ഫയൽചിത്രം
കൊച്ചി: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചുദിനങ്ങള്‍ കൊച്ചിക്കു സ്വന്തം. നഗരത്തിലെ അഞ്ചു തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
സരിത, സവിത, സംഗീത, കവിത, പത്മ, ശ്രീധര്‍ എന്നീ തിയേറ്ററുകളാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിഗണനയിലുള്ളത്. തിയേറ്ററുകളുടെ സമ്മതം അരാഞ്ഞിട്ടുണ്ട്. മറുപടി രണ്ടു ദിവസത്തിനകം അറിയാം.
പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഷേണായീസ് തിയേറ്ററിനെ ഒഴിവാക്കി. ഏതെങ്കിലും തിയേറ്ററുകള്‍ അസൗകര്യം അറിയിച്ചാല്‍ നഗരപരിധിയിലെ മറ്റു തിയേറ്ററുകളെ പരിഗണിക്കും.
ഐ.എഫ്.എഫ്.കെ.യുടെ സ്ഥിരംവേദി തിരുവനന്തപുരമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലുമേഖലകളിലായി മേള നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഫെബ്രുവരി 17-21
ഫെബ്രുവരി 10-ന് തിരുവനന്തപുരത്താണു മേള തുടങ്ങുന്നത്. ഫെബ്രുവരി 17 മുതല്‍ 21 വരെയാണു കൊച്ചിയില്‍ പ്രദര്‍ശനം. തിരുവനന്തപുരത്തു പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകളും കൊച്ചിയിലും പ്രദര്‍ശിപ്പിക്കും. കൊച്ചിയിലേക്കായി പ്രത്യേകം ഡെലിഗേറ്റ് പാസ് എടുക്കുന്നവര്‍ക്കാകും പ്രവേശനം. തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മേള നടക്കും. ഓരോ വേദിക്കും പ്രത്യേക പാസ് ആണ്.
തിയേറ്ററുകളുടെ സമ്മതം ലഭിച്ചാലുടന്‍ ചലച്ചിത്രോത്സവത്തിന്റെ സാങ്കേതിക സമിതി സൗകര്യങ്ങള്‍ പരിശോധിക്കും. സ്‌ക്രീന്‍, പ്രൊജക്ടര്‍ എന്നിവ അനുയോജ്യമാണോയെന്നു വിലയിരുത്തും. പരിസരങ്ങളിലെയും ശൗചാലയങ്ങളിലെയും വൃത്തിയും പരിശോധിക്കും. മേള നടക്കുമ്പോള്‍ ചലച്ചിത്രോത്സവസമിതിയുടെ പൂര്‍ണ നിയന്ത്രണത്തിലാകും തിയേറ്ററുകള്‍. കോവിഡ് പ്രൊട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും പ്രവേശനവും പ്രദര്‍ശനവും.
ഒരു തിയേറ്ററില്‍ 200 പേര്‍
200 പേര്‍ക്കാണ് ഒരു തിയേറ്ററില്‍ പ്രവേശനം. തിയേറ്ററിന്റെ വലിപ്പത്തിനനുസരിച്ചു വ്യത്യാസം വരുത്തിയേക്കും. കൂടുതല്‍പേരെ മേളയുടെ ഭാഗമാക്കുകയാണു ലക്ഷ്യം. ദിവസം ഒരു തിയേറ്ററില്‍ നാലുപ്രദര്‍ശനമാണ് ഉണ്ടാവുക
200 പേർക്കാണ് ഒരു തിയേറ്ററിൽ പ്രവേശനം. തിയേറ്ററിന്റെ വലിപ്പത്തിനനുസരിച്ചു വ്യത്യാസം വരുത്തിയേക്കും. കൂടുതൽപേരെ മേളയുടെ ഭാഗമാക്കുകയാണു ലക്ഷ്യം. ദിവസം ഒരു തിയേറ്ററിൽ നാലുപ്രദർശനമാണ് ഉണ്ടാവുക.
പരീക്ഷയുടെ മേള
അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ സുഗമമായി നടത്താന്‍ കഴിയുമോയെന്നതിന്റെ പരീക്ഷണ പ്രദര്‍ശനമാകും കൊച്ചിക്കിത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) കൊച്ചി കേന്ദ്രമായി വലിയ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിലൊന്നു കാക്കനാട് സിവില്‍ സ്റ്റേഷനോടു ചേര്‍ന്നു 80 സെന്റില്‍ മൂന്നു സ്‌ക്രീനുള്ള തിയേറ്റര്‍ സമുച്ചയമാണ്.
വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി കിഫ്ബിയുടെ അനുമതിക്കായി നല്‍കി. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങും. ഈ തിയേറ്റര്‍ സമുച്ചയം വരുന്നതോടെ അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ നടത്താനുള്ള സ്ഥിരംവേദിക്കുള്ള സാധ്യതയാണ് തെളിയുന്നത്.
Content Highlights: IFFK to be held in four phases, four venues 2020 2021, February, Ernamkulam, Thalassery, Thiruvananthapuram, Palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..