മിന്നാമിനുങ്ങില്‍ നിന്ന് മുല്ലപ്പൂവിലെത്തി നില്‍ക്കുന്ന 'അഞ്ചംഗങ്ങളുള്ള നാല്‍വര്‍സംഘം' | 4 MUSICS


By സ്വീറ്റി കാവ്

8 min read
INTERVIEW
Read later
Print
Share

പാട്ടുകളുടെ കാര്യത്തില്‍ സിനിമയുടെ സംവിധായകന് ഒരു വലിയ റോള്‍ തന്നെയുണ്ട്. ആ റോള്‍ ആണ് ഹിറ്റ് ഗാനങ്ങളെ ഡിസൈഡ് ചെയ്യുന്നത്. സംവിധായകന്റെ മനസിലൊരു വിഷ്വലുണ്ടാകും. അതിനു മാച്ചാകുന്ന പാട്ടുകള്‍ ചെയ്തുകൊടുക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. ചില സംവിധായകര്‍ അതായത് പ്രിയന്‍ സര്‍, ഉണ്ണി സര്‍(ബി. ഉണ്ണികൃഷ്ണൻ) തുടങ്ങിയവര്‍ ആദ്യമേ തന്നെ പറയും നല്ലൊരു പാട്ടാണ് വേണ്ടത്, അത് ഹിറ്റ് ചാര്‍ട്ടിലേക്ക് വരണം എന്നൊക്കെ. പക്ഷെ എലോണില്‍  നേരെ മറിച്ചായിരുന്നു

ബിബി മാത്യു, ജിം ജേക്കബ്, എൽദോസ് ഏലിയാസ്, ജസ്റ്റിൻ ജയിംസ്, ജിംസൺ ജെയിംസ്‌ | Image Designer: Roopesh K.

'മിനുങ്ങും മിന്നാമിനുങ്ങേ'യും 'ചിന്നമ്മ'യും മലയാളസിനിമാഗാന ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതോടെയാണ് 4 മ്യൂസിക്‌സ് എന്ന പേര് സംഗീതപ്രേമികള്‍ ശ്രദ്ധിക്കുന്നത്. നൂറുകണക്കിന് ഹിറ്റുകള്‍ ക്രെഡിറ്റിലില്ലെങ്കിലും ചെയ്ത ഗാനങ്ങള്‍ക്ക് യൂട്യൂബിലും മറ്റും മില്യണ്‍ വ്യൂസ് നേടാനായതിന്റെ സന്തോഷമുണ്ട് 4 മ്യൂസിക്‌സിലെ ബിബി മാത്യു, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജസ്റ്റിന്‍ ജയിംസ്, ജിംസണ്‍ ജയിംസ് എന്നിവര്‍ക്ക്. റിലീസിനൊരുങ്ങുന്ന ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാര്‍ട്ടിലെത്തിക്കഴിഞ്ഞു. ടീമില്‍ അഞ്ചാണ് അംഗങ്ങളെങ്കിലും സംഗീതമൊരുക്കുമ്പോള്‍ നാലംഗങ്ങള്‍ ഉണ്ടാവാറാണ് പതിവ്. 4 മ്യൂസിക്‌സ് എന്ന പേരിനുപിന്നിലെ കാരണവും അതാണ്. സിനിമകള്‍ക്ക് വേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ ജസ്റ്റിനും 4 മ്യൂസിക്‌സിന്റെ ഒറിജിനല്‍സിന് വേണ്ടി സംഗീതമൊരുക്കുമ്പോള്‍ ജിംസണും ബിബിയ്ക്കും ജിമ്മിനും എല്‍ദോസിനും ഒപ്പം ചേരും. സംഗീതസ്‌നേഹികള്‍ എന്നതിനുപരി കുട്ടിക്കാലം മുതലുള്ള സൗഹൃദത്തിന്റെ അടിത്തറയുമുണ്ട് 4 മ്യൂസിക്‌സിന്റെ വിജയകഥയ്ക്ക് പിന്നില്‍. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒട്ടുമിക്ക ഗായകരേയും തങ്ങളുടെ സംഗീതത്തില്‍ പാടിക്കാനായതിന്റെ ആഹ്‌ളാദവും സംഗീതാനുഭവങ്ങളും പുതിയ റിലീസുകളും ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച റെക്കോഡിങ് സ്റ്റുഡിയോകളില്‍ ഒന്നായ എന്‍എച്ച്ക്യൂവിന്റെ പ്രവര്‍ത്തനങ്ങളും 4 മ്യൂസിക്‌സ് പങ്കുവെക്കുന്നു.

മ്യൂസിക് എന്ന വാക്കില്‍ത്തന്നെ സംഗീതത്തിന്റെ വിശാലമായ അര്‍ഥമുണ്ട്. 'മ്യൂസിക്‌സ്' എന്ന വാക്ക് നമ്മള്‍ ഉപയോഗിക്കാറുമില്ല. അപ്പോള്‍ നിങ്ങളെങ്ങനെ 4 മ്യൂസിക്‌സ് ആയി?

2003 കാലത്താണ് ഞങ്ങള്‍ കമ്പോസിങ് ആരംഭിക്കുന്നത്, അതായത് സ്‌കൂള്‍ക്കാലത്ത്. അതുകഴിഞ്ഞ് ഞങ്ങളൊരു ക്വയര്‍ ഉണ്ടാക്കി. കുറച്ചുനാള്‍ കൂടി കഴിഞ്ഞപ്പോള്‍ ഒരു ആല്‍ബം ചെയ്യാനായി പ്ലാനിട്ടു. ആല്‍ബത്തിലെ പാട്ടുകള്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നില്ല ചെയ്തത്. രണ്ടുപേര്‍ ഒരുമിച്ച് ചെയ്തതുണ്ട്, ഒറ്റയ്ക്ക് ചെയ്തതുണ്ട് അങ്ങനെ... ആദ്യത്തെ ആല്‍ബത്തില്‍ നാലുപേരുടേയും പേരുകള്‍ കൊടുത്തു. അതിനുശേഷം 2012 ല്‍ ജസ്റ്റ് മാരീഡ് എന്ന ഞങ്ങളുടെ ആദ്യത്തെ മൂവി വന്നു. ഫസ്റ്റ് മൂവിയില്‍ 'ദ ഫോര്‍' എന്നായിരുന്നു കൊടുത്തത്. അതിലെ കോമഡി എന്താണെന്നുവെച്ചാല്‍ ഒരു പത്രറിപ്പോര്‍ട്ടില്‍ സംഗീതസംവിധാനം 'കിഷോര്‍' എന്നായിരുന്നു അച്ചടിച്ചുവന്നത്. 'ഒപ്പം' വന്നപ്പോള്‍ ദ ഫോര്‍ മാറ്റി 4 മ്യൂസിക്‌സ് എന്നാക്കി. അന്ന് പക്ഷെ അതിനെക്കുറിച്ച് കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല. പെട്ടെന്ന് കിട്ടിയ ഒരുപേര് കൊടുത്തു എന്ന് മാത്രം. ഞങ്ങള്‍ നാലുപേരുള്ളതു കൊണ്ട് അങ്ങനങ്ങ് ഇട്ടുപോയെന്നുമാത്രം. നാലുപേരുടെ മ്യൂസിക് ഒരുമിച്ച് വന്നതുകൊണ്ട്, നാലുപേരുടെ മൈന്‍ഡ്‌സെറ്റ് ഒരുമിച്ച് വരുന്നതുകൊണ്ട് നമുക്ക് വേണമെങ്കില്‍ 4 മ്യൂസിക്‌സ് എന്ന വാക്കിന് അത്തരത്തില്‍ ഒരു വിശദീകരണം നല്‍കാവുന്നതാണ്.

4 മ്യൂസിക്‌സിന്റെ ഭൂരിഭാഗം ഗാനങ്ങളും സംഗീതപ്രേമികളുടെ ഇഷ്ടഗാനപ്പട്ടികയില്‍ ഇടം നേടിയവയാണ്. കൂടാതെ ബാക്ഗ്രൗണ്ട് സ്‌കോറുകളും ശ്രദ്ധിക്കപ്പെട്ടു. എത്തരത്തിലാണ് ഇത് സാധ്യമാകുന്നത് / ഗാനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെ എത്തരത്തിലാണ് നിങ്ങള്‍ വിലയിരുത്തുന്നത്?

ഞങ്ങളുടെ ഒരു പാട്ട് ഇഷ്ടപ്പെട്ടു എന്ന് ആരെങ്കിലും പറഞ്ഞുകേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്. അത് സാധ്യമാകുന്നതിന് നാലുപേരും കൂടിയുള്ള കോമ്പിനേഷന്‍ വളരെ ഇംപോര്‍ട്ടന്റാണ്. ഞങ്ങള്‍ ഓരോരുത്തരുടേയും തോട്ട് പ്രോസസാണ് അതിനുകാരണമെന്ന് തീര്‍ച്ചയായും പറയാം. നാലുതരത്തിലുള്ള ചിന്തകള്‍ ഒന്നിച്ചുചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു ഇംപാക്ട് തന്നെയാണ് ഓരോ പാട്ടിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒരു മ്യൂസിക് ഡയറക്ടര്‍ ഒറ്റയ്ക്ക് കമ്പോസ് ചെയ്യുമ്പോള്‍ ഡിസിഷന്‍ അദ്ദേഹത്തിന്റേത് മാത്രമാണ്. പക്ഷെ ഞങ്ങളുടെ കേസില്‍ നാലുപേര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ട്യൂണാണ് അഞ്ചാമതൊരാള്‍ കേള്‍ക്കുന്നത്. അങ്ങനെയാകുമ്പോള്‍ പാട്ടിന് അതിന്റേതായ ഒരു ക്വാളിറ്റി വരുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ബാക്ഗ്രൗണ്ട് സ്‌കോറിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. എല്ലാ മ്യൂസിക് ഡയറക്ടേഴ്‌സിനേയും പോലെ ഞങ്ങള്‍ക്കും പ്രോഗ്രാമേഴ്‌സ് ഉണ്ട്, എന്‍ജിനിയേഴ്‌സുണ്ട്. ആക്ച്വലി ഇതൊരു ഗ്രൂപ്പ് വര്‍ക്കാണ്. എന്ത് എങ്ങനെ റെക്കോഡ് ചെയ്യണം എന്നു തീരുമാനിക്കുന്നത് ഞങ്ങള്‍ നാലുപേരും ചേര്‍ന്നാണെങ്കിലും ഒരു ഗ്രൂപ്പ് വര്‍ക്കിന്റെ റിസല്‍ട്ടാണ് പുറത്തുവരുന്നത്. അതേ പോലെ ലിറിക്‌സും പ്രധാനമാണ്. ക്രെഡിറ്റിന്റെ അമ്പത് ശതമാനവും വരികള്‍ക്ക് തന്നെയാണ്. സിങ്ങേഴ്‌സിനും ഒരു പ്രധാനറോളുണ്ട്. അങ്ങനെ ഒരുപാട് ഫാക്ടേഴ്‌സ് ചേര്‍ന്നാണ് ഒരു ഹിറ്റ് ഉണ്ടാകുന്നത്.

എല്ലാ പാട്ടുകള്‍ക്കും അങ്ങനെ വലിയ സ്വീകാര്യത കിട്ടിയിട്ടില്ല. കോവിഡിന് ശേഷം മ്യൂസിക് കള്‍ച്ചറില്‍ത്തന്നെ വലിയ വ്യത്യാസം വന്നതായി തോന്നുന്നുണ്ട്. കുറേക്കൂടി വെസ്‌റ്റേണൈസ്ഡ് ആയിട്ടുണ്ട്. ന്യൂജെന്‍ ടച്ച് പാട്ടുകളില്‍ കൊണ്ടുവന്നില്ലെങ്കില്‍ സ്വീകാര്യത കുറയുന്നതായി കാണാറുണ്ട്. പക്ഷെ അത്തരത്തിലുള്ള എല്ലാ പാട്ടുകളും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നുമില്ല. മെലഡിയ്ക്ക് ഇപ്പോഴും ലൈഫുണ്ടെന്നുള്ളതിന്റെ തെളിവാണ് ചിത്ര ചേച്ചി പാടിയ 'മുറ്റത്തെ മുല്ലത്തൈ...'അത് ഒരുപാട് പേര്‍ക്ക് ഇഷ്ടമായി എന്നതില്‍ സന്തോഷമുണ്ട്. പുതിയ കാലത്തിലേക്ക് ഞങ്ങളുടെ മ്യൂസിക് അഡാപ്റ്റ് ചെയ്യണമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. പലതരത്തിലുള്ള ഫീഡ്ബാക്കുകളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അതെല്ലാം ഞങ്ങള്‍ മുഖവിലക്കെടുക്കാറുമുണ്ട്. 'എലോണി'ല്‍ വെസ്‌റ്റേണ്‍ടൈപ്പ് ട്രീറ്റ്‌മെന്റാണ് ഞങ്ങള്‍ കൊടുത്തിരിക്കുന്നത്. എങ്കിലും ഒരു സിനിമ ഡിമാന്‍ഡ് ചെയ്യുന്നതാണ് ഞങ്ങള്‍ കൊടുക്കുന്നത്. 'ഇന്നലെ വരെ', 'വിജയ് സൂപ്പറും പൗര്‍ണമിയും' തുടങ്ങിയ സിനിമകളുടെ ബിജിഎമ്മിന് നല്ല റിവ്യൂസാണ് കിട്ടിയത്. പക്ഷെ അതിനും നെഗറ്റീവ് കമന്റ്‌സ് വന്നിട്ടുണ്ട്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന സോങ്ങിനും നെഗറ്റീവ് കമന്റ്‌സ് കിട്ടിയിട്ടുണ്ട്. എല്ലാ ശ്രോതാക്കളേയും തൃപ്തിപ്പെടുത്തി സംഗീതനിര്‍വഹണം നടത്താന്‍ ഒരു മ്യൂസിക് ഡയറക്ടറിനും സാധിക്കുമെന്ന് തോന്നുന്നില്ല. പാട്ടുകള്‍ ചെയ്യുമ്പോള്‍ അതിനുലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും ആലോചിക്കാറുണ്ട്. പക്ഷെ ചില സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് സിനിമ ഡിമാന്‍ഡ് ചെയ്യുന്നതിന് പ്രയോറിറ്റി നല്‍കും.

ആദ്യത്തെ ഹിറ്റുകള്‍ പിറന്നത് സൂപ്പര്‍ഹിറ്റ് സംവിധായകനൊപ്പം. സംഗീതസംവിധാനത്തില്‍ സിനിമയുടെ സംവിധായകനോ മറ്റാര്‍ക്കെങ്കിലുമോ എന്തെങ്കിലും റോളുണ്ടോ? / ഈണമിട്ട ശേഷം വരികളെഴുതിക്കുകയാണോ പതിവ്?

ആദ്യത്തെ ഹിറ്റ് പ്രിയന്‍ സാറിനൊപ്പമായിരുന്നുവെങ്കിലും ആദ്യത്തെ സിനിമ ജസ്റ്റ് മാരീഡാണ്. പാട്ടുകളുടെ കാര്യത്തില്‍ സിനിമയുടെ സംവിധായകന് ഒരു വലിയ റോള്‍ തന്നെയുണ്ട്. ആ റോള്‍ ആണ് ഹിറ്റ് ഗാനങ്ങളെ ഡിസൈഡ് ചെയ്യുന്നത്. കാരണം സിനിമ എന്നുപറയുന്നത് പൂര്‍ണമായും ഒരു ഡയക്ടറുടെ കുഞ്ഞാണെന്ന് പറയാം. ഡയറക്ടറുടെ മനസിലുള്ള വിഷ്വല്‍സും കഥയുമെല്ലാമാണ് സിനിമ. സിനിമയുടെ സുപ്രീം അതോറിറ്റി ഡയറക്ടറാണ്. സംവിധായകന്റെ മനസിലൊരു വിഷ്വലുണ്ടാകും. അതിനു മാച്ചാകുന്ന പാട്ടുകള്‍ ചെയ്തുകൊടുക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ എല്ലാ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കണമെന്നില്ല. ഡയറക്ടറുടെ സാറ്റിസ്ഫാക്ഷനാണ് ഞങ്ങള്‍ നോക്കുന്നത്. ചില സംവിധായകര്‍ അതായത് പ്രിയന്‍ സര്‍, ഉണ്ണി സര്‍(ബി. ഉണ്ണികൃഷ്ണൻ) തുടങ്ങിയവര്‍ ആദ്യമേ തന്നെ പറയും നല്ലൊരു പാട്ടാണ് വേണ്ടത്, അത് ഹിറ്റ് ചാര്‍ട്ടിലേക്ക് വരണം എന്നൊക്കെ. ഒപ്പം, വില്ലന്‍, ഇട്ടിമാണി...എന്നിവയൊക്കെ അങ്ങനെയാണ് വന്നത്. പക്ഷെ എലോണില്‍ നേരെ മറിച്ചായിരുന്നു. ഷാജി സര്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടാണ് സജസ്റ്റ് ചെയ്തത്. അതിന് സര്‍ എതിരഭിപ്രായമൊന്നും പറഞ്ഞില്ല. അത് ഭയങ്കര സര്‍പ്രൈസിങ് ആയിരുന്നു. അങ്ങനെ ഡയറക്ടറിന് പ്രോമിനന്റ് ആയ റോളുണ്ട്. ചിലപ്പോള്‍ ട്യൂണ്‍ മാറ്റാന്‍ ആവശ്യപ്പെടാം, വരികള്‍ മാറ്റാനാവശ്യപ്പെടാം. അങ്ങനെ ഒരുപാട് സജഷന്‍സ് ഡയറക്ടറുടെ ഭാഗത്ത് നിന്നുണ്ടാവാം. ഇതെല്ലാം കമ്പയിന്‍ ചെയ്തുവരുമ്പോഴാണ് നമുക്കാ പാട്ട് ഹിറ്റാകാനും ചാന്‍സുണ്ട്. ഞങ്ങളുടെ ഭൂരിഭാഗം പാട്ടുകളും ട്യൂണ്‍ ചെയ്ത ശേഷം വരികളെഴുതിയവയാണ്. അതല്ലാത്ത സിറ്റുവേഷന്‍സും ഉണ്ട്. മീസാന്‍ എന്ന ചിത്രത്തിലെ (ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ഗാനമുള്‍പ്പെടെ) എല്ലാ ഗാനങ്ങളും ലിറിക്‌സ് എഴുതിയ ശേഷം ഈണമിട്ടവയാണ്. അതിന് അതിന്റേതായ പ്രത്യേകതയുണ്ട്.

സംഗീതസംവിധാനരംഗത്ത് പ്രമുഖമായ ഇടം നേടിയ സൂപ്പര്‍ഹിറ്റ് ദ്വയങ്ങള്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. പക്ഷെ നാല് പേര്‍ ചേര്‍ന്നൊരു സംഗീതസംവിധാനം എത്തരത്തിലാണ് പ്രായോഗികമാകുന്നത് / നാല് പേര്‍ ചേര്‍ന്നു ചെയ്യുമ്പോള്‍ നിങ്ങളുടെ ഈണങ്ങള്‍ കൂടുതല്‍ മികച്ചതാകുന്നു?

മലയാളസിനിമയിലും നമുക്ക് ഡ്യുവോസ് ഉണ്ട്. ദ്വയങ്ങള്‍ മാത്രമല്ല ത്രയങ്ങളും ഉണ്ട്, ഉദാഹരണത്തിന് ശങ്കര്‍-എഹ്‌സാന്‍-ലോയ്. അവര്‍ ചെയ്ത പാട്ടുകളൊക്കെത്തന്നെ ഹിറ്റാണ്. ഞങ്ങള്‍ നാലുപേര്‍ ചേര്‍ന്ന് ചെയ്യുമ്പോള്‍ എന്തായാലും ഒരു ഫ്രെഷ്‌നെസ് കൊണ്ടുവരാന്‍ പറ്റുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. കാരണം ഓരോത്തര്‍ക്കും ഒരോ വ്യൂപോയന്റാണ്. മ്യൂസിക് കേള്‍ക്കുന്നതിന്റെ രീതിയും മ്യൂസിക്കിനോടുള്ള ഇഷ്ടവുമൊക്കെ വ്യത്യസ്തമാണ്, വേറെ വേറെ ജോണ്‌ഴ്‌സാണ്. ഞങ്ങളുടെ കാര്യത്തില്‍ നാലുപേര്‍ക്കും നാല് ടേസ്റ്റാണ്. മെലഡി, റാപ്, ഹിപ് ഹോപ്, റോക്ക്, ഹെവി മെറ്റല്‍സ്...അങ്ങനെ ഓരോത്തര്‍ക്കും ഓരോ ഇഷ്ടങ്ങളാണ്. നാലുപേരും ഒരുമിച്ചുള്ള വൈബ് വളരെ ഡിഫറന്റ് ആയതുകൊണ്ടുതന്നെ ഒരു പാട്ട് ചെയ്യുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഡയറക്ടര്‍ ഒരു സിറ്റുവേഷന്‍ തരുമ്പോള്‍ ഞങ്ങള്‍ നാല് പേരും അതിനെക്കുറിച്ച് ചിന്തിക്കും, അതും നാലുപേര്‍ക്കും ഇഷ്ടമുള്ള ജോണറുകളില്‍. എന്നിരുന്നാലും ആ സിനിമ ഡിമാന്‍ഡ് ചെയ്യുന്നത് എന്താണോ അതിനാവശ്യമായ മ്യൂസിക് കണ്‍സപ്റ്റ് ആണ് ചെയ്യുന്നത്. ഒപ്പം, വില്ലന്‍, എലോണ്‍... തുടങ്ങി വര്‍ക്ക് ചെയ്ത പടങ്ങളില്‍ ഡിഫറന്റ് ജോണറുകള്‍ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്ന് ചെയ്യുമ്പോള്‍ ഏതു ജോണര്‍ വേണമെങ്കിലും നമുക്ക് ചെയ്യാന്‍ പറ്റുമെന്ന മെച്ചമുണ്ട്. കാലഘട്ടം മാറുന്നതിനനുസരിച്ച് മ്യൂസിക്കിന് ഒരുപാട് ചേയ്ഞ്ചസ് വരുന്നുണ്ട്. നാലുപേരുള്ളത് ഞങ്ങള്‍ക്ക് വളരെ പോസിറ്റീവായ കാര്യമാണ്. എതു ടൈപ്പ് മൂവിയോ ജോണറോ ചെയ്യാന്‍ പറ്റും എന്ന കോണ്‍ഫിഡന്‍സ് അതില്‍നിന്ന് കിട്ടുന്നുണ്ട്. ഇനി ചെയ്യാനിരിക്കുന്ന സിനിമകളില്‍നിന്ന് കുറേക്കൂടി കാര്യങ്ങള്‍ ഇനിയും ഞങ്ങള്‍ക്ക് പഠിക്കാനുണ്ട്.

മുന്‍നിര ഗായകര്‍- യേശുദാസ്, എസ്.പി.ബാലസുബ്രഹ്‌മണ്യം, ചിത്ര, ശങ്കര്‍ മഹാദേവന്‍, എം.ജി. ശ്രീകുമാര്‍- മിക്കവരേയും നിങ്ങള്‍ക്കുവേണ്ടി പാടിക്കാന്‍ സാധിച്ചുവല്ലോ. ആ അനുഭവങ്ങള്‍?

സീനിയേഴ്‌സായ ഇത്രയും സിങ്ങേഴ്‌സിനെ കൊണ്ട് പാടിക്കാന്‍ അവസരം കിട്ടിയത് ഏറെ സന്തോഷമുള്ള കാര്യമാണ്. എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ലത്. ഞങ്ങള്‍ വര്‍ക്ക് ചെയ്ത ഭൂരിഭാഗം സിനിമകളും ചെയ്തിരിക്കുന്നത് സീനിയര്‍ ഡയറക്ടേഴ്‌സിന്റെ ഒപ്പമാണ്. പഴയകാല പാട്ടുകളോടുള്ള ഇഷ്ടം കാരണം പഴയ കാലരീതിയിലുള്ള പാട്ടുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് വന്ന പുതുതലമുറ സംവിധായകരുമുണ്ട്. അവരുടെ സിനിമകളും ഞങ്ങള്‍ക്ക് സീനിയേഴ്‌സായ ഗായകരെക്കൊണ്ട് പാടിക്കാന്‍ അവസരം നല്‍കി. ഓരോ മുന്‍നിര ഗായകനൊപ്പമോ ഗായികക്കൊപ്പമോ പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന ഓരോ അവസരവും ഓരോ വ്യത്യസ്ത അനുഭവമാണ്. ഏറ്റവും വലിയ സന്തോഷമെന്നുപറഞ്ഞാല്‍ എല്ലാ സിങ്ങേഴ്‌സിനും ഞങ്ങള്‍ കൊടുക്കുന്ന പാട്ടുകള്‍ക്ക് ഓരോ സ്‌പെഷ്യാലിറ്റിയുണ്ടായിരുന്നു എന്നതാണ്. അവര്‍ ഓരോരുത്തരില്‍ നിന്നും ഞങ്ങള്‍ക്ക് ഒരുപാട് പഠിക്കാന്‍ സാധിച്ചു. എം.ജി. സര്‍ പാടിയ പാട്ടായാലും ദാസ് സര്‍ പാടിയ പാട്ടായാലും ചിത്ര ചേച്ചി പാടിയ പാട്ടായാലും എസ്പിബി സര്‍ പാടിയ പാട്ടായാലും-അദ്ദേഹത്തിനൊപ്പം ഒറ്റ പാട്ട് മാത്രമേ വര്‍ക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ-ജയചന്ദ്രന്‍ സര്‍ പാടിയ പാട്ടായാലും വളരെയധികം റീച്ച് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരുപാട് പേരെക്കൊണ്ട് പാടിക്കാനുള്ള അവസരമുണ്ടായി, ഭാഗ്യമായി കരുതുന്നു.

എംജി സാറിനെക്കൊണ്ട് പാടിക്കാന്‍ ആദ്യം പോയപ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര പേടിയായിരുന്നു. പ്രിയന്‍ സര്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞിരുന്നതുകൊണ്ട് തന്നെ പുള്ളി വളരെ കംഫര്‍ട്ടബിളായിരുന്നു, അദ്ദേഹത്തിന് പാട്ടും വളരെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. സര്‍ പാടിയപ്പോള്‍ ഞങ്ങളാകെ വണ്ടറിടിച്ചുപോയി. കാരണം പ്രതീക്ഷക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ റെന്‍ഡറിങ്. അദ്ദേഹവുമായി നല്ല ബന്ധമാണിപ്പോഴും. വില്ലന്‍ റെക്കോഡ് ചെയ്യാന്‍ പോയ അന്നാണ് ദാസ് സറിന് പദ്മഭൂഷണ്‍ ലഭിച്ചതായുള്ള പ്രഖ്യാപനം വന്നത്. അതുകൊണ്ടുതന്നെ പാടാന്‍ വരുമ്പോള്‍ സര്‍ വളരെ ഹാപ്പിയായിരുന്നു. അന്ന് സര്‍ ഒരുപാട് സമയം സ്റ്റുഡിയോയില്‍ ചെലവിടുകയും ഒരുപാട് അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഞങ്ങളെ കംഫര്‍ട്ടബിളാക്കിയ ശേഷമാണ് സര്‍ അന്ന് പാടിയത്. ചിത്രചേച്ചി ഞങ്ങള്‍ക്ക് വേണ്ടി നാലഞ്ച് പാട്ടുകള്‍ പാടിയിട്ടുണ്ട്. ഓരോ പാട്ട് ചിത്രചേച്ചി പാടുമ്പോള്‍ ഓരോ അനുഭവമാണ്. ഇപ്പോള്‍ ലേറ്റസ്റ്റായി പാടിയ ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തെ മുല്ലത്തൈ...എന്ന പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ ചേച്ചി ചോദിച്ച ഒരു ചോദ്യമുണ്ട്, നിങ്ങളെന്നെക്കൊണ്ട് പഞ്ചമം തൊടീക്കാതൊരു പാട്ടും പാടിക്കില്ലല്ലേന്ന്. ശങ്കര്‍ മഹാദേവന്‍ സാര്‍ ഞങ്ങള്‍ക്കുവേണ്ടി ആദ്യം പാടിയ പാട്ടിന് ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിരുന്നു. അദ്ദേഹം ആപാട്ടിനുവേണ്ടി ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു. ഓരോ വരിയ്ക്കും രണ്ടും മൂന്നും ഓപ്ഷന്‍സ് വെച്ച് സര്‍ പാടിത്തന്നിരുന്നു. എസ്പിബി സറിന്റെ സോങ് ഞങ്ങള്‍ക്ക് നേരിട്ട് പോയി റെക്കോഡ് ചെയ്യാന്‍ സാധിച്ചില്ലെന്നുള്ള വിഷമം ബാക്കിയാണ്. സര്‍ പക്ഷെ ഫോണ്‍വിളിച്ച് സംസാരിച്ചിരുന്നു. വളരെ പൊളൈറ്റ് ആണദ്ദേഹം. ഞങ്ങളെ സര്‍ എന്ന് വിളിച്ചാണ് അദ്ദേഹം സംബോധന ചെയ്തത്. അങ്ങനെ ഓരോ ഗായകരോടൊത്തുമുള്ള അനുഭവങ്ങള്‍ ഏറെ സന്തോഷം തരുന്നവയാണ്.

പുതിയ ഗായകരെ പരീക്ഷിക്കാറുണ്ടോ, അതായത് അവർക്ക് അവസരമൊരുക്കാൻ ശ്രമിക്കാറുണ്ടോ?

തീര്‍ച്ചയായും, ഒപ്പം ആണ് ഞങ്ങളുടെ ഫസ്റ്റ് ഹിറ്റ്. അതിനുമുമ്പ് ജസ്റ്റ് മാരീഡ് എന്ന ഞങ്ങളുടെ ഫസ്റ്റ് മൂവിയില്‍ മെല്ലെ കണിമഴയായ്... എന്ന ഗാനം നജീം അര്‍ഷാദിനൊപ്പം ശില്‍പ രാജു എന്ന പുതിയ ഗായികയ്ക്ക് അവസരം നല്‍കിയിരുന്നു. ആ സിനിമയുടെ ക്യാമറാമാന്‍ സജസ്റ്റ് ചെയ്ത കുട്ടിയാണത്. പിന്നീട് ഒപ്പം വന്നപ്പോള്‍ ഹരിത ബാലകൃഷ്ണന്‍ ഞങ്ങള്‍ക്കുവേണ്ടി പാടി. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ലേബലില്ലാതിരുന്ന കാലത്ത് ഹരിത ഒരുമടിയുമില്ലാതെ ട്രാക്കുകള്‍ പാടിത്തന്നും മറ്റും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒപ്പത്തില്‍ എം.ജി.സാറിനൊപ്പം ചിരിമുകിലേ എന്ന ഡ്യുയറ്റും ആ സോങ്ങിന്റെ ഫീമെയില്‍ വേര്‍ഷനും പഞ്ചാബി സോങ്ങിലെ ലീഡ് വോയ്‌സും ഹരിതയാണ് പാടിയത്. അതിനുശേഷമുള്ള സദൃശ്യവാക്യം 24: 29 എന്ന സിനിമയില്‍ വൃന്ദ, ബ്രദേഴ്‌സ് ഡേയില്‍ ദീപക്, മ്യൂസിക് മഗ്ഗിലൂടെ കണ്ടെത്തിയ രാജീവ് രവീന്ദ്രന്‍, എവ്‌ലിന്‍ വിന്‍സെന്റ്, ടെസ സൂസന്‍...ഞങ്ങളുടെ മിക്ക സിനിമകളിലും ഒരു പുതിയ സിങ്ങറിന് അവസരം നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. മ്യൂസിക് മഗ് എന്ന കണ്‍സെപ്റ്റ് ചെയ്യുന്നതുപോലും പുതിയ ഗായകരെ കണ്ടെത്താനാണ്. ടാലന്റ് ഉണ്ടെങ്കില്‍ മാക്‌സിമം ചെയ്യാന്‍ പറ്റുന്ന സഹായം ചെയ്യാറുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം ഞങ്ങളുടേത് മാത്രമല്ല, സിനിമയുടെ ഡയറക്ടര്‍ക്കും മറ്റും അതില്‍ പങ്കുണ്ട്. അവര്‍ അപ്രൂവ് ചെയ്താല്‍ മാത്രമേ ഞങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ പറ്റൂ. മുന്‍നിര ഗായകര്‍ പാടുന്ന ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് സ്വാഭാവികം. അത് സിനിമയ്ക്കും മുതല്‍ക്കൂട്ടാവും. മൂന്നോ നാലോ പാട്ടുകളുണ്ടെങ്കില്‍ അതില്‍ മുന്‍നിര ഗായകര്‍ക്കൊപ്പം ഒരു പുതിയ സിങ്ങറിനും അവസരം നല്‍കാറുണ്ട്.

സിനിമാസംഗീതസംവിധാനത്തിനുപരിയായുള്ള നിങ്ങളുടെ സംഗീതപ്രവര്‍ത്തനങ്ങള്‍ / അവയെ എത്തരത്തില്‍ നോക്കിക്കാണുന്നു?

കുറച്ച് ബിസിനസ് പരിപാടികളുണ്ട്. സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ട്-എന്‍എച്ച്ക്യു എന്നാണ് പേര്. പനമ്പള്ളി നഗറിലാണ് സ്റ്റുഡിയോ. ഇന്‍ഡസ്ട്രിയില്‍ ലീഡിങ് ആയി നില്‍ക്കുന്ന ഒരു സ്റ്റുഡിയോ ആണെന്ന് പറയാം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പലഭാഷകളിലായി 500 ഓളം സിനിമകള്‍ എന്‍എച്ച്ക്യുവില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്‍എച്ച്ക്യു ഒരു ഓഡിയോ എന്‍ജിനീയറിങ് കോളേജ് കൂടിയാണ്. ഡിപ്ലോമ പ്രോഗ്രാമുകളും മറ്റ് ഷോര്‍ട്ട് ടേം പ്രോഗ്രാമുകളും എന്‍എച്ച്ക്യു റണ്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഡിഗ്രി പ്രോഗ്രാം കൂടി അപ്രൂവ് ആയിട്ടുണ്ട്. കൂടാതെ മ്യൂസിക് ആല്‍ബങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഒരു ബാന്‍ഡ് അടുത്തായി ലോഞ്ച് ചെയ്തു. ഒറിജിനൽ സോങ്സാണ് പാടാൻ താത്പര്യം. ഹൂപ് (Hoop) എന്ന പേരില്‍ ഞങ്ങളുടെ ആല്‍ബം സോങ്‌സും റിലീസാവുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള സിങ്ങേഴ്‌സിന് കൂടുതല്‍ അവസരങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ മ്യൂസിക് മഗ് (Music Mug ) എന്നൊരു പ്രോജക്ട് ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അയര്‍ലന്‍ഡില്‍ രണ്ട് സീസണും യുകെയില്‍ ഒരു സീസണും ചെയ്തു, വളരെ സക്‌സസ്ഫുളായിരുന്നു. ഫസ്റ്റ് സീസണില്‍ പാടിയ രണ്ടുപേര്‍ക്ക് ഞങ്ങളുടെ പടത്തില്‍ പാടാനുള്ള അവസരം നല്‍കി. ഇതിനൊക്കെയായി ഞങ്ങള്‍ക്ക് ഒരുപാട് സപ്പോട്ട് ലഭിക്കുന്നുണ്ട്. അയര്‍ലന്‍ഡിലുള്ള ഗ്ലോബല്‍ സ്റ്റുഡിയോ പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് പ്രധാനമായും ഞങ്ങളെ സപ്പോട്ട് ചെയ്യുന്നത്.

ഇതരഭാഷാസിനിമകളിലും നിങ്ങൾ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എത്തരത്തിലായിരുന്നു ആ അനുഭവങ്ങൾ / പുതിയ പ്രോജക്ടുകൾ?

മലയാളത്തിന് പുറമേ ഞങ്ങള്‍ തമിഴ് ചെയ്തിട്ടുണ്ട്. ഒപ്പത്തിന്റെ തെലുഗ് ചെയ്തു, ഒപ്പത്തിന്റെ തന്നെ കന്നഡ റീമെയ്ക്ക് ചെയ്തു. ഒരു ഹിന്ദി സിനിമയും ഉണ്ട്. തമിഴില്‍ ഞങ്ങളുടെ ഫസ്റ്റ് മൂവി അഘോരിയാണ്. മലയാളം സിനിമ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമാണ് തമിഴിലേത്. മ്യൂസിക് കള്‍ചര്‍ ഡിഫറന്റ് ആയതുകൊണ്ടുതന്നെ നമ്മുടെ അപ്രോച്ചും വ്യത്യസ്തമായിരിക്കും. ശ്രീദേവി ബംഗ്ലാ എന്ന ഹിന്ദി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ആ സിനിമയില്‍ ഒരു പാട്ട് സുനീതി ചൗഹാനെക്കൊണ്ട് പാടിക്കാന്‍ സാധിച്ചു. മറ്റ് ഭാഷകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ നമുക്ക് പുതിയ അനുഭവങ്ങളാണ് നമുക്ക് നേട്ടമായി ലഭിക്കുന്നത്-പുതിയ രീതികള്‍, സമീപനങ്ങള്‍, കാഴ്ചപ്പാടുകള്‍, സ്വീകാര്യത...നമ്മുടെ സീനിയേഴ്‌സ് ചെയ്ത സിനിമകളില്‍ അവര്‍ക്കുള്ള റെസ്‌പെക്ട് നമുക്കും അവര്‍ തരുന്നുണ്ട്. അത് വളരെ സന്തോഷം തരുന്ന കാര്യമാണ്. മലയാളം സിനിമയ്ക്ക് ഒരുപാട് വാല്യു അവര്‍ തരുന്നുണ്ട്. മലയാളത്തില്‍ ഇനി വരാനുള്ളത് അനുരാധ, മരതകം, രജനി, ജവാനും മുല്ലപ്പൂവും, സൈബീരിയന്‍ കോളനി, അറ്റ് എന്നിവയാണ്.

Content Highlights: Interview, 4 Musics, Music Director, Music, Malayalam Movie Songs, Oppam, Javanum Mullappoovum

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


Fejo Rapper

ഓരോ വരിയിലും മുഴങ്ങും ഇരട്ടിപഞ്ച്; ഇജ്ജ് പൊളിയാണ് ഫെജോ

Feb 28, 2022


parveen babi, tragic life, kabir bedi amitabh bachchan

3 min

പ്രശസ്തിയില്‍നിന്ന് വിഷാദത്തിന്റെയും ലഹരിയുടെയും ഇരുട്ടിലേക്ക് വീണുപോയ പര്‍വീണ്‍ ബാബി

Apr 5, 2023

Most Commented