മലയാളിയല്ലാത്ത 'പഴശ്ശിരാജ'യും കോടതി കയറിയ സലിംകുമാറും


അഞ്ജയ് ദാസ്. എന്‍.ടിഇതിലും വലിയ വിവാദങ്ങൾ അകമ്പടി സേവിച്ചിട്ടുണ്ട് മുൻപും അവാർഡ് നിർണയത്തെ.

In depth

.

'ഇത് നീ വിശ്വസിച്ചില്ലെങ്കില്‍ ഇനി ഞാന്‍ പറയാന്‍ പോകുന്നതൊന്നും നീ വിശ്വസിക്കത്തേയില്ല'. ഹോം എന്ന സിനിമയില്‍ നായകൻ ഒലിവര്‍ ട്വിസ്റ്റ് മകനോട് പറയുന്ന ഡയലോഗാണിത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ തഴയപ്പെട്ടതുകൊണ്ട് മാത്രമല്ല, ഹോമിലെ ഈ ഡയലോഗ് പ്രസക്തമാകുന്നത്. ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ പല പിന്നാമ്പുറക്കഥകളും ഒലിവർ ട്വിസ്റ്റ് പറഞ്ഞതുപോലെ പലരും വിശ്വസിക്കത്തേയില്ല. ഈ വിവാദക്കഥകളിൽ ആദ്യ കേന്ദ്ര കഥാപാത്രങ്ങളല്ല ഇന്ദ്രൻസും ഹോമും. ഇതിലും വലിയ വിവാദങ്ങൾ അകമ്പടി സേവിച്ചിട്ടുണ്ട് മുൻപും അവാർഡ് നിർണയത്തെ.

ഇന്ദ്രൻസ് ഹോം സിനിമയിൽ

'വീടു' തേടിയെത്തിയ വിവാദം

2021 മുതല്‍ പിറകോട്ടേക്ക് പോകാം. 2022 മേയ് 27-നായിരുന്നു 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോര്‍ജും പങ്കിട്ടു. രേവതിക്കായിരുന്നു നടിക്കുള്ള പുരസ്‌കാരം. ജനപ്രിയചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. ഇതില്‍ മികച്ച നടന്‍, നടി എന്നിവ പരിശോധിച്ചാല്‍ വിവാദമല്ലെങ്കിലും ഒരു കൗതുകം കാണാന്‍ കഴിയും. മൂന്നുപേര്‍ക്കും ഇതാദ്യമായാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. അതില്‍ത്തന്നെ രേവതിക്ക് തന്റെ ചലച്ചിത്രജീവിതം 40 വര്‍ഷം പിന്നിടുന്ന അവസരത്തിലാണ് ഇങ്ങനെയൊരു പുരസ്‌കാരം തേടിയെത്തുന്നത്.

'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' (1988), 'കിലുക്കം' (1991) എന്നിവയായിരുന്നു രേവതി ഗംഭീര പ്രകടനം കാഴ്ച പ്രധാന ചിത്രങ്ങള്‍. ഈ വര്‍ഷങ്ങളിലെല്ലാം രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാര സാധ്യതയുണ്ടായിരുന്നു. എന്നാല്‍, കടുത്ത മത്സരത്തില്‍ 1988-ല്‍ 'രുഗ്മിണി' എന്ന ചിത്രത്തിലെ അഭിനയത്തിന് ബേബി അഞ്ജുവിനും 1991-ല്‍ 'തലയണമന്ത്ര'ത്തിലെ അഭിനയത്തിന് ഉര്‍വ്വശിക്കുമായിരുന്നു പുരസ്‌കാരനേട്ടം. മായാമയൂരം, പാഥേയം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും കേരളത്തില്‍നിന്ന് ഒരു പുരസ്‌കാരം രേവതിയെ തേടിയെത്തിയിട്ടില്ല. അതേസമയം തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'കിഴക്കു വാസല്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കും 'തലൈമുറൈ'യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും രേവതി നേടി.

ഒന്നുകില്‍ സഹനടന്‍, അല്ലെങ്കില്‍ രണ്ടാമത്തെ നടന്‍. ഈ രണ്ടെണ്ണത്തില്‍ തളയ്ക്കപ്പെട്ടവരായിരുന്നു ബിജു മേനോനും ജോജു ജോര്‍ജും. രണ്ട് തവണ മാത്രമാണ് ബിജു മേനോന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടികയില്‍ വന്നിട്ടുള്ളൂ. 1997-ലും 2020-ലും. രണ്ടും രണ്ടാമത്തെ നടനുള്ള അവാര്‍ഡ്. ആദ്യത്തേത് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രവും രണ്ടാമത്തേത് ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബിയും. 2015-ലും 2018-ലും സംസ്ഥാന അവാര്‍ഡ് പട്ടികയില്‍ ജോജുവെത്തി. ഇതില്‍ 2015-ലേത് പ്രത്യേക പരാമര്‍ശമായിരുന്നു. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നിവയായിരുന്നു ചിത്രങ്ങള്‍. ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം സ്വഭാവനടനുള്ള പുരസ്‌കാരവും ജോജുവിനെ തേടിയെത്തി. പക്ഷേ പുരസ്‌കാരത്തിലെ ഇത്തരം കൗതുകങ്ങള്‍ക്കപ്പുറം ചില വിവാദങ്ങള്‍ പിന്നാലെ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. മികച്ച നടനുള്ള പുരസ്‌കാരം ജോജുവിന് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം പുകഞ്ഞ വിവാദം. ഇന്ധന വിലയ്ക്കെതിരേ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ ജോജു പ്രതിഷേധിച്ചിരുന്നു. ജോജുവിന്റെ പുരസ്‌കാരത്തെ ഇതുമായി ബന്ധപ്പെടുത്തി ചിലര്‍ ആരോപണം ഉയര്‍ത്തുകയായിരുന്നു. ഇതെക്കുറിച്ചുള്ള മറുപടിയില്‍ മന്ത്രി കോണ്‍ഗ്രസിനെ പരിഹസിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ പ്രത്യേക ജൂറിയെ നിയോഗിക്കാമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

കൂനിന്മേല്‍ കുരു എന്ന പോലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഇതിനുപിന്നാലെയാണെത്തിയത്. അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഒരിടത്തും പരാമര്‍ശിക്കാതെ പോയ ഹോം എന്ന സിനിമ പതിയെ ചര്‍ച്ചകളിലൂടെ മുന്നോട്ടുവരാന്‍ തുടങ്ങി. എവിടെ ഹോം? ഇന്ദ്രന്‍സിനും മഞ്ജു പിള്ളയ്ക്കും അവാര്‍ഡില്ലേ എന്ന ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ 'ഹോം' ആരാധകര്‍ മുറവിളി തുടങ്ങി. കാറ്റുവിതച്ച് കൊടുങ്കാറ്റാവുക എന്നൊക്കെ പറയുന്നതുപോലെ ഹോം ഉയര്‍ത്തിയ ചര്‍ച്ച സോഷ്യല്‍ മീഡിയയും കടന്ന് പുറത്തേക്കെത്തി. 'ഇന്ദ്രന്‍സിന്റെ ഭാവപ്പകര്‍ച്ച കാണാതിരുന്ന ജൂറിയ്ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് വിഷയത്തെ സാമൂഹിക മാധ്യമങ്ങളില്‍ വന്ന പ്രധാന വിമര്‍ശനം. നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടി. ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്. 'ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ധിഖ് കുറിച്ചു. അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്.

ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നടന്‍ വിജയ് ബാബുവാണ് ഹോം നിര്‍മിച്ചത്. നടി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം നേരിടുകയാണ് വിജയ് ബാബു. അതുകൊണ്ടാണ് ഹോമിനെ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് വിലയിരുത്തലുണ്ടായി. ഹോമില്‍ നായകനായ ഇന്ദ്രന്‍സ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍മാതാവ് വിജയ് ബാബുവിനെതിരേ ലൈംഗികാരോപണമുണ്ടെങ്കില്‍ അതിന് മറ്റുള്ളവരെ ശിക്ഷിക്കുന്നതെന്തിനെന്നായിരുന്നു ഇന്ദ്രന്‍സിന്റെ ചോദ്യം. ജൂറി സിനിമ കണ്ടിട്ടുണ്ടാകില്ലെന്നും ഇന്ദ്രന്‍സ് ആരോപിച്ചിരുന്നു. അതിന് സാംസ്്കാരികമന്ത്രി സജി ചെറിയാന്റെ മറുപടി ഇങ്ങനെ. 'ഇന്ദ്രന്‍സിന്റേത് തെറ്റിദ്ധാരണയാണ്. എല്ലാ സിനിമകളും ജൂറി കണ്ടതാണ്. അവസാനം തിരഞ്ഞെടുക്കപ്പെട്ട 29 ചിത്രങ്ങളുടെ പട്ടികയില്‍ ഹോം ഉണ്ടായിരുന്നു. ഹോമിനെ ഒഴിവാക്കിയതില്‍ വിജയ് ബാബുവിന്റെ ലൈംഗിക പീഡനക്കേസുമായി ബന്ധമില്ല. വിജയ് ബാബുവിനെതിരേ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിന് ശേഷമാണ് ജൂറി രൂപീകരിച്ചത്. പ്രാഥമിക ജൂറി ഹോമിനെ അംഗീകരിക്കുകയും അന്തിമ പട്ടികയില്‍ ഇടം നേടുകയും ചെയ്തു. സിനിമ മികച്ചതായത് കൊണ്ടാണ് ജൂറി ഹോമിനെ തിരഞ്ഞെടുത്തത്. 18ന് സയ്യിദ് അഖ്തര്‍ മിര്‍സ അധ്യക്ഷനായ പ്രധാന ജൂറി ഹോം കണ്ടതിന് ഡിജിറ്റല്‍ തെളിവുണ്ട്. ആര്‍ക്ക് അവാര്‍ഡ് നല്‍കണമെന്നത് ജൂറിയുടെ മാത്രം തീരുമാനമാണ്.' വിജയ് ബാബു കേസിനെപ്പറ്റി അവാര്‍ഡ് പ്രഖ്യാപിച്ച വെള്ളിയാഴ്ച മാത്രമാണ് അറിഞ്ഞതെന്നും സിനിമകളുടെ മികവുമാത്രമാണ് വിധിനിര്‍ണയത്തിനു അടിസ്ഥാനമാക്കിയതെന്നും സയ്യിദ് മിര്‍സ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മറ്റൊരു പ്രതിഷേധം കൂടി തലപൊക്കി. സംവിധായകന്‍ പ്രിയനന്ദനായിരുന്നു അതിനുപിന്നില്‍. തന്റെ ചിത്രം ധബാരി ക്യുരുവി അന്തിമ റൗണ്ടില്‍ എത്തിയെങ്കിലും ജൂറിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ഇതിനു പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി പ്രിയനന്ദന്‍ പറഞ്ഞു. ഗോത്രവര്‍ഗ പെണ്‍കുട്ടികള്‍ അഭിനയിച്ച ഗോത്രഭാഷയിലുള്ള ആദ്യ സിനിമയാണ് ധബാരി ക്യുരുവി. മുഖ്യമന്ത്രിക്കും സാംസ്‌കാരികവകുപ്പിനും പരാതി നല്‍കുമെന്ന് പ്രിയനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി പല ചലച്ചിത്ര അവാര്‍ഡുകളിലും മേളകളിലും സമാന്തര സിനിമകള്‍ വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പ്രധാനസിനിമകളായി സമാന്തര സിനിമകള്‍ പരിഗണിക്കുകയും നടന്‍, നടി, സാങ്കേതികവിഭാഗം എന്നതിലേക്ക് മുഖ്യധാരാ സിനിമകളെ ഉള്‍പ്പെടുത്തുകയുമാണ് കുറച്ചുവര്‍ഷങ്ങളായി ചെയ്തുവരുന്നത്. അവാര്‍ഡ് നിര്‍ണയത്തിന് രണ്ട് സെലക്ഷന്‍ കമ്മിറ്റിയാണുള്ളത്. അതില്‍ പ്രാഥമിക ജൂറിയില്‍ ഒരാള്‍ മുഖ്യധാരയില്‍ നിന്നുള്ളയാളാണ്. അതൊരു റിസര്‍വേഷന്‍ പോലെയാണ് വരുന്നത്.സിനിമാ പുരസ്‌കാര നിര്‍ണയത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരും എന്നതാണ് ഇക്കാര്യത്തില്‍ ഉന്നയിക്കാവുന്ന വിമര്‍ശനം.

-ഷെറി, സംവിധായകന്‍.

ജയരാജും സബിത ജയരാജും. ഫോട്ടോ: ജി.ശിവപ്രസാദ്

കണ്ണകിയെ വസ്ത്രമുടിപ്പിച്ചതാര്?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഉയരുന്ന ശ്രദ്ധേയമായ ഒരു വിവാദം 2002-ലായിരുന്നു. വിവാദമുയര്‍ത്തിയ ചിത്രം ജയരാജ് സംവിധാനം ചെയ്ത കണ്ണകി. അന്ന് വസ്ത്രാലങ്കാരത്തിന് പുരസ്‌കാരം നേടിയത് സംവിധായകന്റെ പത്‌നികൂടിയായ സബിത ജയരാജ് ആയിരുന്നു. പി.എം. അനില്‍ കുമാര്‍, എം.എസ്. മനാഫ് എന്നിവര്‍ തങ്ങളാണ് കണ്ണകിയ്ക്കുവേണ്ടി വസ്ത്രാലങ്കാരം നിര്‍വഹിച്ചതെന്നും തങ്ങളെ തഴഞ്ഞ് സബിതയുടെ പേര് സിനിമയില്‍ ഉപയോഗിച്ചെന്നുമാണ് ഇവരുയര്‍ത്തിയ ആരോപണം. പുരസ്‌കാരദാനം നടത്താനിരിക്കേ ഇരുവരും ജയരാജിനും സബിതയ്ക്കുമെതിരേ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. വിഷയത്തില്‍ ജയരാജിനെയും സബിതയേയും പിന്തുണച്ച് അന്ന് കണ്ണകിയിലെ നായകന്‍ ലാല്‍ രംഗത്തുവന്നിരുന്നു. 'ജയരാജിനേയും സബിതയേയും കരിവാരിത്തേക്കാനുള്ള ശ്രമമാണിത്. ദിവസവേതനത്തിന് സെറ്റില്‍ പണിയെടുത്ത ചില സഹായികളാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. 16 ദിവസത്തെ ഷൂട്ടിങ്ങിനിടെ 15 ദിവസവും ഞാന്‍ സെറ്റിലുണ്ടായിരുന്നു. ആരോപണവുമായി വന്നവരെ സെറ്റില്‍ കണ്ടിട്ടില്ല'. ഇതായിരുന്നു ലാലിന്റെ പ്രതികരണം.

അടൂർ ഗോപാലകൃഷ്ണനും ടി.വി.ചന്ദ്രനും. ഫോട്ടോ: മാതൃഭൂമി

ഒരുപെണ്ണും രണ്ടാണും v/s ഭൂമി മലയാളം

2009-ലാണ് പിന്നീടൊരു വിവാദം പൊട്ടിമുളച്ചത്. അന്ന് എതിര്‍മുഖത്ത് നിന്നത് മലയാള സിനിമയിലെ തന്നെ രണ്ട് വമ്പന്മാരാണ്. അടൂര്‍ ഗോപാലകൃഷ്ണനും ടിവി. ചന്ദ്രനുമായിരുന്നു അവര്‍. അടൂരിന്റെ 'ഒരു പെണ്ണും രണ്ടാണും' എന്ന സിനിമക്ക് അവാര്‍ഡു കൊടുത്തത് ശരിയല്ലെന്ന് പറഞ്ഞത്, അവാര്‍ഡില്‍ രണ്ടാം സ്ഥാനം കിട്ടിയ 'ഭൂമി മലയാളത്തിന്റെ സംവിധായകന്‍ ടി.വി. ചന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു. മലയാളിയല്ലാത്ത ജൂറി ചെയര്‍മാന്റെ നിയമനത്തില്‍ ദുരൂഹതയുണ്ടെന്ന് നടന്‍ തിലകനും പ്രതികരിച്ചു. 'തകഴിയുടെ നാലോ അഞ്ചോ കഥകള്‍ ദൂരദര്‍ശനുവേണ്ടി സീരിയലാക്കിയതാണ് അടൂര്‍. അതില്‍ 'നാലു പെണ്ണുങ്ങള്‍' എന്നതുതന്നെ നാല് എപ്പിസോഡുകള്‍ പോലെയാണെന്ന് കഴിഞ്ഞ വര്‍ഷത്തെ ജൂറി ചെയര്‍മാന്‍ ജാനുബറുവ പറഞ്ഞതാണ്. അന്ന് കൂടെ എടുത്തതാണ് ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ 'ഒരു പെണ്ണും രണ്ടാണും'. ശരിക്കുപറഞ്ഞാല്‍ അന്ന് അദ്ദേഹമെടുത്തത് സീരിയലിന്റെ ബാക്കിഭാഗം. അതു സിനിമയാണെന്നുപറഞ്ഞ് അവാര്‍ഡിന് അയക്കുന്നത് അധാര്‍മ്മികമാണ്'. ഇതായിരുന്നു അന്ന് ടി.വി. ചന്ദ്രന്‍ ഉയര്‍ത്തിയ പ്രതിഷേധസ്വരം. വിവരക്കേട് പറയരുതെന്നാണ് അടൂര്‍ ഇതിനുള്ള മറുപടിയായി പറഞ്ഞത്. 'സിനിമയെക്കുറിച്ച് പഠിച്ചിട്ടേ അഭിപ്രായം പറയാവൂ. വെറുതേ ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്. 'ഒരുപെണ്ണും രണ്ടാണും' എന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ത്തന്നെ പ്രശസ്തമായി അഞ്ചുമേളകളില്‍ പ്രദര്‍ശിപ്പിച്ചു. അത് സീരിയലായിരുന്നെങ്കില്‍ അവിടെയൊക്കെ പ്രദര്‍ശിപ്പിക്കുമായിരുന്നില്ല. തന്നെ ഭയമായതുകൊണ്ട് പ്രദര്‍ശിപ്പിച്ചതുമല്ല.' -അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണനെ ചെറുപ്പക്കാര്‍ക്കായുള്ള ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായവും പിന്നാലെ ഉയര്‍ന്നുവന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി തന്നെ പിന്നീട് രംഗത്തെത്തി. മുതിര്‍ന്നവരുടെ സൃഷ്ടികളുമായി മത്സരിക്കുന്ന, സര്‍ഗാത്മകതയുള്ള മികച്ച സൃഷ്ടികളിലൂടെ മുതിര്‍ന്നവരുടെ കസേരയില്‍ ഇരിക്കാന്‍ ചെറുപ്പക്കാര്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പിന് അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെയുള്ള ചലച്ചിത്രകാരന്മാരെ ഭയമല്ല ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റസൂൽ പൂക്കുട്ടി. ഫോട്ടോ: അജോഷ് പാറക്കൻ

മലയാളിത്തമില്ലാത്ത പഴശ്ശിരാജ

മലയാളസിനിമ അന്നേവരെ കണ്ട സാങ്കേതികമികവോടെ 2009-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹരിഹരന്‍-എം.ടി. വാസുദേവന്‍ നായര്‍-മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ പഴശ്ശിരാജ. മമ്മൂട്ടിയുടെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകൂടിയായിരുന്നു ഈ ചിത്രം. 2010-ല്‍ പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്‌കാരത്തിനുപിന്നാലെ വിവാദങ്ങളും പഴശ്ശിരാജയെ തേടിയെത്തി. ചിത്രത്തിനായി ശബ്ദമിശ്രണം നടത്തിയത് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയായിരുന്നു. റസൂല്‍ പൂക്കുട്ടിക്ക് ഒരു പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതുമാണ്. പക്ഷേ ഫലം വന്നപ്പോള്‍ റസൂല്‍ ഔട്ട്. പഴശ്ശിരാജയിലെ ശബ്ദങ്ങള്‍ക്ക് മലയാളിത്തമില്ലെന്ന് ജൂറിയംഗം പറഞ്ഞുവെന്ന വാര്‍ത്തയും പിന്നാലെയെത്തി. 'ഓസ്‌കര്‍ കിട്ടിയതുകൊണ്ട് കിട്ടിയതുകൊണ്ട് സംസ്ഥാന അവാര്‍ഡ് ലഭിക്കണമെന്നില്ല. എന്നാല്‍ തന്നെ ഒഴിവാക്കാന്‍ ജൂറി കണ്ടെത്തിയ കാരണങ്ങള്‍ അവരുടെ അറിവില്ലായ്മയാണ് വെളിവാക്കുന്നത്. ഇങ്ങനെയൊരു ജൂറിയാണ് സംസ്ഥാന അവാര്‍ഡ് നിര്‍ണയിച്ചതെന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. ശബ്ദമിശ്രണവും സംഗീതവും രണ്ടാണ്. താന്‍ ഹംഗേറിയന്‍ സംഗീതത്തെ വരെ ആശ്രയിച്ചെന്ന് ജൂറി അംഗം പറഞ്ഞത് അദ്ദേഹത്തിന് ഹംഗേറിയന്‍ സംഗീതമെന്തെന്നു പോലും അറിയാഞ്ഞിട്ടാണ്'. റസൂല്‍ പൂക്കുട്ടി പറഞ്ഞു. ''അവാര്‍ഡ് നിര്‍ണയം നടത്തുമ്പോള്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും അവാര്‍ഡ് ലഭിക്കണമെന്നില്ല. ജൂറി നല്കിയ റിപ്പോര്‍ട്ടില്‍ പഴശ്ശിരാജ എന്ന സിനിമയ്ക്ക് റസൂല്‍ പൂക്കുട്ടി നല്ലിയ സംഭാവനയെ ഇകഴ്ത്തിയോ വിലകുറച്ചോ കാ ണിക്കുന്ന ഒരു പരാമര്‍ശവും ഇല്ല. ജൂറിയുടെ നിഗമനങ്ങള്‍ നല്കിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ അതില്‍ ഇടപെടാറില്ല എന്നതാണ് കീഴ് വഴക്കം'. വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ.ബേബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

പക്ഷേ റസൂല്‍ പൂക്കുട്ടിയില്‍ നിന്നില്ല അന്നത്തെ തര്‍ക്കവിഷയം. സംസ്ഥാന ചലച്ചിത്രപുരസ്‌കാര ജൂറിക്കെതിരെ 'പഴശ്ശിരാജ' സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റൊരു കലാകാരന്‍ കൂടി രംഗത്തെത്തി. ചിത്രത്തിന്റെ ചമയം നിര്‍വഹിച്ച റോഷനായിരുന്നു അത്. അന്ന് മേക്കപ്പ്മാനുള്ള അവാര്‍ഡ് ലഭിച്ചത് പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ മേക്കപ്പ്മാനായിരുന്നു. ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മേക്കപ്പ്മാനുള്ള പുരസ്‌കാരം നിര്‍ണയിച്ചതെന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.'പാലേരിമാണിക്യ'ത്തിലെ മേക്കപ്പ്മാന് പുരസ്‌കാരം ലഭിച്ചതു കൊണ്ടോ തനിക്ക് ലഭിക്കാത്തതുകൊണ്ടോ അല്ല ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. 'പാലേരിമാണിക്യ'ത്തില്‍ മമ്മൂട്ടിയുടെ മൂന്നു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കാണ് വിവിധ തരത്തില്‍ ചമയമിടേണ്ടിവന്നത്. 160-ഓളം കലാകാരന്മാര്‍ അണിനിരന്ന സിനിമയാണ് 'പഴശ്ശിരാജ'. ഓരോ കഥാപാത്രത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ച് വ്യത്യസ്തമായി ചമയങ്ങള്‍ ഒരുക്കേണ്ടിവന്നു. എന്നാല്‍ 'പാലേരിമാണിക്യ'ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലെ വ്യത്യസ്തത മാത്രമേ ചമയത്തിലൂടെ പ്രകടമാവുന്നുള്ളൂ. പുരസ്‌കാരം നിര്‍ണയിക്കുന്നത് സിനിമയിലെ മൊത്തം പ്രകടനത്തെ വിലയിരുത്തിയാവണം; കേവലം കഥാപാത്രങ്ങളെ മാത്രം പരിഗണിച്ചു കൊണ്ടാവരുത് എന്നാണ് അന്ന് റോഷന്‍ പറഞ്ഞത്.

സലിം കുമാർ. ഫോട്ടോ: പി.ജയേഷ്

കോടതി കയറി സലിം കുമാര്‍

സലിം കുമാര്‍ എന്ന നടന്റേയും സംവിധായകന്റേയും പ്രതിഷേധത്തിന്റെ ചൂട് കണ്ട വര്‍ഷമായിരുന്നു 2012. അതിന് കാരണം ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം നല്‍കിയതും. ഭാഗ്യരാജായിരുന്നു അന്ന് ജൂറി ചെയര്‍മാന്‍. ഇത്രയും അഴിമതിയില്‍ മുങ്ങിക്കുളിച്ച അവാര്‍ഡ് നിര്‍ണയം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. താന്‍ സംവിധാനം ചെയ്ത പൊക്കാളി എന്ന ഡോക്യുമെന്ററി അവാര്‍ഡിന് സമര്‍പ്പിച്ചിരുന്നെങ്കിലും ജൂറിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചില്ലെന്ന ഗുരുതര ആരോപണവും സലിം കുമാര്‍ ഉന്നയിച്ചു. 'പ്രണയം പോള്‍കോക്‌സിന്റെ 'ഇന്നസെന്‍സ്' എന്ന സിനിമയുടെ പകര്‍പ്പാണ്. ഈ വസ്തുത അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ഒരു പത്രലേഖകന്‍ ജൂറി ചെയര്‍മാന്‍ ഭാഗ്യരാജിനുമുമ്പാകെ ഉന്നയിച്ചതുമാണ്. പക്ഷേ താന്‍ ആ സിനിമ കണ്ടിട്ടില്ലെന്നായിരുന്നു ഭാഗ്യരാജിന്റ മറുപടി. അദ്ദേഹം കണ്ടോ എന്നതല്ല പ്രശ്‌നം. സിനിമ മോഷണമാണോ എന്നതാണ്. മറ്റൊരു സിനിമയുടെ പകര്‍പ്പിന് അവാര്‍ഡ് കൊടുത്തത് നിബന്ധനകളുടെ ലംഘനമാണ്.' -സലിംകുമാര്‍ പറഞ്ഞു. ' പ്രണയ ' ത്തിന്റെ കഥ ' ജോക്കര്‍ ' എന്ന സിനിമയില്‍ ലോഹിതദാസിന്റെ അസോസിയേറ്റായിരുന്ന കാലത്തുതന്നെ താന്‍ പലരോടും പറഞ്ഞിട്ടുള്ളതാണെന്ന സംവിധായകന്‍ ബ്ലസിയുടെ അവകാശവാദത്തെയും അന്ന് സലിംകുമാര്‍ പരിഹസിച്ചു. 'ആ കഥ അദ്ദേഹം ഏതെങ്കിലും മാസികയിലൂടെ പങ്കുവച്ചിട്ടുണ്ടോ? സിനിമ മോഷണമാണെന്നു പറയുമ്പോള്‍ കഥ ജനിക്കുന്നതുമുന്നേ മനസ്സിലുണ്ടായിരുന്നു എന്നു പറയുന്നതില്‍ കാര്യമില്ലെന്നും സലിംകുമാര്‍ പറഞ്ഞു.

സിബി മലയിൽ. ഫോട്ടോ: വി.പി. പ്രവീൺ കുമാർ

ഫ്രെയിമിൽ കുടുങ്ങിയ ജൂറിയംഗം

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അത്ര തീവ്രതയില്ലെങ്കിലും 2013-ലും ചലച്ചിത്ര പുരസ്‌കാരം വിവാദത്തിന്റെ കവാടം കടന്നെത്തി. അന്ന് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' ആയിരുന്നു. ഈ ചിത്രത്തില്‍ ഒരിടത്ത് ജൂറി അംഗമായ സിബി മലയില്‍ പ്രത്യക്ഷപ്പെട്ടത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അതൊരു ചെറിയ കാര്യം മാത്രമാണെന്നും നിയമാവലിയനുസരിച്ച് ജൂറിയംഗം സമ്മാനാര്‍ഹമായ ചിത്രത്തിന്റെ അണിയറയില്‍ സര്‍ഗാത്മകമായ ഇടപെടല്‍ നടത്തിയാല്‍ മാത്രമേ പ്രശ്‌നമുള്ളുവെന്നും പറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍ സാഹചര്യം തണുപ്പിച്ചു. മറ്റൊരു വിവാദം കൂടി ഇതേ വര്‍ഷമുണ്ടായിരുന്നു. അവാര്‍ഡ് പ്രഖ്യാപനസമയത്ത് പരാമര്‍ശിക്കാത്ത കുട്ടികളുടെ ചിത്രത്തിന് പുരസ്‌കാരം നല്‍കിയതായിരുന്നു അത്. നാല് ചിത്രങ്ങളാണ് കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ മത്സരത്തിനെത്തിയത്. 'വണ്‍സ് അപ്പ് ഓണ്‍ എ ടൈം', 'ബ്ലാക്ക് ഫോറസ്റ്റ്', 'ഫൈനല്‍ വിസില്‍', 'പ്രതീക്ഷയോടെ' എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇതില്‍ ബ്ലാക്ക് ഫോറസ്റ്റ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുകയും മറ്റുള്ളവ നിലവാരമില്ല എന്ന കാരണത്താല്‍ തള്ളുകയും ചെയ്തു. പക്ഷേ ബ്ലാക്ക് ഫോറസ്റ്റ് ഒരുക്കിയത് ചലച്ചിത്ര അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗം ജോഷി മാത്യുവാണ് എന്നതിനാല്‍ ചിത്രത്തിന് പുരസ്‌കാരത്തിനര്‍ഹതയില്ല എന്നാണ് ജൂറി അഭിപ്രായപ്പെട്ടത്. എന്നാല്‍ അവാര്‍ഡുദാന ചടങ്ങില്‍ വച്ച് യാതൊരു അറിയിപ്പും കൂടാതെ 'ബ്ലാക്ക് ഫോറസ്റ്റിന് പുരസ്‌കാരം നല്‍കിയത് ഏവരിലും എതിര്‍പ്പും ആശയക്കുഴപ്പവും സൃഷ്ടിച്ചു. നടപടിക്കെതിരെ ജൂറി അംഗമായ സിബി മലയില്‍ തന്നെ രംഗത്തെത്തി. തുടര്‍ന്ന് വിശദീകരണവുമായി അക്കാദമി സെക്രട്ടറി കെ. മനോജ്കുമാറാണ് രംഗത്തെത്തിയത്. ജോഷി മാത്യുവിന് കൈമാറിയത് അവാര്‍ഡ് അല്ലെന്നും അവാര്‍ഡിന് അര്‍ഹമായ ചിത്രമെന്ന് അറിയിക്കുന്ന ഫലകം മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രമേഷ് നാരായൺ. ഫോട്ടോ: ലതീഷ് പുവ്വത്തൂർ

വിവാദങ്ങളുടെ ഈണം മൂളി മൊയ്തീനും കാഞ്ചനമാലയും

മലയാളസിനിമയില്‍ ആര്‍.എസ്.വിമല്‍ എന്ന സംവിധായകന്റെ വരവറിയിച്ച ചിത്രമായിരുന്നു 2015-ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീന്‍. ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങളുണ്ടാക്കിയ ചിത്രം സംസ്ഥാന പുരസ്‌കാരവേളയിലും ആ പതിവ് തെറ്റിച്ചില്ല. പാട്ടുകളായിരുന്നു അവിടെ വിവാദമായത്. മികച്ച സംഗീത സംവിധായകനായി രമേഷ് നാരായണനാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരലബ്ധിക്ക് പിന്നാലെ വലിയൊരു ബോംബുകൂടിയിട്ടു രമേഷ് നാരായണന്‍. എന്ന് നിന്റെ മൊയ്തീനുവേണ്ടി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ സംവിധായകനും പൃഥ്വിരാജും ഇടപെട്ട് ഒഴിവാക്കിയെന്നും ഇരുവരും തന്നെ അപമാനിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് മറുപടിയായി ആര്‍.എസ്. വിമല്‍ എത്തിയതോടെ വിവാദം ശരിക്കും ഉച്ചസ്ഥായിയിലായി. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ തന്നോട് ആലോചിക്കാതെ കുറെയേറെ പാട്ടുകള്‍ സ്വന്തമായി ചിട്ടപ്പെടുത്തുകയായിരുന്നു രമേഷ് നാരായണനെന്ന് വിമല്‍ കുറ്റപ്പെടുത്തി. ഇവ ചിത്രത്തിന് ആവശ്യമുള്ളതായിരുന്നില്ല. 'ശാരദാംബരം' എന്ന പാട്ടിന്റെ ഈണം പോലും മൊയ്തീന്റെ മരണവേളയിലേക്കു മാത്രം പറ്റുന്ന വിധത്തിലായിരുന്നു. ഇതല്ല വേണ്ടതെന്ന് നിര്‍ദ്ദേശിച്ചു. പിന്നീട് താന്‍ ഉള്‍പ്പെടെ ഇരുന്ന് ചിട്ടപ്പെടു ത്തിയതാണ് 'ശാരദാംബരം'. അവാര്‍ഡ് മാത്രമായിരുന്നു രമേഷ് നാരായണന്റെ ലക്ഷ്യം. അവാര്‍ഡിന് വേണ്ടിയുള്ള പാട്ടുകളാണ് ഇവയെന്ന് അദ്ദേഹം പറഞ്ഞതായും വിമല്‍ കുറ്റപ്പെടുത്തി. യേശുദാസ് ഉള്‍പ്പടെയുള്ള വലിയ ഗായകരെക്കൊണ്ട് പാടിച്ച് അവരെ അപമാനിക്കുകയാണ് രമേഷ് നാരായണന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താനും പൃഥ്വിരാജുമാണ് പി. ജയചന്ദ്രനെ കൊണ്ട് പാടിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ വിവാദത്തിലേക്ക് പൃഥ്വിരാജിനെ വലിച്ചിഴക്കേണ്ടതില്ല. പാട്ടുകള്‍ ഒഴിവാക്കിയത് സംവിധായകനെന്ന നിലയില്‍ താനാണ്. ചിത്രത്തില്‍ ഏതൊക്കെ പാട്ടുകള്‍ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം സംവിധായകനാണെന്ന് രമേഷ് നാരായണന്‍ മനസ്സിലാക്കണമെന്നും വിമല്‍ പറഞ്ഞു.

മേശപ്പുറത്തുവച്ച പുരസ്കാരം

കോവിഡ് കാലത്തെ അവാര്‍ഡ് പ്രഖ്യാപനം എന്നതായിരുന്നു കഴിഞ്ഞവര്‍ഷത്തെ, അതായത് 2020-ലെ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രത്യേകത. സമാധാനമായി നടക്കും എന്നുവിചാരിച്ച പുരസ്‌കാരദാനച്ചടങ്ങ് പക്ഷേ അതുവരെ കാണാത്ത ഒരു രീതിയിലെത്തുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല. കോവിഡ് കാലമായതിനാല്‍ ചടങ്ങിന് ചില പ്രത്യേകരീതിയാണ് സ്വികരിക്കുന്നത് എന്ന ആമുഖത്തോടെ മുഖ്യമന്ത്രിതന്നെയാണ് അവാര്‍ഡ് നേരിട്ട് കൈമാറുന്നില്ലെന്ന് ചടങ്ങിനെ അറിയിച്ചത്. ഫലകവും പ്രശസ്തിപത്രവും മേശപ്പുറത്ത് വെച്ചശേഷം, പുരസ്‌കാര ജേതാക്കളുടെ പേര് വിളിക്കുന്നതിനനുസരിച്ച് അവര്‍ വന്ന് അത് സ്വയം എടുക്കുന്നതായിരുന്നു രിതി. മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മാസ്‌ക് താഴ്ത്തിരുതെന്ന് തുടക്കത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് നേരിട്ടു കൈമാറുന്നില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും അതിലും വലിയ വാര്‍ത്തകള്‍ പിന്നാലെ വന്നതോടെ ഈ വിവാദവും കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു.

ഇതൊരു അവസാനിക്കാത്ത പ്രക്രിയയാണ്. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്തോറും എതിര്‍സ്വരങ്ങളുയരും. അനിവാര്യമായ ഒരു സ്‌ഫോടനം ഉണ്ടാകും. എങ്കിലും പുരസ്‌കാരങ്ങള്‍ നല്കപ്പെട്ടുകൊണ്ടേയിരിക്കും.

Content Highlights: രമേഷ് നാരായൺ. ഫോട്ടോ: ലതീഷ് പുവ്വത്തൂർ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented