ളഞ്ഞുപുളഞ്ഞ ഇടവഴിയിലൂടെ നടന്നെത്തുമ്പോൾ ഉരുളൻ കല്ലുകൾ വിരിച്ച, പച്ചപ്പുകൾ അതിരിടുന്നൊരു വീട് കാണാം. വിശാലമായ മുറ്റത്ത് പൂത്തുനിൽക്കുന്ന ബൊഗെയ്ൻ വില്ലകൾ വീടിന്റെ ചുമരിലേക്ക് കയറിയിരിക്കുന്നു. ഈ പൂക്കൾ പടർന്നു പന്തലിച്ചത്‌ മലയാളികളുടെ മനസ്സിലേക്കാണ്. ഇതുമാത്രം മതി ഏത് വീടിനെപ്പറ്റിയാണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാകാൻ. മലയാളിയുടെ വീട്ടകത്തിലെ കഥ പറഞ്ഞ ഹോം സിനിമയിലെ ഒളിവർ ട്വിസ്റ്റിന്റെ വീട് തന്നെ. സിനിമയുടെ എൺപത് ശതമാനത്തിലധികം ഭാഗങ്ങൾ ചിത്രീകരിച്ച കൊച്ചി പച്ചാളത്തെ ഭിത്തികൾ കെട്ടിമറച്ചിട്ടില്ലാത്ത വീട്ടിലെ വിശേഷങ്ങളിലേക്ക്.

മനസ്സിലുള്ളത് ഈ വീട്ടിലുണ്ട്

പച്ചാളം സ്വദേശി ഹെർമൻ ഫെർണാണ്ടസാണ് ഈ മനോഹര വീടിന്റെ ഉടമ. എന്നാൽ ഹൈലൈറ്റ് അതൊന്നുമല്ല. വീട് ഡിസൈൻ ചെയ്തത് ആർക്കിടെക്ടായ ഫെർണാണ്ടസ് തന്നെയാണ്. മനസ്സിലുള്ള വീട് പൂർത്തിയാക്കിയത് അഞ്ചുവർഷം മുൻപാണ്. നിർമാണം തുടങ്ങിയപ്പോൾ അയൽക്കാർക്കൊക്കെ കൗതുകമായിരുന്നു. ചിലരൊക്കെ കളിയാക്കി ചിരിച്ചു. അതൊന്നും ഫെർണാണ്ടസിന്റെ ഉള്ളിലെ ആർക്കിടെക്ടിനെ തളർത്തിയില്ല. എല്ലാവരും പിന്തുടരുന്ന രീതിയിൽ താത്‌പര്യമില്ലായിരുന്നു. പണി പൂർത്തിയാക്കിയപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. കളിയാക്കിയവരൊക്കെ ഒന്ന് നോക്കിപ്പോകും എന്ന നിലയായി. വിശാലമായ ജനാലകളായതിനാൽ ധാരാളം വായുസഞ്ചാരം ലഭിക്കും. ചുറ്റും പച്ചപ്പ് നിറഞ്ഞുനിൽക്കുന്നതിനാൽ ചൂടിനെ പേടിക്കേണ്ട. രണ്ട് നിലകളിലായി ആറ് മുറികളുണ്ടെങ്കിലും എവിടെ നിന്ന് സംസാരിച്ചാലും എല്ലാവർക്കും കേൾക്കാനാകും. എല്ലാ ശൈലികളും സംയോജിപ്പിച്ചുള്ള നിർമാണം എന്നതാണു ഫെർണാണ്ടസിന്റെ രീതി. എത്ര മാനസിക സംഘർഷം നേരിടുമ്പോഴും വീട്ടിലെത്തിയാൽ മൂഡ് മാറുമെന്ന് അദ്ദേഹം പറയുന്നു.

ഹോം സിനിമ ഹോം

പച്ചപ്പില്ലാതെ ഒളിവറിന്റെ വീട് സിനിമയിൽ കാണാനാവില്ല. പലതരം ചെടികളും മരങ്ങളുമെല്ലാമിവിടെയുണ്ട്. ചെടികളും ഫലവൃക്ഷങ്ങളും മാറ്റരുതെന്നു മാത്രമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടത്.

നാല് സിനിമകൾക്കും നിരവധി പരസ്യ ചിത്രീകരണത്തിനും ഈ സുന്ദര വീട് വേദിയായി. നിർമാണം കഴിഞ്ഞ ഉടനെയാണ് പരസ്യ ചിത്രീകരണത്തിന് ഒരു സുഹൃത്ത് സമീപിക്കുന്നത്. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒഴിവാക്കാനാവാത്തതിനാൽ വിട്ടുനൽകി. തുടർന്നാണ് വീട് ശ്രദ്ധിച്ചു തുടങ്ങിയത്. ഹോമിന്റെ ചിത്രീകരണത്തിന്റെ തുടക്കത്തിൽ സിനിമ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു. വലിയ താരങ്ങൾ ഇല്ലാത്ത ഒരു ചെറിയ സിനിമ എന്ന നിലയിലാണ് കണ്ടത്. പുറത്തിറങ്ങിയ ശേഷമാണ്‌ സിനിമ എത്രമാത്രം പ്രേക്ഷകർ സ്വീകരിച്ചെന്ന് മനസ്സിലാകുന്നത്. ദിവസവും നിരവധിയാളുകളാണ് വിളിക്കുന്നത്. എല്ലാവർക്കും പറയാനുള്ളത് വീടിനെക്കുറിച്ചാണ്. ഭാര്യ ആലീസും മക്കളായ എൽവിനും എൻവറും അടങ്ങുന്നതാണ് ഫെർണാണ്ടസിന്റെ കുടുംബം. ഇതുവരെ ഇവർ വീടിന് പ്രത്യേകിച്ചൊരു പേരും നൽകിയിട്ടില്ല. എന്നാൽ ഈ നിലയിൽ പോയാൽ ഒളിവർ ട്വിസ്റ്റ് എന്ന് വീടിന് പേരിടേണ്ടി വരുമെന്ന് ഇവർ പറയുന്നു.

Home Malayalam Movie Indrans the house featured in film Herman Fernandez and family
ഹോം സിനിമ നിര്‍മിച്ച ഹെര്‍മന്‍ ഫെര്‍ണാണ്ടസിന്റെ വീട്‌

വീട് എന്ന കൂട്

ഹോം സിനിമയുടെ ആശയം സംവിധായകൻ റോജിൻ തോമസിന്റെ മനസ്സിൽ വർഷങ്ങളായുണ്ട്. ഒരു ഘട്ടത്തിൽ സിനിമ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചു. നിരവധി തവണ തിരുത്തിയും കഥാപാത്രങ്ങളെ മാറ്റിയും അഞ്ചുവർഷം മുമ്പാണ്‌ തിരക്കഥ ഒരുങ്ങിയത്. സിനിമ ചിത്രീകരണം തീരുമാനിച്ചപ്പോൾ പറ്റിയ വീട് കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. കാരണം സിനിമയിൽ അത്രയും പ്രാധാന്യത്തോടെ നിൽക്കുന്ന കഥാപാത്രമാണ് ഒളിവറിന്റെ സുന്ദരമായ വീട്. കോട്ടയത്തും തിരുവനന്തപുരത്തുമെല്ലാം പറ്റിയ വീടിനു വേണ്ടി റോജിൻ അലഞ്ഞു. ഛായാഗ്രാഹകൻ നീൽ ഡിസൂസയാണ് പച്ചാളത്തെ ഈ വീട് നിർദേശിച്ചത്.

Content Highlights: Home Malayalam Movie, Indrans, the house featured in film, Herman Fernandez and family 

HermanFernandez