ഇത്, 37 വർഷങ്ങൾകൊണ്ട് സ്വപ്നങ്ങൾ ഓരോന്നായി തുന്നിച്ചേർത്ത കലാകാരന്റെ ജീവിതം. അതിലുപരി കുമാരപുരത്തെ സുരേന്ദ്രൻ എന്ന തയ്യൽക്കാരൻ ഇന്ദ്രൻസ് എന്ന കേരളത്തിലെ മികച്ച നടനായി മാറിയ കഥ. താരപകിട്ടിൽ ഭ്രമിക്കാതെ സാധാരണക്കാരനായാണ് അയാൾ സിനിമയുടെ പടവുകൾ ചവിട്ടിക്കയറിയത്. വസ്ത്രാലങ്കാരക്കാരനായി തുടങ്ങി പിന്നീട് വെള്ളിത്തിരയിൽ മുഖം കാണിച്ച്, നടനായി മാറി. കോമഡി ട്രാക്കിലൂടെയായിരുന്നു ആ കരിയറിന്റെ തുടക്കം. പിന്നീട് അപ്രധാന ഹാസ്യ കഥാപാത്രങ്ങളിൽനിന്ന് ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളിലേക്കുള്ള ബുദ്ധിപൂർവമായ ചുവടുമാറ്റം.
ശയനം, ദൃഷ്ടാന്തം, കഥാവശേഷൻ, രാമാനം എന്നീ ചിത്രങ്ങളിലൂടെ ഇന്ദ്രൻസ് എന്ന നടന്റെ സാധ്യത സിനിമാലോകം തിരിച്ചറിഞ്ഞു.
അപ്പോത്തിക്കിരിയിലെ അഭിനയത്തിന് 2014-ലെ പ്രത്യേകജൂറി പരാമർശം. ആ യാത്ര 2018 എത്തുമ്പോൾ ആളൊരുക്കത്തിലൂടെ മികച്ച നടൻ എന്ന ബഹുമതി. ആ നിറഞ്ഞ സന്തോഷത്തിൽ മതിമറക്കാതെ ഇന്ദ്രൻസ് സംസാരിക്കുന്നു.
‘‘സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു പരിധിയില്ലേ. മികച്ച നടൻ എന്ന ബഹുമതി ഞാൻ കൊതിച്ചിരുന്നു. പക്ഷേ, മലയാള സിനിമയിലെ പ്രതിഭകൾക്ക് മുന്നിൽ ഞാൻ ഒന്നുമല്ലെന്ന തോന്നലിൽ അതെല്ലാം മാറ്റിവെച്ചു. അപ്രതീക്ഷിതമായ ഈ അംഗീകാരത്തിൽ അമ്പരപ്പ് ഏറെയാണ്.
‘ആളൊരുക്ക’ത്തിൽ മധ്യവയസ്കനായ ഓട്ടൻതുള്ളൽ കലാകാരന്റെ ആത്മസംഘർഷങ്ങളാണ് വിഷയം. ഒട്ടും പരിചിതമല്ലാത്ത ഓട്ടൻതുള്ളൽ എന്ന കലാരൂപത്തെ അടുത്തറിയാൻ ചെറിയ ചില ഹോംവർക്കുകൾ നടത്തിയിരുന്നു. അതിനുവേണ്ടി കലാമണ്ഡലത്തിലെ കലാകാരന്മാരുടെ വലിയ സഹായം കിട്ടി. എന്നെ വിശ്വസിച്ച് ആ കഥാപാത്രത്തെ ഏല്പിച്ച സംവിധായകൻ അഭിലാഷിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അർഹതപ്പെട്ടതാണ് ഈ അംഗീകാരം.’’ഇന്ദ്രൻസ് അംഗീകാരത്തിനു മുന്നിൽ കൈകൂപ്പുന്നു. എളിമയാണ് ഈ കലാകാരന്റെ മുഖമുദ്ര. താരത്തിൽനിന്ന് സാധാരണ കലാകാരനിലേക്ക് ഇന്ദ്രൻസിനെ മാറ്റുന്നതും ആ എളിമയാണ്.
'‘സാധാരണക്കാരനാണ് ഞാൻ. സിനിമയിൽ അഭിനയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ജീവിതത്തിൽ അഭിനയിക്കാൻ കഴിയാറില്ല.
സിനിമയുടെ പിന്നണിയിൽ വസ്ത്രാലങ്കാരക്കാരനായി തുടക്കമിട്ട് നടനായി മാറിയതിനാൽ സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായി അറിയാം. പത്മരാജന്റെ വസ്ത്രാലങ്കാരക്കാരൻ എന്ന നിലയിൽ സിനിമയിൽ തുടക്കത്തിലേ വലിയ അംഗീകാരം കിട്ടി. തുടർന്ന് മികച്ച സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. അതൊക്കെ വലിയ അനുഭവങ്ങൾ സമ്മാനിച്ചു. സിനിമാനടനായി മാറിയപ്പോൾ തിലകൻ ചേട്ടൻ, ജഗതി ചേട്ടൻ, കല്പന, സുകുമാരിചേച്ചി, ലളിത ചേച്ചി എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അവരുടെ സപ്പോർട്ടാണ് എന്റെ അഭിനയയാത്രയിലെ കരുത്ത്. അക്കാലത്ത് സിനിമയിൽ വരാൻ കഴിഞ്ഞത് മഹാഭാഗ്യം!’’
മെലിഞ്ഞ് കൊലുന്നനെയുള്ള ഇന്ദ്രൻസ് സിനിമയിലെത്തിയപ്പോൾ ആ നടന്റെ സ്ഥാനം ഗോഷ്ടി കാണിക്കുന്ന കൊമേഡിയൻമാരുടെ ഇടയിലായിരുന്നു. ആ രൂപം സ്ക്രീനിൽ കാണുമ്പോൾത്തന്നെ പ്രേക്ഷകർ ചിരിച്ചു. ‘‘അഭിനയപ്രാധാന്യമുള്ള സീരിയസ് കഥാപാത്രങ്ങളായിരുന്നു അന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, സിനിമാലോകം എനിക്ക് സമ്മാനിച്ചത് കോമഡി ക്യാരക്ടറുകളായിരുന്നു.
എന്റെ രൂപത്തെക്കുറിച്ചോർത്ത് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് നാടകം കളിക്കുമ്പോൾ പോലീസ് കഥാപാത്രങ്ങളായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, എന്റെ രൂപത്തിന് ചേർന്ന വേലക്കാരൻ വേഷങ്ങളായിരുന്നു കൂട്ടുകാർ എനിക്ക് സമ്മാനിച്ചത്.സിനിമാനടനായി എത്തിയപ്പോൾ ആരും അറിയാതെ ബോഡി ബിൽഡ് ചെയ്യാൻ ഞാൻ ജിമ്മിൽ പോയി. പക്ഷേ, ഈ ‘തടി’കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് അവർ തിരിച്ചയച്ചു.
സിനിമയിൽ കുടക്കമ്പി, സോഡാക്കുപ്പി എന്നീ ഇരട്ടപ്പേര് വീണപ്പോഴും ഞാൻ സങ്കടപ്പെട്ടില്ല. എന്നെ കാണുമ്പോൾ കുട്ടികൾമുതൽ മുതിർന്നവർവരെയുള്ളവരുടെ മുഖത്ത് വിരിയുന്ന ചിരി എനിക്കൊരു പോസറ്റീവ് എനർജിയായിരുന്നു.’’ഹാസ്യ കഥാപാത്രങ്ങളിൽനിന്ന് ഗൗരവമാർന്ന കഥാപാത്രങ്ങളിലേക്കുള്ള ഇന്ദ്രൻസിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ, അടൂർ എന്നിവരുടെ ചിത്രങ്ങളിലൂടെയായിരുന്നു ആ ഗതിമാറ്റം.
‘‘ഞാൻ ബോധപൂർവം മാറിയതല്ല. മാറുന്ന സിനിമയ്ക്കൊപ്പം ഞാനും സഞ്ചരിച്ചപ്പോൾ എനിക്കും മാറ്റം വന്നു. നല്ല കഥാപാത്രങ്ങളുമായി ചെറുപ്പക്കാർ വന്നപ്പോൾ കയ്യും മെയ്യും മറന്ന് ഞാൻ അവർക്കൊപ്പം നിന്നു. ഒരു കഥാപാത്രം കിട്ടിയാൽ എനിക്ക് പരിചയമുള്ള ചില യഥാർഥ മനുഷ്യരുമായി ഞാനത് തട്ടിച്ച് നോക്കും. പിന്നീട് അതുപോലെ പെരുമാറും. എന്റെ ആ അനുകരണമാണ് കഥാപാത്രത്തിനുള്ള എന്റെ ഹോം വർക്ക്. അതിൽ കുറെ മികച്ച കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. അംഗീകാരങ്ങളും പ്രേക്ഷകപ്രീതിയും കിട്ടുമെങ്കിലും ഞാൻ സന്തോഷിക്കുന്നത് കോമഡി ക്യാരക്ടർ ചെയ്യുമ്പോഴാണ്. കാരണം അത് കാണുന്ന പ്രേക്ഷകരുടെ മുഖത്ത് വിരിയുന്നത് സന്തോഷവും സീരിയസ് കഥാപാത്രങ്ങൾ കാണുമ്പോൾ ദുഃഖവും സങ്കടവുമാണ്. കോമഡി ക്യാരക്ടറുകളെ തള്ളിപ്പറയാൻ കഴിയില്ല. പണ്ട് ഞാൻ അവതരിപ്പിച്ച കോമഡി ക്യാരക്ടറുകൾ ടിവിയിൽ കണ്ടാണ് ഇന്നത്തെ തലമുറ എന്നെ തിരിച്ചറിയുന്നത്.
തിരിഞ്ഞുനോക്കുമ്പോൾ മിന്നായംപോലെ പിന്നിട്ട കാലം മനസ്സിലൂടെ ഓടിമറയുന്നുണ്ട്.കുട്ടിക്കാലം, പഠിക്കാൻ മിടുക്കനായിട്ടും 4-ാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നവന്റെ ദുഃഖം. അന്നത്തെ ഓണക്കാലം, വിശപ്പ്, ആഘോഷങ്ങൾ. നാടകക്കാരനായി ഉത്സവപ്പറമ്പുകളിൽ അലയുമ്പോൾ ഒന്നും പറയാതെ പ്രോത്സാഹിപ്പിച്ച അച്ഛൻ. തയ്യൽ പഠിപ്പിച്ച അമ്മാവൻ. പേട്ട കാർത്തികേയയിൽനിന്നും പട്ടം സലീം ടാക്കീസിൽനിന്നും കണ്ട സിനിമകൾ. നടി അംബികയ്ക്ക് വേണ്ടി ആദ്യമായി ബ്ലൗസ് അടിച്ച് കൊടുത്തത്. സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ മോഹൻദാസ് ചേട്ടൻ, കെ.സുകുമാരൻ നായരുടെ ചൂതാട്ടം എന്ന ആദ്യത്തെ സിനിമാ സെറ്റ്. സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ബാലപാഠം പഠിപ്പിച്ച വേലായുധേട്ടൻ. എന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയ ലോഹിയേട്ടൻ, രാജസേനൻ, റാഫി മെക്കാർട്ടിൻ, സിബി സാർ, ബാലു കിരിയത്ത്, എന്റെ സുഖദുഃഖങ്ങളിൽ പങ്കാളിയായ ഭാര്യ.... എല്ലാവരോടും നന്ദിയുണ്ട്. എന്റെ അമ്മയുടെ വയറിന്റെ പുണ്യമായിരിക്കാം ഈ ജന്മം.
വിശ്വസിച്ചാൽ ഇരട്ടി വാരിക്കോരി കൊടുക്കും സിനിമ. സിനിമയ്ക്ക് ആരെയും ആവശ്യമില്ല. നമുക്കാണ് സിനിമ ആവശ്യം. അഹങ്കാരം പാടില്ല. എളിമയാണ് ഇവിടെ ആവശ്യം. ജീവിതം പഠിപ്പിച്ചത് അതാണ്.’
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..