ഇന്നസെന്റ്, എം.വി. ശ്രേയാംസ്കുമാർ |ഫോട്ടോ: രാഹുൽ മാള, എസ്.എൽ. ആനന്ദ് | മാതൃഭൂമി
എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽവെച്ച് കുറച്ചുവർഷങ്ങൾക്കുമുമ്പുനടന്ന ഒരു പുസ്തകപ്രകാശനം ഓർമവരുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി’യായിരുന്നു പുസ്തകം. തന്റെ അർബുദരോഗകാലത്തെ ഫലിതത്തിലൂടെ ഇന്നസെന്റ് അവതരിപ്പിച്ച് മാതൃഭൂമി ബുക്സ് പുറത്തിറക്കിയതായിരുന്നു പുസ്തകം. അന്ന് ആശുപത്രിയെ മുഴുവൻ ഇന്നസെന്റ് ചിരിപ്പിച്ചു. രോഗത്തിലും ഫലിതത്തിന്റെ വെളിച്ചങ്ങൾ തിരഞ്ഞ ആ മനുഷ്യന്റെ വാക്കുകൾ അദ്‌ഭുതത്തോടെയാണ് ഞാൻ കേട്ടിരുന്നത്.
പിന്നീട് ഇന്നസെന്റുമായി കൂടുതൽ അടുത്തു. ഒരു നടനെന്ന നിലയിലുപരി ജീവിതത്തിന്റെ പാഠശാലയായ മനുഷ്യനായാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരുപാട് പ്രതിസന്ധികൾ തരണംചെയ്താണ് നാം അറിയുന്ന ഇന്നസെന്റായി അദ്ദേഹം വളർന്നത്. പോയകാലത്തെ അനുഭവങ്ങളെല്ലാം അദ്ദേഹത്തിന് ജീവിതത്തെ പാകപ്പെടുത്താനുള്ളവയായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തിനെയും കൂസാത്ത ഇന്നസെന്റിന്റെ ഭാവം ഫലിതമായിരുന്നില്ല; മറിച്ച് ജീവിതാനുഭവങ്ങളുടെ പ്രതിഫലനമായിരുന്നു.
ഇന്നസെന്റ് ചെയ്ത കഥാപാത്രങ്ങൾക്ക് ആവർത്തനങ്ങളില്ല എന്നുവിശ്വസിക്കുന്ന ആളാണ് ഞാൻ. അത് എല്ലാ തലമുറകളോടും സംവദിക്കും. അവ നമുക്ക് ഒരുപാട് വിഷമങ്ങളിൽനിന്ന് മോചനമേകും. ഇന്നസെന്റിന്റെ പ്രധാന പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിച്ചത് ‘മാതൃഭൂമി’യാണ്. അത്രമേൽ ഹൃദ്യമായിരുന്നു മാതൃഭൂമിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. അദ്ദേഹം ആശുപത്രിയിൽ കിടക്കുമ്പോഴാണ് ‘ഈ ലോകം അതിലൊരു ഇന്നസെന്റ്’ എന്ന അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകം മാതൃഭൂമി പ്രസിദ്ധീകരിച്ചത്.
ആശുപത്രിയിൽ കിടക്കുമ്പോഴും ഇന്നസെന്റ് എന്നെ വിളിച്ചിരുന്നു. എന്തോ തമാശപറഞ്ഞ് എന്നെ ചിരിപ്പിച്ചു. ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വിളിക്കുന്നത് എന്നതുപോലും ഞാൻ മറന്നു. അതാണ് ഇന്നസെന്റ് മാജിക്. അതിനിയില്ല എന്നറിയുമ്പോൾ മനസ്സിൽ വേദനയുടെ നീറ്റൽ.
Content Highlights: innocent passed away, mv shreyamskumar about innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..