ന്ത്യന്‍ സിനിമയിലെ വെറുമൊരു 'ഡ്രീം ഗേള'ല്ല ഹേമമാലിനി. നര്‍ത്തകി, എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ്, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തക എന്നീ വിശേഷണങ്ങള്‍ കൂടി അലങ്കരിക്കുന്ന ഹേമമാലിനിയുടെ 73-ാം പിറന്നാളാണിന്ന്. നിരവധി പേര്‍ ബോളിവുഡിന്റെ സ്വപ്‌നസുന്ദരിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു. 

'ഇതു സത്തിയം'എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഹേമമാലിനിയുടെ അഭിനയരംഗത്തേക്കുള്ള 1963-ലായിരുന്നു അത്. 1968-ല്‍ പുറത്തിറങ്ങിയ സപ്‌നോ കാ സൗദാഗര്‍ എന്ന സിനിമയിലാണ് ഹേമമാലിനി ആദ്യമായി പ്രധാനവേഷം ചെയ്തത്. തുടര്‍ന്ന് എണ്ണമറ്റ ഹിന്ദി സിനിമകളില്‍ ഹേമമാലിനി നായികയായി. പല സിനിമകളിലും നായകനായെത്തിയത് അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ ധര്‍മ്മേന്ദ്രയായിരുന്നു. 1980-ല്‍ ഇരുവരും വിവാഹിതരായി. 1977-ല്‍ റിലീസായ ഡ്രീം ഗേള്‍ എന്ന സിനിമയില്‍ നായികകയായെത്തിയ ഹേമമാലിനി പിന്നീടറിയപ്പെട്ടത് സിനിമയുടെ ടൈറ്റിലിലൂടെയായിരുന്നു. കോമഡിയും ഡ്രാമയും ഒരേ പോലെ വഴങ്ങിയിരുന്നത് ഹേമമാലിനിയെ അക്കാലത്തെ ഏറ്റവും തിരക്കേറിയ നായികയാക്കിത്തീര്‍ത്തു. ഷോലെ, സീത ഓര്‍ ഗീത, ജോണി മേരാ നാം, ത്രിശൂല്‍, ക്രാന്തി, ദോസ്ത്...ഹേമമാലിനിയുടെ ഹിറ്റുകളില്‍ ചിലത് മാത്രം. 

ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവ ഹേമമാലിനി ശാസ്ത്രീയമായി അഭ്യസിച്ച ഹേമമാലിനി ജീവകാരുണ്യ പ്രര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി നൃത്തപരിപാടികള്‍ അവതരിക്കാറുണ്ട്. മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും ഹേമമാലിനിക്കൊപ്പം നൃത്തവേദികള്‍ പങ്കിടാറുണ്ട്. ഹേമമാലിനിയുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ആദ്യവിവാഹത്തില്‍ ധര്‍മ്മേന്ദ്രയ്ക്ക് നാല് മക്കള്‍ ഉണ്ട്.  ഇവരില്‍ സണ്ണി ഡിയോളും ബോബി ഡിയോളും ബോളിവുഡ് താരങ്ങളാണ്. 28 ചിത്രങ്ങളില്‍ ഹേമമാനിലിയും ധര്‍മ്മേന്ദ്രയും ഒന്നിച്ചഭിനയിച്ചു. 

1992-ല്‍ ദിവ്യഭാരതി, ഷാരൂഖ് ഖാന്‍ എന്നിവരെ നായികാനായകന്‍മാരാക്കി ദിന്‍ ആഷ്‌ന ഹെ എന്ന ചിത്രവും 1995-ല്‍ മധു(റോജ ഫെയിം), സുധേഷ് ബെറി എന്നിവരെ പ്രധാന താരങ്ങളാക്കി മോഹിനി എന്ന ചിത്രവും ഹേമമാലിനി നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. പിന്നീട് സിനിമയില്‍നിന്ന്  വിട്ടുനിന്ന ഹേമമാലിനി നൃത്ത, ടെലിവിഷന്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രാഷ്ട്രീയരംഗത്ത് സജീവമായതോടെ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് ഹേമമാലിനി ഭാഗമായത്. ഭാരതീയ ജനത പാര്‍ട്ടിയംഗമായ ഹേമമാലിനി 2003 മുതല്‍ 2009 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 2014-ല്‍ മഥുരയില്‍നിന്ന് ലോക്‌സഭയിലെത്തിയ ഹേമമാലിനി 2019-ല്‍ വീണ്ടും എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പ്രവര്‍ത്തനരംഗത്തും സജീവമാണവര്‍.

2011-ല്‍ ധര്‍മ്മേന്ദ്ര, ഇഷ ഡിയോള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹേമമാലിനി ടെല്‍ മീ ഓ ഖുദാ എന്ന മൂന്നാമത്തെ ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്‌തെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. സിനിമാരംഗത്തെ സംഭാവന പരിഗണിച്ച് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഉദയ് പുര്‍, ജുഹുന്‍ജുനു സര്‍വകലാശാലകള്‍ ഡോക്‌റേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു. നാഷണല്‍ ഫിലിം കോര്‍പറേഷന്റെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിതയാണ് ഹേമമാലിനി. ഹേമമാലിനിയുടെ ജീവിതം അടിസ്ഥാനമാക്കി ഹേമ മാലിനി: ദിവ അണ്‍വെയില്‍ഡ്, ഹേമ മാലിനി: ബിയോണ്ട് ദ ഡ്രം ഗേള്‍, ഹേമ മാലിനി: ദ ഓതറൈസ്ഡ് ബയോഗ്രഫി എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

 

Content Highlights: Hema Malini Dream Girl celebrates 73rd Birthday