'ഹൃദയ'ത്തിലെ രംഗം
‘‘ഹൃദയം എനിക്കു ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ്. ഇതിന്റെ പിന്നിലുള്ളവരെല്ലാം എന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്നവർ തന്നെയാണ്. എന്റെ മകൻ അഭിനയിക്കുന്നു എന്നതിലുപരി എന്റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇതുനിർമിക്കുന്നതും അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ. ഈ സിനിമ ഏറ്റവുംവലിയ വിജയമാകട്ടേയെന്നു ഞാൻ പ്രാർഥിക്കുന്നു’’ -ഹൃദയത്തിൽ കൈവെച്ച് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ പറയുമ്പോൾ അരികിൽ അവരെല്ലാമുണ്ടായിരുന്നു, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, ദർശനാ രാജേന്ദ്രൻ... അപ്പോഴും എപ്പോഴും ഹൃദയത്തിൽ കൈവെച്ച് അവരും ആഗ്രഹിച്ചതും ഒന്നുതന്നെയായിരുന്നു, ഈ സിനിമ എന്നും എപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിൽ സൂക്ഷിക്കണമേ!
ബിരിയാണിയും കിട്ടിയ ഡേറ്റും
മെറിലാൻഡ് സിനിമാസിലെ പുതുതലമുറക്കാരൻ വിശാഖ് സുബ്രഹ്മണ്യം നിർമാതാവായി, വിനീത് ശ്രീനിവാസൻ സംവിധായകനായി; പ്രണവ് മോഹൻലാൽ നായകനായിവരുന്ന ‘ഹൃദയം’ എന്ന സിനിമ തിയേറ്ററിലേക്കെത്തുമ്പോൾ അതു തലമുറകളുടെ ഹൃദയങ്ങളുടെ കൈമാറ്റംകൂടിയാണ്. അതിന്റെ നിറഞ്ഞ പ്രതീക്ഷയിലും തീരാത്ത ത്രില്ലിലുമാണ് അവരെല്ലാവരും. ‘‘അഞ്ചുവർഷം മുമ്പൊരുദിവസം വിനീതിനെ കാണുമ്പോൾ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു. മെറിലാൻഡ് എന്നെങ്കിലും റീലോഞ്ച് ചെയ്യുകയാണെങ്കിൽ എനിക്കൊരു ഡേറ്റ് തരുമോ? അന്നു വിനീത് മറുപടിപറഞ്ഞത്, തത്കാലം ഇപ്പോൾ സിനിമയൊന്നും ചെയ്യുന്നില്ലെന്നും താൻ വലിയൊരു ട്രിപ്പ് പോകുകയാണെന്നുമായിരുന്നു. അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് പ്രണവിന്റെ ആദ്യ സിനിമയായ ആദി ഇറങ്ങിയപ്പോൾ ഞാൻ പിന്നെയും വിനീതിനെ കണ്ടിരുന്നു. എന്നെങ്കിലും പ്രണവിനെ വെച്ച് എടുക്കാവുന്ന ഒരു കഥ മനസ്സിൽവരുകയാണെങ്കിൽ അതു എന്നോടു പറയണമെന്നായിരുന്നു അന്നുഞാൻ വിനീതിനോടു പറഞ്ഞത്.
അതും കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് ചെന്നൈയിൽവെച്ച് വിനീത് എന്നെ വിളിച്ചു. ഞങ്ങൾ ഒരുമിച്ച് ഒരു ഹോട്ടലിൽ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിനീത് ആ ഞെട്ടിക്കുന്ന കാര്യം എന്നോടു പറഞ്ഞത്. പ്രണവിനെ വെച്ച് വിനീതിന്റെ മനസ്സിൽ ഒരു കഥ രൂപപ്പെട്ടു എന്നറിഞ്ഞതോടെ ഞാൻ അവനോടു ഒരുകാര്യം പറഞ്ഞു, ദയവുചെയ്ത് നീ ഇക്കാര്യം മറ്റാരോടും പറയരുത്. ഈ പടം ഞാൻ ചെയ്യാം. അന്നത്തെ ആ ഡയലോഗാണ് ഇന്ന് ഈ സിനിമയിലെത്തിയത്’’ -വിശാഖ് ഹൃദയം എന്ന സിനിമ പിറന്ന കഥ പറഞ്ഞു.
15 പാട്ടുകളുള്ള സിനിമ
പാട്ടിന്റെ പാലാഴി പോലൊരു സിനിമ പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോൾ സന്തോഷവും ത്രില്ലും ഒരുപോലെ വിനീതിന്റെ മുഖത്തുണ്ടായിരുന്നു. ‘‘കഴിഞ്ഞ രണ്ടുകൊല്ലമായിട്ട് എന്റെ ഭാര്യയും കുഞ്ഞുങ്ങളും ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ ഏറ്റവുംകൂടുതൽ സംസാരിക്കുന്നത് രണ്ടുപേരോടായിരുന്നു. രാത്രി പന്ത്രണ്ടുമുതൽ ഒരു മണിവരെ ഹിഷാമിനോടും ഒന്നുമുതൽ രണ്ടുവരെ വിശാഖിനോടുമായിരുന്നു. അവർ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്. 15 പാട്ടുകൾ എന്നത് സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രം സംഭവിച്ചതാണ്. 15 പാട്ടുകൾ സിനിമയിലുണ്ടെന്നുകേട്ട് ഇതു ഗാനമേളയാണോ എന്നുകളിയാക്കി പലരും ചോദിച്ചിരുന്നു. പക്ഷേ, ഈ സിനിമയിൽ പാട്ടുകൾക്കു അത്രമേൽ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെയാണ് ഹൃദയം നിറയുന്ന 15 പാട്ടുകളുമായി ഈ സിനിമ സംഭവിച്ചത്. പ്രണവ് മോഹൻലാൽ എന്ന നടന്റെ പുതിയൊരു മുഖമാണ് ഈ ചിത്രത്തിൽ കാണുന്നത്. 42 വർഷത്തിനുശേഷം മെറിലാൻഡ് സിനിമാസ് നിർമാണത്തിലേക്കു തിരിച്ചെത്തുന്ന സിനിമയെന്ന മേൽവിലാസവും എനിക്ക് ഏറെ സന്തോഷവും അഭിമാനവും പകരുന്നതാണ്’’ -വിനീത് ശ്രീനിവാസൻ പാട്ടിന്റെ പാലാഴിയായ സിനിമയെക്കുറിച്ച് പറഞ്ഞു.

ദർശനയുടെ ഹൃദയത്തിൽ
‘ദർശനാ...ദർശനാ...’ എന്ന പാട്ട് ഹൃദയങ്ങളിൽനിന്നു ഹൃദയങ്ങളിലേക്കു ഒഴുകുമ്പോൾ ഹൃദയം നിറഞ്ഞ സന്തോഷത്തിലാണ് അതിലെ നായികയായ ദർശനാ രാജേന്ദ്രൻ. ‘‘എട്ടുവർഷം മുമ്പാണ് ഞാൻ സിനിമയിലേക്കെത്തിയതെങ്കിലും ഇങ്ങനെയൊരു സിനിമ കരിയറിൽ ആദ്യമാണ്. ഈ സിനിമയിൽ ഞാനൊരു പാട്ട് പാടുന്നുണ്ടെന്നതും വലിയ സന്തോഷം നൽകുന്ന കാര്യമാണ്. വിനീതേട്ടൻ എന്നോട് ഈ സിനിമയുടെ കഥപറഞ്ഞപ്പോൾ എനിക്കാദ്യം അതുചെയ്യാൻ പറ്റുമെന്ന് തോന്നിയിരുന്നില്ല. ഞാൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻപറ്റിയ ആളാണോയെന്നു വിനീതേട്ടനോടു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ, എനിക്കുപറ്റുമെന്ന് വിനീതേട്ടൻ ഉറപ്പിച്ചുപറഞ്ഞതോടെ ആത്മവിശ്വാസമേറി. ‘ദർശനാ’ എന്ന പാട്ട് എല്ലാവരും ഏറ്റെടുക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും ത്രില്ലുമുണ്ട്’’ -ദർശനയുടെ വാക്കുകളിലും നിറഞ്ഞുതുളുമ്പിയത് പ്രതീക്ഷയുടെ ഹൃദയംതന്നെ.
Content Highlights: Hridayam Movie, Pranav Mohanlal, Vineeth Sreenivasan, vishakh subramaniam, Darshana, Kalyani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..