കാബിൻ ക്രൂവിൽ നിന്നും സിനിമയിലേക്ക്, അരങ്ങേറ്റത്തിന്‌ ശേഷം കാത്തിരുന്ന കാലം|ഹരീഷ് ഉത്തമന്‍ അഭിമുഖം


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

ആ മൂന്ന് വര്‍ഷം എന്റെ ജീവിതത്തിലെ നിര്‍ണായ സമയമായിരുന്നു. ഒന്നും ചെയ്യാനാകാതെ നമ്മള്‍ എവിടെയെങ്കിലും കുടുങ്ങിപ്പോയാല്‍ മാനസികമായി വല്ലാത്ത സമ്മര്‍ദ്ദം അനുഭവിക്കും. എന്നെ സിനിമയില്‍ പിന്തുണയ്ക്കാന്‍ ആരുമില്ലാത്തതുകൊണ്ടു തന്നെ സ്വന്തം കഴിവ് കൊണ്ടുമാത്രമേ കയറിവരാന്‍ സാധിക്കൂ എന്നറിയുമായിരുന്നു.

ഹരീഷ് ഉത്തമൻ

രീഷ് ഉത്തമന്‍ എന്ന നടനെ എല്ലാവര്‍ക്കും അറിയാം, എന്നാല്‍ അദ്ദേഹം മലയാളിയാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ഹരീഷ് ഉത്തമന്‍ വളര്‍ന്നതെല്ലാം കൊയമ്പത്തൂരിലാണ്. 'താ' എന്ന തമിഴ്ചിത്രത്തിലൂടെ 2010 ലാണ് സിനിമയിലെത്തുന്നത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ 'മുംബൈ പോലീസി'ലെ റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നിരുന്നാലും മലയാളികള്‍ ഈ നടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തമിഴ്ചിത്രങ്ങളിലൂടെയാണ്. അദ്ദേഹത്തിന്റെ രൂപത്തോടൊപ്പം മനോഹരമായ ശബ്ദവും ഇന്ന് പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമാണ്. വിമാനത്തിലെ കാബിന്‍ ക്രൂവില്‍ ജോലി ചെയ്തിരുന്ന ഈ ചെറുപ്പക്കാരന്‍ ആകസ്മികമായാണ് സിനിമയിലെത്തുന്നത്. സിനിമ പാരമ്പര്യമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഒരാളെ സംബന്ധിച്ച് ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് ഹരീഷ് ഉത്തമന്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്. സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും മലയാളത്തിലെ ഏറ്റവും പുതിയ സംരഭമായ ഇനി ഉത്തരം എന്ന സിനിമയെക്കുറിച്ചും മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖം.

ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ നിന്ന് സിനിമയിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്നവനോ അല്ലെങ്കില്‍ സിനിമയിലെത്തണം എന്ന സ്വപ്‌നം കണ്ടിരുന്ന വ്യക്തിയോ ആയിരുന്നില്ല. ഞാന്‍ എന്നെ തന്നെ വിശേഷിപ്പിച്ചിരുന്നത് ആക്‌സിഡന്റല്‍ ആക്ടര്‍ എന്നാണ്. എന്നാല്‍ ഇന്ന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ജനിച്ച വ്യക്തിയാണെന്നാണ് കരുതുന്നു. എന്റെ വിധിയാണ് എന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്. ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഒന്നും അറിയില്ലായിരുന്നു. അത് കഴിഞ്ഞ് മൂന്ന് വര്‍ഷത്തോളമാണ് സിനിമയൊന്നും ഇല്ലാതെ ഞാന്‍ വെറുതെ ഇരുന്നത്. വല്ലാത്ത അനിശ്ചിതാവസ്ഥയായിരുന്നു. ഞാന്‍ പലരെയും സമീപിച്ചുവെങ്കിലും ഒരു സിനിമ പോലും ഒന്നും നടന്നില്ല. പൈസയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വേഷങ്ങള്‍ ചെയ്യാമായിരുന്നു. എന്നാല്‍ ഞാന്‍ അതെല്ലാം വേണ്ടെന്ന് വച്ചു. ആ മൂന്ന് വര്‍ഷം എന്റെ ജീവിതത്തിലെ നിര്‍ണായ സമയമായിരുന്നു. ഒന്നും ചെയ്യാനാകാതെ നമ്മള്‍ എവിടെയെങ്കിലും കുടുങ്ങിപ്പോയാല്‍ മാനസികമായി വല്ലാത്ത സമ്മര്‍ദ്ദം അനുഭവിക്കും. എന്നെ സിനിമയില്‍ പിന്തുണയ്ക്കാന്‍ ആരുമില്ലാത്തതുകൊണ്ടു തന്നെ സ്വന്തം കഴിവ് കൊണ്ടുമാത്രമേ കയറിവരാന്‍ സാധിക്കൂ എന്നറിയുമായിരുന്നു. പ്രത്യേകിച്ച് ജോലിയില്ലാതെ ഇരുന്ന ആ സമയത്ത് എനിക്ക് പിന്തുണയുമായി നിന്നത് എന്റെ കുടുംബമായിരുന്നു. എനിക്ക് മൂന്ന് ചേട്ടന്‍മാരും ഒരു ചേച്ചിയുമുണ്ട്. അവര്‍ എന്നോട് അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു, ''ഞങ്ങള്‍ എല്ലാവരും ജോലി ചെയ്യുന്നുണ്ട്, അതുകൊണ്ട് ചെലവുകളെക്കുറിച്ചോര്‍ത്ത് നീ വിഷമിക്കേണ്ട, സിനിമയില്‍ എല്ലാവര്‍ക്കും ഭാഗ്യമുണ്ടാകണമെന്നില്ല, എന്നിരുന്നാലും ശ്രമിച്ചു നോക്കുക, നിനക്ക് ഇഷ്ടപ്പെടുന്നില്ല എങ്കില്‍ അത് വിട്ടുകളയുക''. സിനിമയില്ലാതെ ഇരുന്ന മുന്ന് വര്‍ഷവും കുടുംബമായിരുന്നു എന്റെ നട്ടെല്ല്. ഈ കാലഘട്ടത്തില്‍ ഞാന്‍ പലതും പഠിച്ചു. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും. ഇപ്പോള്‍ എനിക്ക് സിനിമ എന്ന് പറഞ്ഞാല്‍ അതെന്റെ ജീവനു തുല്യമാണ്. അത്രയേറെ ഞാന്‍ അഭിനയം ആസ്വദിക്കുന്നു.

ലക്ഷ്മി പ്രിയ ചന്ദ്രമൗലിക്കൊപ്പം ചെയ്ത ദ റിജക്ഷന്‍ ഹ്രസ്വചിത്രത്തിലൂടെ വളരെയേരെ ജനശ്രദ്ധനേടിയ ഒന്നായിരുന്നു? എങ്ങിനെയാണ് അതിന്റെ ഭാഗമായത്?

സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങളെ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന സമയത്താണ് 'ദ റിജക്ഷന്‍' എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം വന്നത്. വളരെ വ്യത്യസ്തമായ വേഷവും മികച്ച ടീമുമായിരുന്നു ആ ഹ്രസ്വ ചിത്രത്തിന്റേത്. അത് റിലീസ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കേരളത്തില്‍ ശ്രദ്ധനേടുന്നത്. ആ ഹ്രസ്വചിത്രം ഒരു അഭിനേതാവ് എന്ന നിലയില്‍ നല്ല മൈലജ് നല്‍കിയതായിരുന്നു.

ഇന്ത്യയില്‍ സമീപകാലത്ത് ഇറങ്ങിയ വെബ് സീരീസുകളില്‍ എറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു സുഴല്‍ ദ വൊര്‍ടെക്‌സ്? താങ്കള്‍ അവതരിപ്പിച്ച ത്രിലോക് എന്ന കഥാപാത്രം ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു? ആ അനുഭവം പറയാമോ?

ഗായത്രി-പുഷ്‌കര്‍ ടീമിന്റെ വെബ് സീരീസ് എന്നത് തന്നെയാണ് എന്നെ അതിലേക്ക് ആകര്‍ഷിച്ച പ്രധാനഘടകം. കഥ കേട്ടു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി, ദേ പിന്നെയും വില്ലനാണല്ലോ എന്ന്. കഥ പറയല്‍ കുറച്ച് എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴാണ് ത്രിലോക് വാദേ എന്ന കഥാപാത്രം എന്നെ വല്ലാതെ സ്പര്‍ശിച്ചു. വ്യത്യസ്തമായ ഷെയ്ഡുകളുള്ള, വളരെ അഭിനയ സാധ്യതകളുള്ള ഒരു വേഷമായിരുന്നു. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇമേജിനെ ബാധിക്കില്ലേ എന്ന്. എന്തിന് ഞാന്‍ ഒരു അഭിനേതാവാണ്, സ്വവര്‍ഗാനുരാഗം സ്വാഭാവികമാണ്. അങ്ങനെ ഒരു വേഷം ചെയ്യുന്നതില്‍ ഞാന്‍ എന്തിന് ഭയക്കണം. മാസ്‌കുലിനിറ്റി, ഫെമിനിറ്റി എന്നിവയെക്കുറിച്ചെല്ലാം വളരെ അബദ്ധമായ ധാരണകളാണ് നമ്മുടെ സമൂഹത്തില്‍ പലരും വച്ചു പുലര്‍ത്തുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നതും. ഏതൊരു കഥാപാത്രവും ചെയ്യുന്നതുപോലെ വളരെ ആസ്വദിച്ചാണ് ഞാന്‍ ചെയ്തത്. എന്‍.ജി.ബി.ടി.ക്യു സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ ചെയ്തത് ഇരട്ടി ആത്മസംതൃപ്തി നല്‍കുന്നു.

'കൈതി 2', 'വിക്രം 2' തുടങ്ങിയ സിനിമകള്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. താങ്കളുടെ അടൈകളം എന്ന വേഷം വലിയ ശ്രദ്ധനേടിയിരുന്നു

കൈതി 2 അടുത്ത വര്‍ഷം വരുമെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഞാന്‍ വളരെ ആവേശത്തിലാണ്. വിക്രം രണ്ടാംഭാഗം എന്ന് സംഭവിക്കുമെന്ന് അറിയില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

'ഭീഷ്മപര്‍വ'ത്തിലും 'കല്‍കി'യിലുമെല്ലാം വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. മലയാളത്തില്‍ വ്യത്യസ്തമായ വേഷം ചെയ്യണമെന്ന് തോന്നിയിട്ടില്ലേ?

തീര്‍ച്ചയായും ആഗ്രഹമുണ്ട്. ഞാന്‍ ഇപ്പോള്‍ സെല്ക്ടീവായാണ് സിനിമകള്‍ ചെയ്യുന്നത്. ഇനി ഉത്തരം എന്ന സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

താങ്കളുടെ ഇതുവരെയുള്ള സിനിമകള്‍ എടുത്താല്‍ ഒട്ടേറെ പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. 'ഇനി ഉത്തരം' എന്ന സിനിമയിലും പോലീസ് കഥാപാത്രം തേടിയെത്തിയപ്പോള്‍ അത് ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നുവോ?

ഒരുപാട് പോലീസ് കഥാപാത്രങ്ങള്‍ ഞാനും ചെയ്തു കഴിഞ്ഞു. നെഗറ്റീവായും പോസിറ്റീവായും എല്ലാം. അതുകൊണ്ടു തന്നെ ഇനിയും അതാവര്‍ത്തിച്ചാല്‍ അതില്‍ കുടുങ്ങിപ്പോകുമെന്ന് തോന്നി. അങ്ങനെയിരിക്കെയാണ് നിര്‍മാതാവ് രഞ്ജിത്ത് ഉണ്ണി, സംവിധായകന്‍ സുധീഷ് രാമചന്ദ്രന്‍ ഇവര്‍ വിളിക്കുന്നത്. എന്താണ് വേഷമെന്ന് ചോദിച്ചപ്പോള്‍, പോലീസ് ആണെന്ന് പറഞ്ഞു. അയ്യോ പോലീസ് വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ മറുപടി നല്‍കി. കഥ കേട്ടിട്ട് മാത്രം ചെയ്താല്‍ മതിയെന്നാണ് അവരും. ഇല്ല, വേണ്ട, കാരണം നേരില്‍ കണ്ട് നോ പറയുമ്പോള്‍, അത് പരസ്പരം വലിയ വിഷമമാകും എന്ന് ഞാനും. അങ്ങിനെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു. നീ എന്താണ് ഇനി ഉത്തരം വേണ്ടെന്ന് വച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ഇനിയും പോലീസ് വേഷം ചെയ്യാന്‍ കഴിയില്ലെന്ന ഞാന്‍ ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നീ ഒന്ന് കേട്ടു നോക്കൂ, എന്നിട്ട് തീരുമാനിക്കൂ എന്ന്. അത് കഴിഞ്ഞപ്പോള്‍ അവരെന്നെ വീണ്ടും വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, കൊച്ചിയില്‍ ഞാന്‍ വരുന്നുണ്ട്, കഥ കേള്‍ക്കാം, പക്ഷേ ഞാന്‍ ചെയ്യുന്നില്ലെങ്കില്‍ ഒരു അഭിപ്രായവും പറയില്ല. എന്നോട് അതിന്റെ പേരില്‍ വിഷമം തോന്നരുത്. അവര്‍ അതിന് സമ്മതം മൂളി. കഥ കേട്ടുതുടങ്ങിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, ഈ സിനിമ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന്. കഥ കേട്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ഞാന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അത്രയും പ്രധാനപ്പെട്ട കാമ്പുള്ള ഒരു വേഷമാണ്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായത്.

'ഇനി ഉത്തര'ത്തിലുള്ള സഹപ്രവര്‍ത്തകരോടൊപ്പമുള്ള അനുഭവം?

വളരെ മികച്ചതായിരുന്നു. ഞാന്‍ കണ്ടതും പരിയചയപ്പെട്ടതിലും വച്ച് ഏറ്റവും നല്ല വ്യക്തികളിലൊരാളാണ് അപര്‍ണ ബാലമുരളി. അപര്‍ണയുടെ അഭിനയത്തെക്കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ദേശീയ പുരസ്‌കാരമെല്ലാം നേടിയ അഭിനേത്രിയാണ്. അതുപോലെ വളരെ ലാളിത്യവും സഹകരണ മനോഭാവവുമുള്ള ഒരാളാണ് അപര്‍ണ. ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രം അപര്‍ണയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കും. അതുപോലെ ചിത്രത്തിന്റെ സംവിധായകനും കലാഭവന്‍ ഷാജോണ്‍ അടക്കമുള്ള മറ്റു അഭിനേതാക്കളും എല്ലാവരും മികച്ച സഹപ്രവര്‍ത്തകരാണ്. ഒരു ദിവസം പോലും എനിക്ക് ഒന്നിനും യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നില്ല. ഈ സിനിമ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. വലിയ പ്രതീക്ഷകളാണ് ഞങ്ങള്‍ എല്ലാവര്‍ക്കുമുള്ളത്.

താങ്കളുടെ അഭിനയത്തിന് മാത്രമല്ല ശബ്ദത്തിനും ഒട്ടേറെ ആരാധകരുണ്ട്. ശബ്ദം ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു ഐഡന്റിറ്റിയുടെ ഭാഗമല്ലേ?

എന്റെ ശബ്ദം എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമായി തോന്നുന്നു. അതെന്റെ ഐഡന്റിറ്റിയുടെ ഭാഗമായി. ഹരീഷ് ഉത്തമന്റെ ശബ്ദം നല്ലതാണെന്ന് എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ വലിയ സന്തോഷം തോന്നാറുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നത് അയാളുടെ തന്നെ ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഏത് ഭാഷയിലാണെങ്കിലും അതെനിക്ക് സാധിക്കുന്നു എന്നത് വലിയ അംഗീകാരമായി തോന്നുന്നു.

Content Highlights: harish Uthaman Interviewharish Uthaman Interview, Ini Utharam, suzhal the vortex


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented