ഇഷ്ടമല്ലാത്ത ഒരുപാട് പാട്ടുകള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്: ഗോവിന്ദ് വസന്ത


ശ്രീമതി ഭട്ട്

ഏത് സിനിമയെടുത്താലും ബാന്‍ഡ് ഷോ വന്നാല്‍ ഞാന്‍ പോകുമെന്ന് നേരത്തേ പറയും. ബാന്‍ഡ് കഴിഞ്ഞിട്ടേ എനിക്ക് സിനിമയുള്ളൂ.

ഫോട്ടോ: ശംഭു വി.എസ്

പേര് പോലെ തന്നെ വലിയൊരു നിര കലാകാരന്മാരുടെ കൂട്ടായ്മയാണ് തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡ്. 2013-ല്‍ തുടക്കം കുറിച്ച തൈക്കൂടം ബാന്‍ഡ് ഹാര്‍ഡ് റോക്ക് എന്ന അടിത്തറയില്‍ ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, മെലഡി അങ്ങനെ എല്ലാത്തിലും പുത്തന്‍ രീതികളും ഭാവങ്ങളും നല്‍കി പെട്ടെന്ന് തന്നെ മലയാളികളുടെ ഹൃദയത്തില്‍ ഒരു സ്ഥാനമുണ്ടാക്കി. ബാന്‍ഡിന്റെ അമരക്കാരനായ ഗോവിന്ദ് വസന്ത, അദ്ദേഹത്തിന്റെ പിതാവ് പീതാംബരന്‍ മേനോന്‍, മിഥുന്‍ രാജു, അനീഷ്, വിയാന്‍ ഫെര്‍ണാണ്ടസ്, വിപിന്‍ലാല്‍, ക്രിസ്റ്റിന്‍ ജോസ്, അശോകന്‍ നെല്‍സണ്‍, റുഥിന്‍ തേജ്, അനീഷ് കൃഷ്ണ, അമിത് ബാല്‍ തുടങ്ങിയവരാണ് ബാന്‍ഡ് അംഗങ്ങള്‍.

2012-ല്‍ നോര്‍ത്ത് 24 കാതം എന്ന മലയാളം സിനിമയിലൂടെയാണ് ഗോവിന്ദ് വസന്തയുടെ തുടക്കം. അത് കഴിഞ്ഞ് വേഗം, നഗരവാരിധി നടുവില്‍ ഞാന്‍, 100 ഡേയ്സ് ഓഫ് ലൗവ്, ഹരം, സോളോ അങ്ങനെ പിന്നീട് ചെയ്ത് ഓരോ സിനിമയിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ഗോവിന്ദ് മറന്നില്ല. വ്യത്യസ്തതകൊണ്ടും പുത്തന്‍ പരീക്ഷണങ്ങളിലൂടെയും ഗോവിന്ദ് പെട്ടെന്ന് തന്നെ മലയാളി സംഗീതാസ്വാദകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തി. തമിഴ് സിനിമാ മേഖലയില്‍ തിരക്കുള്ള സംഗീതസംവിധായകനായപ്പോഴും ഗോവിന്ദിന്റെ മനസില്‍ പക്ഷേ ബാന്‍ഡാണ്, സ്റ്റേജ് തരുന്ന ഊര്‍ജ്ജം ഒന്നു വേറെ തന്നെയാണെന്നാണ് ഗോവിന്ദിന്റെ പക്ഷം.സിനിമയില്‍ സംഗീതസംവിധാനം ചെയ്യുന്നതാണോ, സ്വതന്ത്ര സംഗീതജ്ഞനായിരിക്കുന്നതാണോ കൂടുതല്‍ താത്പര്യം?

സംഗീതരചനയിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നത്. അത് സിനിമയില്‍ ചെയ്യുന്നതിലും സ്വതന്ത്രമായി ചെയ്യാനാണിഷ്ടം. ഈ സ്റ്റേജില്‍ നില്‍ക്കുന്നത് തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്. സിനിമയില്‍ സംഗീതസംവിധാനം തരുന്ന അനുഭവ വ്യത്യസ്തമാണ് പക്ഷേ ഞാന്‍ തിരഞ്ഞെടുക്കുന്നത് എപ്പോഴും സ്വതന്ത്രമായിട്ട് ചെയ്യാന്നാണ്. അതിന് കാരണമുണ്ട്. ഞാന്‍ അങ്ങനെ ശൈലി പിന്തുടര്‍ന്ന് ജീവിക്കുന്ന ഒരു ആളല്ല. രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ എനിക്ക് എന്റെ അഭിപ്രായത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാറില്ല. സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അങ്ങനെ ഇടപെടലുകളുണ്ടായാല്‍ എന്തെങ്കിലും ചെയ്യട്ടെ എന്ന് വിചാരിച്ച് അത് ചെയ്തുകൊടുക്കും.

അങ്ങനെ ഇഷ്ടമല്ലാത്ത ഒരുപാട് പാട്ടുകള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വതന്ത്ര സംഗീതം എന്ന മേഖലയോടാണ് എനിക്ക് താത്പര്യം. ഇടയ്ക്കിടയ്ക്ക് ഞാനുണ്ടാക്കുന്ന പാട്ടുകള്‍ സൗണ്ട് ക്ലൗഡിലായാലും ബാന്‍ഡിലേക്കായാലും ഉപയോഗിക്കുന്നതും അതുകൊണ്ടാണ്. സിനിമയില്‍ അത്രയും കഫേര്‍ട്ടബിളായിട്ടുള്ള ആളുകളുമായിട്ടേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ. മുന്നോട്ടും അങ്ങനെ തന്നെ വര്‍ക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നതും. അത് ഈയൊരു കാരണം കൊണ്ടാണ് എനിക്ക് അങ്ങനെ വാദിച്ച് പിടിച്ച് നില്‍ക്കാനുള്ള കഴിവില്ല.

അങ്ങനെ ഇടപെടലുകളില്ലാതെ ആസ്വദിച്ച ചെയ്യാന്‍ പറ്റിയ സിനിമകളുണ്ടോ

96 എന്റെ ഒരു അടുത്ത സുഹൃത്ത് സംവിധാനം ചെയ്ത സിനിമയാണ്, സീതകാതിയിലുമുള്ളത് വളരെ അടുത്ത സുഹൃത്തുക്കളാണ് പിന്നെ ഉറിയടി 2, അതും അടുത്ത സുഹൃത്ത്വലയത്തില്‍പ്പെട്ടവരാണ് അണിയറയില്‍ ഉള്ളവരൊക്കെ. 96-നെക്കാള്‍ എനിക്കിഷ്ടം സീതകാതിയിലെ പാട്ടുകളാണ്. ചിലപ്പോള്‍ അതൊരു സ്റ്റേജ് ആര്‍ട്ടിസ്റ്റിനെക്കുറിച്ചുള്ള പടമായതുകൊണ്ടായിരിക്കാം. പിന്നെ 96-ലെ പാട്ടുകള്‍ വേറെ ഒരു സംവിധായകന്‍ ആണെങ്കില്‍ സമ്മതിക്കുമോ എന്ന് എനിക്കറിയില്ല. കാരണം ഓരോ പാട്ടിന്റെയും ദൈര്‍ഘ്യം തന്നെ അതില്‍ ഒരു പ്രശ്നമായിരുന്നു. ആറും ആറരയും മിനിറ്റൊക്കെ ആയിരുന്നു ഓരോ പാട്ടും. അതൊക്കെ ഞാന്‍ വളരെ ആസ്വദിച്ചാണ് ചെയ്തത്. അങ്ങനെ അല്ലാത്ത പടങ്ങളുമുണ്ട്.

ചെയ്ത സിനിമകള്‍ കൂടുതലും തമിഴാണല്ലോ?

എനിക്ക് തമിഴ് പാട്ടുകള്‍ ചെയ്യാനായിരുന്നു ആദ്യം മുതല്‍ക്കേ താത്പര്യം. പണ്ട്തൊട്ടേ കേള്‍ക്കുന്നത് കൂടുതലും തമിഴായത് കൊണ്ടായിരിക്കാം. എല്ലാം കേള്‍ക്കുമെങ്കിലും തമിഴില്‍ ഇളയരാജയുടെയും എ.ആര്‍. റഹ്മാന്റെയും പാട്ടുകളൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ പഠിക്കാന്‍ വേണ്ടി 2008-ല്‍ ചെന്നൈയിലേക്ക് പോയതില്‍ പിന്നെ അവിടെതന്നെയായിരുന്നു. അങ്ങനെ തമിഴ്നാട്ടില്‍ വെച്ചാണ് സംഗീതവുമായി കുറെകൂടി അടുക്കുന്നത്. എന്നാല്‍ എന്റെ ആദ്യത്തെ സിനിമകളെല്ലാം മലയാളത്തില്‍ തന്നെയായിരുന്നു. പക്ഷേ സിനിമയിലുള്ള എന്റെ അടുത്ത സുഹൃത്തുക്കളെല്ലാം തമിഴ്നാട്ടിലായിരുന്നു. 96, ഒരു പക്കാ കഥൈ, സീതകാതി അങ്ങനെയെല്ലാം. തമിഴില്‍ കുറച്ചുകൂടി അവസരങ്ങളുണ്ടായിരുന്നു. എന്റെ രീതിയോട് കൂടുതല്‍ ചേരുന്നത് തമിഴാണെന്ന് എനിക്ക് നേരത്തേ തോന്നിയിരുന്നു. അത് പലരും പറഞ്ഞിട്ടുമുണ്ട്.

സിനിമ ചെയ്യാന്‍ വേണ്ടി ബാന്‍ഡിന്റെ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ടോ?

ഒരിക്കലുമില്ല. ഏത് സിനിമയെടുത്താലും ബാന്‍ഡ് ഷോ വന്നാല്‍ ഞാന്‍ പോകുമെന്ന് നേരത്തേ പറയും. അതുകൊണ്ട് തന്നെയാണ് സിനിമകളുടെ എണ്ണം ഞാന്‍ കുറക്കുന്നതും അധികം എടുക്കാത്തതും. ഒരിക്കല്‍ രണ്ടു മാസത്തോളം നീണ്ട നിന്ന ഒരു യു.എസ്. ട്രിപ്പുണ്ടായിരുന്നു ബാന്‍ഡിന്റെ കൂടെ. ആ സമയത്ത് എനിക്ക് വന്ന പല വലിയ സിനിമകളില്‍ നിന്നും, തമിഴില്‍ തന്നെ, ഞാന്‍ പിന്‍വലിച്ചിട്ടുണ്ട്. അത് ബാന്‍ഡിന്റെ കൂടെ നില്‍ക്കണം എന്നുള്ളതുകൊണ്ടാണ്. അതൊരിക്കലും ഞാന്‍ മിസ്സാക്കിയിട്ടില്ല. ബാന്‍ഡ് കഴിഞ്ഞിട്ടേ എനിക്ക് സിനിമയുള്ളൂ.

thaikkudam

പല പുതിയകാല സംഗീത സംവിധായകരും നേരിടുന്ന ആരോപണം പാട്ട് മോഷണത്തിനെ സംബദ്ധിച്ചാണ്, എന്തുകൊണ്ടായിരിക്കും ഇത് ഇപ്പോള്‍ ഇത്രയും രൂക്ഷമായത്?

പാട്ട് മോഷണം ഇപ്പോള്‍ വന്നതാണെന്ന് തോന്നുന്നില്ല. അത് പണ്ട് മുതല്‍ക്കേയുണ്ട്. അതില്‍ ന്യൂ ജനറേഷന്‍ എന്നൊന്നുമില്ല. പക്ഷേ പണ്ട് ഉള്ളതിനേതിലും കുറവാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ വേറെ കുറെ സംഭവങ്ങളുണ്ട്. അത് കുറച്ച് സാങ്കേതികമാണ്. അതില്‍ ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ കിറ്റ് എന്ന ഒരു പരിപാടിയുണ്ട്. അതില്‍ ധാരാളം മ്യൂസിക്ക് ബെഡുകളുണ്ടാകും. അത് മേടിച്ച് അതിന്റെ മുകളിലാണ് നമ്മള്‍ പാട്ടുകള്‍ക്ക് ഈണം നല്‍ക്കുക. അത് ആര്‍ക്കും ഉപയോഗിക്കാം, അതില്‍ ഉടമസ്ഥാവകാശം, പകര്‍പ്പാവകാശം അങ്ങനൊന്നുമില്ല, ആര്‍ക്കും മേടിച്ച് ഉപയോഗിക്കാം. അനിരുദ്ധിന് ഈയടുത്ത് കൊലമാവു കൊകില എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സംഭവം ശരിക്കും അതാണ്. വേറൊരു പാട്ടില്‍ നിന്നെടുത്തതാല്ലായിരുന്നു സത്യത്തില്‍ നടന്നത്. രണ്ടുപേരും ഒരേ കണ്‍സ്ട്രക്ഷന്‍ കിറ്റ് ഉപയോഗിച്ചതാണ് ഇതിന്റെ പ്രശ്നം. അതൊരു പാട്ട് മോഷണമല്ല. പക്ഷേ അതില്‍ ആളുകളെ പറഞ്ഞിട്ട് കാര്യമില്ല, കാരണം അവര്‍ക്ക് അതിനെക്കുറിച്ച് അറിയേണ്ട ആവശ്യമില്ല. അവര്‍ പാട്ട് കേള്‍ക്കുമ്പോള്‍ സാദൃശ്യം തോന്നും അതിനെ മോഷണമായിട്ടേ കാണൂ. ഏതാണോ ആദ്യം ഇറങ്ങിയത് അതില്‍ നിന്ന് മറ്റേത് കോപ്പി അടിച്ചെന്ന് തോന്നും.

ഞാനും കണ്‍സ്ട്രക്ഷന്‍ കിറ്റ് ഉപയോഗിച്ചിട്ടുണ്ട്. മുന്‍പ് അത് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടാണ് അത് മേടിച്ചത്. ഒരു മലയാളം സിനിമയ്ക്ക് വേണ്ടിയാണത്. അതിന്റെ മെലഡിയെല്ലാം ഞാന്‍ മാറ്റിയിരുന്നു. അതില്‍ നിന്ന് ഒരു ബെഡ് മാത്രമേ ഞാന്‍ ഉപയോഗിച്ചുള്ളൂ. അന്ന് ഞാന്‍ തുടങ്ങിയ കാലമായിരുന്നു, 2013-ലാണത്. പക്ഷേ പിന്നീട് അതും എനിക്ക് ശരിയല്ല എന്ന് തോന്നലുണ്ടായപ്പോള്‍ അതിന്റെ ഉപയോഗം നിര്‍ത്തി. അതല്ലാത്ത മോഷണങ്ങള്‍ നടക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്, പക്ഷേ പലതും ഇങ്ങനെയാണ്. ഈ രചന ഒന്നുപോലെ എന്ന് തോന്നുന്ന പല കേസുകള്‍ക്കും ഇങ്ങനെ ഒരു വശമുണ്ട്. അതിന് സാങ്കേതികവശം നോക്കിയാല്‍ ചിലപ്പോള്‍ മനസിലാകും.

ബാന്‍ഡില്‍ കൂടുതലായി ഡാര്‍ക്ക് രീതി പിന്തുടരുന്ന സംഗീതം വരുന്നത് മനപ്പൂര്‍വമാണോ?

ഡാര്‍ക്ക് രീതി പിന്തുടരുന്ന പാട്ടുകള്‍ മാത്രമല്ല. നവരസം എന്ന ആല്‍ബത്തിലാണ് ഡാര്‍ക്ക് രീതിയിലുള്ള പാട്ടുകള്‍ ഉള്ളത്. അവസാനം ഇറങ്ങിയ നമഃ എന്ന ആല്‍ബത്തിലുള്ളത് കൂടുതലും ആഘോഷവും സന്തോഷവും രീതിയിലുള്ള പാട്ടുകളാണ്. അതിലും കുറച്ച് ഡാര്‍ക്ക് എന്ന പറയാവുന്ന പാട്ടുകളുണ്ട്. നവരസം, ആരാച്ചാര്‍ തുടങ്ങിയ ആല്‍ബങ്ങളെല്ലാം ഒരു പ്രത്യേക പ്രമേയത്തെ ആസ്പദമാക്കിയുള്ളവയായിരുന്നു. അപ്പോള്‍ ആ വിഷയത്തോട് നീതി പുലര്‍ത്താന്‍ വേണ്ടി കുറച്ച് ഡാര്‍ക്ക് രീതികളിലേക്ക് പോയി എന്നേയുള്ളൂ. പിന്നെ ഞങ്ങള്‍ അടിസ്ഥാനപരമായി ഹാര്‍ഡ് റോക്ക് എന്ന രീതിയിലുള്ള ഓര്‍ക്കസ്ട്രേഷന്‍ പിന്തുടരാനാണ് ഉദ്ദേശിച്ചത്. അതിന് അധികവും അടുത്ത് നില്‍ക്കുന്നത് ഡാര്‍ക്ക് രീതിയാണ്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ കുറച്ച് വ്യത്യസ്തമാണ്, അതില്‍ പോപുണ്ട്, റെട്രോയുണ്ട് കുറച്ചുകൂടി ആകര്‍ഷകമാണ്.

ഹാര്‍ഡ് റോക്ക് സംഗീതത്തില്‍ നിന്ന് മെലഡി തുടങ്ങിയവയിലേക്കുള്ള മാറ്റം

സാധാരണയായി ഗായകരെ മുന്നില്‍ കണ്ടുകൊണ്ടാണ് പാട്ടുകള്‍ ചെയ്യുന്നത്. ഞങ്ങളുടെ ഒരു പ്രത്യേകതയായിട്ട് ഞാന്‍ കാണുന്നത് ഞങ്ങളുടെ കൂട്ടത്തില്‍ പല തരത്തിലുള്ള ഗായകരുണ്ടെന്നതാണ്. ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, ഫോക്ക്, ഫില്‍മി, ഇംഗ്ലീഷ് അങ്ങനെയെല്ലാം പാടാന്‍ ആളുണ്ട്. അപ്പോള്‍ ഇതെല്ലാം നല്ല രീതിയില്‍ ഉപയോഗിക്കുന്നത് മനസില്‍ കണ്ടാണ് പാട്ടുണ്ടാക്കുന്നത്. ഒരു ബാന്‍ഡിന്റെ പാട്ട് ആണെന്ന് തോന്നിക്കുകയും എന്നാല്‍ വ്യത്യസ്തവുമായ പാട്ടുകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതിനെല്ലാം ഹാര്‍ഡ് റോക്ക് ഒരു ബെഡ് പോലെ ഉപയോഗിച്ച് ബാക്കി മെലഡി തുടങ്ങിയ മറ്റ് ജോണറുകളും അതിലൂടെ പരീക്ഷണാര്‍ഥം നോക്കാറുണ്ട്. അതില്‍ ഗായകരുടെ മിടുക്കും കൂടി ചേരുമ്പോളാണ് നല്ല ഔട്ട്പുട്ട് കിട്ടുന്നത്.

Content Highlights : Govind Vasantha about Thaikkudam Bridge Music Band and Movie song Composing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented