ബി.കെ. ഹരിനാരായണൻ | ഫോട്ടോ: മനൂപ് ചന്ദ്രൻ
രണ്ടുവർഷംമുമ്പാണ് ‘കാടകലം’ സിനിമയ്ക്കായി ഹരിനാരായണൻ പാട്ടെഴുതുന്നത്, കാടിന്റെ നനവും നിനവും നിറച്ചുവെച്ച വരികൾ സംസ്ഥാനപുരസ്കാരം സ്വന്തമാക്കുംവരെ അധികമാരിലേക്കും എത്തിയിരുന്നില്ല. അകലെ മറഞ്ഞിരുന്ന കാടകലത്തിലെ ഗാനം മികച്ച രചനയ്ക്കുള്ള പുരസ്കാരപ്പകിട്ടോടെ ഇന്ന് ആസ്വാദകഹൃദയത്തിലിടംനേടുകയാണ്. കാടും കാട്ടിലെ മനുഷ്യർക്കിടയിലെ ഉൾപ്പിരിവുകളും വിവരിക്കുന്നതാണ് വരികൾ. പാട്ടിൽ പ്രണയവും പ്രതിഷേധവും കണ്ണീരും കിനാവും നിറയ്ക്കുന്ന ബി.കെ. ഹരിനാരായണനെത്തേടി രണ്ടാംതവണയാണ് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാനപുരസ്കാരം എത്തുന്നത്. കാടിന്റെ പാട്ട് സമ്മാനിച്ച ആഹ്ലാദം പങ്കുവെച്ച് ഹരിനാരായണൻ സംസാരിക്കുന്നു.
‘മുളപൊട്ടിച്ചീന്തണ പോലെൻ ചങ്കു ചിലമ്പണ് തേൻകനിയേ...’ -കാടകലത്തിലെ പാട്ടിന്റെ പിറവിയെക്കുറിച്ച്
സംഗീതസംവിധായകൻ ജയഹരിയാണ് ‘കാടകല’ത്തിലെ പാട്ടിനായി ആദ്യം വിളിക്കുന്നത്. സംവിധായകൻ സഖിൽ രവീന്ദ്രൻ കഥാസന്ദർഭം വിശദീകരിച്ചു. കാട്ടിൽ ജീവിക്കുന്ന അച്ഛനും മകനും. കാടുവിട്ട് നഗരത്തിലേക്ക് പഠിക്കാൻപോകുന്ന മകനെ പിരിയുന്ന വേദന വരികളിലുണ്ടാകണമെന്നായിരുന്നു നിർദേശം. കഥാസന്ദർഭം മുൻനിർത്തി പാട്ടെഴുതിയശേഷമാണ് വരികൾക്ക് സംഗീതം നൽകിയത്. കാടുമായി ചേർന്നുവരുന്ന കാഴ്ചകളെല്ലാം പരമാവധി വരികളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. കാടും കാടിന്റെ കനിയും എന്ന ചിന്തയായിരുന്നു വരികളെഴുതാനിരിക്കുമ്പോൾ മനസ്സിൽ. അച്ഛനെ കാടായും മകനെ കനിയായും സങ്കല്പിച്ചു. ബിജിബാലിനെക്കൊണ്ട് പാടിക്കാനുള്ള തീരുമാനം സംഗീതസംവിധായകന്റേതായിരുന്നു.
സംസ്ഥാനപുരസ്കാരത്തോടെയാണ് ‘കനിയേ...’ ഗാനം ശ്രദ്ധിക്കപ്പെടുന്നത്. പാട്ടിന് ഇത്തരത്തിലൊരു ഉയിർത്തെഴുന്നേൽപ്പ് പ്രതീക്ഷിച്ചിരുന്നോ?
റെക്കോഡിങ്ങിനുശേഷം വളരെ കുറച്ചുപേർമാത്രമേ ‘കനിയേ...’ എന്ന ഗാനം കേട്ടിരുന്നുള്ളൂ. കേട്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. വ്യക്തിപരമായി സന്തോഷം നൽകിയ ഗാനമായിരുന്നു കാടകലത്തിലേത്, സംവിധായകനും സംഗീതസംവിധായകനും ഉദ്ദേശിച്ചതരത്തിലേക്കുള്ള വരികളെ ചിട്ടപ്പെടുത്താൻ കഴിഞ്ഞു എന്നൊരു വിശ്വാസം ഉള്ളിലുണ്ടായിരുന്നു. ഇതിനുമുമ്പ് പുരസ്കാരം നേടിത്തന്ന ‘ജീവാംശമായ്...’ എന്ന ഗാനം (തീവണ്ടി) സിനിമ പ്രദർശനത്തിനെത്തുംമുമ്പേ സ്വീകരിക്കപ്പെട്ടതായിരുന്നു, ‘ജോസഫ്’ സിനിമയിലെ ‘കണ്ണെത്താദൂരം...’ പതിയെ ജനപ്രീതിനേടിയ പാട്ടാണ്. കാടകലത്തിലെ പാട്ടിനോട് മാനസികമായൊരു അടുപ്പമുണ്ടായിരുന്നെങ്കിലും ഇത്തരത്തിലൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല, ഇതെല്ലാം അപൂർവമായിമാത്രം സംഭവിക്കുന്നതാണ്.
എഴുത്തിൽ സംതൃപ്തി നൽകിയ, പ്രതീക്ഷപുലർത്തുന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ പ്രയാസമുണ്ടാകാറില്ലേ...
ഹിറ്റ് പാട്ടും ബെസ്റ്റ് പാട്ടും തമ്മിൽ വ്യത്യാസമുണ്ട്, അവ തമ്മിൽ വലിയ അകലമുണ്ട്. ഹിറ്റ് പാട്ടുകൾ ബെസ്റ്റ് പാട്ടുകളാകാം, എന്നാൽ ബെസ്റ്റ് പാട്ടുകൾ ഹിറ്റ് പാട്ടുകളാകണമെന്നില്ല. പാട്ട് കേട്ടോ എന്ന ചോദ്യത്തിൽനിന്നുമാറി പാട്ട് കണ്ടോ എന്നകാലത്തിലേക്ക് നമ്മൾ മാറിക്കഴിഞ്ഞു. പാട്ടിനൊപ്പം ദൃശ്യവും പ്രധാനമാണ് കാടകലത്തിലെ പാട്ടിനെക്കുറിച്ച് പറയുമ്പോൾ അതിലെ ദൃശ്യഭംഗിയെപ്പറ്റിയും പലരും സംസാരിക്കുന്നനുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധം മനോഹരമായി നെഞ്ചിൽ തറയ്ക്കുംവിധം അവതരിപ്പിച്ചുവെന്നെല്ലാം അഭിപ്രായമുയരുന്നു. പുതിയകാലത്ത് പാട്ട് വൈറലാകുന്നതിന് ഘടകങ്ങൾ പലതാണ്. ചിലപ്പോഴൊക്കെ, ചില പാട്ടുകളെക്കുറിച്ച് അത് ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നില്ലേ എന്നുതോന്നിയിട്ടുണ്ട്.
പാട്ടെഴുത്തിലെ ഹരിനാരായണൻ രീതികൾ...
പാട്ടെഴുത്തിൽ ഞാൻ വിശ്വസിക്കുന്നകാര്യം പാട്ടിൽ കവിതയാകാം എന്നാൽ, പാട്ടും കവിതയും രണ്ടും രണ്ടാണെന്നാണ്. കവിതയിൽ നിറയെ നമ്മുടെ സ്വാതന്ത്ര്യമാണ്. പാട്ടിൽ സ്വാതന്ത്ര്യവും സർഗാത്മകതയുമുണ്ടെങ്കിലും ഒരേസമയം, അതൊരു തൊഴിൽക്കൂടിയാണ്. സംവിധായകനും സംഗീതസംവിധായകനും വേണ്ടത് പാട്ടിലൂടെ അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം പാട്ടെഴുത്തുകാരനിലുണ്ട്. സംഗീതസംവിധായകന്റെ ഈണത്തെയും സംവിധായകന്റെ ആശയത്തെയും കൂട്ടിക്കെട്ടുന്ന ഒരു നൂലാണ് പാട്ടെഴുത്ത്, ആ നൂലുണ്ടാക്കുകയെന്നതാണ് പാട്ടെഴുത്തുകാരന്റെ ക്രിയേറ്റിവിറ്റി. സംവിധായകനും സംഗീതസംവിധായകനും ഉദ്ദേശിക്കുന്നത് എന്താണെന്ന് തുടക്കത്തിലേ തിരിച്ചറിയണം. ഞങ്ങൾ മൂവരുംകൂടിയൊരു ധാരണ ഐക്യപ്പെട്ടുകഴിഞ്ഞാൽ, എഴുത്തെന്ന ജോലി എനിക്കെളുപ്പമാകും. ഏതുതരം പാട്ടാണ് പ്രതീക്ഷിക്കുന്നത്, ഭാഷാരീതിയിൽ ഉപയോഗിക്കേണ്ട വാക്കുകളെക്കുറിച്ച് പ്രത്യേകമായി എന്തെങ്കിലും നിർദേശങ്ങളുണ്ടോ എന്നെല്ലാം ചോദിക്കാറുണ്ട്. വരികളിലെ പദങ്ങൾക്ക് ചില ഓപ്ഷനുകൾ നൽകാറുണ്ട്, ‘ഓലഞ്ഞാലിക്കുരുവി...’ എന്ന പാട്ടിനുവേണ്ടി ആദ്യം നൽകിയത് കൂട്ടുകാരിക്കുരുവി -എന്നായിരുന്നു. ‘ജീവാംശമായി...’ എന്നവാക്കോടെയാണ് ആ ഗാനം ആദ്യമെഴുതിയതെങ്കിലും, പിന്നീട് പലതവണ അതുമാറ്റിനോക്കിയശേഷം തിരിച്ച് ‘ജീവാംശമായി’ എന്ന വരിയിലേക്കുതന്നെ എത്തുകയായിരുന്നു. ‘സൂഫിയും സുജാതയി’ലെയും ‘വാതിക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടണകേട്ട്...’ എന്ന വരികൾ സംഗീതം കേട്ടപാടെ വേഗത്തിൽ മനസ്സിൽ തെളിഞ്ഞുവന്നതാണ്.
ഹരിനാരായണന്റെ ആദ്യകവിതാസമാഹാരം ‘നൂറ്റടപ്പൻ’ പുറത്തിറങ്ങിയിരിക്കുന്നു. പുസ്തകത്തെക്കുറിച്ച്...
2003-ലാണ് ആദ്യമായി എന്റെയൊരു കവിത പ്രസിദ്ധീകരിക്കുന്നത്. അതിനുശേഷം പലപ്പോഴായി എഴുതിയ കവിതകളിൽനിന്ന് തിരഞ്ഞെടുത്തവ ചേർത്തുവെച്ചാണ് മാതൃഭൂമി ബുക്സ് ‘നൂറ്റടപ്പൻ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യമായി പ്രസിദ്ധീകരിച്ച കവിതയാണ് നൂറ്റടപ്പൻ അതുതന്നെയാണ് പുസ്തകത്തിനുപേരായി നൽകിയത്. സുഹൃത്തുക്കളുടെ സ്നേഹസമ്മർദത്തിന്റെ ഫലമാണ് നൂറ്റടപ്പൻ. കവി പി. രാമനാണ് അവതാരിക നൽകിയത്. വായിച്ചവർ പലരും വിളിച്ച് അഭിപ്രായങ്ങൾ പറയുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..