'പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞപ്പോൾ നാടുവിട്ടുപോയി, സൂപ്പർതാരമായി തിരിച്ചു വരാൻ'


ഹരീഷ് കണാരൻ, നിർമൽ പാലാഴി/ബൈജു പി. സെൻ | byjupz@gmail.com

പാലാഴിയിലെ ആശാരിയായ ഷാജിയേട്ടനാണ് മിമിക്രിയിൽ എന്റെ ഗുരു. സ്കൂൾ പഠനകാലത്തെ നമ്പറുകളായ തീവണ്ടിയുടെയും ഉടുക്കിന്റെയും ശബ്ദാവതരണം അദ്ദേഹമാണ് പഠിപ്പിച്ചത്.

നിർമൽ പാലാഴി, ഹരീഷ് കണാരൻ| Photo: Mathrubumi Archives

കുതിരവട്ടം പപ്പുവും മാമുക്കോയയും അഗസ്റ്റിനും തുറന്നിട്ട വഴിയിലൂടെയാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും മലയാള സിനിമയിലേക്ക് കടന്നുവന്നത്. കോഴിക്കോടൻ ഭാഷാഭേദവും നിഷ്‌കളങ്കതയുമാണ് അവരെ സ്വീകാര്യരാക്കിയത്. കോമഡി ഷോകളിലൂടെ കഴിവുതെളിയിച്ച ഇവർ ഇന്ന് മലയാള സിനിമയുടെ വിജയഫോർമുലകളുടെ അവിഭാജ്യഘടകമാണ്. പലപ്പോഴും പല സിനിമകളിലും പകരക്കാരായിമാറിയവർ. രണ്ടുപേരുടെയും ഒരു ഡസൻ ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് ലോക്കാകാതെ കൊച്ചുകൊച്ചു ചിരിക്കൂട്ടായ്മയിലൂടെ അവർ ഒന്നിച്ചു. സങ്കടത്തിന് ചിരി, മരുന്നാണെന്നവർ തെളിയിച്ചു. കുട്ടിക്കാലം മുതൽ സിനിമ സ്വപ്നംകണ്ടവർ, ആശിച്ചാൽ എന്തും നേടാമെന്നവർ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നു

ഹരീഷ് കണാരൻ: അഭിനയത്തിൽ എന്റെ ഗുരു, നാടകരംഗത്തുനിന്ന് പിന്നീട് സിനിമയിലെത്തി തിളങ്ങിയ ഹരീഷ് പേരടി ചേട്ടനാണ്. ഞാൻ കോഴിക്കോട് ഗണപത് ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം പഠിപ്പിച്ച നാറ്റം എന്ന നാടകത്തിനാണ് ഞങ്ങൾക്ക് ഒന്നാം സമ്മാനം കിട്ടിയത്. ഈ യാത്രയിലെ ഊർജവും കരുത്തും മിമിക്രിയിലൂടെ സിനിമയിലെത്തിയ ജയറാമേട്ടനും ദിലീപേട്ടനുമാണ്. പിന്നീട് അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മറ്റൊരു ഭാഗ്യം.

നിർമൽ പാലാഴി: പാലാഴിയിലെ ആശാരിയായ ഷാജിയേട്ടനാണ് മിമിക്രിയിൽ എന്റെ ഗുരു. സ്കൂൾ പഠനകാലത്തെ നമ്പറുകളായ തീവണ്ടിയുടെയും ഉടുക്കിന്റെയും ശബ്ദാവതരണം അദ്ദേഹമാണ് പഠിപ്പിച്ചത്. വിനോദ് കോവൂരിനൊപ്പം കൂടിയപ്പോഴാണ് ഹ്യൂമർ ചെയ്യാൻ പഠിച്ചത്. അഭിനയത്തിലും ശബ്ദാനുകരണത്തിലും എന്നെ ഏറെ സ്വാധീനിച്ച വ്യക്തി കോട്ടയം നസീറാണ്. വ്യത്യസ്തതാരങ്ങളെ അനുകരിക്കാൻ കഴിവുള്ള ആ പ്രതിഭയുടെ കടുത്ത ആരാധകനാണ് ഞാൻ.

സ്വപ്നമൊരു ചാക്ക്

ഹരീഷ്: ഒരിക്കലും നടക്കില്ല എന്ന് മനസ്സിൽക്കുറിച്ചിട്ട മോഹമായിരുന്നു സിനിമാഭിനയം. നടക്കില്ലെന്നു വിചാരിച്ച മോഹം ഓടി. കോഴിക്കോട്ട് കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ ഷൂട്ടിങ് നടന്ന കാലത്ത് ലാലേട്ടനെ നേരിൽക്കാണാൻ ആൾക്കൂട്ടത്തിൽ തല്ലുകൂടിയയാളാണ് ഞാൻ. പിന്നീട് ആ ലാലേട്ടനൊപ്പം ഒന്നിച്ചഭിനയിക്കാൻ ഭാഗ്യം ലഭിച്ചപ്പോൾ അത് സ്വപ്നമോ യഥാർഥ്യമോ എന്നറിയാതെ അമ്പരന്നുനിന്നിട്ടുണ്ട്.

നിർമൽ: സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞുപോയതിനാൽ ഞാൻ നാടുവിട്ടിട്ടുണ്ട്. എന്തെങ്കിലും നേടി സിനിമയിൽ കാണുന്ന സൂപ്പർ താരത്തെപ്പോലെ തിരിച്ചുവരാം എന്നൊക്കെയായിരുന്നു പ്ലാൻ. പക്ഷേ, അടുത്തദിവസംതന്നെ ബന്ധുക്കൾ എന്നെ തേടിപ്പിടിച്ച് രണ്ടടിയുംതന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു.

നാടുവിട്ട്‌ അധോലോകരാജാവായി തിരിച്ചുവരുന്ന മിഥുൻ ചക്രവർത്തിയുടെ സിനിമ കണ്ടതിന്റെ സൈഡ് ഇഫക്ടായിരുന്നു അത്‌. സിനിമ അന്ന് അത്രയും ലഹരിയായിരുന്നു. പിന്നീട് അഭിനയിക്കാൻ ചാൻസ് തേടി കുറെ അലഞ്ഞിട്ടുണ്ട്. ഈ മുഖത്തിന് പക്വതയില്ല എന്നൊക്കെ പറഞ്ഞ്‌ അന്ന് പലരും തിരിച്ചയച്ചു.

ഹരീഷ്: ചാൻസ് ലഭിക്കാതെയായപ്പോൾ സീരിയൽ രക്ഷിക്കും എന്ന് കരുതി, മധുമോഹന്റെ സ്നേഹസീമ എന്ന സീരിയലിൽ സെറ്റിൽപ്പോയി ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. ഒടുവിൽ സൂര്യ ടി.വി.യിലെ കൂട്ടിക്കൽ ജയചന്ദ്രന്റെ കോമഡി ടൈം എന്ന പരിപാടിയിലൂടെയാണ് ആദ്യമായി ചാനലിൽ മുഖംകാണിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെങ്കിലും ചാൻസ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായിരുന്നു. കാരണം ഒരാൾ അഭിനയമോഹവുമായി സമീപിക്കുമ്പോൾ അയാൾ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയില്ല. കോടികൾ മുടക്കി ഒരു സിനിമ ചെയ്യുമ്പോൾ അത്തരക്കാരെവെച്ച് പരീക്ഷണം നടത്താൻ ആരും തയ്യാറാകില്ല. ഇത്രയും കാലംകൊണ്ട്, ചാനൽ പരിപാടിയിലൂടെ വ്യത്യസ്ത കഥാപാത്രങ്ങൾ ഞങ്ങൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകണ്ടാണ് ഇന്ന് ഞങ്ങൾക്ക് അഭിനയിക്കാനുള്ള അവസരം വരുന്നത്.

നിർമൽ: സത്യത്തിൽ അന്നത്തെ ചാനൽ പ്രോഗ്രാമുകൾ ഞങ്ങളുടെ അഭിനയക്കളരിയായിരുന്നു. നൂറ് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ ഗുണം ചാനൽ പ്രോഗ്രാമിലൂടെ കിട്ടിയിട്ടുണ്ട്. ഒരു നടൻ എന്നനിലയിൽ ഞങ്ങളുടെ റഫറൻസ് ആണത്. ചാൻസ് തേടി അലയുന്നതിനെക്കാൾ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ആദ്യം തെളിയിക്കണം. അതിന് ഇന്ന് ധാരാളം വഴികളുമുണ്ട്. ആത്മാർഥമായി ചെയ്താൽ വിജയമുറപ്പാണ്. അഭിനയമോഹമുള്ള ഇന്നത്തെ തലമുറയ്ക്ക് ഞങ്ങൾക്ക് നൽകാൻ കഴിയുന്ന ടിപ്‌സാണിത്.

ഞങ്ങളുടെ ടീമിൽ ആദ്യം സിനിമയിലെത്തിയത് ഞാനാണ്, പക്രുച്ചേട്ടന്റെ കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ. അതുകഴിഞ്ഞ് ദുൽഖർ സൽമാനൊപ്പം സലാല.

ഹരീഷ്: അക്കു അക്ബറിന്റെ ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിൽ കണാരൻ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടായിരുന്നു എന്റെ സിനിമാപ്രവേശം. അത് വിചാരിച്ചത്ര ക്ലിക്ക് ആയില്ല. അതുകഴിഞ്ഞ് അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനംചെയ്ത ‘സപ്തമശ്രീ തസ്‌കര’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. അത് ക്ലിക്കായി. അത് നിർമൽ ചെയ്യേണ്ട റോൾ ആയിരുന്നു. ആക്‌സിഡന്റ് പറ്റി കിടപ്പിലായതിനാൽ, അവർ എന്നെ വിളിച്ചു.

നിർമൽ: കോഴിക്കോടൻ കൂട്ടുകാർ എന്നനിലയിൽ ഹരീഷിന്‌ തിരക്കുള്ളപ്പോൾ എനിക്കും പല സിനിമകളിൽ ചാൻസ് കിട്ടിയിട്ടുണ്ട്.

ഹരീഷ്: തിരിഞ്ഞുനോക്കുമ്പോൾ ചാനൽ കോമഡി ഷോകളും അവിടെ അവതരിപ്പിച്ച സ്‌കിറ്റുകളുമാണ് ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചത്.

​ഗൃഹലക്ഷ്മി

ഹരീഷ്: സിനിമയിൽ കുറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും സംതൃപ്തിതന്നവ വിരലിലെണ്ണാവുന്നവയേയുള്ളൂ. രക്ഷാധികാരി ബൈജുവിലെ വിനീത്, പുത്തൻപണത്തിലെ ചന്ദ്രു എന്നിവ ആ ഗണത്തിൽ എടുത്തുപറയാൻ തോന്നുന്നവയാണ്. സ്ഥിരം കോഴിക്കോടൻ ഭാഷാശൈലിയിൽനിന്ന് വ്യത്യസ്തമായി പുത്തൻപണത്തിൽ കാസർകോടൻ ഭാഷയാണ് ഉപയോഗിച്ചത്. കാലത്തിനനുസരിച്ച് ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ പക്കാ കോഴിക്കോടൻ ശൈലിമാറ്റി എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ സംഭാഷണത്തിൽ കൊടുക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

നിർമൽ: സത്യം പറഞ്ഞാൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളൊന്നും എനിക്ക്‌ സംതൃപ്തിതന്നിട്ടില്ല. ആ ഗണത്തിൽ അല്പം ആശ്വാസം പകരുന്ന കഥാപാത്രങ്ങൾ എന്റെ മെഴുതിരി അത്താഴങ്ങൾ, ലവകുശ എന്നീ സിനിമകളിൽ കിട്ടിയിട്ടുണ്ട്. പരിപൂർണ തൃപ്തിനൽകുന്ന കഥാപാത്രം കാത്തിരിക്കുകയാണ് ഞാൻ....

താരസല്ലാപത്തിന്റെ പൂർണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ വായിക്കുക.

Content Highlights: Hareesh Kanaran. Nirmal Palazhi Actors. Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented