എം.ടി. പറഞ്ഞു, ഞാനവിടില്ലേ പിന്നെന്താ? ‘ഒരു ചെറുപുഞ്ചിരി’യിലെ അമ്മയെ കണ്ടെത്തിയ കഥ


അദ്ദേഹം എഴുതിയ വാക്കുകൾ അതേപോലെ പറയണം. സമയക്രമം തെറ്റരുത്. വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടുമൊന്നും പോകാൻ പാടില്ല. ഈശ്വരാധീനംകൊണ്ട്, അദ്ദേഹം പറഞ്ഞമട്ടിൽ വലിയകുഴപ്പമില്ലാതെ തട്ടിമുട്ടി തീർക്കാൻ കഴിഞ്ഞു. ‘എനിക്ക് തൃപ്തിയായി ട്ടോ’ എന്നദ്ദേഹം എന്നോടുപറയുകയും ചെയ്തു.

നിർമലാ ശ്രീനിവാസൻ എം.ടി. വാസുദേവൻ നായർക്കൊപ്പം (ഫയൽ ചിത്രം) |ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

‘‘നോക്കുമ്പോ, ഒരു ചിരി. ചെറിയൊരു പുഞ്ചിരി. ആ ചിരി എന്നും ഞാൻ മറക്കില്ല. പേടിക്കേണ്ട ഒരാളല്ല, ഒരു ചങ്ങാതി തന്നെയാണ് എന്നുതോന്നിയത് ആ ചെറിയ ചിരി ചിരിച്ചനേരം മുതൽക്കാണ്’’ -ഇടവഴിയിലൂടെ വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ അമ്മാളുക്കുട്ടി അമ്മ ഭർത്താവ് കൃഷ്ണക്കുറുപ്പിനോട് പറഞ്ഞ ഈ വാക്കുകൾ മലയാളികൾ കേട്ടുതുടങ്ങിയിട്ട് 22 ആണ്ട് കഴിഞ്ഞിരിക്കുന്നു.

ദാമ്പത്യപ്രണയത്തിന്റെ മധുരനിഷ്കളങ്കത മലയാളിയെ അനുഭവിപ്പിച്ച ‘ഒരു ചെറുപുഞ്ചിരി’ എന്ന ചലച്ചിത്രം രണ്ടായിരാമാണ്ടിലാണ് പുറത്തെത്തിയത്. അതിനുശേഷമുള്ള തലമുറക്കാർക്കും ഏറെ പ്രിയങ്കരം ഈ ചിത്രം. തെലുഗു എഴുത്തുകാരൻ ശ്രീരമണയുടെ കഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ ചിത്രത്തിൽ കൃഷ്ണക്കുറുപ്പ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വരനടൻ ഒടുവിൽ ഉണ്ണികൃഷ്ണനാണ്. ജോൺപോൾ ഫിലിംസിനുവേണ്ടി നിഷാ ജോൺപോളാണ് സിനിമ നിർമിച്ചത്.

അമ്മാളുക്കുട്ടി അമ്മയെ അവതരിപ്പിച്ച നിർമലാ ശ്രീനിവാസൻ ഈ ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ എന്നേക്കും ഇടംപിടിച്ചു. ചെന്നൈയിൽ ജീവിക്കുന്ന അവർക്ക് എൺപത്തിനാലാം വയസ്സിലും ‘ഒരു ചെറുപുഞ്ചിരി’യുടെ വിശേഷങ്ങൾ ഓർമയിലുണ്ട്, ഇന്നലെയെന്നപോലെ.

‘‘എം.ടി.യുടെ സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചപ്പോൾ നല്ല പരിഭ്രമമുണ്ടായിരുന്നു. അഭിനയം എനിക്ക് നല്ല ഇഷ്ടമാണ്. ചെന്നൈയിൽ മലയാളി ക്ലബ്ബിന്റെ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും ഒക്കെ അഭിനയിച്ച പരിചയവുമുണ്ട്. എന്നാലും സിനിമയിൽ ആദ്യമായിട്ടാണല്ലോ; അതും എം.ടി.യുടെ. ചെന്നൈയിൽ സെൻസർ ബോർഡിൽ ഏഴുവർഷം ഞാൻ പ്രവർത്തിച്ചിരുന്നു. അക്കാലത്താണ് എം.ടി.യെ കണ്ടുപരിചയം. നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി എന്റെ നല്ലസുഹൃത്താണ്. അവരുടെ വീട്ടിൽ എം.ടി. വന്നപ്പോൾ പോയിക്കണ്ടു. നല്ല പരിചയമായി. അപ്പോഴാണ്, ‘ഇങ്ങനെയൊരു കഥയുണ്ട്, സിനിമയാക്കുമ്പോൾ അഭിനയിക്കാമോ’ എന്നു ചോദിക്കുന്നത്. ‘അഭിനയിച്ചിട്ടുണ്ടല്ലോ, അല്ലേ’ എന്ന് എം.ടി. ചോദിച്ചപ്പോൾ ‘സിനിമയിലഭിനയിച്ചു പരിചയമില്ലെ’ന്ന്‌ ഞാൻ പറഞ്ഞു. ‘അതിനെന്താ, ഞാനില്ലേ അവിടെ? ഞാൻ പറഞ്ഞുതരുമല്ലോ’ എന്നായി അദ്ദേഹം. ആ ധൈര്യത്തിലാണ് പോയി അഭിനയിച്ചത്.

ഒടുവിൽ ഉണ്ണികൃഷ്ണനും നിർമലാ ശ്രീനിവാസനും ‘ഒരു ചെറുപുഞ്ചിരി’ എന്ന ചിത്രത്തിൽ |ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ആലുവയിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം. കോഴിക്കോട്ടെ തറവാട്ടുവീടായ ചെങ്ങളത്ത് വന്നശേഷം അവിടെനിന്നാണ് ആലുവയിലേക്ക് പോയത്. ആകെ 25 ദിവസത്തോളമേ ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ. ആ സിനിമ സംവിധാനംചെയ്യുന്ന നാളുകളിൽ എം.ടി.ക്ക് തീരെ സുഖമുണ്ടായിരുന്നില്ല. കഴുത്തിൽ കോളറൊക്കെ വെച്ചാണ് സെറ്റിൽ വന്നിരുന്നത്. മിക്ക ഷോട്ടുകളും ഒറ്റ ടേക്കിൽത്തന്നെ ശരിയായി. അദ്ദേഹം വേണ്ടമാതിരിയൊക്കെ പറഞ്ഞുതരും. നമ്മൾ അതുപോലെ ചെയ്താൽമതി.

സംഭാഷണങ്ങളിലും മറ്റും അദ്ദേഹത്തിന് വലിയ ചിട്ടയാണ്. അദ്ദേഹം എഴുതിയ വാക്കുകൾ അതേപോലെ പറയണം. സമയക്രമം തെറ്റരുത്. വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടുമൊന്നും പോകാൻ പാടില്ല. ഈശ്വരാധീനംകൊണ്ട്, അദ്ദേഹം പറഞ്ഞമട്ടിൽ വലിയകുഴപ്പമില്ലാതെ തട്ടിമുട്ടി തീർക്കാൻ കഴിഞ്ഞു. ‘എനിക്ക് തൃപ്തിയായി ട്ടോ’ എന്നദ്ദേഹം എന്നോടുപറയുകയും ചെയ്തു. ഒടുവിൽ ഉണ്ണികൃഷ്ണനും നന്നായി സഹായിച്ചു. ചെറിയചെറിയ കാര്യങ്ങളായിരിക്കും. എന്നാലും ആ നിർദേശങ്ങൾ വലിയ ഗുണംചെയ്തു’’ -ചിത്രീകരണദിനങ്ങളെക്കുറിച്ച് നിർമലയുടെ തിളക്കംമങ്ങാത്ത ഓർമ.

ഇന്ന് ആ സിനിമ പുതുതലമുറക്കാർക്കുകൂടി പ്രിയങ്കരമാണെന്നറിയുമ്പോൾ, എല്ലാം എം.ടി.യുടെ പ്രതിഭാശക്തിയുടെ വിശേഷമാണെന്നുപറയുന്നു ഈ കലാകാരി. കർക്കടകത്തിലെ ഉത്രട്ടാതിയാണ് എം.ടി.യുടെ പിറന്നാൾ എന്നറിയുമ്പോൾ ചിരിയോടെ ഒരു ചെറുരഹസ്യംകൂടി പങ്കുവെക്കുന്നു, നിർമലാ ശ്രീനിവാസൻ: ‘‘എന്റെ പിറന്നാളും ഉത്രട്ടാതിയാണ്, കർക്കടകത്തിലെയല്ല, ധനുവിലെ’’.

Content Highlights: actress nirmala sreenivasan about mt vasudevan nair, oru cheru punchiri movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented