-
അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടിറങ്ങിയവര്‍ കൂടെകൂട്ടിയ കഥാപാത്രമാണ് കണ്ണമ്മ. അവളുടെ കനലെരിക്കുന്ന നോട്ടവും മൂര്‍ച്ചയുള്ള വാക്കുകളും ആരും മറന്നുകാണില്ല. കോശിയുടെ മുഖത്തടിച്ചതുപോലെയുള്ള കണ്ണമ്മയുടെ ഡയലോഗിനെ പടക്കം പൊട്ടുന്ന പോലുള്ള കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വാഗതം ചെയ്തത്. കനല്‍, ലോഹം എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ഗൗരി നന്ദ കണ്ണമ്മയെന്ന കഥാപാത്രത്തെക്കുറിച്ചും അയ്യപ്പനും കോശിയും ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി മനസ്സുതുറക്കുന്നു.
പുതിയ ആളല്ല, ഞാനിവിടെ ഉണ്ടായിരുന്നു
കണ്ട് പരിചയമില്ലാത്തതുകൊണ്ടോ മറന്നുപോയതുകൊണ്ടോ പുതിയ ആളാണോ, അന്യഭാഷാ നടിയാണോ എന്നൊക്കെയാണ് ചിലരെങ്കിലും ചോദിച്ചത്. എന്നാല്‍ ഞാന്‍ തനി മലയാളിയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഫിലിം ഇന്‍ഡസ്ട്രീയില്‍ ഉണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത്രയും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു എന്നതാണ് വാസ്തവം
സുരേഷ് ഗോപിയുടെ നായികയായി തുടക്കം
മലയാളത്തില്‍ സുരേഷ് ഗോപിയുടെ നായികയായാണ് ഞാന്‍ തുടങ്ങിയത്. കന്യാകുമാരി എക്‌സ്പ്രസ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. 2010ലാണ് സിനിമ ഇറങ്ങിയത്. എന്നാല്‍ അത് ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് തമിഴില്‍ അവസരം ലഭിച്ചു. മൂന്ന് തമിഴ് സിനിമയും ഒരു തെലുങ്ക് സിനിമയും ചെയ്തു. അതിനിടയില്‍ ലാലേട്ടന്റെ കൂടെ ലോഹം, കനല്‍ എന്നീ സിനിമകളും ചെയ്തിട്ടുണ്ട്. അതുകൊണ്ട് സിനിമയില്‍ ഞാന്‍ പുതുമുഖമല്ല. ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാത്തതു കൊണ്ട് പലരും എന്നെ മറന്നുപോയതാവാം എന്നു കരുതുന്നു.
ഇന്ദ്രാണിയില്‍ നിന്ന് കണ്ണമ്മയിലേക്ക്
തമിഴിലെ എന്റെ ആദ്യ ചിത്രം പഗഡിയാട്ടം ആണ്. റഹ്മാന്‍ ആയിരുന്നു ലീഡ് റോള്‍. ഇന്ദ്രാണി എന്നാണ് അതിലെന്റെ കഥാപാത്രത്തിന്റെ പേര്. കണ്ണമ്മയെപ്പോലെ വളരെ രസമുള്ള ഒരു കഥാപാത്രമാണ് ഇന്ദ്രാണി. അത് കണ്ടിട്ടാണ് സംവിധായകനായ സച്ചി സാര്‍ എന്നെ അയ്യപ്പനും കോശിയും എന്ന സിനിമയിലേക്ക് വിളിക്കുന്നത്.
കണ്ണമ്മയാവാന്‍ കഷ്ടപ്പാടുണ്ടായില്ല
വാക്കിലും നോക്കിലും ശരീരഭാഷയില്‍ പോലും ഏറെ ബോള്‍ഡ് ആയ സ്ത്രീയാണ് കണ്ണമ്മ. അവളൊരിക്കലും തലകുനിച്ച് നടക്കില്ല. നിരാശകൊണ്ട് മുഖം വാടില്ല. തോല്‍ക്കാന്‍ സമ്മതിക്കില്ല. സാധാരണക്കാരിയായ ഗൗരി നന്ദ എന്ന പെണ്‍കുട്ടിയും കണ്ണമ്മയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. എന്നാല്‍ കഥാപാത്രമാവാന്‍ എനിക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. കാരണം സംസാരരീതിയും ശരീരഭാഷയും തുടങ്ങി കണ്ണമ്മയെക്കുറിച്ചുള്ള ഓരോ കുഞ്ഞുകാര്യങ്ങളും സംവിധായകന്‍ പറഞ്ഞുതന്നിരുന്നു. യഥാര്‍ഥ മനുഷ്യരുടെ ജീവിതം നിരീക്ഷിച്ച് അതുപോലെയാവാന്‍ സച്ചി സര്‍ എനിക്ക് പറഞ്ഞുതരികയായിരുന്നു. ഞാന്‍ ആരേയും നോക്കി മോഡല്‍ ആക്കാന്‍ ശ്രമിച്ചിട്ടില്ല. അത്രയ്ക്ക് വ്യക്തമായി സംവിധായകന്‍ കണ്ണമ്മയെക്കുറിച്ച് പറഞ്ഞുതന്നു. കഥാപാത്രം വിജയിച്ചുവെങ്കില്‍ അതില്‍ സംവിധായകന്റേതാണ് വലിയ പങ്ക്.
അയ്യപ്പന്‍ നായരും കണ്ണമ്മയും
അയ്യപ്പന്‍ നായരുടെ ഭാര്യയാണ് കണ്ണമ്മ. ഒരു ടിപ്പിക്കല്‍ ആദിവാസി സ്ത്രീയാണ്. അവര്‍ക്ക് ഒരു കുട്ടിയുണ്ട്. വളരെ ബോള്‍ഡാണ്. ആരേയും കൂസലില്ലാത്ത മട്ടാണ്. സിനിമ മുഴുവന്‍ കണ്ടാലും നായരും കണ്ണമ്മയും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന ഒരു സീന്‍ പോലുമില്ല. സംസാരം പോലും കുറവ്. എന്നാല്‍ അവര്‍ പരസ്പരം നല്ല ആത്മബന്ധമുണ്ട് താനും. ഷൂട്ടിങിനിടെ സംവിധായകനോട് ഞാന്‍ ഇക്കാര്യം ചോദിച്ചു. എന്താണ് സാര്‍ ഇവര്‍ ഇങ്ങനെയെന്ന്.. എന്നാല്‍ അതാണ് കണ്ണമ്മ, അതാണ് അയ്യപ്പന്‍ നായര്‍, അവര്‍ അങ്ങനെയാണ്, സിനിമ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാവുമെന്നായിരുന്നു സംവിധായകന്‍ തന്ന മറുപടി. സംവിധായകന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് ഇപ്പോഴാണ് എനിക്കും മനസ്സിലാവുന്നത്.
ബിജുമേനോനും പൃഥ്വിയും
ബിജു മേനോന്‍ ചേട്ടനെ ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത് സെറ്റില്‍ വെച്ചാണ്. ലൊക്കേഷനില്‍ എല്ലാവരും കഥാപാത്രമായിത്തന്നെയാണ് നടപ്പുമെടുപ്പും. അതുകൊണ്ട് സംസാരമൊക്കെ കുറവായിരുന്നു. എല്ലാവരും കഥാപാത്രങ്ങളാണ്. എന്നെപ്പോലെയൊരാള്‍ക്ക് നല്ല സപ്പോര്‍ട്ടാണ് ബിജു ചേട്ടന്‍ തന്നത്.
സൂപ്പര്‍ സ്റ്റാറുകള്‍ക്ക് മുന്‍പിലായിരുന്നു ആദ്യ സീന്‍
കണ്ണമ്മയെന്ന കഥാപാത്രമാവാന്‍ ബുദ്ധിമുട്ട് ഇല്ലായിരുന്നെങ്കിലും ആദ്യത്തെ ദിവസം അല്‍പം ടെന്‍ഷനും വെപ്രാളവുമൊക്കെ ഉണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ അയ്യപ്പനായി അഭിനയിച്ച ബിജു മേനോനും കോശിയായ പൃഥ്വിരാജിനും മുന്നിലായിരുന്നു ആദ്യത്തെ സീന്‍ തന്നെ. അതല്‍പം ടെന്‍ഷന്‍ ഉണ്ടാക്കി. ഗൗരി നന്ദയെ പൂര്‍ണമായും മാറ്റി നിര്‍ത്തി കണ്ണമ്മയായി മാറുന്നതിന്റെ ചില ബുദ്ധിമുട്ടുകള്‍ മാത്രം. പിന്നെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കഴിഞ്ഞപ്പോള്‍ ബാക്കിയൊക്കെ വളരെ ഈസിയായി എന്നുവേണമെങ്കില്‍ പറയാം.
കോശിയെ ചൂണ്ടി 'ഈ ബൂര്‍ഷ്വാസിയെ നിങ്ങളെന്തിനാണ് സാറേ എന്ന് വിളിക്കുന്നത്' എന്ന ആ സീനായിരുന്നു ഏറ്റവും ആദ്യത്തേത്. തുടക്കം തന്നെ സൂപ്പര്‍സ്റ്റാറുകളുടെ കൂടെ. എന്നാല്‍ അധികം കഷ്ടപ്പെടാതെ സീന്‍ ചെയ്തുതീര്‍ത്തു. പിന്നെ അവര്‍ രണ്ടുപേരും നല്ല സപ്പോര്‍ട്ട് ആണ് തന്നത്.

പൃഥ്വിരാജിനെ ചീത്തപറഞ്ഞപ്പോള്‍
കോശിക്ക് മുന്നില്‍ കണ്ണമ്മ മാസ് ഡയലോഗ് അടിക്കുന്ന സീന്‍ ഉണ്ട്. ചീത്ത പറയുന്ന സീന്‍. അത് ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോള്‍ സെറ്റിലുള്ളവര്‍ പോലും കളിയാക്കി ചോദിച്ചു 'എന്നാലും ഗൗരിയേച്ചി നിങ്ങള്‍ രാജുവേട്ടന്റെ മുഖത്തുനോക്കി ചീത്ത വിളിച്ചല്ലോ' എന്നൊക്കെ.. അപ്പോഴും ഞാന്‍ പറഞ്ഞത് ഗൗരിക്ക് അങ്ങനെ വിളിക്കാനാവില്ല, കണ്ണമ്മയാണ് അങ്ങനെ വിളിച്ചത് എന്നാണ്.
എനിക്ക് മുന്‍പിലുള്ളത് പൃഥ്വിരാജ് അല്ല. കോശിയാണ്. കോശിക്ക് മുന്‍പിലുള്ളത് കണ്ണമ്മയാണ്. അവര്‍ക്ക് ഇങ്ങനെയേ സംസാരിക്കാന്‍ അറിയൂ. അത് കോശിയല്ല പൃഥ്വിരാജ് ആണ് എന്ന തോന്നല്‍ ഇടയ്‌ക്കെപ്പോഴെങ്കിലും എനിക്കുണ്ടായിരുന്നെങ്കില്‍ ആ സീന്‍ എനിക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു. ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമ്പോള്‍ രാജുവേട്ടന്‍ തന്നെ സപ്പോര്‍ട്ട് ചെയ്തു. എങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞുതന്നു.
കുഞ്ഞും കണ്ണമ്മയും
കാണുമ്പോഴെല്ലാം കണ്ണമ്മയുടെ കൂടെ ഒരു കുഞ്ഞുണ്ട്. ഏഴ് മാസം മാത്രമാണ് അവന് പ്രായം. അവനെ കണ്ണമ്മ എടുത്ത രീതിയെക്കുറിച്ച് പലരും ചോദിച്ചിരുന്നു. കണ്ണമ്മയ്ക്ക് കൂടെ കുഞ്ഞുണ്ടെന്ന് സംവിധായകന്‍ പറയുമ്പോഴും എനിക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു എങ്ങനെയാണ് അത് മാനേജ് ചെയ്യുക എന്ന്. പക്ഷെ അങ്ങനെ എടുത്തുനോക്കിയപ്പോള്‍ ശരിയായി. പിന്നെയങ്ങോട്ട് അവന്‍ എന്റെ കയ്യില്‍ തന്നെയായിരുന്നു.

ബിഗ് താങ്ക്‌സ് ടു സച്ചി സാര്‍
മലയാളത്തിലെ കുറേ മികച്ച സിനിമയുടെ തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവുമായെല്ലാം പ്രവര്‍ത്തിച്ച സച്ചി സാര്‍ എന്നെ വിശ്വസിച്ചേല്‍പ്പിച്ച കഥാപാത്രമാണ് കണ്ണമ്മ. പഗഡിയാട്ടം സിനിമ കണ്ടിട്ടാണ് സാര്‍ എന്നെ കണ്ണമ്മയാവാന്‍ വിളിച്ചത്. സിനിമ അത്രയും പാഷനായി കൊണ്ടുനടക്കുന്ന എന്നെപ്പോലെയൊരാള്‍ക്ക് കിട്ടിയ വലിയ ഭാഗ്യമാണ് ഈ സിനിമയും കണ്ണമ്മയും. അതിന് സച്ചി സാറിനോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. വേണമെങ്കില്‍ സംവിധായകന് അത് മറ്റാര്‍ക്കെങ്കിലും കൊടുക്കാമായിരുന്നു. പക്ഷെ കണ്ണമ്മയാവാനുള്ള അവസരം എനിക്ക് തന്നെ ലഭിച്ചു. ക്രെഡിറ്റ് സംവിധായകനാണ്. സിനിമ കണ്ടിറങ്ങുമ്പോള്‍ ടൈറ്റില്‍ ക്യാരക്ടറുകള്‍ക്കൊപ്പം കണ്ണമ്മയുടെ ക്യാരക്ടറിനെ കൂടി ആള്‍ക്കാര്‍ തീയേറ്ററിനു പുറത്തേക്കി കൊണ്ടുവന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നു.
സിനിമ പാഷനായ ഗൗരി
ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. കുടുംബത്തോടൊപ്പം എറണാകുളത്താണ് താമസം. എന്റെ പാഷന്‍ സിനിമയാണ്. കണ്ണമ്മ പോലെ പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്ന നല്ല കഥാപാത്രങ്ങളുള്ള സിനിമകള്‍ ചെയ്യണമെന്നാണ് ഇനി ആഗ്രഹം.
Content Highlights: Gowri Nandha as Kannamma in Ayyappanum Koshiyum Movie, Gouri Nandha, Kannamma Ayyappanum Koshiyum, Ayyappanum Koshiyum Movie Reviw, Prithviraj, Biju Menon, Gowri Nandha Kannamma Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..