സൈക്കോ ഷമ്മിയെ വിറപ്പിച്ച സിമി, പവിത്രനെ മര്യാദ പഠിപ്പിച്ച ഹരിപ്രിയ | ​ഗ്രേസ് ആന്റണി അഭിമുഖം


ശ്രീലക്ഷ്മി മേനോൻ | sreelakshmimenon@mpp.co.in

3 min read
Read later
Print
Share

പ്രേക്ഷകർ നമ്മളെക്കുറിച്ച് സംസാരിക്കുന്നുണ്ട് ഇപ്പോൾ, അതുമാത്രം മതി എനിക്ക്. അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം.

Photo | Instagram, Grace Antony

"ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം"...ഒരൊറ്റ ഡയലോഗ് കൊണ്ട് സൈക്കോ ഷമ്മിയെ വിറപ്പിച്ച സിമി. ഗ്രേസ് ആന്റണിയെന്ന അഭിനേത്രി മലയാളികളുടെ മനസിൽ കയറിക്കൂടിയതും ഈയൊരൊറ്റ ഡയലോഗിലൂടെയാണ്. 2016ൽ ഹാപ്പി വെഡ്ഡിങ്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. അഞ്ച് വർഷത്തിനുള്ളിൽ ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുമായി ഗ്രേസ് തന്റെ സിനിമായാത്ര തുടരുകയാണ്. അക്കൂട്ടത്തിലേക്കാണ് കനകം കാമിനി കലഹത്തിലെ ഹരിപ്രിയയുടെയും കടന്നു വരവ്.

നിവിൻ പോളിയും ഗ്രേസും പ്രധാന വേഷത്തിലെത്തി, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത കനകം കാമിനി കലഹം എന്ന ചിത്രവും അതിലെ കഥാപാത്രങ്ങളും ചർച്ചയാകുന്ന സന്തോഷത്തിലാണ് ഗ്രേസ് ഇപ്പോൾ. അഭിനന്ദനങ്ങൾക്കും ആശംസകൾക്കും നടുവിൽ ഗ്രേസ് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

പവിത്രനെയും ഭാര്യ ഹരിപ്രിയയെയും സ്വീകരിച്ച പ്രേക്ഷകർ

മികച്ച പ്രതികരണമാണ് ചിത്രത്തിനും ഹരിപ്രിയ എന്ന കഥാപാത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് സന്തോഷം. ഒത്തിരി കഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണ്. അതുപോലെ ഒത്തിരി ഇഷ്ടപ്പെട്ട് ചെയ്ത ഒന്നും. ഒരുപാട് പ്രതിഭാധനരായ അഭിനേതാക്കൾക്കൊപ്പം ഒരു മുഴുനീള വേഷം. നിവിൻ ചേട്ടൻ അവതരിപ്പിച്ച പവിത്രൻ എന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷം. സിനിമയെപ്പറ്റിയും ഹരിപ്രിയയെപറ്റിയും ആളുകൾ ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്.

ഹരിപ്രിയ ഒരു പ്രതിനിധി

ഓരോ കഥാപാത്രവും ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയെ പറ്റി പഠിക്കാനും അവരുടെ സ്വഭാവരീതികൾ മനസിലാക്കാനും ശ്രമിക്കാറുണ്ട്. ഒരു കഥ പറഞ്ഞു തരുമ്പോൾ തന്നെ ആ സംവിധായകന്റെ അല്ലെങ്കിൽ എഴുത്തുകാരന്റെ മനസിൽ ആ കഥാപാത്രത്തെക്കുറിച്ചുള്ള ആശയം നമ്മളിലേക്കെത്തിക്കുക എന്നത് അവരുടെ വിജയമാണ്. രതീഷേട്ടന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഹരിപ്രിയയെ എനിക്ക് മനസിലാക്കാനായി. അത്ര സമഗ്രമായാണ് അദ്ദേഹം തിരക്കഥ പറഞ്ഞു തന്നത്. വൈകാരികമായ കുറേ മുഹൂർത്തങ്ങളിലൂടെ ഹരിപ്രിയ കടന്നു പോകുന്നുണ്ട്.

കനകവും കാമിനിയും ഉണ്ടാക്കിയ കലഹം ! | Kanakam Kaamini Kalaham Review

സീരിയൽ നടിയാണ്. സമൂഹത്തിലെ പല സ്ത്രീകളും നേരിടുന്ന പല പ്രശ്‌നങ്ങളും അവളിലൂടെ പറയുന്നുണ്ട്. ഒരു പരിധി കഴിയുമ്പോഴാണ് അവൾ പൊട്ടിത്തെറിക്കുന്നത്. അത്തരം കഥാസന്ദർഭങ്ങൾ ഞാനാദ്യമായാണ് ചെയ്യുന്നത്. വാക്കുകളിലൂടെയാണ് ഹരിപ്രിയയുടെ വികാരങ്ങൾ കൂടുതലും പ്രകടിപ്പിക്കുന്നത്. ധാരാളം സംഭാഷണങ്ങളുണ്ടായിരുന്നു. കാണാപാഠം പഠിച്ചാണ് അവതരിപ്പിച്ചത്. ഹരിപ്രിയയെ നന്നായി അവതരിപ്പിക്കാൻ നിവിൻ ചേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നല്ല പിന്തുണ തന്നു അദ്ദേഹം. പിന്നെ രതീഷേട്ടൻ നൽകിയ സ്വാതന്ത്രൃം, കൂടെ നിന്ന മറ്റ് താരങ്ങൾ നൽകിയ സ്‌പേസ് അതെല്ലാമാണ് ഹരിപ്രിയയെ ഭംഗിയാക്കാൻ എന്നെ സഹായിച്ചത്.

പ്രേക്ഷകർ തരുന്ന അം​ഗീകാരമാണ് വലിയ പുരസ്കാരം

ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം നമ്മുടെ സ്വഭാവവുമായി അടുത്തു നിൽക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലല്ലോ. പല കഥാപാത്രങ്ങളിലും എന്റെ ചില സ്വഭാവങ്ങളും കടന്നു വന്നിട്ടുണ്ടാകും. ഹരിപ്രിയയുടേത് പോലെ പറയാനുള്ള കാര്യങ്ങൾ പറയുന്ന വ്യക്തിയാണ് ഞാനും. പക്ഷേ കുമ്പളങ്ങിയിലെ സിമിയിലും ഹലാൽ ലവ് സ്റ്റോറിയിലെ സുഹ്‌റയിലും ഞാനില്ല. ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം എന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു തരികയും മനസിലാക്കിപ്പിക്കുകയും ചെയ്തിട്ടുണ്ട്..

ഇനിയും ഇതുപോലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. പ്രേക്ഷകർ നമ്മളെക്കുറിച്ച് സംസാരിക്കുന്നുണ്ട് ഇപ്പോൾ, അതുമാത്രം മതി എനിക്ക്. അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം. കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുക. അത് ഭാ​ഗ്യമല്ലേ.. കുമ്പളങ്ങി കഴിഞ്ഞ സമയത്ത് സിമി എന്ന് വിളിച്ചവർ ഇപ്പോൾ ഹരിപ്രിയയെന്ന് വിളിക്കുന്നു. എന്റെ സന്തോഷവും സമാധാനവും ഇത് തന്നെയാണ്. ഈ അഞ്ചു വർഷം കൊണ്ട് ഇത്രയും നല്ല കഥാപാത്രങ്ങൾ ചെയ്യാനായതിൽ സന്തോഷം. ആ കഥാപാത്രങ്ങളെ എന്നെയേൽപ്പിച്ച സംവിധായകനോടും എഴുത്തുകാരോടുമാണ് എനിക്ക് നന്ദി പറയാനുള്ളത്.

നിവിനെന്ന സഹതാരം

ആശയവിനിമയം നടത്താൻ ഏറെ എളുപ്പമുള്ള നടനാണ് നിവിൻ ചേട്ടൻ. നമ്മൾ പറയുന്നത് കേൾക്കാൻ മനസുള്ള ഒരു സഹപ്രവർത്തകൻ ഒരു കലാകാരന് വലിയ പിന്തുണയാണ്. ഒരു കഥാപാത്രം എന്നതിൽ നിന്ന് മാറി ഒരു വ്യക്തിയായി നമ്മൾ ചിത്രീകരണ സ്ഥലത്തിരിക്കുമ്പോൾ പല ഇമോഷൻസിലൂടെയാകും കടന്ന് പോകുന്നുണ്ടാവുക. ഇതെല്ലാം മനസിലാക്കുന്ന ടീമാണ് നമ്മളോടൊപ്പമുള്ളതെങ്കിൽ വലിയ സഹായമാണ്. കനകം കാമിനിയുടെ ചിത്രീകരണത്തിനിടയിൽ തന്നെ ഞാൻ മൂഡൗട്ട് ആയി ഇരിക്കുന്ന സമയത്ത് നിവിൻ ചേട്ടൻ വന്ന് ചോദിക്കും എന്ത് പറ്റിയെന്ന്. പുള്ളി വന്ന് രണ്ട് വർത്തമാനം ഒക്കെ പറയുമ്പോഴേക്കും നമ്മൾ ഓകെ ആയിട്ടുണ്ടാകും. സെറ്റും അങ്ങനെ തന്നെയായിരുന്നു. അതൊക്കെ തന്നെയാണ് നിവിൻ എന്ന നടനിൽ നിന്നും നിർമാതാവിൽ നിന്നും നമുക്ക് കിട്ടുന്ന പിന്തുണ. ഇനിയും നിവിൻ ചേട്ടനൊപ്പം സിനിമകൾ ചെയയണമെന്നാണ് എന്റെ ആഗ്രഹം. അത്രയ്ക്ക് കംഫർട്ടബിളായി അഭിനയിക്കാൻ‌ പറ്റുന്ന സഹതാരമാണ് അദ്ദേഹം.

Grace

പുതിയ സ്വപ്നങ്ങൾ

എന്നെ ഒരുപാട് എക്‌സൈറ്റ് ചെയ്യിക്കുന്ന കുറേ നല്ല ചിത്രങ്ങളുടെ ഭാഗമാവുന്നുണ്ട്. അതിലൊന്നാണ് അപ്പൻ. അതിൽ സണ്ണി വെയ്‌ന്റെ സഹോദരീ കഥാപാത്രമാണ്. ഭയങ്കര എൻജോയ് ചെയ്ത് ചെയ്ത കഥാപാത്രം. നല്ലൊരു ടീമാണ് ചിത്രത്തിന്റേത്, മജു ആണ് സംവിധായകൻ രഞ്ജിത്തേട്ടനാണ് നിർമാണം. അഭിലാഷ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പിയാണ് ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം, ശ്രീനാഥ് ഭാസി, ചെമ്പൻ ചേട്ടനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതിലെ നായികാ കഥാപാത്രമാണ്, വളരെ പ്രാധാന്യമുള്ള വേഷം ചെയ്യാൻ ഭാ​ഗ്യം കിട്ടി..ഇതൊക്കെയാണ് പുതിയ സന്തോഷങ്ങൾ.

Content Highlights : Grace Antony Interview Kanakam Kaamini Kalaham Nivin Pauly Kumbalangi Nights Actress Grace

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Dev Anand

3 min

റൊമാന്റിക് ഹീറോ, ബോളിവുഡിന്റെ ആദ്യ ഫാഷന്‍ ഐക്കണ്‍; ദേവാനന്ദിന് ഇത് നൂറാം ജന്മവാര്‍ഷികദിനം

Sep 26, 2023


Ganesh and KG George

3 min

ആഖ്യാനകലയുടെ ആചാര്യൻ, വിട കെ.ജി. ജോർജ്‌

Sep 25, 2023


Most Commented