വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗിലില്‍  വില്ലന്‍വേഷത്തില്‍ ഐ.എം. വിജയന്‍. ആദ്യമായിട്ടാണ് വിജയന്‍, വിജയ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

''ഫുട്ബോള്‍ ഇതിഹാസം മറഡോണയ്‌ക്കൊപ്പം പന്തുകളിക്കാനിറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നത്. വിജയ്യുടെ സിനിമകളെല്ലാം ആര്‍പ്പുവിളികളോടെ കണ്ടിട്ടുള്ള എനിക്ക് ജീവിതത്തില്‍ ലഭിച്ച വലിയഭാഗ്യമാണ് അദ്ദേഹത്തിനൊപ്പം ബിഗ് സ്‌ക്രീനിലെത്താന്‍ കഴിഞ്ഞത്''- ഇഷ്ടതാരത്തിനൊപ്പം ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കാന്‍കഴിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു എം.എം. വിജയന്റെ വാക്കുകളില്‍. തമിഴ് സിനിമകളില്‍ ഇതിനുമുന്‍പും വിശാലിന്റെയും കാര്‍ത്തിയുടെയുമെല്ലാം വില്ലനായി  ഐ.എം. വിജയന്‍ എത്തിയിരുന്നു.

മാറ്റത്തിന്റെ വിസില്‍ ഊതിയാണ് ഇളയദളപതി ഇത്തവണയെത്തുന്നത്, പതിവ് രക്ഷകവേഷങ്ങളില്‍നിന്ന് മാറി വനിത ഫുട്ബോള്‍ ടീമിന്റെ കോച്ചാണ് നായകന്‍. വിജയ് ഇരട്ടഗെറ്റപ്പിലെത്തുന്ന സ്‌പോട്സ് ത്രില്ലറില്‍  നയന്‍താരയാണ് നായിക.

വിജയ്-ആറ്റ്ലി-എ.ആര്‍. റഹ്മാന്‍ കോമ്പോയില്‍ പുറത്തുവന്ന സിങ്കപ്പെണ്ണേ...എന്ന ബിഗിലിലെ ഗാനം സോഷ്യല്‍ മീഡിയില്‍ തരംഗമായി കഴിഞ്ഞു. നായകവര്‍ണനയും താരത്തിന്റെ  സ്റ്റാര്‍ഡം ഉയര്‍ത്തലും ഉപേക്ഷിച്ച് സ്ത്രീപക്ഷത്തുനില്‍ക്കുന്ന പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. പെണ്ണിനെ സിങ്കപ്പെണ്ണായി വര്‍ണിച്ച ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.  

അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ പെണ്‍സുഹൃത്തിനോ അങ്ങനെ ഏതൊരു സ്ത്രീക്കും സമര്‍പ്പിക്കാവുന്ന 'വിമന്‍ ആന്‍ത'മായി സിങ്കപ്പെണ്ണെയെന്ന ഗാനത്തെ കാണാമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗിലിന്റെ  പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കതിര്‍, ജാക്കിഷ്റോഫ്, വിവേക്, യോഗിബാബു തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

വിജയ്‌ക്കൊപ്പം ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കുമ്പോഴുണ്ടായ ആഹ്ലാദം, ചിത്രീകരണ വിശേഷങ്ങള്‍

വിജയ് ചിത്രത്തിന്റെ ഭാഗമാകാനുള്ള ക്ഷണം ഫോണിലൂടെയാണ്  ലഭിക്കുന്നത്, സംവിധായകന്‍ ആറ്റ്ലിയുടെ നിര്‍ദ്ദേശപ്രകാരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  വിളിക്കുകയായിരുന്നു. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചെന്നൈയിലായിരുന്നു ചിത്രീകരണം ആറ്റ്ലിതന്നെയാണ്  ലൊക്കേഷനില്‍വച്ച് അദ്ദേഹത്തെ  പരിചയപ്പെടുത്തിയത്, ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ എനിക്ക് കൈവിറയ്ക്കുന്നുണ്ടായിരുന്നു. പന്തുകളിയെകുറിച്ചാണ് ഞങ്ങളേറെയും സംസാരിച്ചത്. എന്റെ പന്തുകളിയെല്ലാം  യുട്യൂബില്‍  അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസ്സിലായി.

സാര്‍ - എന്നുചേര്‍ത്താണ് അദ്ദേഹം പേരുവിളിച്ചത്, ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ എളിമയോടെ പെരുമാറുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയ നിമിഷമായിരുന്നു അതെല്ലാം.

കുടുംബത്തോടൊപ്പം സെറ്റിലെത്തിയപ്പോള്‍ ഭാര്യയോടും മകളോടും അദ്ദേഹം വിവരങ്ങള്‍തിരക്കി മകളെ കൂടെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. സെറ്റിലെ ഒഴിവുസമയങ്ങളില്‍ സിസര്‍കട്ടിനെകുറിച്ചും പന്തുകളിയിലെ ചടുലനീക്കങ്ങളെ കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു. ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം  പതിച്ച ജാക്കറ്റ് ഞാന്‍  സമ്മാനമായി നല്‍കി.

 

Content Highlights : IM Vijayan about acting with Ilayathalapathy Vijay In Bigil directed by Atlee