയ പാട്ടിന്റെ സീനിൽ അഭിനയിച്ച് ചുണ്ടനക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ‘അപാരത’ എന്ന സിനിമയിൽ ‘കായംകുളം പട്ടണത്തിൽ പേരുകേട്ട പാപ്പി മകളേ...’ എന്ന ശ്രീകുമാരൻ തമ്പി എഴുതി ഇളയരാജ സംഗീതം നൽകിയ പാട്ട്. ശബ്ദം നന്നായി നിലനിർത്തുന്നതിനുവേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ ഇവര് സഹിക്കുന്നുണ്ട്. ചിട്ടയോടുള്ള ജീവിതം. തണുത്തതൊന്നും കഴിക്കില്ല. സുന്ദരമായ പാട്ടുകൾ നമ്മളെ കേൾപ്പിക്കുന്നതിനുവേണ്ടി കുറെ ബുദ്ധിമുട്ടുന്നുണ്ട് ജയേട്ടനും യേശുദാസുമെല്ലാം.

ജയചന്ദ്രൻ: ശരിയാണ്, ദേവരാജൻമാഷൊക്കെ തുടക്കത്തിലേ പറയുമായിരുന്നു, തണുത്ത കോളയോ വെള്ളമോ കഴിക്കരുത്, സിഗരറ്റ് വലിക്കരുത് എന്നൊക്കെ. ഞങ്ങളതൊക്കെ അക്ഷരംപ്രതി അനുസരിച്ചു. പക്ഷേ, തകർന്നുപോയത് ബോംബെയിൽ പോയപ്പോഴാണ്. അവിടത്തെ പാട്ടുകാർ പലരും തണുത്ത കോളയൊക്കെ കഴിക്കും. വിശ്രുതഗായകൻ മന്നാഡെ റെക്കോഡിങ്ങിന് പോവുന്നതിന് തൊട്ടുമുമ്പ് ഐസിട്ട ജ്യൂസ് കഴിക്കുന്നതുകണ്ട് ഞാൻ ഞെട്ടിപ്പോയി. രാമുകാര്യാട്ടിന്റെ ‘നെല്ലി’ൽ ഞാനും മന്നാഡെയുംകൂടി ഒരു പാട്ടുപാടിയിട്ടുണ്ട്. അന്ന് റെക്കോഡിങ്ങിനുമുമ്പേ സിഗരറ്റ് വലിക്കുന്നതും കണ്ടിരുന്നു. നമ്മൾ അതിൽ അദ്ഭുതം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ‘‘അതൊന്നും പ്രശ്നമല്ല. പാട്ട് നന്നായാൽ പോരേ.’’ അതുകഴിഞ്ഞ് അദ്ദേഹം പാടുന്നതു കേട്ടപ്പോൾ തരിച്ചിരുന്നുപോയി. അദ്ദേഹത്തെപ്പോലുള്ളവരാണ് യഥാർഥ ലജന്റ്സ്.

ഇന്നസെന്റ്: അതിനിടയിൽ ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ടല്ലേ ജയേട്ടൻ

ജയചന്ദ്രൻ: ഉവ്വ്, നഖക്ഷതങ്ങളിൽ. അത് എം.ടി. വാസുദേവൻ നായർ പറഞ്ഞിട്ട് ചെയ്ത പാതകമാണ്. സത്യത്തിൽ ഒരു സിനിമ മുഴുവനായി ഇരുന്ന് കണ്ടിട്ട് നാളുകളായി. എനിക്കതിനുള്ള ക്ഷമയില്ല. പകരം മകൾ, സിനിമയിലെ കോമഡിസീനുകൾ പ്രത്യേകമായി എടുത്തുതരും. ഇന്നസെന്റ് അഭിനയിച്ച കോമഡിസീനുകൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. ‘അഴകിയ രാവണനി’ലെയൊക്കെ സീനുകൾ പലതവണ കാണും. അതിൽ ഓരോ അരിമണിയും പെറുക്കി എന്നൊക്കെ പറയുന്ന സീനുകൾ കണ്ടിട്ട് ചിരിച്ചുവീണുപോയിട്ടുണ്ട്.

ഇന്നസെന്റ്: സിനിമയായിരുന്നല്ലോ അന്നേ എന്റെ സ്വപ്നം. അപ്പോ നാട്ടുകാരനായ ജയക്കുട്ടൻ സിനിമയ്ക്ക് പാടിക്കഴിഞ്ഞപ്പോൾ എനിക്കും ഒരു വിശ്വാസമൊക്കെ വന്നുതുടങ്ങി. ചെറിയ റോളിലൊക്കെ അഭിനയിച്ചുതുടങ്ങി. പതുക്കെ സിനിമ പിടിക്കാനും തുടങ്ങി. അങ്ങനെയെടുത്ത ഒരു സിനിമയാണ് ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’. അതിൽ ഇദ്ദേഹത്തെക്കൊണ്ട് പാടിക്കേം ചെയ്തു. പിന്നേം സിനിമ നിർമിക്കാൻ മദ്രാസിൽ ചെന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽവെച്ച് ജയേട്ടനെ കണ്ടു. ജയേട്ടൻ പറഞ്ഞു: ’‘സിനിമ പിടിക്കുന്നതൊന്നും കുഴപ്പമില്ല. കാശുപോവാതെ നോക്കണം.’’ എന്റെ അന്നത്തെ സാമ്പത്തികനിലയെക്കുറിച്ച് ഏകദേശ ധാരണയുള്ളതുകൊണ്ടും ഏത് മാർവാഡിയുടെ കൈയിൽനിന്നാണ് ഞാൻ കാശ് വാങ്ങുന്നത് എന്നെല്ലാം അറിയാവുന്നതുകൊണ്ടുമാവണം ജയേട്ടൻ അന്നങ്ങനെ പറഞ്ഞത്. പക്ഷേ, ആ ഉപദേശം എനിക്കത്ര പിടിച്ചില്ല. ഞാൻ വലിയ ആളാവുന്നേലുള്ള അസൂയയല്ലേ എന്ന ഭാവത്തിൽ നടന്നുപോയി. പിന്നെയും സിനിമയെടുത്തു. പൊട്ടിപ്പാപ്പരായി. വീണ്ടും ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽവെച്ച് ജയേട്ടൻ നടന്നുവരുന്നത് കണ്ടപ്പോൾ ഞാൻ ഒരു വണ്ടിയിൽക്കയറി മറുഭാഗത്തെ വാതിൽവഴി ഇറങ്ങി കടന്നുകളഞ്ഞു. സിനിമാമോഹവുമായി മദ്രാസിലെത്തിയ കാലം വറുതിയുടെയും പട്ടിണിയുടേതുമായിരുന്നു. തൃശ്ശൂരുകാരനായ നിർമാതാവ് ശോഭന പരമേശ്വരൻ നായരുടെ ആളായിട്ടാണ് അന്ന് ഞാനവിടെ നിൽക്കുന്നത്. നൃത്തശാല എന്ന സിനിമയുടെ സമയത്തെ ഒരു സംഭവം പറയാം. സ്ഥിരം സെറ്റിൽ പോവും. അവിടെ അങ്ങനെ നിൽക്കും. ഉച്ചഭക്ഷണസമയത്ത് അവിടന്ന് ഇറങ്ങും. അവിടെ ഭക്ഷണം കഴിക്കാൻനിന്നാൽ ചിലപ്പോൾ ഇനിയങ്ങോട്ട് ചെല്ലേണ്ടെന്ന് പറഞ്ഞാലോ എന്ന ഭയം. ഭക്ഷണം കടമായിക്കിട്ടുന്ന ഹോട്ടലിന്റെ മുന്നിൽവരെ പതിനഞ്ചു പൈസയുണ്ടെങ്കിൽ ബസിൽ പോവാം. പക്ഷേ, അതില്ലാത്തതുകൊണ്ട് ഞാൻ പൊരിവെയിലത്ത് നടക്കും. ഒരുദിവസം അങ്ങനെ നടക്കുമ്പോൾ, റോഡരികിൽ ദരിദ്രരായ ലൈംഗികത്തൊഴിലാളികൾ താമസിക്കുന്ന കുടിലിന്റെ മുന്നിൽനിന്ന്‌ ഒരു സ്ത്രീ വിളിക്കുന്നു. രണ്ടു രൂപയാണ് അവരുടെ പ്രതിഫലം. അതിനുവേണ്ടിയാണ് അവർ വിളിക്കുന്നത്. അപ്പോൾ സത്യത്തിൽ എനിക്ക് ചിരിവന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പതിനഞ്ചു പൈസയില്ലാതെ പൊരിവെയിൽ നടന്നുപോവുന്ന എന്നെയാണ് വിളിക്കുന്നത്, ഞാനവിടെനിന്ന് ചിരിക്കാൻ തുടങ്ങി. അവർ ചോദിച്ചു: എന്തിനാണ് ചിരിക്കുന്നതെന്ന്. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. എന്നെ കടന്നുപോകുന്നവരിൽ ആരോ പറയുന്നതുകേട്ടു: ഭ്രാന്താണ്‌. അതുപോലെ മുപ്പതുപൈസയ്ക്ക് ചായകിട്ടുന്ന ഹോട്ടലുകളുണ്ട്. അതിന്റെ മുന്നിൽനിന്നാൽ ആരെങ്കിലും വരും, കട്ടയ്ക്കിടാൻ. പതിനഞ്ചു പൈസവീതം രണ്ടുപേരും ചെലവാക്കിയാൽ ഒരു ചായകിട്ടും. പറഞ്ഞാൽ പകുതിയാക്കി രണ്ടു ഗ്ലാസിലാക്കിത്തരും.’’

ജയചന്ദ്രൻ: ശരിയാണ്. അന്നൊന്നും സിനിമാക്കാർക്ക് മദ്രാസിലെ താമസം അത്ര സുഖകരമായിരുന്നില്ല. എനിക്കൊരു പാട്ടുപാടിയാൽ കിട്ടുക അമ്പതുരൂപയാണ്. ഒരു മാസം താമസിക്കാൻ ലോഡ്ജിൽ മുപ്പതു രൂപ കൊടുക്കണം. ഭക്ഷണം കഴിക്കാൻ ഇരുപതുരൂപയും. കൈയിൽ സൂക്ഷിക്കാൻ പണമുണ്ടാവില്ല. മാസത്തിൽ രണ്ടു പാട്ടൊക്കയേ കിട്ടൂ. പക്ഷേ, ഒരു കാര്യം പറയാം. അന്ന് പാടിയ പാട്ടുകളാണ് ഇന്ന് പുതിയ തലമുറപോലും പാടിനടക്കുന്നത്.

അതിനിടയ്ക്ക് ആരെയോ ഫോണിൽ വിളിക്കാൻ നമ്പർ തിരയാനായി ജയചന്ദ്രൻ കീശയിൽനിന്ന് ചെറിയൊരു പുസ്തകം പുറത്തെടുത്തു. അതിന്റെ ആദ്യപേജിൽ ദേവരാജൻ മാസ്റ്ററുടെ ഫോട്ടോ ഒട്ടിച്ചുവെച്ചിരിക്കുന്നു.

‘‘ഇതെന്താ മാഷുടെ ഫോട്ടോ’’ -ഇന്നസെന്റിന്റെ ചോദ്യം.

ജയചന്ദ്രൻ: ഇപ്പോഴും ഏത് പാട്ട് റെക്കോഡ് ചെയ്യാൻ പോവുമ്പോഴും ഞാനീ ഫോട്ടോയെടുത്തു നോക്കും. അതൊരു അനുഗ്രഹമാണ്.

അപ്പോൾ മുഖത്തുവിരിയുന്ന ചിരികൾക്കിടയിലും രണ്ട് ഇരിങ്ങാലക്കുടക്കാരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

Content Highlights: with innocent and p jayachandran, childhood memories of innocent and p jayachandran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented