
ജിക്കോയും ഐശ്വര്യയും മകള്‍ ടോക്യോയും
2020 മാര്‍ച്ച് 21, അന്നാണ് തൃശ്ശൂര്‍ക്കാരായ ജീക്കോ വി.ആന്റണിക്കും ഐശ്വര്യക്കും മകള്‍ ജനിക്കുന്നത്. കുഞ്ഞിനിടാന്‍ രണ്ടാളും മുന്‍കൂട്ടി പേരൊന്നും കണ്ടുവെച്ചിരുന്നില്ല. ജനന സര്‍ട്ടിഫിക്കറ്റില്‍ എഴുതുന്നതിനായി ആശുപത്രി അധികൃതര്‍ കുഞ്ഞിന്റെ പേര് ചോദിച്ചപ്പോള്‍ മണി ഹെയ്സ്റ്റ് സീരീസിന്റെ കട്ടഫാനായ ജീക്കോ മറ്റൊന്നും ചിന്തിച്ചില്ല. എല്ലാവരേയും നോക്കി കുഞ്ഞിന്റെ പേരങ്ങ് പ്രഖ്യാപിച്ചു, നൈറോബി!
'എന്തൂട്ട്?' മണി ഹെയ്സ്റ്റ് കാണാത്ത കുടുംബാംഗങ്ങള്‍ കോറസ്സായി ഞെട്ടി. ഇത്രേം നീളം കൂടിയ പേരൊന്നും പറ്റില്ല, കുട്ടിയെ എല്ലാവരും കളിയാക്കില്ലേ എന്നുചോദിച്ച് വീട്ടുകാര്‍ പുച്ഛത്തിലൊരു 'നോ'യും പറഞ്ഞു. ഒടുവില്‍ മൂന്നുമാസത്തിനുളളില്‍ പേരുതീരുമാനിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാം എന്ന് തീരുമാനിച്ച് അവര്‍ ആശുപത്രി വിട്ടു.
വീട്ടിലെത്തിയ ജീക്കോ മകള്‍ക്ക് വീണ്ടും ഒരു പേര് സജസ്റ്റ് ചെയ്തു, ടോക്യോ! ജീക്കോ എന്ന വെറൈറ്റി പേരുകേള്‍ക്കുമ്പോള്‍ തന്നെ പലരും നെറ്റി ചുളിക്കുന്നത് നേരിട്ട് അനുഭവമുളളതിനാല് ഭാര്യ ഐശ്വര്യ സമ്മതിച്ചില്ലെന്ന് മാത്രമല്ല കണക്കിന് കളിയാക്കുകയും ചെയ്തു. പക്ഷേ ഇത്തവണ പിന്‍വാങ്ങാന്‍ ജീക്കോ തയ്യാറായില്ല. ഐശ്വര്യയെ പിടിച്ചിരുത്തി മണി ഹെയ്സ്റ്റ് സീരീസ് കാണിച്ചു.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആദ്യ എപ്പിസോഡ് അവസാനിച്ചപ്പോള്‍ തന്നെ ഐശ്വര്യയും മണി ഹെയ്സ്റ്റിന്റെ ആരാധികയായി. ഒപ്പം ടോക്കിയോ എന്ന പേരിന്റെയും. വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു അടുത്ത കടമ്പ. അവരെ പിണക്കാതിരിക്കാന്‍ ജീക്കോയുടെ അമ്മയുടെ പളളിയിലെ പേരായ തേരസ കൂടി പേരിനൊപ്പം ചേര്‍ത്തു, ടോക്യോ തേരസ. ഇപ്പോള്‍ ഒന്നരവയസ്സായ ടോക്യോ വീട്ടുകാര്‍ക്ക് തങ്കുമോളാണ്.

ജീക്കോയ്ക്ക് തൃശ്ശൂരില്‍ ബിസിനസ്സാണ്. പ്രൊഫഷണല്‍ ഡാന്‍സറായിരുന്ന ഐശ്വര്യ മകള്‍ പിറന്നതോടെ ഡാന്‍സിനോട് തല്ക്കാലം വിടപറഞ്ഞു. ഇപ്പോള്‍ പറപ്പൂരില്‍ പ്രാപിക്ക ഫ്രൈഡ് ചിക്കന്‍ എന്ന പേരില്‍ ഹോം മെയ്ഡ് ഫ്രൈഡ് ചിക്കന്‍ എന്ന സംരംഭം ആരംഭിച്ചിരിക്കുകയാണ്. ജീക്കോയും ഐശ്വര്യയും മണി ഹെയ്സ്റ്റിന്റെ ആരാധരാണെങ്കില് പ്രാപിക്ക ഫ്രൈഡ് ചിക്കന്റെ ആരാധകരാണ് പറപ്പൂര് സ്വദേശികള്‍. പാപ്രിക്കയുടെ രുചി തേടിഎത്തുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ഡെലിവറി ബോയ്സിന്റെ സഹായത്തോടെ പറപ്പൂര് ഉള്‍പ്പെടുന്ന തോളൂര്‍ ഗ്രാമപഞ്ചായത്തിലും കൈപ്പറമ്പ്, പേരാമംഗലം, ചിറ്റിലപ്പിള്ളി, അമല തുടങ്ങി അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ ഫ്രൈഡ് ചിക്കന്‍ വിതരണം ചെയ്യുന്നുണ്ട് ഐശ്വര്യ.
മണി ഹെയ്സ്റ്റിനോടുളള ആരാധന മകള്‍ക്ക് പേരിട്ടതില്‍ ഒതുക്കുന്നില്ല ഈ ദമ്പതികള്‍. സെപ്റ്റംബര്‍ മൂന്നിന് മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണ് പുറത്തിറങ്ങുന്നത് പ്രമാണിച്ച് മണി ഹെയ്സ്റ്റ് ആരാധകര്‍ക്ക് പാപ്രിക്ക ഫ്രൈഡ് ചിക്കനോടൊപ്പം സൗജന്യമായി ശീതളപാനീയവും ഫ്രഞ്ച് ഫ്രൈസും നല്‍കാനുളള തീരുമാനത്തിലാണ് ഇവര്‍. ' മണി ഹെയ്സ്റ്റ് ഇറങ്ങുന്നത് കാരണം എത്ര കമ്പനികളാണ് അടച്ചിട്ട് ജീവനക്കാര്‍ക്ക് സീരീസ് കാണാനുളള അവസരം നല്‍കുന്നത്, അപ്പോള്‍ ആരാധകരായ നമ്മള് ഇത്രയെങ്കിലും ചെയ്യണ്ടേ' എന്നാണ് ഐശ്വര്യയും ജീക്കോയും ചോദിക്കുന്നത്.
നേരത്തേ തോളൂര്‍ പഞ്ചായത്തില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തോല്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 550 രൂപ വിലവരുന്ന ഫ്രൈഡ് ചിക്കന്‍ സൗജന്യമായി നല്‍കുമെന്ന കൊതിയൂറുന്ന വാഗ്ദാനം ഇവര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ തോളൂര്‍ പഞ്ചായത്തില്‍ 100ശതമാനം വിജയം. പരാജയവും അംഗീകരിക്കണമെന്നുളള വലിയ സന്ദേശം നല്‍കുന്നതിനായുളള ആ പ്രഖ്യാപനം അങ്ങനെ കൊതിയൂറുന്ന ഒരു വാഗ്ദാനം മാത്രമായി ചുരുങ്ങി.
അക്ഷമയുടെ മണിക്കൂറുകളാണ് മണി ഹെയ്സ്റ്റ് ആരാധകര്‍ക്ക് മുന്നില്‍ ഇനിയുളളത്. ചരിത്രം സൃഷ്ടിച്ച മണി ഹെയ്സ്റ്റെന്ന വെബ് സീരീസിന്റെ അഞ്ചാംസീസണ്‍ വേണ്ടിയുളള കാത്തിരിപ്പിലാണ് അവര്‍. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്ക്കുന്നതോടെയാണ് 4-ാമത്തെ സീസണ് അവസാനിച്ചത്.
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, ടോക്കിയോ, നൈറോബി, ബെര്‍ലിന്‍ തുടങ്ങി സ്ഥലപ്പേരുകളില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന കഥാഖ്യാന രീതിയായിരുന്നു പലരേയും മണി ഹെയ്സറ്റിന്റെ ആരാധകരാക്കിയത്. ബാങ്ക് കൊളളയ്ക്കായി പലയിടത്ത് നിന്നായി കണ്ടെത്തുന്ന സംഘത്തിലെ അംഗങ്ങള്‍ പരസ്പരം സ്വകാര്യ വിവരങ്ങള്‍ അറിയാതിരിക്കുന്നതിന് വേണ്ടിയാണ് പ്രൊഫസര്‍ എന്ന് വിളിക്കുന്ന സീരീസിലെ കേന്ദ്രകഥാപാത്രം ഇവര്‍ക്ക് സ്ഥലപ്പേര് നല്‍കുന്നത്.
Content Highlights: Inspired by Money Heist Web series, couple name their daughter Tokyo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..