'നനഞ്ഞ പട്ടികൾ' ചെകുത്താൻമാരായി മാറിയ പടയോട്ടം


കെ വിശ്വനാഥ്

ആദ്യ രണ്ട് ലോകകപ്പുകളിൽ നിന്ന് ഒരൊറ്റ മൽസരം മാത്രം ജയിച്ച ' പെരുമ'യുമായി മൂന്നാം ലോകകപ്പിനെത്തിയ ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിലെ പത്രങ്ങൾ കനിഞ്ഞുനൽകിയ വിളിപ്പേരായിരുന്നു 'നനഞ്ഞ പട്ടികൾ'. പക്ഷെ, ആ പട്ടിക്കൂട്ടം ചെകുത്താന്മാരായി മാറാൻ 17 ദിവസമേ വേണ്ടി വന്നുള്ളൂ.

കപിൽ ദേവ്, 83 എന്ന ചിത്രത്തിൽ രൺവീർ സിങ്ങും സംഘവും

ബോളിവുഡിലെ ഹിറ്റ്‌മെയ്ക്കറായ സംവിധായകൻ കബീർഖാൻ കപിൽദേവിന്റെ ഇന്ത്യൻ ടീം 1983-ൽ അട്ടിമറി പരമ്പരകൾ സൃഷ്ടിച്ച് ലോകകപ്പ് നേടിയ കഥ സിനിമയാക്കുന്നു. താരദമ്പതികളായ രൺവീർ സിങ്ങും ദീപികാ പദുകോണും കപിൽദേവവും ഭാര്യ റോമിയുമായി വേഷമിടുന്ന ഈ ചിത്രം റിലീസിനു മുമ്പേ തന്നെ വലിയ വാർത്തയായി കഴിഞ്ഞു. സിനിമ കാണും മുമ്പ് 83-ലെ പ്രുഡൻഷ്യൽ ലോകകപ്പിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് ഇവിടെ വായിക്കാം.

---------------------------------------------------------------------------------------------------------------------------------------------------------------------------

ഗ്യാലറിയിൽ അങ്ങിങ്ങ് ഇന്ത്യൻ പതാകകളുയർന്നു. പതുക്കെപ്പതുക്കെ അവ ഗ്രൗണ്ടിലേക്കിറങ്ങി ഒരുമിച്ചു ചേരുകയായി. ഇംഗ്ലണ്ടിലെ ഇന്ത്യൻ പ്രവാസികൾ ഉന്മാദലഹരിയിൽ നൃത്തം ചവിട്ടി. മദൻലാലും യശ്പാലും പിഴുതെടുത്ത സ്റ്റംപുകളും കൈയിലേന്തി അലറിവിളിച്ചു. അത് കായികഭാരതത്തിന്റെ ഏറ്റവും ധന്യമായ നിമിഷങ്ങളിലൊന്നായിരുന്നു...

1983 ജൂൺ 25. കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റിൻഡീസിനെ 43 റൺസിന് തോൽപ്പിച്ച് ലോകകപ്പ് നേടിയ നിമിഷം. ആദ്യ രണ്ട് ലോകകപ്പുകളിൽ നിന്ന് ഒരൊറ്റ മൽസരം മാത്രം ജയിച്ച ' പെരുമ'യുമായി മൂന്നാം ലോകകപ്പിനെത്തിയ ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിലെ പത്രങ്ങൾ കനിഞ്ഞുനൽകിയ വിളിപ്പേരായിരുന്നു 'നനഞ്ഞ പട്ടികൾ'. പക്ഷെ, ആ പട്ടിക്കൂട്ടം ചെകുത്താന്മാരായി മാറാൻ 17 ദിവസമേ വേണ്ടി വന്നുള്ളൂ. കപിൽദേവിന്റെ ഇന്ത്യയെ കരുതിയിരുന്നുകൊള്ളാൻ ആത്രേലിയൻ ക്യാപ്റ്റനായിരുന്ന കിം ഹ്യൂസ് പറഞ്ഞപ്പോൾ അതൊരു വലിയ തമാശയായേ ക്രിക്കറ്റ് പണ്ഡിതർ കരുതിയുള്ളൂ. പക്ഷേ, യുദ്ധം തുടങ്ങിയപ്പോൾ പ്രവചനങ്ങളും കണക്കുകൂട്ടലുകളും കീഴ്‌മേൽ മറിഞ്ഞു. ഹ്യൂസിന്റെ സ്വന്തം കംഗാരുപ്പടയേയും കരീബിയൻ സിംഹങ്ങളേയും തറപറ്റിച്ചതോടെ അവർക്ക് പുതിയ പേര് ലഭിച്ചു - 'കപിൽസ് ഡെവിൾസ്' (കപിലിന്റെ ചെകുത്താന്മാർ).

ക്രിക്കറ്റിന് അനിശ്ചിതത്വത്തിന്റെ ഗെയിമെന്ന വിശേഷണം അരക്കിട്ടുറപ്പിച്ചത് ലണ്ടനിൽ നടന്ന 83-ലെ ഈ പുഡൻഷ്യൽ ലോകകപ്പാവും. ലോകകപ്പ് നേടാൻ ഏറ്റവും കുറഞ്ഞ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യ.ഇന്ത്യക്ക് തോൽപ്പിക്കാൻ കഴിയുന്ന ടീം നവാഗതരായ സിംബാബ്‌വെ മാത്രമാണെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഗുലാം അഹമദും ചന്ദു ബോർഡെയും ബിഷൻ സിങ് ബേധിയും പങ്കജ് റോയിയും ചന്ദു സർവാതെയും ഉൾപ്പെട്ട ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്ക് വ്യത്യസ്ഥമായ ചില പദ്ധതികൾ ഉണ്ടായിരുന്നു. 24കാരനായ യുവഓൾറൗണ്ടർ കപിൽദേവിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് വഴി അവർ നൽകിയ സന്ദേശം വ്യക്തമായിരുന്നു-ധീരമായ തീരുമാനങ്ങൾ കൈകൊള്ളാനും അതു വഴി അദ്ഭുതങ്ങൾ കാണിക്കാനും കെൽപ്പുള്ള ടീമാവണം എന്ന താൽപര്യം സെലക്ടർമാരുടെ ഓരോ നീക്കത്തിലും പ്രകടമായിരുന്നു. പരിചയ സമ്പന്നനായ സുനിൽ ഗാവസ്‌കർക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യാൻ ആക്രമണകാരിയായ കൃഷ്ണമചാരി ശ്രീകാന്ത്. മധ്യനിരയിൽ മൊഹീന്ദർ അമർനാഥ്, യശ്പാൽ ശർമ, സന്ദീപ് പാട്ടീൽ, ദിലീപ് വെങ്‌സർക്കാർ, കീർത്തി അസാദ്, പേസ് ബൗളർമാരായി കപിൽദേവിനൊപ്പം മദൻലാൽ, റോജർ ബിന്നി, ബൽവീന്ദർ സിങ് സന്ധു, ഡൽഹിക്ക് വേണ്ടി കളിച്ചിരുന്ന മലയാളി സുനിൽ വാൽസൻ എന്നിവർ. കിക്കറ്റ് കീപ്പർ കിർമാനി. സ്പിന്നറായി രവി ശാസ്ത്രി-ഇതായിരുന്നു പതിനാലംഗ ടീം.

ഇതിൽ അമർനാഥ് ഇടയ്‌ക്കൊക്കെ ബൗൾചെയ്യുന്ന പേസ് ബൗളറും കീർത്തി ആസാദ് മികച്ച ഓഫ് സ്പിന്നറും കൂടി ആയിരുന്നു. രവി ശാസ്ത്രി, റോജർ ബിന്നി,മദൻലാൽ, കിർമാനി എന്നിവരുടെ ബാറ്റിങ് മികവും ടീമിന് മുതൽക്കൂട്ടാവുമെന്ന് അവർ വിശ്വസിച്ചു. ഇങ്ങനെ കപിലിന് പുറമെ തന്നെ ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കാവുന്ന അര ഡസൻ കളിക്കാരുടെ സാന്നിധ്യമായിരുന്നു. ഈ ടീമിന്റെ യഥാർത്ഥ കരുത്ത്.

ചാമ്പ്യൻമാരെ വിഴ്ത്തി തുടക്കം

ടൂർണമെന്റിന്റെ തുടക്കം മുതലേ അഗ്‌നിപരീക്ഷകളായിരുന്നു. ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും കരുത്തരായ ആസ്‌ത്രേലിയയും ഉൾപ്പെട്ട ബി ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടുക ഒട്ടും എളുപ്പമായിരുന്നില്ല. ഇംഗ്ലണ്ട്, പാകിസ്താൻ, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവരുൾ പ്പെട്ട 'എ' ഗ്രൂപ്പിൽ വാതുവെപ്പുകാർ ആദ്യം തൊട്ടേ ഇംഗ്ലണ്ടിനും പാകിസ്താനുമൊപ്പം നിന്നു. ഗ്രൂപ്പിലെ എല്ലാ ടീമുകളും പരസ്പരം രണ്ടുത വണ വീതം മത്സരിക്കുന്ന രീതി ആരംഭിച്ചത് ഈ ലോകകപ്പിലാണ്. ബി ഗ്രൂപ്പിൽ തുടക്കം അട്ടിമറികളോടെയായി. ഡെങ്കൻ ഫ്‌ളെക്ചറെന്ന ക്യാപ്റ്റന്റെ കളി ആദ്യ ലോകകപ്പ് കളിക്കാനെത്തിയ സിംബാബ്വേക്ക് ഓസീസിനെതിരെ ജയം സമ്മാനിച്ചു. ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ ഫ്‌ളെക്ചർ പുറത്താവാതെ നേടിയ 69 റൺസിന്റെ പിൻബലത്തിൽ 60 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തപ്പോൾ, ഹ്യൂസും അലൻ ബോർഡറും ഗ്രേം വുഡും ഉൾപ്പെട്ട ഓസീസ് ബാറ്റിങ്‌നിര ഫ്‌ളെക്ചറുടെ ബൗളിങ്ങിനു (42ന് 4) മുന്നിൽ തകർന്നടിഞ്ഞു. തന്റെ ആദ്യ ഏകദിനം കളിച്ച കെപ്ലർ വെസൽസ് (പിൽക്കാലത്ത് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ) പൊരുതിനേടിയ 76 റൺസാണ് തോൽവിയുടെ മാർജിൻ 13 റൺസിലൊതുക്കിയത്. എന്നാൽ സിംബാബ്‌വേയുടെ ഈ ഉജ്ജ്വലനേട്ടത്തിന് അന്ന് വലിയ വാർത്താപ്രാധാന്യം ലഭിച്ചില്ല. കാരണം, അന്നേദിവസം ഓൾഡ് ട്രാഫോർഡ് ഗ്രൗണ്ടിൽ അതിലേറെ അവിശ്വസനീയമായ മറ്റൊരു അട്ടിമറി സംഭവിച്ചു. ലോകകപ്പിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായി വിൻഡീസ് തോൽവിയറിഞ്ഞു.

കപിലിന്റെ ടീം 34 റൺസിന് അവരെ തകർത്തുവിട്ടു. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 76 റൺസെടുക്കുമ്പോഴേക്കും സുനിൽ ഗാവസ്‌കറും ശ്രീകാന്തും മൊഹീന്ദർ അമർനാഥും ക്രീസു വിട്ടുകഴിഞ്ഞിരുന്നു. എന്നാൽ പഞ്ചാബുകാരൻ യശ്പാൽ ശർമയും മുംബൈക്കാരൻ സന്ദീപ് പാട്ടീലും കൂടി ചെറുത്തുനിന്നപ്പോൾ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോർ പിറന്നു - എട്ടുവിക്കറ്റിന് 262 റൺസ്. മറുപടി ബാറ്റിങിനിറങിയ കരീബിയൻ പടക്ക് റോജർ ബിന്നിയുടെയും ബൽവീന്ദർ സിങ് സന്ധുവിന്റെയും സ്വിംഗ് ബൗളിങ്ങിനു മുന്നിൽ അടിതെറ്റി. 24 റൺസ് വീതമെടുത്ത ഓപ്പണർമാരായ ഡെസ്മണ്ട് ഹെയ്ൻസും ഗോർഡൻ ഗ്രീനിഡ്ജും 17 റൺസെടുത്ത 'പവർഹൗസ്' വിവിയൻ റിച്ചാർഡ്‌സും പുറത്തായപ്പോൾ കരീബിയൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിഞ്ഞു. സ്‌കോർ 157ലെ ത്തിയപ്പോൾ ഒൻപതു വിക്കറ്റ് വീണിരുന്നു. എന്നാൽ അവിടെവെച്ച് ഗാർനറും റോബർട്‌സും ചെറുത്തുനിന്നപ്പോൾ വിജയം ഇന്ത്യയുടെ കൈപ്പിടിയിൽനിന്ന് വഴുതിമാറും പോലെ തോന്നി. ഒടുവിൽ രവിശാസ്ത്രിയാണ് ആ കൂട്ടുകെട്ട് തകർത്തത്. ഗാർനറെ ശാസ്ത്രിയുടെ പന്തിൽ വിക്കറ്റ് കീപ്പർ സയിദ് കിർമാനി സ്റ്റംപ് ചെയ്തു. 37 റൺസ് വീതമെടുത്ത ഗാർനറും റോബർട്‌സും ചേർന്നുള്ള 71 റൺസിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടിന് ഇന്ത്യയുടെ ജയം തടയാനായില്ല. ഈ അട്ടിമറി ജയം ഇന്ത്യൻ ടീമിന് നൽകിയ ആത്മവിശ്വാസം ഏറെ വലുതായിരുന്നു. അടുത്ത മൽസരങ്ങളിൽ അത് പ്രതിഫലിച്ചു.

സിംബാബ്‌ക്കെതിരെ ജയം അനായാസമായിരുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ കപിൽദേവിന്റെ തീരുമാനം ടീമിന് ഗുണം ചെയ്തു. രാവിലെ ഈർപ്പമുള്ള പിച്ചിൽ മദൻലാലിന്റെ സമർഥമായ ബൗളിംഗ് സിംബാബാ വെയെ 155 റൺസിലൊതുക്കി. ബാറ്റിങിൽ മൊഹീന്ദർ അമർനാഥിന്റെ സമചിത്തതയും സന്ദീപ് പാട്ടീലിന്റെ ആക്രമണോത്സുകതയും ചേർന്നപ്പോൾ 22 ഓവറിലധികം ബാക്കിനിൽക്കെ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം ആഘോഷിക്കുകയും ചെയ്തു. അപ്പോൾ ഗ്രൂപ്പിൽ രണ്ട് ജയവുമായി ഇന്ത്യ മുന്നിട്ടുനിൽക്കുകയായിരുന്നു. എന്നാൽ അവിടെവെച്ച് ദയനീയമായ രണ്ട് തോൽവികൾ. - ആസ്‌ത്രേലിയക്കെതിരായ മാച്ചിൽ ടവർ ചാപ്പലിന്റെ ഉജ്ജ്വല സെഞ്ച്വറി ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തിനുമേൽ വെള്ളിടിയായി പതിച്ചു. 162 റൺസിനാണ് ഇന്ത്യ ഓസീസിനോട് തോറ്റത്. പിന്നെ വിൻഡീസിന്റെ പ്രതികാരം. ആദ്യമത്സരത്തിലെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് കളിച്ച കരീബിയൻ പട 66 റൺസിന് പകവീട്ടി. ആദ്യം ബാറ്റുചെയ്ത കരീബിയക്കാർ വിവിയൻ റിച്ചാർഡ്‌സിന്റെ വിലോഭനീയ സെഞ്ച്വറിയുടെ മികവിൽ 9 വിക്കറ്റിന് 287 റൺസെടുത്തു. മൊഹീന്ദർ അമർനാഥ് പൊരുതിനോക്കിയെങ്കിലും ഇന്ത്യയുടെ ഇന്നിംഗ്‌സ് 216 റൺസിലൊതുങ്ങി. അമർനാഥിനൊപ്പം ദിലീപ് വെങ്‌സർക്കാർ പിടിച്ചുനിന്നപ്പോൾ ഇന്ത്യക്ക് പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ, മാൽക്കം മാർഷൽ എന്ന അതിവേഗ ഫാസ്റ്റ് ബൗളറുടെ ഭയാനകമായ ബൗൺസർ ഇടിച്ച് ചോരയൊലിക്കുന്ന മുഖവുമായി ദിലീപ് പവലിയനിലേക്ക് മടങ്ങിയതോടെ ചെറുത്തുനിൽപ്പ് അവസാനിക്കുകയായിരുന്നു.

പിന്നെ രണ്ടു മത്സരങ്ങൾകൂടി. സെമിയിലെത്തണമെങ്കിൽ രണ്ടും ജയിച്ചേ തീരൂ. അതിൽ ആദ്യത്തേത് സിംബാബ്‌ക്കെതിരെ. അനായാസം ജയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ടോസ് ഇന്ത്യയെ തുണച്ചപ്പോൾ എല്ലാം നേരായ വഴിക്കാണെന്ന് കരുതി. എന്നാൽ നിരുപദ്രവകാരികളെന്നു കരുതിയ സിംബാബ്‌വെയുടെ ഓപ്പണിംഗ് ബൗളർമാർ - കെവിൻ കരനും പീറ്റർ റോസനും സംഹാരതാണ്ഡവമാടി. ഗാവസ്‌കറും ശ്രീകാന്തും 'പൂജ്യന്മാ'രായി. അമർനാഥ്-5, സന്ദീപ് പാട്ടീൽ-1, യശ്പാൽ ശർമ-9. ഇന്ത്യ അഞ്ചുവിക്കറ്റിന് 17. എന്നാൽ എളുപ്പമങ്ങു തോറ്റു കൊടുക്കാൻ ഇന്ത്യൻ നായകൻ കപിൽദേവ് തയ്യാറല്ലായിരുന്നു. സയിദ് കിർമാനിയുടെയും റോജർ ബിന്നിയുടെയും മദൻലാലിന്റെയും തുണയോടെ കപിൽ കാഴ്ചവെച്ച ആ ഇന്നിംഗ്‌സ് ചരിത്രമായി. സമാനതകളില്ലാത്ത ഇതിഹാസമായി മാറി. കപിൽ പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ച ആ 175 റൺസിന്റെ പിൻബലത്തിൽ ഇന്ത്യ 8 വിക്കറ്റിന് 266 റൺസെടുത്തു. സിംബാബ്‌വെ ബാറ്റ്‌സ്മാൻമാർക്ക് മത്സരത്തിൽ ഒരിക്കലും ജയപ്രതീക്ഷ ജനിപ്പിക്കാനായില്ല.

കംഗാരുവിനെ മറികടന്ന് സെമിയിൽ

ചെംസ്‌ഫോർഡിലെ ഇന്ത്യ-ആസ്‌ത്രേലിയ മത്സരം ലോകകപ്പിലെ 'ക്വാർട്ടർ ഫൈനലാ'യിരുന്നു. ജയിക്കുന്ന ടീമിന് സെമിയിലെത്താം. ടോസ് നേടിയ കപിൽ ഒരിക്കൽക്കൂടി വിവേകപൂർവമായ തീരുമാനമെടുത്തു. കംഗാരുക്കളോട് ഫീൽഡ് ചെയ്യാനാവശ്യപ്പെട്ടു. വെല്ലുവിളിയേറ്റെടുത്ത ആസ്‌ത്രേലിയൻ പേസ് ബൗളർമാർ, പ്രത്യേകിച്ചും ജെഫ് തോംസണും ഹോഗും കണിശമായ 'ലൈനും ലെംഗ്തും' സൂക്ഷിച്ച് പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ റൺസെടുക്കാൻ വിഷമിച്ചു. 65 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുയർന്നു. പക്ഷേ, പാട്ടീലും യശ്പാലും കപിലുമുൾപ്പെട്ട മധ്യനിരയുടെ ബുദ്ധിപൂർവമായ ബാറ്റിംഗ്, ടീമിനെ മുന്നോട്ടു നയിച്ചു. ഒരു ബാറ്റ്‌സ്മാനും അർധശതകം തികച്ചില്ലെങ്കിലും ഇന്ത്യ മാന്യമായ സ്‌കോർ (247 റൺസ്) കണ്ടെത്തി. ഈ വിജയലക്ഷ്യം ഓസീസിന്റെ പ്രഗത്ഭ ബാറ്റിംഗ് നിരയ്ക്ക് അപ്രാപ്യമെന്ന് കരുതാനാവില്ലായിരുന്നു.

ഓവറിൽ ശരാശരി നാലു റൺസിന് മീതെ മതിയായിരുന്നു. ഈ അവസ്ഥയിൽ മദൻ-ബിന്നി-സന്ധു ത്രയത്തിന്റെ തകർപ്പൻ ബൗളിംഗാണ് അവരെ വീഴ്ത്തിക്കളഞ്ഞത്. വെറും 124 റൺസിന് ആസ്‌ത്രേലിയക്കാർ പുറത്തായപ്പോൾ ഇന്ത്യക്ക് ആദ്യമായി ലോകകപ്പിന്റെ സെമിഫൈനലിലേക്ക് വാതിൽ തുറന്നുകിട്ടി. ഇന്ത്യക്കെതിരായ ഉദ്ഘാടനമത്സരം മാത്രം തോറ്റ വിൻഡീസ് ഗ്രൂപ്പ് ജേതാക്കളെന്ന നിലയിൽ തന്നെ സെമിയിൽ സ്ഥാനം പിടിച്ചിരുന്നു. ആ ഒരൊറ്റ തോൽവി ഒഴിച്ചാൽ അവരുടെ പ്രയാണം തീർത്തും രാജകീയം തന്നെയായിരുന്നു. ആസ്‌ത്രേലിയയെ ആദ്യം 101 റൺസിനും പിന്നെ ഏഴു വിക്കറ്റിനും തകർത്ത കരീബിയൻ പട സിംബാബ്‌ക്കെതിരെ എട്ടു വിക്കറ്റിനെയും പത്തു വിക്കറ്റിന്റെയും ജയങ്ങൾ കരസ്ഥമാക്കിയിരുന്നു. 'എ' ഗ്രൂപ്പിൽ ശ്രീലങ്ക, ന്യൂസിലൻഡിനെതിരെയും ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെതിരെയും നേടിയ ജയങ്ങൾ ഒഴിച്ചാൽ എല്ലാം പ്രതീക്ഷിച്ചതു പോലെയായിരുന്നു. വിൻഡീസിനെപ്പോലെ ഒരൊറ്റ മത്സരം ഒഴിച്ച് എല്ലാം ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇംഗ്ലണ്ട,് സെമിയിൽ ഇന്ത്യക്ക് പ്രതിയോഗികളായത്. പക്ഷേ, പാകിസ്താൻ ന്യൂസിലൻഡിന്റെ കടുത്ത ഭീഷണി അതിജീവിച്ച് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഭാഗധേയങ്ങൾ മാറിമറിഞ്ഞ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ ന്യൂസിലൻഡിനെ 11 റൺസിന് കീഴടക്കിയപ്പോൾ ഇരു ടീമുകൾക്കും 12 പോയന്റുവീതമായിരുന്നു. പിന്നെ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ യോഗ്യത നേടിയപ്പോൾ രണ്ട് ഏഷ്യൻ ടീമുകൾ സെമിഫൈനലിലെത്തുന്ന ലോകകപ്പ് എന്ന സവിശേഷതകൂടി മൂന്നാം ലോകകപ്പിന് കൈവന്നു.

സെമിയിൽ പാകിസ്താനെതിരെ വിൻഡീസിന്റെ ജയം ആയാസ രഹിതമായിരുന്നു. ആദ്യം ബാറ്റുചെയ്യാനയക്കപ്പെട്ട പാകിസ്താൻ 60 ഓവറിൽ എട്ടു വിക്കറ്റിന് 184 റൺസെന്ന ചെറിയ സ്‌കോറിലൊതുങ്ങിയപ്പോൾ റിച്ചാർഡ്‌സിന്റെ മറ്റൊരു സംഹാരാത്മക ഇന്നിംഗ്‌സ് വിൻഡീസിനെ എട്ടുവിക്കറ്റ് ജയത്തിലേക്ക് നയിച്ചു.

സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോൾ അനർഹമായ സ്ഥാനം നേടിയ അമിതഭാഗ്യവാന്മാരുടെ പരിവേഷമായിരുന്നു ഇന്ത്യയ്ക്ക്, ഇംഗ്ലീഷ് മാധ്യമങ്ങൾ നൽകിയത്. സ്വന്തം ഗ്രൗണ്ട്, നാട്ടുകാരായ കാണികൾ, മുമ്പ് ഒരുതവണ സെമിഫൈനൽ കളിച്ച അനുഭവസമ്പത്തും- സാഹചര്യങ്ങളെല്ലാം ഇംഗ്ലീഷുകാർക്ക് അനുകൂലമായി രുന്നു. നിർണായകമാവുമെന്ന് കരുതിയിരുന്ന ടോസ് നേടിയപ്പോൾ തന്നെ മത്സരം ജയിച്ചുകഴിഞ്ഞ പ്രതീതിയായിരുന്നു ഇംഗ്ലീഷ് ക്യാമ്പിൽ. ഫ്‌ളവറും ക്രിസ് ടാവറെയും കൂടി ഇംഗ്ലീഷ് ഇന്നിംഗ്‌സിന് മികച്ച അടിത്തറയും നൽകി. ബിന്നി ബൗൾ ചെയ്യാനെത്തുമ്പോൾ ഇംഗ്ലീഷ് ഓപ്പണർമാരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകുകയായിരുന്നു. പേസ് കുറച്ച് വിക്കറ്റിനിരുവശത്തേക്കും പന്ത് 'സ്വിങ്' ചെയ്യിക്കുകയെന്ന ബിന്നിയുടെ തന്ത്രം ഫലിച്ചു. ഓപ്പണർമാർ രണ്ടുപേരും വൈകാതെ പവലിയനിലേക്ക് മടങ്ങി.

പിന്നെ തുടരെ വിക്കറ്റുകൾ വീണു. ഡേവിഡ് ഗവറിനെ അമർനാഥ് വിക്കറ്റിനു പിന്നിൽ കിർമാനിയുടെ കൈകളിലെത്തിച്ചു. അലൻ ലാംബ് തികച്ചും അപ്രതീക്ഷിതമായി റണ്ണൗട്ടായി. അമർനാഥിന്റെ മനോഹരമായൊരു പന്ത് മൈക്ക് ഗാറ്റിങ്ങിന്റെ പ്രതിരോധം ഭേദിച്ചു. എന്നാൽ അപകടകാരിയായ ഇയാൻബോതം ക്രീസിൽ നിൽക്കുവോളം ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ടായിരുന്നു. സ്വതസിദ്ധമായ ഫോമിലെത്തിക്കഴിഞ്ഞാൽ ബോതമിനെ തളയ്ക്കുക എളുപ്പമല്ലെന്ന് നന്നായറിയാമായിരുന്ന കപിൽദേവ് കീർത്തി ആസാദിന് പന്തു നൽകി. രണ്ടറ്റത്തുനിന്നും സ്പിന്നും പേസും മാറിമാറിയെറിഞ്ഞപ്പോൾ ബോതമിന്റെ ഏകാഗ്രത നശിച്ചു. ആസാദിന്റെ 'ഷൂട്ടർ' ബോതമിന്റെ വിക്കറ്റ് തെറിപ്പിച്ചു. പിന്നെ വാലറ്റക്കാരെ കപിലും വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ കോർ 213ൽ ഒതുങ്ങി. അപ്പോഴും ബോബ് വില്ലിസിന്റെ നേതൃത്വത്തിലുള്ള പേസ്പടയെ നേരിട്ട് വിജയലക്ഷ്യത്തിലെത്തുക ഒട്ടും എളുപ്പമായിരുന്നില്ല. ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഫോം കണ്ടെത്തിയ സുനിൽ ഗാവസ്‌കറും ശ്രീകാന്തും ചേർന്ന് കോർ 46 ലെത്തിച്ചു. ഓപ്പണർമാർ രണ്ടുപേരും മടങ്ങിയശേഷം അമർനാഥും യശ്പാൽ ശർമയും ചേർന്ന് 92 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. അമർനാഥ് റണ്ണൗട്ടായപ്പോൾ സന്ദീപ് പാട്ടിലെത്തി. പാട്ടീലിന്റെ ബാറ്റിൽനിന്ന് പതിവുപോലെ ബൗണ്ടറികൾ വർഷിച്ചപ്പോൾ ബൗളർമാർ നിരായുധരായി. അഞ്ച് ഓവറും രണ്ട് പന്തും ബാക്കി നിൽക്കെ നാലുവിക്കറ്റ് നഷ്ടത്തിൽ ജയം നേടി ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തു. 61 റൺസ് നേടിയ യശ്പാൽ ശർമയും 46 റൺസും രണ്ട് വിക്കറ്റും നേടിയ മൊഹീന്ദർ അമർനാഥുമായിരുന്നു ഈ സെമിഫൈനലിലെ വിജയശിൽപികൾ.

ദാവീദ്-ഗോലിയാത്ത് പോരാട്ടം

അങ്ങനെ മൂന്നാം ലോകകപ്പിൽ മൂന്നാംവട്ടവും ഒരു ദാവീദ്-ഗോലിയാത്ത് പോരാട്ടത്തിന് കളമൊരുങ്ങി. ജൂൺ 25ന് രാവിലെ ചരിത്രപ്രസിദ്ധമായ ലോർഡ്‌സ് ഗ്രൗണ്ടിൽ ഫൈനൽ കളിക്കാനിറങ്ങുമ്പോൾ ക്യാപ്റ്റൻ കപിൽദേവ് ടീമംഗങ്ങളോട് ഇത്രയേ പറഞ്ഞുള്ളൂ - 'നമുക്ക് ഒത്തൊരുമിച്ച് പൊരുതിനോക്കാം'. ആ വാക്കുകൾ മത്സരത്തിന്റെ ആദ്യവസാനം അവരിലോരോരുത്തരുടെയും ചെവികളിൽ മുഴങ്ങുകയായിരുന്നു. സെമിയിലെന്ന പോലെ ഫൈനലിലും ടോസ് ഇന്ത്യയ്ക്ക് എതിരായി. കരീബിയൻ ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആൻഡി റോബർട്‌സ്,ജോയൽ ഗാർനർ, മാൽക്കം മാർഷൽ, മൈക്കൽ ഹോൾഡിംഗ് എന്നിവരുൾപ്പെട്ട പേസ്പട ലോകമിന്നോളം കണ്ടതിൽ ഏറ്റവും മികച്ചതെന്ന് ഉറപ്പിച്ച് പറായാവുന്നതാണ്.

മഞ്ഞിൽ കുതിർന്നുകിടന്ന പിച്ചിൽ കുത്തിയുയർന്ന പന്തുകൾ നേരിടുക, ഒട്ടും എളുപ്പമായിരുന്നില്ല. റോബർട്‌സിന്റെ ''ഓഫ്റ്റംപി'ന്റെ പുറത്തുവന്ന പന്ത് തെറ്റായ ദിശയിൽ കളിക്കാൻ ശ്രമിച്ച ഗാവസ്‌കറുടെ ബാറ്റിൽ തട്ടി വിക്കറ്റ് കീപ്പർ ജെഫ് ഡുജോണിന്റെ കൈകളിലെത്തി. പകരമെത്തിയ മൊഹീന്ദർ അമർനാഥിനെ സാക്ഷിയാക്കി ശ്രീകാന്ത് മികച്ച ഷോട്ടുകളുതിർത്തു. റോബട്ട്‌സിനെതിരെ കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്‌ക്വയർ ഡ്രൈവിലൂടെ ശ്രീകാന്ത് നേടിയ ബൗണ്ടറി ഫൈനലിലെ ഏറ്റവും മികച്ച ഷോട്ട് ആയി. രണ്ടാം വിക്കറ്റിൽ 57 റൺസ് പിറന്നു. 37 റൺസെടുത്ത ശ്രീകാന്ത് മാർഷലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അമർനാഥിനെ ഹോൾഡിംഗ് ക്ലീൾബൗൾ ചെയ്തു. സ്പിന്നർ ലാറി ഗോമസിന്റെ ബൗളിംഗിൽ ആക്രമണത്തിനു മുതിർന്ന യശ്പാലിനും പിഴച്ചു. കീസിൽ എത്തിയ ഉടൻ കപിൽ ഗോമസിനെ സ്‌ക്വയർലഗ്ഗിനു മുകളിലൂടെ സിക്‌സറടിച്ചു. പക്ഷേ, അതേ ബൗളർക്കുതന്നെ വിക്കറ്റു നൽകി. പിന്നീട് മദൻലാൽ, കിർമാനി, സന്ധു എന്നിവരുടെ ചെറുത്തുനിൽപ്പ് ഇന്ത്യൻ സ്‌കോർ 183-ലെത്തിച്ചു.

വീൻഡീസിന് ജയിക്കാൻ ഒരോവറിൽ ശരാശരി മൂന്നു റൺസ് മതി. റിച്ചാർഡ്‌സും ലോയ്ഡും ഗ്രീനിഡ്ജും ഉൾപ്പെട്ട വിൻഡീസിന്റെ ലോകോത്തര ബാറ്റിംഗ് നിരയ്ക്ക് അതൊരു വെല്ലുവിളി ആവുന്നത് എങ്ങിനെ? എന്നാൽ എല്ലാം തീരുമാനിച്ചുറച്ചപോലെയായിരുന്നു ഇന്ത്യക്കാരുടെ ബൗളി ംഗും ഫീൽഡിംഗും. സന്ധു തന്റെ ക്രിക്കറ്റ് ജീവിതത്തിലെതന്നെ ഏറ്റവ ം മനോഹരമായ 'ഇൻസ്വിംഗറി'ലൂടെ ഗ്രീനിഡ്ജിന്റെ വിക്കറ്റ് പിഴുതു. വിക്കറ്റിനു പുറത്തേക്ക് പോവുമെന്നു കരുതി ഒഴിഞ്ഞ പന്താണ് ഗ്രീനി ഡ്ജിന്റെ കുറ്റി തെറുപ്പിച്ചത്. മദൻലാലിന്റെ പന്തുകൾ ബാറ്റ്‌സ്മാൻമാരെ സ്‌ട്രോക്കുകൾക്ക് പ്രേരിപ്പിക്കും വിധമായിരുന്നു. ഹെയ്ൻസും വിവിയൻ റിച്ചാർഡും ഗോമസും വീണത് ഈ ചതിക്കുഴിയിലാണ്. റിച്ചാർ ഡ്‌സിനെ പുറത്താക്കാൻ വാരകൾ പിറകോട്ടോടി കപിൽദേവെടുത്ത ക്യാച്ച് ക്രിക്കറ്റെന്ന ഗെയിം നിലനിൽക്കുവോളം വാഴ്ത്തപ്പെടും. പിന്നെ സമ്മർദ്ദത്തിലായിപ്പോയ ലോയ്ഡും ബാക്കസും ഗോമസുമെല്ലാം രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ സ്‌കോർ 6 വിക്കറ്റിന് 76 റൺസ്. ഡുജോണും മാർഷലും ചെറുത്തുനിന്ന്‌പ്പോൾ കരീബിയൻസ്‌കോർ മൂന്നക്കം കടന്നു. സന്നിഗ്ധ ഘട്ടങ്ങളിലെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ രക്ഷകനാവാറുള്ള മൊഹീന്ദർ അമർനാഥ് അവിടെയും അവതരിച്ചു. രണ്ടുപേരെയും അമർനാഥ് വീഴ്ത്തി. ഒടുവിൽ ഹോൾഡിംഗിനെ അമർനാഥ് വിക്കറ്റിനുപിന്നിൽ കുടുക്കി. ഇന്ത്യ 43 റൺസിന്റെ വിജയം ആഘോഷിക്കുമ്പോൾ അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സിനിമയുടെ ക്ലൈമാക്‌സസിന് സാക്ഷ്യം വഹിക്കും പോലെ മിഴിച്ചിരിക്കുകയായിരുന്നു ലോർഡ്‌സ് ഗ്രൗണ്ടിന്റെ ഗ്യാലറിയിലെ ക്രിക്കറ്റ് ആരാധകർ.

കപിലോ മൊഹീന്ദറോ?

മൂന്നാം ലോകകപ്പിൽ ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ ഏറ്റവും നിർണായക പങ്കുവഹിച്ച രണ്ട് താരങ്ങൾ ക്യാപ്റ്റൻ കപിൽദേവും മൊഹീന്ദർ അമർനാഥുമാണ്. വിക്കറ്റുകളുടെയും റൺസിന്റെയും എണ്ണത്തിൽ മറ്റു താരങ്ങളെ പിന്നിലാക്കുന്ന ഇവർ ഒന്നിലേറെ തവണ മിക്കവാറും ഒറ്റയ്ക്കുതന്നെ ടീമിന് വിജയമൊരുക്കുകയും ചെയ്തു. ടൂർണമെന്റിലെ ഏറ്റവും വിലയേറിയ താരമെന്ന സ്ഥാനം ഈ രണ്ട് പേരിലൊരാൾക്ക് നൽകണം. ( അന്ന് അങ്ങനെയൊരു പുരസ്‌ക്കാരം നൽകുന്ന പതിവ് ലോകകപ്പിൽ ഇല്ലായിരുന്നു.)ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കപിൽ ടീമി ന് മുതൽക്കൂട്ടായി. ഫീൽഡിംഗ് ക്രമീകരണത്തിലും ഓരോ കളിക്കാരനെയും ഏറ്റവും ഉചിതമായ റോളിൽ ഉപയോഗിക്കുന്നതിലും കപിൽ അതുല്യ പാടവമാണ് പ്രകടിപ്പിച്ചത്. ടീമംഗങ്ങളിൽ ഓരോരുത്തരുടെയും ദൗർബല്യവും കരുത്തും ശരിയായി വിലയിരുത്തുവാൻ ഇന്ത്യൻ ക്യാപ്റ്റന് കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ കപിലിനെ കവച്ചുവെക്കാൻ മറ്റൊരാൾക്കുമാവില്ലെന്ന് കിർമാനിയും മൊഹീന്ദറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എട്ടു മത്സരങ്ങളിൽനിന്ന് 303 റൺസും 12 വിക്കറ്റുമായിരുന്നു കപിലിന്റെ സമ്പാദ്യം. സിംബാബ്‌ക്കെതിരായ ലീഗ് മത്സരത്തിൽ കപിൽ പുറത്താവാതെ നേടിയ 175 റൺസ് അന്ന് ലോകറെക്കോർഡായിരുന്നു. അതുവരെ കളിച്ച ഏകദിന മൽസരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ ആയിരുന്നു അത്. ആദ്യ ലോക കപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്ക് എതിരെ ന്യൂസിലൻഡിന്റെ ഗ്ലൻ ടെർണർ നേടിയ 171 റൺസിന്റെ റെക്കോർഡായിരുന്നു കപിൽ തകർത്തത്. മാത്രമല്ല ഏകദിന ക്രിക്കറ്റ് മൽസരങ്ങളിൽ തന്നെ ഒരു ഇന്ത്യക്കാരന്റെ ആദ്യ സെഞ്ച്വറിയുമായിരുന്നു ഇത്. അഞ്ചു വിക്കറ്റിന് 17 റൺസെന്ന നിലയിൽ സിംബാബ്ക്കു മുന്നിൽ ഇന്ത്യ ദയനീയ തകർച്ചയെ നേരിടുമ്പോൾ ക്രീസിലെത്തിയ കപിൽ ഏകദിന ക്രിക്കറ്റിന് പുതിയ മാനങ്ങൾ പകർന്നു നൽകിയ ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. കപിൽ ഒഴികെയുള്ള ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെല്ലാം ചേർന്ന് നേടിയത് വെറും 79 റൺസായിരുന്നു! പിന്നെ 12 എക്‌സ്ട്രാ റണ്ണുകളും. - എന്നാൽ ടൂർണമെന്റിൽ കപിലിന്റെ ഏറ്റവും വിലയേറിയ സംഭാവന ഫൈനലിലെ പ്രസിദ്ധമായ 'ക്യാച്ചാ'ണ്. ഏതു പ്രതികൂല സാഹചര്യത്തിലും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള വിവിയൻ റിച്ചാർഡ്‌സിനെ പുറത്താക്കിയ ആ ക്യാച്ചായിരുന്നു ഫൈനലിലെ വഴിത്തിരിവ്. മദൻലാലിന്റെ പന്ത് റിച്ചാർഡ്‌സ് ഉയർത്തിയടിച്ചപ്പോൾ യശ്പാൽ ശർമയും കപിൽദേവും ആകാശത്ത് കണ്ണുംനട്ട് പന്തിനു പിന്നാലെ ഓടി. ഇടയ്ക്കുവെച്ച് ആശയക്കുഴപ്പം ഒഴിവാക്കാൻ ശർമ പിൻവാങ്ങി. വാരകൾ പിറകോട്ട് ഓടി അവിശ്വസനീയമായ രീതിയിൽ ക്യാപ്റ്റൻ പന്ത് കൈയ്യിലൊതുക്കിയപ്പോൾ ഇന്ത്യ പകുതി ജയിച്ചുകഴി ഞ്ഞിരുന്നു. എട്ടു മത്സരങ്ങളിൽ നിന്ന് 237 റൺസും എട്ടു വിക്കറ്റുമായിരുന്നു മൊഹീന്ദറിന്റെ സമ്പാദ്യം. സെമിയിലും ഫൈനലിലും മാൻ ഓഫ് ദ മാ ച്ച് അവാർഡ് നേടിയ അമർനാഥ് നിർണായക ഘട്ടങ്ങളിൽ പലതവണ ടീമിന്റെ രക്ഷകനായി.

ചരിത്രപ്രസിദ്ധമായ ആ ഫൈനിലിനെ കുറിച്ച് പറയുമ്പോൾ രണ്ടു പേരെ കുറിച്ച് ഇവിടെ പ്രത്യേകമായി പരാമർശിക്കപ്പെടേണ്ടതുണ്ട്. രണ്ടു ടീമിലേയും പ്രതിഭാധനരായ ഒരോ കളിക്കാർ അകാലത്തിൽ പൊലിഞ്ഞു പോയി. 1999-ൽ തന്റെ 41-ാം വയസ്സിൽ ക്യാൻസർ രോഗത്തിന് കീഴടങ്ങിയ വിൻഡീസ് ഫാസ്റ്റ്ബൗളർ മാർക്കം മാർഷലും അഞ്ചു മാസം മുമ്പ് തന്റെ 66-ാം വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ച് യശ്പാൽ ശർമയുമാണവർ. ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ചരിത്രവിജയം വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെടുമ്പോൾ, ആ ഓർമകളിലൂടെ ഒരിക്കൽ കൂടി കടന്നുപോവുമ്പോൾ കപിൽദേവും കൂട്ടുകാരും തീർച്ചയായയും യശ്പാലിനെ ഓർത്ത് കണ്ണീർ പൊഴിക്കും.

Content Highlights : Indias Cricket world cup victory, Kapil Dev Captaincy, 1983 World Cup,83 movie, Ranveer Singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented