ഗജകേസരിയോഗത്തിൽ ഇന്നസെന്റ്
''ഇന്നസെന്റ്. കൊള്ളാമല്ലോടാ ഈ പേര്. നിഷ്‌കളങ്കനെന്നു പറയുന്നതിനു പകരം അപ്പന്‍ ഇട്ട പേരായിരി ക്കും അല്ലേ ജോണേ?'' 42 വര്‍ഷം മുന്‍പ് ജോണ്‍ പോളിനോട് ചോദിച്ച ചോദ്യം ഇപ്പോഴും കലൂര്‍ ഡെന്നീസിന്റെ ഓര്‍മകളില്‍ മായാതെയുണ്ട്. പല വിദേശ രാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പേര് ഡെന്നീസ് കേള്‍ക്കുന്നത് ആദ്യമായിരുന്നു. ആരാണ് ഈ 'നവ പേരുകാരന്‍' എന്നറിയാനുള്ള ആകാംക്ഷ ഡെന്നീസ് നടത്തിയ അന്വേഷണം ഒടുവില്‍ ഇന്നസെന്റുമായുള്ള കണ്ടുമുട്ടലിലാണ് അവസാനിച്ചത്. അവിടെ തുടങ്ങിയ ആത്മസൗഹൃദം ഇരുവരും എന്നും കാത്തു സൂക്ഷിച്ചു. ഒടുവില്‍ ഇന്നെസെന്റ് ഒരു ഓര്‍മയാകുമ്പോള്‍ ഒരിക്കലും മറക്കാത്ത കുറേ ഓര്‍മകളുടെ തൂവല്‍സ്പര്‍ശത്തിലാണ് കലൂര്‍ ഡെന്നീസ്. കൊച്ചിയും സിനിമയും കൊരുക്കുന്ന ഒരുപാട് ഓര്‍മകള്‍.
ഇന്നച്ചാ, നീ ഇവനെ പിടിച്ചോ.
കൊച്ചിയില്‍ സിനിമാ സ്വപ്നങ്ങള്‍ കണ്ടു നടന്ന കലൂര്‍ ഡെന്നീസ് ഇന്നസെന്റിനെ ആദ്യമായി കാണുന്നത് ചെന്നൈയില്‍ വെച്ചാണ്.
''1981-ല്‍ മുരളി മൂവീസ് രാമചന്ദ്രന്റെ ചെന്നൈ യിലെ വീട്ടില്‍ വെച്ചാണ് ആദ്യമായി ഇന്നസെന്റിനെ കാണുന്നത്. ഒരു ഒറ്റമുണ്ടൊക്കെ ഉടുത്ത് വലിയ ഗൗരവത്തിലായിരുന്നു അന്ന് ഇന്നസെന്റ്. ജോണ്‍ പോളാണ് എന്നെ ഇന്നസെന്റിന് പരിചയപ്പെടുത്തിക്കൊടുത്തത്. എന്നിട്ട് ജോണ്‍ ഒരുപദേശവും അവന് നല്‍കി, 'ഇന്നച്ചാ, നീ ഇവനെ പിടിച്ചോ' എന്നായിരുന്നു ജോണ്‍ പറഞ്ഞത്. അത് സത്യത്തില്‍ ശരിക്കും ഒരു പിടിത്തവുമായിരുന്നു. ''എടാ ഡെന്നീസേ, രണ്ട് സീന്‍ എഴുതി എനിക്ക് താടാ' എന്ന് പിന്നെ കാണുമ്പോഴൊക്കെ ഇന്നസെന്റ് പറയുമായിരുന്നു. ഇന്നസെന്റിന്റെ തമാശകള്‍ കേള്‍ക്കാന്‍ വേണ്ടി പല സിനിമകളിലും ഞാന്‍ ചില കഥാപാത്രങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ തുടങ്ങി. ഏതു കഥാപാത്രം നല്‍കിയാലും അത് അവന്‍ അവന്റേതായ ശൈലിയില്‍ ഗംഭീരമാക്കും'' - കലൂര്‍ ഡെന്നീസ് ഓര്‍മകളിലൂടെ സഞ്ചരിച്ചു.
ആനയുടെ മനുഷ്യക്കോലം
ഗജകേസരി യോഗത്തിലെ അയ്യപ്പന്‍ നായരെ കലൂര്‍ ഡെന്നീസിന് ഒരിക്കലും മറക്കാനാകില്ല. ''ഗജകേസരി യോഗം എന്ന സിനിമ ഇന്നസെന്റിനെ നായകനാക്കി ചെയ്ത സിനിമ തന്നെയായിരുന്നു. അതില്‍ ഞാന്‍ എഴുതിയ ഡയലോഗുക ളില്‍ അവന്‍ വരുത്തിയ 'അഡീഷണല്‍ പഞ്ചുകള്‍' ഭയങ്കര രസമായിരുന്നു. സിനിമയില്‍ ആനയെ കുളിപ്പിക്കുന്ന ഒരു സീനുണ്ട്. ഇതിനെയൊന്ന് കുളിപ്പിച്ച് മനുഷ്യക്കോലമാക്കണമെങ്കില്‍ ദിവസം കുറേ പിടിക്കും' എന്ന ഡയലോഗ് അവന്‍ പറയുന്നതു കേട്ട് ഞങ്ങളെല്ലാം ചിരിച്ചു മറിഞ്ഞു. ''ഈ ആനയ്ക്ക് ഒരു റിയാക്ഷനുമില്ല' എന്ന ഡയലോഗും അവന്‍ അഡീഷണ ലായി ഇട്ടതാണ്. കൈയില്‍ നിന്നിടുന്ന സാധനങ്ങള്‍ തകര്‍പ്പനാക്കാന്‍ ഇന്നസെന്റിന്റെ കഴിവ് ഒന്നു വേറെയാണ്'' - ഡെന്നീസ് പറഞ്ഞു.
എലൈറ്റും ഫാദര്‍ തറക്കണ്ടവും
.jpg?$p=e46f401&&q=0.8)
കൊച്ചിയുടെ പശ്ചാ ത്തലത്തില്‍ ഇന്നസെന്റ് നിറഞ്ഞ കുറേ സംഭവങ്ങളും കഥാപാത്രങ്ങളും ഡെന്നീസിന്റെ ഓര്‍മകളില്‍ മായാതെയുണ്ട്. ''പണ്ടൊക്കെ എറണാകുളത്ത് വന്നാല്‍ ഇന്നസെന്റ് താമസിച്ചിരുന്നത് നോര്‍ത്തിലെ എലൈറ്റ് ഹോട്ടലിലാണ്. അന്ന് ഷൂട്ടിങ് തീര്‍ന്ന് രാത്രിയായാല്‍ പലരും ഇന്നസെന്റിന്റെ തമാശകള്‍ കേള്‍ക്കാന്‍ മുറിയില്‍ വന്നിരിക്കും. സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിശ്വസനീയ കഥയാക്കാന്‍ അവനു നല്ല മിടുക്കായിരു ന്നു. കൊച്ചിയുടെ ചിരിയായിരുന്ന കലാ ഭവന്റെ പശ്ചാത്തലത്തിലാണ് മിമിക്സ് പരേഡ്' എന്ന ചിത്രത്തിനും ഞാന്‍ തിരക്കഥ എഴുതിയത്. കലാഭവന്റെ അമ രക്കാരനായ ആബേലച്ചനോട് സാദൃശ്യമുള്ള ഫാ. തറക്കണ്ടം എന്ന കഥാപാത്രത്തെ ഇന്നസെന്റിനെ ഏല്‍പ്പിക്കുമ്പോള്‍ പ്രതീക്ഷിച്ചത് അവന്‍ തിരിച്ചു തന്നു. കലാഭവന്‍ അന്‍സാമാണ് ആബേലച്ചന്റെ നടപ്പും രീതിയുമൊക്കെ അന്ന് ഇന്നസെന്റിന് പറഞ്ഞു കൊടുത്തത്. എന്നാല്‍, സിനിമയില്‍ ചിരി പൂരം തീര്‍ത്ത ഫാദറിന്റെ മാനറിസങ്ങള്‍ ഇന്നസെന്റ് കൈയില്‍ നിന്നിട്ടതാണ്. പാളിപ്പോയാല്‍ ബോറാകുമായിരുന്ന ആ മാനറിസം അതി മനോഹരമായാണ് ഇന്നസെന്റ് സൂപ്പറാക്കിയത് ഡെന്നീസ് കൊച്ചിയിലെ ഇന്നസെന്റി നെ ഓര്‍ത്തെടുത്തു.
കാന്‍സറും ഇലക്ഷനും
''കാന്‍സര്‍ ബാധിതനായി വിശ്രമിക്കുന്ന സമയത്ത് അവനെ കാണാന്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പോയിരുന്നു. പുറത്ത് ചാരുകസേരയില്‍ കിടക്കുകയായിരുന്നു അവന്‍. അന്ന് അവന്റെ മുഖത്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും പറ്റാത്ത വേദനയും സങ്കടവും ഞാന്‍ കണ്ടു. ഇലക്ഷനില്‍ മത്സരിക്കുന്ന സമയത്ത് ഒരിക്കല്‍ ഇന്നസെന്റ് വിളിച്ചിട്ട് അവന്‍ ജയിക്കുമോയെന്ന് എന്നോട് ചോദിച്ചു. അന്ന് ജയിക്കുമെന്ന് ഉറപ്പുപറഞ്ഞിട്ട് അതിന്റെ കാരണവും ഞാന്‍ പറഞ്ഞു. സംസാരം നിര്‍ത്തി ഇത്തിരി നേരം മൗനമായിരുന്ന ശേഷം ഡെന്നീസ് അന്ന് പറഞ്ഞ ഡയ ലോഗ്ഓര്‍ത്തെടുത്തു... 'നിന്നോട് എല്ലാവര്‍ക്കും ഇഷ്ടമല്ലേ!
Content Highlights: Innocent death, Kaloor Dennis films, gajakesariyogam, Malayalam Cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..