എന്തുകൊണ്ട് സുരാജിലെത്തി, പിള്ളേച്ചന്‍ എന്നപേര് തനിക്ക് പറ്റിയ തെറ്റ്; ഹെവന്റെ സംവിധായകന്‍ പറയുന്നു


നിലീന അത്തോളി |nileenaatholi2@gmail.com

ക്രൈംത്രില്ലറായിട്ടും ഹെവൻ സിനിമക്കെന്ത് കൊണ്ട് A സർട്ടിഫിക്കറ്റ് കിട്ടാതെ U കിട്ടി. എന്ത്കൊണ്ടാണ് പോലീസ് വേഷം സുരാജിലേക്കെത്തിയത്. ഡിസ്നിഹോട്ട്സ്റ്റാറിൽ വലിയ രീതിയിൽ പ്രേക്ഷക പ്രീതി പിടിച്ചു പറ്റി മുന്നേറ്റം തുടരുന്ന ഹെവൻ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ ഉണ്ണി ഗോവിന്ദരാജ് സംസാരിക്കുന്നു

Interview

സംവിധായകൻ ഉണ്ണി ഗോവിന്ദരാജ് സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം. ഹെവൻ സിനിമയുടെ ലൊക്കേഷനിൽ നിന്ന്

ധികം മാര്‍ക്കറ്റിങ് കിട്ടാതെ പോയതിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ സിനിമകളിലൊന്നാണ് സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തി ഉണ്ണി ഗോവിന്ദ രാജ് സംവിധാനം ചെയ്ത ഹെവന്‍ എന്ന ക്രൈം ത്രില്ലര്‍. പുതുമുഖ സംവിധായകന്റെ യാതൊരുവിധ ചാപല്യങ്ങളുമില്ലാതെ വളരെ റിയലിസ്റ്റിക് ആയി ചെയ്ത ക്രൈംതില്ലര്‍ എന്ന് ഒറ്റ വാക്യത്തിൽ വിവരിക്കാം. അധിഭാവുകത്വം ഇല്ലാത്ത പോലീസ് വേഷം, അതിവൈകാരികത ഇല്ലാത്ത അഭിനയ മുഹൂർത്തങ്ങൾ, A സർട്ടിഫിക്കറ്റിനു പകരം U ലഭിച്ച ക്രൈം ത്രില്ലർ എന്ന ചില പ്രത്യേകതൾ കൂടിയുണ്ട് ചിത്രത്തിന്. സിനിമയുടെ സംവിധായകൻ ഉണ്ണിരാജയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്

മറ്റ് ഫോറന്‍സിക് കുറ്റാന്വേഷണ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ റിയലിസ്റ്റിക് ആണ് ഹെവൻ എന്ന് ഒരു ഫോറന്‍സിക് സര്‍ജന്‍ നേരിട്ടു പറഞ്ഞതു കേട്ടാണ് സിനിമ കാണുന്നത്. അത്തരമൊരു റിയലിസ്റ്റിക് ഭാവത്തിലെടുക്കാൻ നവാഗതനെന്ന നിലയില്‍ എങ്ങനെയാണ് കഴിഞ്ഞത്. എങ്ങനെയായിരുന്നു ഗവേഷണം?

ഷേർളിവാസുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകത്തിലെ ഒരു വരിയില്‍ നിന്നാണ് സിനിമയുടെ കഥ ജനിക്കുന്നത്. കഥയെഴുതിയത് ഒരു പോലീസുകാരനായ പി.എസ് സുബ്രഹ്മണ്യമാണ്. കഥയും കൊണ്ട് അദ്ദേഹം എന്നെ സമീപിച്ചതിനു ശേഷം ഞാനും അദ്ദേഹവും കൂടിയാണ് തിരക്കഥ പൂര്‍ത്തീകരിക്കുന്നത്. റിയലിസ്റ്റിക് ആവണമെന്നത് കൊണ്ട് തന്നെ നന്നായി ഗവേഷണം ചെയ്തിരുന്നു. ഉമാദത്തന്‍ സാറുമായി സംസാരിച്ചിരുന്നു. അതുപോലെ പല ഫോറന്‍സിക് സര്‍ജന്‍മാരുമായും സംസാരിച്ചിരുന്നു. യാഥാർഥ്യത്തോട് ചേർന്നു നിൽക്കണമെന്ന നിർബന്ധം ഉള്ളതു കൊണ്ടു തന്നെ പല ഭാഗങ്ങളിലും മാറ്റങ്ങൾ വരുത്തിയിരുന്നു. ആളുകളെ വിശ്വസിപ്പിക്കുക എന്നുള്ളതായിരുന്നു മറ്റൊരു വെല്ലുവിളി. ഇന്റെര്‍വെല്‍ നില്‍ക്കുന്നത് പൈപ്പ് മണ്ണിൽ താഴ്ത്തി തീ കത്തിടുന്നിടത്താണല്ലോ. അതെങ്ങനെ കത്തി എന്ന് പ്രേക്ഷകനോട് പറയണം എന്നാലേ അവര്‍ക്കത്‌ മനസ്സിലാവൂ അതേ സമയം വിശദീകരിച്ചു പറഞ്ഞാൽ ഒറിജിനാലിറ്റി നഷ്ടപ്പെടുകയും ചെയ്യും. പറയാന്‍ വേണ്ടി പറഞ്ഞു എന്ന രീതിയിലാവരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെയാണ് ഇതെന്താണെന്ന അറിയാത്ത പോലീസുകാരന്‍ ചോദിക്കുന്നതിനുള്ള മറുപടിയായി കത്തുന്നതിന്റെ കാരണം പറഞ്ഞത്. അപ്പോൾ കുറച്ചു കൂടി റിയലിസ്റ്റിക് ആയി.

എത്ര കാലം എടുത്തു ഗവേഷണത്തിനു ശേഷം തിരക്കഥ പൂര്‍ത്തിയാക്കാന്‍?

2020 ജനുവരിയിലാണ് കഥ കേള്‍ക്കുന്നത്. സിനിമയുടെ 50 ശതമാനം ആയിട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് എഴുതിയുള്ള പരിചയം ഇല്ലായിരുന്നു. ഇന്ന് പക്ഷെ അസാധ്യ കഥയെഴുത്തുകാരനായി അദ്ദേഹം മാറി. സുബ്രഹ്മണ്യൻ സർ ഏതാണ്ട് 2017 മുതല്‍ തുടങ്ങി വർക്ക് ആണ്. 2020ലാണ് അതെന്റെ അടുക്കലേക്കെത്തുന്നത്. ശേഷം തിരക്കഥ പൂർത്തീകരിക്കാനായി നന്നായി യാത്ര ചെയ്തിട്ടുണ്ട്. 17 ഡ്രാഫ്റ്റ് വര്‍ക്കുകള്‍ നടത്തിയ തിരക്കഥയാണിത്. കുറ്റാന്വേഷണ പ്രക്രിയയെ യാഥാർഥ്യത്തോട് ചേർത്തു നിർത്തി അവതരിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഹെവൻ സിനിമയിലെ രംഗം

പ്രധാന കഥാപാത്രത്തിലേക്കുള്ള ആലോചനയില്‍ സുരാജ് വെഞ്ഞാറമ്മൂട് എങ്ങനെയാണ് എത്തുന്നത്. ലൈസന്‍സ്, ജനഗണമന പോലുള്ള സിനിമകളിലെ പോലീസ് വേഷങ്ങളാണോ കുറ്റാന്വേഷകന്റെ വേഷം സുരാജിന് ചേരുമെന്ന ആത്മവിശ്വാസം താങ്കളിലുണ്ടാക്കിയത്?

പോലീസുകാരന്‍ എന്നതിലുപരി പ്രിയപ്പെട്ടയാളുടെ മരണമേല്‍ക്കുന്ന ആഘാതം വൈകാരികമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന രീതിയിലാണ് ഞാൻ സുരാജേട്ടനെ കുറിച്ച ചിന്തിക്കുന്നത് . എന്നെ കാഴ്ച്ചപ്പാടിൽ വൈകാരികമായി വിഷ്വല്‍ സംവദിക്കാൻ കഴിയുന്ന മലയാളത്തിലെ മികച്ച അഭിനേതാവ് മമ്മൂക്കയാണ്. മമ്മൂക്കയുടെ പ്രേക്ഷകര്‍ സൃഷ്ടിക്കുന്ന വലിയ ഹൈപ്പ് യാഥാർഥ്യത്തോട് ചേർന്നു നിന്ന് മുന്നോട്ടു പോകുന്ന സിനിമയെ ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു. അടുത്ത ഓപ്ഷന്‍ എന്ന നിലയില്‍ ചിന്തിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് സുരാജേട്ടനാണ്. വികാരം സംവദിക്കാന്‍ കഴിയുന്ന അഭിനേതാവ് എന്ന നിലയിലാണ് സുരാജേട്ടനെ കുറിച്ചാലോചിച്ചത്. വിവിധ കഥാപാത്രങ്ങളുടെ വിവിധ രീതിയിലുള്ള ഭാവങ്ങള്‍ ഏറ്റവും മനോഹരമായി അവതരിപ്പിച്ച നടനാണ് സുരാജ്. പുതിയ സുരാജേട്ടന്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രത്തെയാണ്. ചെറിയ സീനിലാണെങ്കിൽ പോലും ആ സിനിമയെന്ന് പറഞ്ഞാൽ ആദ്യം ഓർമ്മയിലേക്ക് വരുന്ന രംഗങ്ങളിൽ ഒന്നാണത്.

മറ്റൊരു കാര്യം തിരക്കഥയുടെ ഭാഗമായി ഒത്തിരി പോലീസ് സ്‌റ്റേഷനുകൾ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എവിടെയും ഭരത്ചന്ദ്രന്‍ ഐപിഎസ് പോലെ നമ്മൾ ആഘോഷിച്ച പോലുള്ള ഒരു പോലീസുകാരനെയും കണ്ടുമുട്ടിയിട്ടില്ല. മാസ് പോലീസ് വേഷം ഡിമാന്‍ഡ് ചെയ്യുന്ന സിനിമയല്ല ഇത്. വൈകാരികമായാണ് ഈ സിനിമ പോകുന്നത്. അതിനാല്‍ ഹീറോയിക് ഇമേജ് ഉണ്ടാവരുത് എന്ന നിശ്ചയം ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഉണ്ണി ഗോവിന്ദരാജ്

സിനിമയുടെ വൈകാരികതയെകുറിച്ച് താങ്കൾ പറഞ്ഞല്ലോ. വൈകാരിക അംശമുള്ള , നമ്മെ പിടിച്ചു കുലുക്കുന്ന രംഗ സാധ്യതയുണ്ടായിട്ടും പൂര്‍ണ്ണമായും കുറ്റാന്വേഷണത്തില്‍ മാത്രം കേന്ദ്രീകരിച്ച് വൈകാരികതയെ അധികം പ്രതിഫലിപ്പിക്കാതെയല്ലേ സിനിമ മുന്നോട്ടു പോവുന്നത്. പ്രേക്ഷകരെ വാവിട്ട് കരയിപ്പിക്കാന്‍ സാധ്യതയുള്ള സീന്‍ ഉണ്ടായിട്ടും ഉള്ളിലെ ചെറിയ നൊമ്പരത്തില്‍ ഒതുക്കി എന്നത് പരിമിതിയായി പിന്നീട് തോന്നിയിരുന്നോ. പിള്ളേച്ചനുമായി നല്ല ബന്ധമുള്ളയാളായിരുന്നു കുട്ടി. എന്നിട്ടും കുട്ടിയുണ്ടാക്കിയ ശൂന്യതയൊന്നും പിള്ളേച്ചന്‍ എന്ന കഥാപാത്രത്തില്‍ കണ്ടില്ല ?

സിനിമയുടെ തിരക്കഥ ചെയ്യുമ്പോഴേ subtle പ്രകടനം മതിയെന്ന തീരുമാനത്തിലായിരുന്നു ഞാന്‍. അഭിനേതാക്കള്‍ക്ക് ലൗഡ് ഭാവം കൊടുത്തില്ല. കുട്ടി മരിച്ച രംഗങ്ങളില്‍ വേണമെങ്കിൽ സുരാജേട്ടന്റെ അഭിനയം ലൗഡ് ആക്കാമായിരുന്നു. പക്ഷെ ഞാന്‍ സുരാജേട്ടനോട് പറഞ്ഞത് മരണം കണ്ടു ശീലമുള്ള പോലീസ് ഓഫീസറാണ് അതിനാൽ അപ്രതീക്ഷിതമായത് കാണുമ്പോഴുള്ള ഞെട്ടൽ ഭാവമാണ് അവിടെ വേണ്ടതെന്നാണ്. കൂട്ടക്കൊലപാതകം നടന്ന ഇടത്ത് മുതിർന്നയാളുകൾ കൊല്ലപ്പെട്ടത് കാണുമ്പോഴുള്ള വൈകാരിക ഭാവമല്ല കുട്ടി മരിച്ചു കിടക്കുന്ന രംഗത്ത് അദ്ദേഹം കൊടുത്തിരിക്കുന്നത്. വളരെ സട്ടില്‍ ആയാണ് അത് ചെയ്തത്. അത്രയും ഡീറ്റെയില്‍ ആയി ശ്രദ്ധിച്ചാലേ അത് മനസ്സിലാവൂ. തന്റെ ഏറ്റവും പ്രിയപ്പെട്ടൊരാൾ ക്രൈംസീനിൽ മരിച്ചു കിടക്കുമെന്ന് ആ ഓഫീസർ ഒരിക്കലും പ്രതീക്ഷിക്കില്ല. തലക്കടി കിട്ടിയ ഭാവമായിരുന്നു അവിടെ അദ്ദേഹം കാണിച്ചത്. പയ്യെ വൈകാരികതയിലേക്ക് കടന്ന് മകനെ കെട്ടിപ്പുണരാന്‍ നില്‍ക്കുന്ന സമയത്താണ് " വേണ്ട സാറെ, ഇത് ക്രൈം സീനാണ്" എന്ന് പിള്ളേച്ചന്‍ പറയുന്നത്. ശബ്ദം ഇടറി "എന്താടോ സംഭവിക്കുന്നത്" എന്നാണ് പുള്ളി ചോദിക്കുന്നത്. കരയാന്‍ പറ്റാത്ത ഒരവസ്ഥയാണത്. അതാണ് ഏറ്റവും വിഷമം പിടിച്ച അവസ്ഥ. കരയുന്നതിനേക്കാള്‍ ഭീകരമായ അവസ്ഥയല്ലേ കരയാന്‍ പറ്റാതെ വിങ്ങലുണ്ടാവുന്നത്.

യമണ്ടന്‍ പ്രണയ കഥയില്‍ മകള്‍ മരിച്ചു കിടക്കുമ്പോള്‍ വളരെ ലൗഡ് ആയാണ് സുരാജേട്ടന്‍ അഭിനയിച്ചത്. ആക്ഷൻ ഹീറോ ബിജുവിലും അത്തരത്തിലുള്ള വേഷമായിരുന്നു. ഇനിയും അത്തരം വൈകാരിക രംഗങ്ങള്‍ ചെയ്യുമ്പോള്‍ ആവര്‍ത്തന വിരസതയുണ്ടാക്കും..ബോഡിവിട്ടു കൊടുത്ത് ഒപ്പിടുന്ന രംഗത്ത്‌ മകനെ കത്തി വെക്കാന്‍ പോവുകയാണെന്ന്‌ ഡയലോഗ് ഇട്ട് ലൗഡ് ആക്കാമായിരുന്നു. അത് ബോധപൂര്‍വ്വം വേണ്ടെന്ന വെച്ചതാണ്. ലൗഡ് ആവാതെ തന്നെ ആ രംഗത്തൊക്കെ ഞങ്ങള്‍ കരഞ്ഞു പോയിട്ടുണ്ട്. പിന്നെ അത്തരം വൈകാരിക രംഗങ്ങൾക്ക് സിനിമയിൽ അധികം സമയം നീക്കിവെച്ചില്ലെന്നത് ശരിയാണ്. സമയം കൊടുക്കണമെങ്കില്‍ ലൗഡ് സീന്‍സുണ്ടാവണം. ലൗഡ് ആവേണ്ട എന്നത് ആദ്യമേ എടുത്ത തീരുമാനമായിരുന്നു.

ഹെവൻ സിനിമയിൽ പിള്ളേച്ചൻ കഥാപാത്രത്തെ അവതരിപ്പിച്ച അലൻസിയർ

ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ച സമയത്ത് ലൊക്കേഷനിലെ പ്രതികരണം എങ്ങനെയായിരുന്നു?

ഞാന്‍ പല സന്ദര്‍ഭങ്ങളിലും കരഞ്ഞു. കാമറാമാനും കരഞ്ഞു. മകന്‍ മരിച്ച രംഗത്തെ ഷോട്ട് ഒറ്റ ടേക്കായിരുന്നു. ഗ്ലിസറിന്‍ പോലും സുരാജേട്ടന്‍ ഉപയോഗിച്ചിരുന്നില്ല. സെറ്റില്‍ മൊത്തം കൈയ്യടിയായിരുന്നു.

വികൃതമായ ഭാവത്തിലോ രക്തം തളംകെട്ടി ഭീതിപ്പെടുത്തുന്ന രീതിയിലോ ആയിരുന്നില്ല മരിച്ച കുട്ടിയുടെ കിടപ്പ്. ഒരു കാല്‍ സോഫയുടെ കൈയ്യിലും ശരീരം സോഫയിലുമായി. എങ്ങനെയാണ് ആ ശാന്തമായ കിടപ്പ് തീരുമാനിക്കുന്നത്?

അതില്‍ ഏറ്റവും സഹായിച്ചത് കഥയെഴുതിയ സുബ്രഹ്മണ്യൻ സാറാണ്. പുള്ളി ഷൂട്ടിന്റെ എല്ലാ ദിവസവും ഒപ്പമുണ്ടായിരുന്നു. ഒരാള്‍ ഇങ്ങനെ അറ്റാക്ക് ചെയ്യപ്പെട്ടാല്‍ എങ്ങനെയായിരിക്കും മരിച്ചു കിടക്കുക എന്ന് അദ്ദേഹം നന്നായി ഗവേഷണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അനുഭവത്തിന്റെ സംഭാവന നന്നായി സിനിമയിൽ ഉപയോഗപ്പെടുത്തിയിരുന്നു.

സിനിമയുടെ ചായാഗ്രഹണം നിർവ്വഹിച്ച വിനോദ് ഇല്ലമ്പള്ളിക്കും
മറ്റ് സിനിമാപ്രവർത്തകർക്കുമൊപ്പം സംവിധായകൻ ഉണ്ണി ഗോവിന്ദരാജ്

ത്രില്ലര്‍ സിനിമയുടെ പ്രധാന ഘടകം ആണല്ലോ കാമറാ മൂവ്മെന്റ്സ്. കാമറാ ഗിമ്മിക്സ് ബോധപൂര്‍വ്വം ഒഴിവാക്കിയതാണോ?

കാമറാ ഗിമ്മിക്കില്ലാതെ എങ്ങനെ സിനിമ ചെയ്യാം എന്നാണ് ഞാനും കാമറാ പേഴ്‌സണ്‍ വിനോദേട്ടനും ആദ്യം ചിന്തിച്ചത്. ലൈറ്റ് ആയ മൂവ്‌മെന്റ്‌സാണ് നൽകിയത്. അങ്ങനെ മതിയെന്നായിരുന്നു തുടക്കം മുതലേയുള്ള തീരുമാനം. കാമറാ മൂവ്‌മെന്റിലും ശാന്തത കൊണ്ടുപോവാന്‍ ശ്രമിച്ചിട്ടുണ്ട്.

വികൃതമായ പേടിപ്പെടുത്തുന്ന മൃതദേഹങ്ങള്‍ ക്രൈം സിനിമകളുടെ ഒഴിവാക്കാനാത്ത ഘടകമാണല്ലോ. സിനിമയുടെ ആദ്യ ഭാഗത്ത് കുട്ടികള്‍ ഞെട്ടുന്ന രംഗത്ത് മൃതദേഹം കാണിക്കുക പോലും ചെയ്യാതെ അവരുടെ ഞെട്ടല്‍ എക്‌സ്പ്രഷനില്‍ ഒതുക്കാനെടുത്ത തീരുമാനവും ബോധപൂർവ്വമാണോ?

സ്‌ക്രിപ്റ്റിലും റിയാക്ഷന്‍ മാത്രമേയുള്ളൂ...അത് മതി എന്ന് തന്നെയായിരുന്നു തീരുമാനം. കൂട്ടക്കൊലപാതക രംഗം ഒന്നും ക്രൂരമായി കാണിച്ചിട്ടില്ല. കുട്ടിയെ കൊല്ലുന്ന രംഗത്തിലും ശബ്ദം മാത്രമേയുള്ളൂ.ചോര ചിതറിത്തെറിക്കുന്ന രംഗം പോലും ഇല്ലായിരുന്നു. സിനിമ ഒടിടിയിൽ വരുമ്പോള്‍ കുട്ടികള്‍ക്കും കാണാന്‍ കഴിയണമെന്നും അതിനാല്‍ A സര്‍ട്ടിഫിക്കറ്റ് കിട്ടരുതെന്നും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ക്രൈം ത്രില്ലറുകൾ യു സർട്ടിഫിക്കറ്റുമായി വരുന്നത് അപൂർവ്വതയാണ്. അത്തരമൊരു അപൂർവ്വത അവകാശപ്പെടാനുള്ള ചിത്രം കൂടിയാണ് ഹെവൻ.

ഹെവൻ സിനിമാ ലൊക്കേഷനിൽ നിന്ന്

A സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന ഉദ്ദേശത്തില്‍ എഡിറ്റിങ് ടേബിളില്‍ ഒഴിവാക്കിയ രംഗങ്ങള്‍ വല്ലതുമുണ്ടോ.

വലിയ ബഡ്ജറ്റില്ലാത്ത സിനിമയാണ്. അനാവശ്യമായി ഷൂട്ട് ചെയ്ത് എഡിറ്റിങ് ടേബിളില്‍ കൊണ്ടു പോയി കളയുന്ന അവസ്ഥ ഉണ്ടാക്കരുതെന്നത് പ്രൊഡ്യൂസറുടെ നേരത്തെ തന്നെയുള്ള നിലപാടായിരുന്നു. അങ്ങനെസംഭവിക്കുന്നത് വഴി പലരുടെയും സമയം, പണം, അധ്വാനം എന്നിവയെല്ലാമാണ് വെറുതെ പാഴായിപ്പോവുന്നത്. ഈ സിനിമയില്‍ നിന്ന് 5-6 മിനുട്ട് മാത്രമേ ഷൂട്ട് ചെയ്തതില്‍ നിന്ന് കളയേണ്ടി വന്നിട്ടുള്ളൂ..

അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പരിചയം വെച്ച് മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം കുറവാണ് ഹെവനിൽ നിന്ന് ഒഴിവാക്കിയ ഭാഗം?

അരമണിക്കൂർ സീനുകളെങ്കിലും പൊതുവെ ഒഴിവാക്കി കാണാറുണ്ട്. പക്ഷെ ഫസ്റ്റ് കട്ടില്‍ അഞ്ചു മണിക്കൂര്‍ ഉണ്ടായിരുന്ന സിനിമ രണ്ടേ മുക്കാല്‍ മണിക്കൂര്‍ ആക്കി ചുരുക്കിയ സംഭവം ഈ അടുത്ത കാലത്ത് മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. നാല് മണിക്കൂര്‍ ഉള്ള, 120 ദിവസം ഷൂട്ട് ചെയ്യുന്ന മറ്റൊരു പ്രമുഖ സിനിമ രണ്ട് മണിക്കൂറാക്കിയിട്ടുണ്ട്. പേര് പറയുന്നില്ല.

ചോരത്തുള്ളികളുടെ വലിപ്പവും ചിതറുന്ന രീതി വെച്ചും അതെങ്ങനെ സംഭവിച്ചതാവാം എന്ന് പറയുന്നുണ്ട് സിനിമയിൽ. ഇത്തരം വിവരങ്ങള്‍ സിനിമകൾ വഴി പൊതുസമൂഹത്തിലേക്ക് എത്തുന്നത് കുറ്റവാളികളെ സഹായിക്കും എന്ന് തോന്നുന്നില്ലേ. ദൃശ്യം മോഡല്‍ പോലെ കെഡാവര്‍ സിനിമയിലെ മൃതശരീരത്തിലെ തൊലി ഉപയോഗിച്ച് കൃത്രിമം ചെയ്യുന്ന പോലെ ആളുകള്‍ അനുകരിക്കാനുള്ള സാധ്യതയില്ലേ. അത് ഉണ്ടാവാതെ നോക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം സിനിമയുടെ സൃഷ്ടാക്കള്‍ക്കുണ്ടാവണമെന്ന് താങ്കൾ കരുതുന്നുണ്ടോ?

എഴുത്തുകാരനുമായുള്ള ആദ്യ ചര്‍ച്ചയില്‍ ഞാനിതേ സംശയം ഉന്നയിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഏത് കുറ്റവും പോലീസിന് ലളിതമായി കണ്ടെത്താന്‍ പറ്റുമെന്നാണ്. ദൃശ്യം മോഡലും എളുപ്പം പറ്റുമായിരുന്നു. സിനിമയിലേ ഇതൊക്കെ പറ്റാത്തതായുള്ളൂ. ദൃശ്യം മോഡല്‍ കൊലപാതകം സിംപിള്‍ ലോജിക്ക് വെച്ച് പോലീസിന് കണ്ടുപിടിക്കാന്‍ പറ്റും. നമ്മള്‍ കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കുകയാണ്. സിനിമയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അതും കണ്ടെത്താന്‍ കഴിയും. ഇങ്ങനെയൊരു മറുപടി നേരത്തെ തന്നെ പോലീസുകാരനും കൂടിയായ എഴുത്തുകാരനിൽ നിന്ന് ലഭിച്ചതോടെ ആ വിഷയത്തിൽ എനിക്ക് വ്യക്തത കൈവന്നിരുന്നു.

അടുത്ത ചോദ്യം അല്‍പം ദോഷൈക ദൃക്കായി അനുഭവപ്പെട്ടേക്കാം. സിനിമകളില്‍ നായകന്‍മാരുടെ അനുചരന്‍മാരായി വരുന്ന കഥാപാത്രങ്ങള്‍ അതല്ലെങ്കില്‍ പോലീസ് നായകന്റെ വലം കൈയ്യായി നടക്കുന്നവരുടെ പേര് ശ്രദ്ധിച്ചാല്‍ ഒന്നുകില്‍ മേനോന്‍ ചേട്ടന്‍ അല്ലെങ്കില്‍ പിള്ളേച്ചന്‍. എന്തുകൊണ്ടാണ് വാലുകളില്ലാത്ത സോമനും സുകുമാരനും ഒന്നും പേരിടുമ്പോള്‍ മനസ്സിലേക്ക് വരാത്തത്?

സത്യസന്ധമായി പറയുകയാണെങ്കിൽ ഈ ചൂണ്ടിക്കാണിച്ചത് എന്റെ തെറ്റായിട്ടു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അടുത്ത സിനിമയില്‍ ഞാന്‍ ഒരിക്കലും ഇങ്ങനൊരു തെറ്റ് ആവര്‍ത്തിക്കില്ല.

പൊതുവെ കഥ എഴുതുമ്പോള്‍ എന്തെങ്കിലും പേരെഴുതിപ്പോകുകയാണ്. പേരിനായി എഴുത്തുകാരൻ എഴുത്ത് മാറ്റിവെക്കില്ല. അപ്പോ വായില്‍ പെട്ടെന്ന് വരുന്ന എന്തെങ്കിലും പേരിടും. എന്റെ സിനിമയിലെ പല പേരുകളും സുഹൃത്തുക്കളുടെയോ അടുത്ത ആളുകളുടെ ഭാര്യമാരുടേതോ ആവും. പോലീസുകാരിയായ രേവതി സുബ്രഹ്‌മണ്യം എന്ന പേര് എഴുത്തുകാരന്റെ ഭാര്യയുടേതാണ്. കഞ്ചാവ് കേസ് പ്രതിക്ക് എന്റെ സുഹൃത്തിന്റെ പേരാണ് നൽകിയത്. എഴുത്തുകാരൻ എഴുതുമ്പോള്‍ അലന്‍സിയര്‍ കഥാപാത്രത്തിന് ഇട്ട പേരാണ് പിള്ളേച്ചന്‍. പേര് മാറ്റിയിരുന്നു. പക്ഷെ പേര് മാറ്റിയിട്ടും നമ്മള്‍ കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ പിള്ളേച്ചന്‍ എന്നാണ് ആവർത്തിച്ചിരുന്നത്. അങ്ങനെ പിന്നെ അത് പിള്ളേച്ചന്‍ എന്ന് തന്നെ ആക്കുകയായിരുന്നു.

ഒരു സത്രീയുടെ കണ്‍സെന്റിനെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചും പറയുന്നുണ്ടല്ലോ. പറയാന്‍ വേണ്ടി പറഞ്ഞതല്ല എന്ന് തോന്നുന്ന രീതിയില്‍ ഇഴുകി ചേര്‍ത്തു കൊണ്ട്. ആ രംഗങ്ങളോടുള്ള പ്രേക്ഷക പ്രതികരണം എത്തരത്തിലായിരുന്നു?

ശരിക്കും ആ രംഗത്തിനെ കോമിക് മോഡില്‍ തമാശയുണർത്തുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ നല്‍കി ചെയ്യാമായിരുന്നു. ഒരു പക്ഷെ കോമിക് ആയി ചെയ്തിരുന്നെങ്കില്‍ ആ സീന്‍ വൈറലായേനെ. അങ്ങിനെ ആ സീനിനെ പ്രേക്ഷകര്‍ കോമഡിയായി എടുക്കരുതെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. തമാശയാക്കിയുള്ള സ്വീകാര്യത വേണ്ട എന്നതായിരുന്നു തീരുമാനം.

പറഞ്ഞുകേട്ടാണ് ഞാന്‍ സിനിമയെക്കുറിച്ചറിയുന്നത്. അതും ഒരു പോലീസ് സര്‍ജന്‍ പറഞ്ഞിട്ട്. സിനിമയെകുറിച്ച് പല സിനിമാസ്നേഹികളും നേരത്തെ അറിയാതെ പോയിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇത്ര നല്ല സിനിമയെ പ്രേക്ഷരിലേക്കെത്തിക്കാന്‍ വേണ്ട മാര്‍ക്കറ്റിങ്ങ് നടന്നില്ല എന്ന തോന്നിയിട്ടില്ലേ?

വലിയ ബഡ്ജറ്റ് ചിലവാക്കാത്തതിനാല്‍ തന്നെ സാറ്റലൈറ്റ്, ഒടിടി റൈറ്റിലൂടെ തന്നെ സാമ്പത്തിക ലാഭം കിട്ടിയിരുന്നു. പുതിയ നിർമ്മാതാവാണ്. ഞങ്ങളുടെയൊക്കെ പ്രമോഷനിലെ പരിചയക്കുറവ് കൊണ്ടാവാം, സിനിമയുടെ പ്രമോഷന്‍ കുറവായിരുന്നു എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഡിസ്‌നി പ്രമോട്ട് ചെയതതിന്റെ പത്ത് ശതമാനം ഞങ്ങൾ പ്രമോട്ട് ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ഞാന്‍ തന്നെ പ്രൊഡ്യൂസറോട് പറഞ്ഞിട്ടുണ്ട്. ഡിസ്നിയിൽ വന്നതിൽപിന്നെയാണ് നല്ല പ്രതികരണങ്ങൾ കിട്ടിത്തുടങ്ങിയത്. റിവ്യൂ ചെയ്തവര്‍ വളരെ പോസിറ്റീവായി പറഞ്ഞ സിനിമ കൂടിയായിരുന്നു ഇത്.

സിനിമയെന്നത് എന്റര്‍ടെയിന്‍മെന്റ് മാത്രമാണെന്നുള്ള പ്രസ്താവനകള്‍ പലരും ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. താങ്കള്‍ സിനിമയെ കാണുന്നതും കാണാന്‍ ഉദ്ദേശിക്കുന്നതും ഏത് രീതിയിലാണ്?

എന്റര്‍ടെയിന്‍മെന്റാണ് സിനിമ. പക്ഷെ അതിലൂടെ നമുക്ക് പറയാന്‍ പറ്റുന്ന രാഷ്ട്രീയം പറയുക. അതൊരു വരിയാണെങ്കില്‍ പോലും പറയുക എന്നാണ് ഞാനാലോചിക്കുന്നത്. ആ ആലോചനയില്‍ നിന്നാണ് കണ്‍സന്റും മാരിറ്റല്‍ റേപ്പുമെല്ലാം സിനിമയില്‍ ഒരു വരിയായെങ്കിലും കടന്നു വന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനാണല്ലോ താങ്കള്‍. എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്. അതും തുടക്കം തന്നെ ക്രൈംത്രില്ലറിലൂടെ?

സിനിമയല്ല എന്റെ പ്രയോരിറ്റി. ഞാനൊരു ഫാമിലി മാനാണ്. അച്ഛന്‍ നേരത്തെ മരിച്ചു. സിനിമക്ക് രണ്ടാമതേ പ്രാധാന്യം കൊടുക്കുന്നുള്ളൂ. വീട്ടുകാരെ കൂടി നോക്കേണ്ടതുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാതെ അതില്‍ തുടരുന്നത്. പയ്യന്നൂരാണ് ഞാന്‍ ജോലി ചെയ്യുന്നത്. കലകളെ പ്രോത്സാഹിപ്പിക്കുന്ന ഇടമാണ് പയ്യന്നൂര്‍. പലവിധ സാംസ്‌കാരിക പരിപാടികള്‍ ഇവിടെ നടക്കാറുണ്ട്. താമസിക്കുന്നതിന് ചുറ്റും നാലോളം വായനശാലകളുണ്ട്. പയ്യന്നൂരും അവിടത്തെ സാംസ്‌കാരിക കലാ ചുറ്റുപാടുമാണ് സിനിമയിലേക്ക് എന്നെ അടുപ്പിച്ചത്.

Content Highlights: heaven is a very well researched project, interview with director UnniGovindaraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented