ദേവി വർമ, തരുൺ മൂർത്തി | PHOTO : SPECIAL ARRANGEMENTS
തിയേറ്ററുകളില്‍ പ്രേക്ഷകര്‍ എത്താതിരുന്ന ഒരു കോവിഡ് കാലം. മലയാളം ഉള്‍പ്പടെയുള്ള സിനിമ മേഖല ആ സമയത്ത് കടുത്ത പ്രതിസന്ധിയിലായിരുന്നു. അന്ന് പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് മടക്കിയെത്തിച്ച ചിത്രങ്ങളില്‍ ഒരു നവാഗത സംവിധായകന്റെ ചിത്രവും ഉണ്ടായിരുന്നു, തരൂണ്‍ മൂര്‍ത്തി ഒരുക്കിയ 'ഓപ്പറേഷന്‍ ജാവ'. താരപരിവേഷങ്ങളില്ലാതെ എത്തിയ ആ ത്രില്ലറിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ തരൂണ്‍ മൂര്‍ത്തി വീണ്ടും എത്തിയിരിക്കുകയാണ്, 'സൗദി വെള്ളക്ക' എന്ന ഗംഭീര ചിത്രത്തിലൂടെ. ഇത്തവണയും കഥ തന്നെയാണ് താരം. മികച്ച പ്രേക്ഷക പ്രതികരണവുമായി 'സൗദി വെള്ളക്ക' തിയേറ്ററില്‍ പ്രദര്‍ശനം തുടരവെ തന്റെ സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
ഓപ്പറേഷന്‍ ജാവ തന്ന ധൈര്യമാണ് സൗദി വെള്ളക്ക
'ഓപ്പറേഷന്‍ ജാവ' വിജയിച്ചപ്പോള്‍ കിട്ടിയ ധൈര്യം വളരെ വലുതായിരുന്നു. നല്ല സിനിമ നല്‍കിയാള്‍ ആളുകള്‍ വരും എന്ന് മനസിലായി. സിനിമ ഇറങ്ങുന്നതിന് മുന്‍പ് ഞാന്‍ നല്ല കണ്‍ഫ്യൂഷനിലായിരുന്നു. പക്ഷേ തിയേറ്ററുകാരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചു. സിനിമയെ ജെനുവിനായി സമീപിച്ചാല്‍ തിയേറ്ററില്‍ ആളുകള്‍ വരും എന്നുറപ്പായി. ജാവയില്‍ നിന്ന് കിട്ടിയ ആ ധൈര്യം സൗദി വെള്ളക്ക ചെയ്യുമ്പോഴും ഉണ്ടായിരുന്നു.

പുറം മോടിയിലല്ല, കഥാപാത്രങ്ങള്‍ക്ക് യോജിച്ച മുഖങ്ങളാണ് വേണ്ടതെന്നും ഒരു സീനില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് കോര്‍ത്തുപോകുന്ന രസച്ചരടാണ് പ്രധാനം എന്ന തിരിച്ചറിവും ജാവ തന്നിട്ടുണ്ട്. ആ ധൈര്യമാണ് സൗദിയിലും ഇങ്ങനെ ഒരു കാസ്റ്റ് മതി എന്ന് തീരുമാനിച്ചത്. സൗദി വെള്ളക്കയുടെ ആശയം നേരത്തെ കൈയിലുണ്ടായിരുന്നു. ഒരു ന്യൂസ്‌പേപ്പര്‍ കട്ടിങിലൂടെയാണ് കഥയിലേയ്ക്ക് എത്തുന്നത്. എന്നെങ്കിലും ഇത് സിനിമയാക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. 2021ലാണ് സൗദിയുടെ ഷൂട്ടിങ് നടക്കുന്നത്.
ആദ്യ സിനിമയ്ക്ക് കാരണം ഒരു വീഡിയോ എങ്കില്‍ രണ്ടാമത്തേത് പത്രക്കുറിപ്പ്
ഓപ്പറേഷന്‍ ജാവയുടെ ഇന്റര്‍വെല്‍ ഭാഗം എഴുതിക്കഴിഞ്ഞപ്പോഴാണ് താത്കാലിക ജീവനക്കാരുടെ വിഷയത്തിലേയ്ക്ക് സിനിമ കൊണ്ട് നിര്‍ത്താം എന്ന ആശയം കിട്ടുന്നത്. ജാവ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാരെ പറഞ്ഞുവിടുന്ന ഒരു വീഡിയോ കാണാനിടയാകുന്നത്. അത് കണ്ടപ്പോള്‍ എനിക്ക് വിഷമമായി. അതില്‍ നിന്നാണ് പ്രധാന കഥാപാത്രങ്ങളെ താത്കാലിക ജീവനക്കാരാക്കുന്നത്. ആ വീഡിയോയില്‍ കണ്ട ദൃശ്യങ്ങളുടെ അതേ ഇമോഷനാണ് ജാവയുടെ അവസാനവും ഉണ്ടാകുന്നത്. ഇതേപോലെയാണ് സൗദിയിലും സംഭവിക്കുന്നത്. വെള്ളയ്ക്ക തലയില്‍ വീണ കേസ് യാദൃശ്ചികമായി കാണുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇതുപോലത്തെ ഒരുപാട് കേസുകള്‍ കെട്ടിക്കിടക്കുന്നതായി അറിഞ്ഞത്. പിന്നാലെ സിനിമ സംഭവിക്കുകയായിരുന്നു.
പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുക ഇമോഷന്‍സ്
എല്ലാത്തരം സിനിമയും ചെയ്യണമെന്നാണ് ആഗ്രഹം. ഹൊററും ത്രില്ലറും കോമഡിയും മാസും എല്ലാം ചെയ്യാന്‍ ഇഷ്ടമാണ്. ഏത് തരം സിനിമ ചെയ്താലും അതിലൊരു ഇമോഷണല്‍ കണ്ടന്റ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഓപ്പറേഷന്‍ ജാവ കണ്ടുകഴിഞ്ഞപ്പോഴും ആളുകള്‍ ചര്‍ച്ച ചെയ്തത് ലൂക്ക്മാനും ബാലു വര്‍ഗീസും ചെയ്ത കഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ചാണ്. ക്ലൈമാക്‌സിലെ ഇമോഷനാണ് പ്രേക്ഷകര്‍ ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചെയ്യുന്ന സിനിമകളില്‍ ഇത്തരം ഇമോഷന്‍സ് വേണമെന്നുണ്ട്.
.jpg?$p=8b03612&&q=0.8)
കണ്ടുമടുത്ത മുഖങ്ങള്‍ക്ക് പകരം പുതിയത് വേണം എന്നും എനിക്കുണ്ട്. അഭിനയം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ചാന്‍സ് തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. എനിക്ക് സാധിക്കാത്തത് പുതിയ ആള്‍ക്കാരിലൂടെ കാണുമ്പോള്‍ ഒരു സന്തോഷം. പുതിയ ആള്‍ക്കാരെ പ്രഷര്‍ ചെയ്യിക്കാതെ നമ്മളില്‍ ഒരാളായി നിര്‍ത്താന്‍ പരമാവധി ശ്രമിക്കാറുണ്ട്. അവര്‍ക്ക് ആവശ്യത്തിന് സമയം കൊടുത്ത് പെര്‍ഫോം ചെയ്യിപ്പിക്കാനാണ് ഇഷ്ടം.
പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി, സൈബര്‍ സെല്ലിലെ റിസേര്‍ച്ച്
സംവിധാനം ചെയ്ത് രണ്ട് സിനിമകളിലും സംഭവിച്ച കഥകള്‍ക്ക് പിന്നാലെയാണ് സഞ്ചരിച്ചത്. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായ സംഭവത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഓപ്പറേഷന്‍ ജാവ വരുന്നത്. ഇക്കാലമത്രയും പ്രേമം സെന്‍സര്‍ കോപ്പി ലീക്കിനെപ്പറ്റി പറയണമെന്ന ചിന്തയുണ്ടായിരുന്നു. അതുപോലെ 15 വര്‍ഷത്തോളം ഒരു സ്ത്രീ കോടതിയില്‍ കയറിയിറങ്ങിയ കാര്യം ചെറിയൊരു കോളം വാര്‍ത്തയിലൂടെയാണ് അറിയുന്നത്. അങ്ങനെ അതും സിനിമയുടെ ഭാഗമായി. എന്റെ എഴുത്ത് മുഴുവനും റിസേര്‍ച്ചുകളില്‍ ഊന്നിയാണ്. സൈബര്‍ സെല്ലില്‍ പോയിരുന്ന വിവരങ്ങള്‍ ശേഖരിച്ചാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. മനസ് കൊണ്ട് ആദ്യം എഴുതും. പിന്നെ തലച്ചോറ് കൊണ്ട് റീവര്‍ക്ക് ചെയ്യും.
പല നടന്മാര്‍ക്കും സ്‌ക്രീന്‍ സ്‌പേസ് വിഷയമായി
ബിനുച്ചേട്ടനും ലൂക്ക്മാനും ഓപ്പറേഷന്‍ ജാവ മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. ഇവരോട് സൗദിയുടെ കഥ ആദ്യമേ പറഞ്ഞിരുന്നു. സൗദി വെള്ളക്കയില്‍ വേറെ താരങ്ങളായിരിക്കുമെന്ന് ഇവരോട് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കും അത് ഓകെയായിരുന്നു. പക്ഷേ പിന്നീട് എനിക്ക് ഇവരല്ലാതെ വേറെ ആരും ശരിയാവില്ല എന്ന് മനസിലായി. ലൂക്മാന് പകരം വേറെ പലരേയും ആലോചിച്ചു, കണ്ട് സംസാരിച്ചു. ചിലര്‍ക്ക് സ്‌ക്രീന്‍ സ്‌പേസ് കുറവാണെന്ന് തോന്നി, ചിലര്‍ കഥയില്‍ വിശ്വാസം പോരായിരുന്നു.

സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും കഥയിലെ നായകന്‍ താനാണെന്ന് തിരിച്ചറിയുന്ന ആള് തന്നെ വേണമായിരുന്നു. ലൂക്ക്മാന് അത് കൃത്യമായി മനസിലായി. അങ്ങനെയാണ് ലൂക്ക്മാനിലേയ്ക്ക് എത്തുന്നത്. മിനിമം ഗ്യാരന്റിയുള്ള നടനായി ലൂക്ക്മാന്‍ മാറിയിരിക്കുന്നു. ബിനുച്ചേട്ടന്റെ റോളിനായി ആദ്യം തീരുമാനിച്ചത് റോഷന്‍ ആന്‍ഡ്രൂസിനെയായിരുന്നു. പക്ഷേ ഡേറ്റ് പ്രശ്‌നമായി. പിന്നീടാണ് ബിനുച്ചേട്ടന്‍ മതി എന്ന് തീരുമാനിക്കുന്നത്. ബിനുച്ചേട്ടനായി ആദ്യം തീരുമാനിച്ചിരുന്നത് ക്ലൈമാക്‌സില്‍ വരുന്ന മജിസ്‌ട്രേറ്റിന്റെ വേഷമായിരുന്നു.
പ്രേക്ഷകനെ പറ്റിക്കാന്‍ ഇഷ്ടമല്ല
എത്ര നല്ല സിനിമ ചെയ്താലും പരാജയ ചിത്രം ചെയ്താലും പുതിയ ചിത്രത്തിന് കൃത്യമായ മാര്‍ക്കറ്റിങ് വേണം. ചിത്രത്തിന്റെ ട്രെയിലറും ഇന്റര്‍വ്യൂവും പോസ്റ്ററുമെല്ലാം കണ്ടിട്ട് ഒരു പ്രേക്ഷകന് തന്റെ ടേസ്റ്റിനുള്ള സിനിമയാണെന്ന് തോന്നിയാല്‍ മാത്രമേ തിയേറ്ററില്‍ എത്താവൂ എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. സൗദി വെള്ളക്ക എല്ലാത്തരം പ്രേക്ഷകരുടെയും കപ്പ ഓഫ് ടീ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ 80 ശതമാനം ആളുകളുടെയും കപ്പ് ഓഫ് ടീ ആയതില്‍ സന്തോഷം.
.jpg?$p=22d1829&&q=0.8)
ഈ സിനിമ എന്താണെന്ന് ഞങ്ങള്‍ ക്യത്യമായി സംസാരിക്കുന്നുണ്ട്. പ്രമോഷനിടെ ഒരിക്കലും ഇതൊരു കോമഡി പടം ആണെന്നോ ഇടി പടം ആണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞങ്ങള്‍ സത്യസന്ധമായാണ് സിനിമ പ്രമോട്ട് ചെയ്തത്. പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കരുതെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. സിനിമ നല്ലതാണെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ എത്തുകയുള്ളു. സൗദി വെള്ളക്ക തിയേറ്ററില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട പടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സിനിമ ചെയ്യാനുള്ള ആഗ്രഹം ബാക്കിയാക്കി 'സൗദി ഗ്രേസി' വിട പേറഞ്ഞു
തിരിവനന്തപുരത്താണ് സിനിമയ്ക്കാസ്പദമായ കഥ നടക്കുന്നത്. പക്ഷേ കഥാപശ്ചാത്തലം കൊച്ചിയാക്കാം എന്ന് തീരുമാനിച്ചു. സിനിമയിലെ പ്രധാന കഥാപാത്രമായി ആദ്യം നിശ്ചയിച്ചത് സൗദി ഗ്രേസി എന്ന നടിയെയാണ്. കൊച്ചിയിലെ സൗദിയായിരുന്നു ഗ്രേസിയുടെ സ്ഥലം. സിനിമ ചെയ്യാം എന്ന് ആ അമ്മയോട് പറഞ്ഞു. പക്ഷേ കോവിഡ് ബാധിച്ച് ആ അമ്മ മരിച്ചു. അവരെ കാണാന്‍ സൗദിയില്‍ ചെന്നപ്പോഴാണ് എന്തുകൊണ്ട് ഈ സിനിമ സൗദിയില്‍ ചെയ്തുകൂടാ എന്ന ചിന്ത വന്നത്. അങ്ങനെയാണ് സൗദി എന്ന പേര് വരുന്നത്. പിന്നാലെ കഥയില്‍ പ്രാധാന്യം ഏറെയുള്ള വെള്ളക്കയും ടൈറ്റിലില്‍ എത്തി.
സൗദി ഗ്രേസി എന്ന നടി മരണപ്പെട്ടതോടെ മാനസികമായി ഞങ്ങള്‍ തളര്‍ന്നു. എഴുപത് വയസ് അടുപ്പിച്ച് പ്രായമുണ്ടായിരുന്നു. ഈ സിനിമ ചെയ്യണമെന്ന് അവര്‍ക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. വികൃതിയില്‍ സൗബിന്റെ അമ്മയായിട്ട് വേഷമിട്ടിട്ടുണ്ട്. ഈ ചിത്രം ചെയ്തുകഴിഞ്ഞാല്‍ വേറെ ഒരുപാട് വേഷം കിട്ടുമെന്നും തന്റെ ജീവിതം രക്ഷപ്പെടുമെന്നും അവര്‍ വിളിക്കുമ്പോള്‍ പറയുമായിരുന്നു. ഈ അമ്മയ്ക്ക് പകരം ആര് എന്ന ചോദ്യം വന്നു.
.jpg?$p=81e9f21&&q=0.8)
നാടകത്തില്‍ അഭിനയിക്കുന്നവര്‍ ഉള്‍പ്പടെ പലരേയും നോക്കി. ആരും ശരിയായില്ല. എന്റെ കൂട്ടുകാരന്റെ വാട്‌സാപ്പ് സ്റ്റാറ്റസിലൂടെയാണ് ദേവി വര്‍മ എന്ന അമ്മയെ കാണുന്നത്. എന്റെ കൂട്ടുകാരന്റെ അമ്മൂമ്മയായിരുന്നു. സിനിമയില്‍ അഭിനയിക്കാമോ എന്ന ചോദിച്ച് സമീപിച്ചപ്പോള്‍ ഷുഗര്‍, ബാലന്‍സിങ് പ്രശ്‌നം തുടങ്ങി ഒരുപാട് അസുഖങ്ങള്‍ അമ്മയ്ക്കുണ്ട്. എന്റെ വാശിപ്പുറത്താണ് 87 കാരിയായ അമ്മ സിനിമ ചെയ്യാമെന്ന് ഏറ്റത്. തുടര്‍ന്നും സിനിമ ചെയ്യാന്‍ താത്പര്യമുണ്ട്. അനുഭവത്തില്‍ നിന്നാണ് അവര്‍ അഭിനയിക്കുന്നത്. ഒരു രംഗം അഭിനയിക്കുമ്പോള്‍ അവര്‍ അവരുടെ ജീവിതത്തിലെ ഒരു സംഭവുമായി ബന്ധപ്പെടുത്തി ആലോചിക്കും. അങ്ങനെ കൃത്യമായ ഭാവം മുഖത്ത് വരുത്തും. എന്നെയത് അത്ഭുതപ്പെടുത്തിയിടുണ്ട്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മലയാളികളുടെ സ്‌നേഹം
ഒരുപാട് മേളകളില്‍ സൗദി വെള്ളക്ക എത്തുമെന്ന് ക്യാമറാമാനും എഡിറ്ററും ഉള്‍പ്പടെ പലരും പറഞ്ഞിരുന്നു. സിനിമയിലെ അമ്മയുമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എത്തുന്നത്. ജൂറി ഉള്‍പ്പടെ എല്ലാവരും അമ്മയെ കാണണമെന്ന് പറഞ്ഞിരുന്നു. എല്ലാവരുടെയും നിര്‍ബന്ധപ്രകാരമാണ് അമ്മയെ കൊണ്ടുപോകുന്നത്.
സിനിമയും അമ്മയും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷം. സിനിമ കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിച്ചു. ആദ്യമായാണ് ഇത്രയും ആളുകള്‍ ഒരുമിച്ച് സിനിമയ്ക്ക് കൈയടിക്കുന്നത് കാണുന്നത്. ഒരുപാട് മലയാളികള്‍ സിനിമയെപ്പറ്റി എഴുതി. മലയാളികളുടെ സ്‌നേഹമായിരുന്നു അത്.
ഓപ്പറേഷന്‍ ജാവ ഏതാ ചിത്രമെന്ന് പുച്ഛം, സൗദി പൊട്ടട്ടെ എന്നുള്ള ഫോണ്‍വിളികള്‍
ആദ്യ വിജയത്തിന്റെ പ്രഷര്‍ ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്നു. താരപരിവേഷം ചിത്രത്തിനില്ല എന്ന സംസാരം വന്നു. അതെന്നെ ചെറുതായി എങ്കിലും ബാധിച്ചു. സിനിമ പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നു എന്ന് വിളിച്ച് പറഞ്ഞവര്‍ വരെയുണ്ട്. സൗദിയുടെ ബിസിനസ് സംസാരിക്കാന്‍ പോയപ്പോള്‍ ഓപ്പറേഷന്‍ ജാവ കണ്ടിട്ടില്ല, അത് ഏത് ചിത്രം എന്ന് പറഞ്ഞ് പലരും പുച്ഛിച്ച് വിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിക്കപ്പെട്ടതോടെ കഥ മാറി. പലരും ഇങ്ങോട്ട് വിളിച്ചു. സിനിമയെപ്പറ്റി കൂടുതല്‍ സംസാരിച്ചുതുടങ്ങി. ജാവ ഹിറ്റായത് കൊണ്ട് സൗദി കാണാന്‍ ആരും വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇമോഷന്‍സ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ സൗദി കാണാന്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
സൗദിയിലെ മനുഷ്യര്‍ നിങ്ങളെ കരയിക്കും: മനസിനെ കുത്തിനോവിക്കുന്നതല്ല, മനസ് നിറയ്ക്കുന്ന ആനന്ദക്കണ്ണീരാണത്
ധാരാളം പേര്‍ സിനിമ തേടിയെത്തുന്നതില്‍ സന്തോഷം. സിനിമ കാണാന്‍ വരുന്നവരെ സൗദിയെന്ന സ്ഥലത്ത് എത്തിക്കുക എന്നതാണ് സൗദി വെള്ളക്കയിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കൂട്ടം മനുഷ്യരുടെ ഇടയിലിരുന്ന് കാണേണ്ട ചിത്രമാണിത്. പലരും സിനിമ കണ്ട് കരഞ്ഞുപോയിട്ടുണ്ട്. ഒരിക്കലും സെന്റി പടം എന്ന അര്‍ഥത്തിലല്ല ആളുകള്‍ കരയുന്നത്, ആനന്ദകണ്ണീരാണത്. സന്തോഷം കൊണ്ട് കരഞ്ഞുപോകുന്നതാണ്. മനസിന്റെ കോണില്‍ നന്മയോ സ്‌നേഹമോ ഉള്ളവരുടെ കണ്ണ് ഈ ചിത്രം കാണുമ്പോള്‍ നനയും. മനസിനെ കുത്തിനോവിക്കുന്നതല്ല, മനസ് നിറയുന്നതാണ്.
.jpg?$p=1400dd6&&q=0.8)
കരയിക്കുന്ന സിനിമ എടുക്കുന്നതെന്തിനെന്ന് സൗദി വെള്ളക്ക കാണാത്ത പലരും പറഞ്ഞിട്ടുണ്ട്. നീ തമാശപ്പടം എടുക്ക് എങ്കില്‍ ഞങ്ങള്‍ കാണാം എന്ന് ചിലര്‍ പറഞ്ഞു. സിനിമ കണ്ട് ഒരാള്‍ കെട്ടിപ്പിടിച്ചാല്‍ അവാര്‍ഡ് കിട്ടുന്നതിനെക്കാള്‍ ഞാന്‍ സന്തോഷിക്കും. അങ്ങനെ ആയിരക്കണക്കിന് കെട്ടിപ്പിടുത്തങ്ങള്‍ കിട്ടി. ആ സന്തോഷത്തിനപ്പുറം ഇനിയൊന്നും വേണ്ട.
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടന്മാരുമായാണ് അടുത്ത ചിത്രങ്ങള്‍
സ്വന്തം എഴുത്തില്‍ത്തന്നെ സിനിമ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. പക്ഷേ ബിനു പപ്പു എഴുതുന്ന ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വേറെയും ഒരു ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ട്. മലയാളത്തില്‍ ഇപ്പോഴുള്ള താരങ്ങളുമായി സിനിമ ചെയ്യും. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടന്മാരുമായാണ് അടുത്ത ചിത്രങ്ങള്‍.
Content Highlights: interview of director tharun moorthy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..