ക്ലിൻറ് ഈസ്റ്റ്വുഡിനെ കുറിച്ചുള്ള എല്ലാ ഓർമ്മകളും ചെന്നെത്തുക കാരപ്പറമ്പിലെ കൗബോയിയിലാണ് -- നടനും ഗായകനും നല്ലൊരു വായനക്കാരനും സർവോപരി സുന്ദരനുമായിരുന്ന സിദ്ധിക്കിൽ. ഇന്നത്തെ കഷണ്ടിക്കാരനായ പ്രശസ്ത നടനല്ല; താടിക്കാരൻ സംവിധായകനുമല്ല; കോഴിക്കോട്ടെ വിളക്കുകാലുകൾക്ക് പോലും സുപരിചിതനായിരുന്ന ആ പഴയ സിദ്ധിക്ക്. ആറടി ഉയരക്കാരൻ. സൗഹൃദങ്ങളുടെ സുൽത്താൻ. ബാബുരാജ് ഭ്രാന്തൻ.

ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ``ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി'' എന്ന വിഖ്യാത വെസ്റ്റേൺ ആക്ഷൻ ചിത്രം ക്രൗൺ തിയേറ്ററിൽ നിന്ന് പലയാവർത്തി കണ്ട് ``പണ്ടാരടങ്ങി''യതിന്റെ ആവേശത്തിൽ ഏതോ ജഡ്കക്കാരനിൽ നിന്ന് ഒരു വെള്ളക്കുതിരയെ വാടകക്കെടുത്ത് തിരക്കേറിയ കോഴിക്കോടൻ നഗരവീഥികളിലൂടെ കൗബോയ് സ്റ്റൈലിൽ കുതിച്ചു പായാൻ ചങ്കൂറ്റം കാണിച്ച ചെറുപ്പക്കാരനെ നമ്മൾ എന്തു വിളിക്കും? അഹങ്കാരിയെന്നോ, അതോ കിറുക്കനെന്നോ? പക്ഷേ സിദ്ധിക്കിന് ആ കിറുക്കും അഹങ്കാരവും ഒരു ഹരമായിരുന്നു. മിഠായിത്തെരുവിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിലൂടെയാണ് ഒരു വൈകുന്നേരം കൗബോയ് തൊപ്പിയും അരയിൽ ഗൺ ബെൽറ്റും വിശറിക്കോളറുള്ള കുപ്പായവും കഴുത്തിലൊരു ഉറുമാലുമായി സിദ്ധിക്ക് തന്റെ അശ്വമേധം നടത്തിയത്. തൊട്ടടുത്തയാഴ്ചത്തെ കലാകൗമുദി ഫിലിം മാഗസിനിൽ ആ വിചിത്ര വേഷം പടം സഹിതം വാർത്തയായി -- `കാരപ്പറമ്പിലെ കൗബോയ്' എന്ന പേരിൽ...

1980 കളിൽ സുഹൃത്ത് പ്രതാപ് സിംഗിന്റെ ( മറ്റൊരു അത്ഭുത പ്രതിഭാസം; ഡാലിയാപ്പൂക്കൾ, ആകാശത്തേക്കൊരു കിളിവാതിൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ) വെള്ളിമാടുകുന്ന് എൻ ജി ഓ ഹോസ്റ്റലിലെ മുറിയിൽ വെച്ച് യാദൃച്‌ഛികമായി സിദ്ധിക്കിനെ കണ്ടപ്പോൾ കൗതുകം പൂണ്ടത് ആ പഴയ കൗബോയ് അവതാരത്തെ കുറിച്ചു തന്നെ. ``അത് അന്നത്തെ ഒരു പ്രാന്ത്.''-- സിദ്ധിക്ക് പറഞ്ഞു. ``ക്ലിൻറ്റീസ്റ്റുഡിന്റെ അഭിനയം കണ്ട് ഹരം മൂത്ത് ചെയ്ത പണിയാണ്. എന്താ മൂപ്പരെ ഒരു പൗരുഷം. അധികം മിണ്ടൂല. സൈലൻസ് ആണ് മൂപ്പരടെ പവറ്. മലയാളത്തിൽ അതുപോലൊരു റോൾ ചെയ്യണമെന്ന് മോഹമുണ്ട്. നടന്നേക്കും. ജോൺ എബ്രഹാം ഒരു കൗബോയ് ചിത്രം പ്ലാൻ ചെയ്യുന്നുണ്ടത്രേ...എന്തായാലും എനിക്കൊരു വേഷംണ്ടാകും..'' മലയാളത്തിൽ ഒരു കൗബോയ് ചിത്രമോ എന്ന് തിരിച്ചു ചോദിച്ചില്ല. അതും അതിലപ്പുറവും ചെയ്യാൻ മടിയില്ലാത്ത സാഹസികനായ ``കൗബോയ്'' ജോൺ എബ്രഹാം ആണല്ലോ സംവിധായകൻ.

അതിരുകളില്ലാത്ത സിനിമാ മോഹങ്ങൾ എന്നും ഉള്ളിൽ കൊണ്ടുനടന്ന സിദ്ധിക്കിനെ ``യെസ് ബോസ് സിദ്ധിക്ക്'' എന്ന് പറഞ്ഞു പ്രതാപ് സിംഗിന്റെ ഒരു കൂട്ടുകാരൻ പരിചയപ്പെടുത്തിയതോർക്കുന്നു. പല സിനിമകളിലും ചെറു റോളുകളിലാണ് സിദ്ധിക്ക് പ്രത്യക്ഷപ്പെടുക. സ്‌ക്രീനിൽ മിന്നി മറയുന്ന വേഷങ്ങൾ. അധികവും കൂലിത്തല്ലുകാരന്റെ റോളായിരിക്കും. കൊള്ളത്തലവന്മാരായ ജോസ് പ്രകാശോ ജി കെ പിള്ളയോ ഗോവിന്ദൻ കുട്ടിയോ നായകനായ പ്രേംനസീറിനെ തല്ലിച്ചതയ്ക്കാൻ വേണ്ടി പറഞ്ഞയക്കുന്ന ഗുണ്ട. അറ്റൻഷനായി നിന്ന് ``യെസ് ബോസ്'' എന്ന് പറഞ്ഞു നായകനെ തിരഞ്ഞു പോകുന്ന സിദ്ധിക്ക് സ്വാഭാവികമായും നസീറിന്റെ അടി വാങ്ങി ഓടി രക്ഷപ്പെടുന്നതേ നമ്മൾ പിന്നെ കാണൂ. ``ഇവന്റെ ഏറ്റവും പ്രശസ്തമായ ഡയലോഗ് ആണ് `യെസ് ബോസ്'. എത്രയോ സിനിമകളിൽ ആ ഡയലോഗ് പറഞ്ഞിരിക്കും ഇവൻ..'' -- സുഹൃത്തിന്റെ ആ തമാശ ആസ്വദിച്ച് തലയറഞ്ഞു ചിരിച്ചവരിൽ സിദ്ധിക്കും ഉണ്ടായിരുന്നു. (അഭിനയം നിർത്തി മിഠായിത്തെരുവിൽ സുഹൃത്തുക്കൾക്കൊപ്പം എസ്കിമോ എന്നൊരു ഹോട്ടൽ നടത്തിയിരുന്ന സിദ്ധിക്ക് ഇന്ന് ജീവിച്ചിരിപ്പില്ല).

സിദ്ധിക്ക് ഒറ്റപ്പെട്ട ഉദാഹരണമല്ല. 1970 -80 കാലഘട്ടത്തിലെ ക്ഷുഭിത യൗവനത്തിന്റെ ചങ്കിടിപ്പ് കൂട്ടാൻ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു വെള്ളിത്തിരയിലെ ക്ലിന്റ് ഈസ്റ്റ് വുഡ് കഥാപാത്രങ്ങളിൽ. ആദ്യത്തെ ക്യാമറ ടെസ്റ്റിന് പോയപ്പോൾ നേരാംവണ്ണം ഡയലോഗ് പറയാൻ പോലും കഴിയില്ലെന്ന് പറഞ്ഞു നിർദയം തള്ളപ്പെട്ട ആളാണ് ക്ലിന്റ്. പല്ലു കടിച്ചുപിടിച്ചു സംസാരിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. പിന്നീട് അതേ`` പോരായ്മ'യെ തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആക്കി മാറ്റിയെടുത്തു അദ്ദേഹം. അപൂർവമായി മാത്രം ചിരി വിടരുന്ന ആ തണുത്തുറഞ്ഞ മുഖവും ``ചീമ്പ്രൻ'' കണ്ണുകളും നേർവര പോലുള്ള ചുണ്ടുകളും വെട്ടിയൊതുക്കാത്ത താടിരോമങ്ങളും കടിച്ചു പിടിച്ച ചുരുട്ടും വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങൾ എത്രയെത്ര...

``ഡേർട്ടി ഹാരി''യാണ് ആദ്യം കണ്ട ക്ലിൻറ് ഈസ്റ്റ് വുഡ്‌ ചിത്രം. സ്‌കൂൾ ജീവിതകാലത്തെ അപൂർവമായ കോഴിക്കോടൻ യാത്രകളിലൊന്നിൽ ക്രൗണിൽ നിന്ന് ഗോപിയേട്ടനൊപ്പം കണ്ട സിനിമ. ടിക്കറ്റ് മുറിച്ച് വാതിൽ കടത്തിവിടുമ്പോൾ ദ്വാരപാലകനായ ഗോവിന്ദേട്ടൻ (നാലടിക്കാരനായ ആ ഹോളിവുഡ് വിജ്ഞാന കോശത്തെ കോഴിക്കോട്ടുകാർ മറക്കുമോ?) പറഞ്ഞു: ``നെറയെ വെടീം പോകേം ആണ് മക്കളേ. പിടിച്ചിരുന്നോളി. മൂപ്പര് ചില്ലറക്കാരനല്ല..'' പടം കണ്ടു പുറത്തു വന്നപ്പോഴേക്കും ക്ലിന്റ് ഈസ്റ്റ് വുഡ് സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച ഇൻസ്‌പെക്ടർ `ഡേർട്ടി' ഹാരി കാലഗന്റെ ആരാധകനായി മാറിക്കഴിഞ്ഞിരുന്നു ഞാൻ. ഡോളേഴ്‌സ് പരമ്പരയിലെ മൂന്ന് വിഖ്യാത ചിത്രങ്ങളും കണ്ടത് പിന്നീടാണ് -- എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്‌സ്, ഫോർ എ ഫ്യു ഡോളേഴ്‌സ് മോർ, ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി... ക്ളിന്റും ലീവാൻ ക്ലിഫും ഇലൈ വാലക്കും മത്സരിച്ചഭിനയിച്ച ``ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി'' തന്നെ കൂട്ടത്തിൽ കേമം. ഇന്നു കാണുമ്പോഴും പുതുമ തോന്നുന്ന ചിത്രം.

പേരില്ലാ നായകനായ ക്ലിൻറ് ഈസ്റ്റ് വുഡ്‌ ചുണ്ടിൽ എരിയുന്ന ചുരുട്ടുമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ പശ്ചാത്തലത്തിൽ മുഴങ്ങുന്ന ഒരു തീം മ്യൂസിക് ഉണ്ട് ഈ സിനിമയിൽ. എൻറിക്കോ മൊറീക്കോൺ സൃഷ്ടിച്ച ആ ചൂളമടി ശകലം പിന്നീട് എത്രയെത്ര സിനിമകളിൽ നാം കേട്ടു? നമ്മുടെ സ്വന്തം `ഖോട്ടേ സിക്കേ'യും `ഷോലെ'യും ഉൾപ്പെടെ. ഇന്നും ക്ലിൻറ് ഈസ്റ്റ് വുഡിന്റെ പഴയ രൂപത്തോടൊപ്പം കാതിലും മനസ്സിലും വന്നു നിറയുന്നു മറക്കാനാവാത്ത ആ ഈണം. 1990 കളോടെ വെടിയും പുകയും കുതിരപ്പന്തയവും നിർത്തി ക്ലിൻറ് ഈസ്റ്റ് വുഡ്‌ അഭിനയത്തിലും സംവിധാനത്തിലും ഉയരങ്ങൾ കീഴടങ്ങിത്തുടങ്ങുന്ന അത്ഭുതക്കാഴ്ച്ച കാണുന്നു നാം. ക്യാമറക്ക് പിന്നിൽ വെള്ളിത്തിരയിലെ ആ പഴയ കൗബോയ് തന്റെ അശ്വമേധം തുടങ്ങിയിരുന്നതേയുള്ളൂ. ``അൺഫോർഗിവനി''ലൂടെ മികച്ച സംവിധായകനുള്ള ഓസ്കാർ. 2005 ൽ മില്യൺ ഡോളർ ബേബിയിലൂടെ വീണ്ടും അതേ നേട്ടം. മിസ്റ്റിക് റിവർ, ഇൻ ദി ലൈൻ ഒഫ് ഫയർ, ഇൻവിക്റ്റസ് തുടങ്ങി വേറെയും അഭിനയപ്രധാനമായ ചിത്രങ്ങൾ, സംവിധാന സംരംഭങ്ങൾ...ഗ്രേസ് ഈസ് ഗോൺ, ജെ എഡ്ഗർ തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ സംഗീത സംവിധായകന്റെ വേഷം.

ഇന്നലെ വീണ്ടും ക്ലിൻറ് ഈസ്റ്റ് വുഡിനെ കണ്ടു; ``ദി മ്യൂൾ'' (2018) എന്ന ചിത്രത്തിൽ. പതിവുപോലെ സംവിധായകന്റെയും നായകന്റെയും ഇരട്ട വേഷങ്ങളിലാണ് ക്ലിന്റ്. മയക്കുമരുന്നു മാഫിയക്ക് വേണ്ടി കൊക്കെയിൻ രഹസ്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്ന ``മ്യൂളി''ലെ നായകന് വയസ്സ് 88. ക്ലിന്റിനും അതേ പ്രായം. പ്രായാധിക്യം ക്ലിന്റിന്റെ ശരീരത്തെ കാര്യമായി ബാധിച്ചിരിക്കുന്നു; ശരീര ചലനങ്ങളേയും. നടക്കുമ്പോൾ അത്യാവശ്യം കൂനുമുണ്ട്. ആ നടത്തം കാണുമ്പോൾ സങ്കടം തോന്നും. പക്ഷെ അഭിനയത്തെ, സംഭാഷണ ശൈലിയെ, മുഖത്തെ സൂക്ഷ്മ ഭാവങ്ങളെ പ്രായം ബാധിച്ചിട്ടേയില്ല....``മ്യൂളി''ലെ ഏൾ സ്റ്റോണിനെ മറക്കാനാവാത്ത ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നു പ്രിയ ക്ലിൻറ് ഈസ്റ്റ് വുഡ് ...

Content Highlights: Hollywood Clint Eastwood The Good Bad And Ugly RaviMenon