ഹരിചരൺ
ഹരിചരണ്‍...ആലാപനശൈലി കൊണ്ട് സംഗീതാസ്വാദകരുടെ മനം കവര്‍ന്ന ഗായകന്. പതിനേഴാം വയസില്‍ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പാതി മലയാളിയായ ഹരിചരണ്‍ പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. കാതലില്‍ തുടങ്ങിയ ഹിറ്റുകളുടെ കഥ 18 വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി രണ്ടായിരത്തിലേറെ ഗാനങ്ങളിലായി തുടര്‍ന്നുകൊ ണ്ടിരിക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന പത്താം വളവ് എന്ന ചിത്രത്തിനായി രഞ്ജിന് രാജ് ഈണം നല്കിയ 'ഏലമലക്കാടിനു'ള്ളില്‍ എന്ന തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചുകൊണ്ട് ഹരിചരണിന്റെ ശബ്ദം വീണ്ടും മലയാളത്തിലേക്ക് വിരുന്നെത്തുകയാണ്. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെക്കുറിച്ച്, 18 വര്‍ഷം നീണ്ട പിന്നണി സംഗീത യാത്രയെക്കുറിച്ച് ഹരിചരണ്‍ മനസ് തുറക്കുന്നു
ഹൃദയം കവര്‍ന്ന് 'ഏലമലക്കാടിനുള്ളില്‍'
കഴിഞ്ഞ വര്‍ഷമാണ് ചെന്നൈയില്‍ വച്ച് ഈ പാട്ടിന്റെ റെക്കോര്‍ഡിങ്ങ് ഞാന്‍ പൂര്‍ത്തിയാക്കിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്ജിന് രാജിന് വേണ്ടി ഞാന്‍ പാടിയിട്ടുണ്ട്. രഞ്ജിന്റെ പാട്ടുകളെ ആരാധനയോടെ കാണുന്ന ആളാണ് ഞാന്‍. രഞ്ജിന് തന്നെ പാടിയാണ് 'ഏലമലക്കാടിനുള്ളില്‍' എന്ന ഗാനം അയച്ച് തന്നത്. അതിമനോഹരമായാണ് അദ്ദേഹം അത് പാടിയിരിക്കുന്നത്. "ഇത്ര ഭംഗിയായി താങ്കള്‍ തന്നെ പാടിയ സ്ഥിതിക്ക് എന്നേക്കൊണ്ട് എന്തിനാണ് പാടിക്കുന്നത്" എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. "ഇല്ല ഹരീ താങ്കള്‍ നല്കുന്ന മാജിക് ഈ പാട്ടിന് വേണ"മെന്നാണ് അദ്ദേഹം എന്നോട് മറുപടി പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ഈ പാട്ടിന്റെ ശബ്ദമാവുന്നത്. അതിമനോഹരമായ ഗാനമാണ്. വ്യത്യസ്തമായ ഈണമാണ്. രഞ്ജിനും ഏറെ പ്രിയപ്പെട്ട ഗാനമാണിത്. ഒരുപാട് സമയവും പ്രയത്നവും ഈ ഗാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയും പാട്ടും ആരാധകരും
മലയാളം സിനിമയും സംഗീതവും കേരളത്തിന്റെ സംസ്കാരത്തില്‍ വേരൂന്നിയതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ സംഗീതജ്ഞര്‍ മലയാള സിനിമാ മേഖലയിലുണ്ട്. ഞാനവരുടെ ആരാധകനാണ്. അത് പോലെ തന്നെയാണ് പ്രേക്ഷകരുടെ കാര്യവും. കേരത്തിലങ്ങോളമിങ്ങോളമുള്ള നഗരങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന സമയത്ത് ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട് പാട്ടിനോടുള്ള അവരുടെ പ്രണയം.
.jpg?$p=e2b8920&&q=0.8)
മലയാളത്തില്‍ അടിപൊളി പാട്ടുകളും ഞാന്‍ പാടിയിട്ടുണ്ട്. പക്ഷേ ഏറെ ശ്രദ്ധ നേടിയിട്ടുള്ളത് റൊമാന്റിക് ഗാനങ്ങളാണെന്നതാണ് സത്യം. എനിക്ക് പാടാനും ഏറെയിഷ്ടം മെലഡികളാണ്. തമിഴിലും ഇങ്ങനെ തന്നെയാണ്. കുറേയേറെ മനോഹര മെലഡികള്‍ പാടാന്‍ സാധിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു എന്റെ ശബ്ദം മെലഡികള്ക്കാണ് ചേരുന്നതെന്ന്. മലയാളത്തില്‍ എന്റെയേറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ് മൊഴികളും മൗനങ്ങളും, വാതിലില്‍ ആ വാതിലില്‍, ലൈലാകമേ തുടങ്ങിയവ
ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന പാലക്കാട്ട് പയ്യന്
മലയാളം പാടാന്‍ വലിയ ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാന്‍ പാതി മലയാളിയാണ്. പാലക്കാടാണ് സ്വദേശം. പക്ഷേ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. എങ്കിലും പണ്ട് മുതലേ മലയാളം ഗാനങ്ങളുടെ ശ്രോതാവായിരുന്നു ഞാന്‍. അതുപോലെ പഠിക്കുന്ന കാലത്ത് ഹിന്ദിയും സംസ്കൃതവും പഠിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിന്റെ പിന്‍ബലവും ഉണ്ടായിരുന്നത് കൊണ്ട് ഒരുവിധം അക്ഷരങ്ങള്‍ ഒക്കെ നാവിന് വഴങ്ങും. എങ്കിലും മലയാള അക്ഷരങ്ങളുടെ സൂക്ഷ്മഭേദങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. സ്റ്റുഡിയോയില്‍ പാടുന്ന സമയത്ത് റഫീക്ക് അഹമ്മദ് സര്, ഗോപി ചേട്ടന്, എം.ജയചന്ദ്രന് സര് ഇവരൊക്കെ ക്ഷമയോടെ ഓരോ ഉച്ചാരണവും കൃത്യമായിരിക്കാന്‍ സഹായിക്കാറുണ്ട്.
18 വര്‍ഷത്തെ സിനിമാ സംഗീത യാത്ര
സിനിമയിലെത്തിയിട്ട് 18 വര്‍ഷമായെന്ന് നിങ്ങള്‍ പറയുമ്പോഴാണ് ഓര്‍ക്കുന്നത്. സിനിമയില്‍ പാടുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു സ്വപ്നമായിരുന്നു. ഞാന്‍ ഒരു ശാസ്ത്രീയ സംഗീതജ്ഞനാണ്. ചെന്നൈയില്‍ കച്ചേരികള്‍ അവതരിപ്പിക്കാറുണ്ട്. പക്ഷേ സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇത്രയധികം ഇതിഹാസങ്ങള്‍ക്കൊപ്പം, വലിയ സംഗീതജ്ഞര്ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനായതില്‍ ഞാന്‍ അനുഗ്രഹീതനാണ്. റഹ്മാന് സര്, ഇളയരാജ സര്, എം. ജയചന്ദ്രന് സര് തുടങ്ങി നിരവധി പ്രതിഭകളെ കണ്ടുമുട്ടാനും പരിചയപ്പെടാനും സാധിച്ചു. എങ്ങനെ ജീവിക്കണം, എങ്ങനെ സ്റ്റേജില്‍ പെര്‍ഫോം ചെയ്യണം, എങ്ങനെ സ്റ്റേജില്‍ പെരുമാറണം, കാണികളോട് കടപ്പെട്ടിരിക്കേണ്ടത് എങ്ങനെ എന്നെല്ലാം പഠിച്ചത് ഇവരില്‍ നിന്നാണ്. മനോഹരമായ യാത്രയായിരുന്നു ഇത്. ഒരുപാട് പേരോട് ഈ യാത്രയില്‍ നന്ദി പറയാനുണ്ട്.
.jpg?$p=ea79d92&&q=0.8)
'കാതലി'ല്‍ തുടങ്ങിയ ഹിറ്റുകളുടെ കഥ
ഹരിചരണ്‍ എന്നൊരു ഗായകനുണ്ടെന്ന് പ്രേക്ഷകരെ അറിയിച്ചത് കാതലിലെ ഗാനങ്ങളാണ്. കരിയറിലെ ആദ്യ ഹിറ്റും ആ ഗാനങ്ങളാണ്. പിന്നീട് ഞാന്‍ കണ്ടുമുട്ടിയ യുവന് ശങ്കര്‍ രാജ കുറേയേറെ മനോഹര ഗാനങ്ങള്‍ പാടാനുള്ള അവസരമെനിക്ക് തന്നു. റഹ്മാന് സര്, ഇളയരാജ സര് ഇവരോടൊപ്പമൊക്കെയുള്ള റെക്കോര്‍ഡിങ്ങ് സെഷനുകള്‍ എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളാണ്. ലണ്ടനില്‍ മൈക്കിള്‍ ജാക്സണ് അവതരിപ്പിച്ച പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചത് എന്റെ വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ പിയാനോയ്ക്ക് അടുത്തിരുന്നാണ് അന്ന് ഞാന്‍ പാടിയത്. അതെല്ലാം ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഒരു സംഗീതജ്ഞന് എന്ന നിലയില്‍ ഇതെല്ലാം എന്റെ സ്വപ്നങ്ങളായിരുന്നു. ഇന്ന ഹീറോയ്ക്ക് വേണ്ടി പാടണമെന്നൊന്നും ഞാനാഗ്രഹിച്ചിട്ടില്ല. നല്ല പാട്ടുകള്‍ പാടണം, നല്ല സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം അതാണ് ആഗ്രഹം. തുടക്കം മുതലേ ഒരു 'കമ്പോസര്‍ സിങ്ങര്‍' ആണ് ഞാന്‍. എന്റെ സ്വന്തം സംഗീതം ഭാവിയില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
സുഷിന്റെയും റെക്സിന്റെയും സംഗീതത്തില്‍ പാടണം
സിദ് ശ്രീറാം, ഹരിശങ്കര്‍ എന്നിവരൊക്കെ ഇന്നത്തെ തലമുറയിലെ മികച്ച ഗായകരാണ്, എന്റെ അടുത്ത സുഹൃത്തുക്കളുമാണ്. ഇവര്‍ പാടിയ പല പാട്ടുകളും എനിക്ക് പാടാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പരസ്പരം ഞങ്ങളുടെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. അതുപോലെ മലയാളത്തിലെ ഇപ്പോഴത്തെ ഹിറ്റ് മേക്കേഴ്സ് ആയ സുഷിന് ശ്യാം, റെക്സ് വിജയന് എന്നിവരുടെ സംഗീതത്തില്‍ പാടണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇവരുടെ വലിയ ഫാന്‍ ആണ് ഞാന്‍. റെക്സിന്റെ 'വലിയ പെരുന്നാളി'ന്റെയും 'മായാനദി'യുടെയും ആരാധകനാണ്. അതുപോലെ സുഷിന്റെ 'മാലികി'ന്റെയും 'മിന്നല്‍ മുരളി'യുടെയും. മലയാള സിനിമാ സംഗീതത്തിന്റെ ശബ്ദം മാറ്റിയവരാണ് ഇവരെപോലുള്ളവര്‍. ഇവരോടൊപ്പം പ്രവര്‍ത്തിക്കണമെന്നത് വലിയ ആഗ്രഹമാണ്.മായാനദിയില്‍ ഷഹബാസ് അമന് പാടിയ 'മിഴിയില്‍ നിന്നും' എന്ന ഗാനമാണ് ഇപ്പോള്‍ ഞാന്‍ റിപ്പീറ്റ് അടിച്ച് കേട്ടുക്കൊണ്ടിരിക്കുന്നത്.
എ.ആര് റഹ്മാന് സര് മലയാളത്തില്‍ വീണ്ടും സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'ആടുജീവിത'ത്തില്‍ ഒരു പാട്ട് പാടുന്നുണ്ട്. 'കുറി' എന്ന ചിത്രത്തില്‍ ഒരു ഗാനമുണ്ട്. കൂടാതെ വിഷ്ണു വിജയന്റെ സംഗീതത്തിലും ഒരു സിനിമയില്‍ പാടുന്നുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ പുതിയ പ്രോജക്ടുകള്‍. എല്ലാം മനോഹര ഗാനങ്ങളാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും അനുഗ്രഹവുമാണ് ഇവിടെ വരെയെത്തിച്ചത്. തുടര്‍ന്നും ആഗ്രഹിക്കുന്നതും അത് മാത്രമാണ്.
Content Highlights: Haricharan Singer, Ilayaraja, Haris Jayaraj, AR Rahman, Panthamvalavu Movie Song
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..