ഇന്നസെന്റ് | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
വെള്ളിത്തിരയിലെ സാന്നിധ്യംകൊണ്ട് ലോകമെങ്ങുമുള്ള മലയാളികളുടെ ചാലക്കുടിക്കാരൻ ചങ്ങാതിയായി മാറിയ ഇന്നസെന്റിനെ ഡൽഹിയിൽവെച്ചാണ് ആദ്യമായി കാണുന്നത്. ലോക്‌സഭാംഗമായുള്ള അദ്ദേഹത്തിന്റെ ആദ്യവരവിൽ ആദ്യകൂടിക്കാഴ്ച പാർലമെന്റിനകത്തായിരുന്നു. നടൻ എന്ന ആരാധനയോടെയായിരുന്നു അന്ന് അദ്ദേഹത്തെ നോക്കിക്കണ്ടതും ക്യാമറയിലാക്കിയതും.
മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി 2016-ൽ പാർലമെന്റ് കേന്ദ്രീകരിച്ച് ഇന്നസെന്റിന്റെ ഒരു ഫോട്ടോഷൂട്ട് നടത്തിയപ്പോഴാണ് അദ്ദേഹവുമായി എനിക്ക് കൂടുതൽ പരിചയമുണ്ടായത്. അടുക്കുന്തോറും നർമംകലർന്ന ബന്ധം കൂടിവന്നു. സിനിമയിലെപ്പോലെ കോമഡി കൗണ്ടറുകളും ഇടയ്ക്കിടെയുണ്ടായി.

ഫോട്ടോഷൂട്ടിന് അദ്ദേഹത്തെ വിളിക്കാനായി എം.പി.മാർ താമസിക്കുന്ന കാവേരി ഫ്ളാറ്റിലെത്തിയപ്പോഴുള്ള ആദ്യ പ്രതികരണംതന്നെ രസകരമായിരുന്നു. താഴത്തെനിലയിൽ കാത്തുനിന്ന എനിക്കടുത്തേക്ക് തൂവെള്ളനിറത്തിലുള്ള ജുബ്ബയും പാന്റും ചെരിപ്പും കറുത്തനിറത്തിൽ മുറിക്കൈയൻ ഓവർകോട്ടും ധരിച്ച് ഇന്നസെന്റ് ഇറങ്ങിവന്നു. ചിരിച്ചമുഖത്തോടെ നേരെവന്നു കൈ തന്നശേഷം അദ്ദേഹം പരിചയപ്പെടുത്തി; ‘‘ഞാൻ ഇന്നസെന്റ്...’’ പൊട്ടിപ്പുറപ്പെട്ട ചിരി അടക്കിനിർത്തി ഞാനും അദ്ദേഹത്തോടു പേരുപറഞ്ഞു. ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത ഇന്നസെന്റിന്റെ ഇന്നസെന്റായ ഇടപെടൽ!

ഞാൻ ആദ്യമായിട്ടായിരുന്നു ഒരു നടനുവേണ്ടി ഫോട്ടോഷൂട്ട് നടത്തുന്നത്. അതിന്റെ ആശങ്കയും കൗതുകവുമുണ്ടായിരുന്നു. പടമെടുക്കാൻ ആംഗിളുകൾ പറഞ്ഞുകൊടുക്കാതെതന്നെ അദ്ദേഹം സ്വാഭാവികമായി പോസ് ചെയ്യുമെന്നതാണ് ഞാൻ ശ്രദ്ധിച്ചകാര്യം. ഇന്ത്യാഗേറ്റിൽ ബലൂൺ കച്ചവടക്കാരനെയും ഓടക്കുഴൽ വിൽപ്പനക്കാരനെയുമൊക്കെ അദ്ദേഹം ഹിന്ദിയിൽ തമാശപറഞ്ഞ് കൈയിലെടുത്തു. ഞാൻ അതെല്ലാം ചിത്രങ്ങളുമാക്കി. ഫോട്ടോഗ്രാഫറെന്നനിലയിൽ നിർദേശങ്ങൾ നൽകാതെതന്നെ അദ്ദേഹം പോസുകൾ തന്നപ്പോൾ ജോലിയും വേഗംകഴിഞ്ഞു.

അതിനുശേഷം പല അവസരങ്ങളിൽ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിൽവെച്ചും പരിചയം പുതുക്കി. എന്നാൽ, ഒരുപാട് ചിത്രങ്ങളെടുത്തെങ്കിലും ഇന്നസെന്റിനൊപ്പം എനിക്ക് ഒരു ഫോട്ടോയെടുക്കാനായില്ലെന്ന സങ്കടം ഇപ്പോൾ ബാക്കിയായി.

Content Highlights: innocent passed away, innocent in parliament, a photographers's note on innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..