ഴാങ്‌ ലൂക് ഗൊദാർദ്, സിനിമയുടെ നിത്യദൈവം


ജിതിൻ കെ.സി.

ലോകസിനിമയെ പിടിച്ചുലച്ച ചലച്ചിത്രകാരനാണ് ഴാങ്‌ ലൂക്‌ ഗൊദാർദ്. ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ ഒരു ചലച്ചിത്രംപോലും കണ്ടിട്ടില്ലാത്തൊരാൾക്കുപോലും ഈ പേര് അത്രമേൽ പരിചിതമായിരിക്കും.

ഗൊദാർദ് | ഫോട്ടോ: എ.എഫ്.പി

‘ട്രെയിനുകൾ നിശ്ചലമായി, മെട്രോയും ബസുകളും ഉടൻ നിശ്ചലമാവും. കാൻ ചലച്ചിത്രമേള തുടരുന്ന ഓരോ മണിക്കൂറും നാം പരിഹാസ്യരാവുന്നു. ഞങ്ങൾ പ്രതിഷേധിക്കുന്ന തൊഴിലാളികളുടെയും വിദ്യാർഥികളുടെയും കൂടെയാണ്. നിങ്ങളിപ്പോഴും ഡോളി ഷോട്ടുകളുടെയും ക്ലോസപ്പിന്റെയും പിറകിലും.’ 1968 മേയിൽ ലോകപ്രസിദ്ധമായ കാൻ ചലച്ചിത്രമേള നിർത്തിവെക്കാനുള്ള പ്രതിഷേധവുമായി മാധ്യമങ്ങളെ കാണവേ ഗൊദാർദ് പറഞ്ഞ വാക്കുകളാണിവ. അതികായനായ ഒരു ചലച്ചിത്രകാരനുമാത്രം സാധിക്കുന്ന ശേഷിയുടെ ഉയരമാണിത്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഒപ്പം നിലകൊള്ളുകയും പ്രതിഷേധത്തിന്റെ കാലത്ത് താനടക്കം പ്രതിനിധാനംചെയ്യുന്ന, കാൻ പോലൊരു ചലച്ചിത്രമേള നിർത്തിവെപ്പിക്കണമെന്നും അദ്ദേഹം കരുതിപ്പോന്നു. തന്റെ ചലച്ചിത്രമടക്കം പ്രദർശിപ്പിക്കേണ്ടിയിരുന്ന ചലച്ചിത്രമേള സമരൈക്യത്താൽ അയാൾ നിർത്തിവെപ്പിക്കുന്നു. സുഹൃത്തുക്കളോട് അദ്ദേഹം അതിനുവേണ്ടി തർക്കിക്കുന്നു. ‘Photography is truth, cinema is truth 24 frames per second’ എന്ന് അദ്ദേഹം കരുതിപ്പോന്നിരുന്നതിന്റെ തുടർച്ചയായി നമുക്കിത് കാണാം. ഓരോ എഡിറ്റും ഓരോ നുണകളാണെന്ന് അദ്ദേഹം കരുതി.

ഫ്രാൻസിൽ വിദ്യാർഥിസമരം നടക്കുമ്പോൾ ഒരു ഹാൻഡ് ഹെൽഡ് ക്യാമറയുമായി ഗൊദാർദ് അവർക്കിടയിലുണ്ടായിരുന്നു. രാഷ്ട്രീയസിനിമകളല്ല സിനിമതന്നെ രാഷ്ട്രീയമാവേണ്ടതുണ്ടെന്ന് വിശ്വസിച്ച കലാകാരൻ. സിനിമ മുതലാളിത്തത്തിന്റെ ശുദ്ധരൂപമാണെന്നും അതിനാൽത്തന്നെ സിനിമയെടുക്കുമ്പോൾ അമേരിക്കയോട് പുറംതിരിഞ്ഞുനിൽക്കണമെന്നും ഗൊദാർദ് കരുതിപ്പോന്നു. ആ സമരത്തിൽ പങ്കെടുക്കവേ, അതിനകം ഒട്ടേറെ രാഷ്ട്രീയസിനിമകളെടുക്കുകയും രാഷ്ട്രീയത്തോട് കണ്ണുതുറക്കാത്ത മടുപ്പിക്കുന്ന മധ്യവർഗത്തിന്റെ വെറുപ്പുസമ്പാദിക്കുകയും ചെയ്തിരുന്ന ഗൊദാർദിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ട്- ‘എന്നാണ് ഗൊദാർദ് നിങ്ങൾ ഇനി പഴയപോലെ’യെന്ന്. അദ്ദേഹം പറയുന്ന മറുപടി, ‘എന്ന് പലസ്തീനിലെ ­ജനതയുടെയോ അമേരിക്കയിലെ കറുത്തവർഗക്കാരുടെയോ ചിരി തിരിച്ചെത്തുന്നുവോ അന്ന് ഞാൻ അത്തരം സിനിമകളിലേക്ക് തിരിച്ചുപോവാൻ ശ്രമിക്കാം’ എന്നാണ്.

ലോകസിനിമയെ പിടിച്ചുലച്ച ചലച്ചിത്രകാരനാണ് ഴാങ്‌ ലൂക്‌ ഗൊദാർദ്. ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ ഒരു ചലച്ചിത്രംപോലും കണ്ടിട്ടില്ലാത്തൊരാൾക്കുപോലും ഈ പേര് അത്രമേൽ പരിചിതമായിരിക്കും. ചലച്ചിത്രമെന്ന മാധ്യമംകൊണ്ട് സാധ്യമാവുന്ന എല്ലാ സാമൂഹിക അന്വേഷണങ്ങളും അദ്ദേഹം നടത്തി. സിനിമയുടെ സാമ്പ്രദായികരീതികളെ അഴിച്ചുപണിയാൻ ശ്രമിച്ചു. സിനിമയുടെ രീതികളെ അട്ടിമറിക്കുന്ന ചലച്ചിത്രഭാഷയെ കണ്ടെടുത്തു. സിനിമയുടെ സ്വഭാവത്തെക്കുറിച്ച് ഗൊദാർദ് ഇങ്ങനെ കരുതുന്നുണ്ട്: ‘ഒരു സിനിമയ്ക്ക് തുടക്കവും മധ്യവും ഒടുക്കവുമുണ്ട്. പക്ഷേ, എല്ലായ്‌പ്പോഴും ആ ക്രമത്തിലായിക്കൊള്ളണമെന്നില്ല.’

ഫ്രഞ്ച് ന്യൂവേവിന്റെ അതികായനായി അദ്ദേഹം തുടർന്നത് കേവലം ചലച്ചിത്രങ്ങൾ നിർമിച്ചതുകൊണ്ട് മാത്രമല്ല. നിരന്തരം ചലച്ചിത്രനിരൂപണങ്ങൾ എഴുതി. ചലച്ചിത്രപ്രദർശനങ്ങൾ നടത്തി. അടിമുടിയൊരു ചലച്ചിത്രജീവിതം. നൂവൽ വേഗിന്റെ മറ്റൊരു മുഖമായിരുന്ന അനശ്വര ചലച്ചിത്രകാരി ആഗ്‌നസ് വർദ തന്റെ ജീവിതത്തിൽ പ്രകടിപ്പിച്ച ആഗ്രഹം ഗൊദാർദിനെ കാണണമെന്നതായിരുന്നു. അവർ ഗൊദാർദിന്റെ വീടുവരെയെത്തുന്നു. ഗൊദാർദിനെ കാണാൻ കഴിയാതെ അദ്ദേഹം ഒരു കത്തിൽ നൽകുന്ന സന്ദേശംമാത്രം വായിച്ച് അവർ വിതുമ്പുന്നു. സിനിമപോലെത്തന്നെ ഒരു ജീവിതവും ഗൊദാർദിനുണ്ടായിരുന്നെന്നുവേണം കരുതാൻ. തൊണ്ണൂറാം വയസ്സിലും ത്രീഡി സിനിമയായ ഇമേജ് ബുക്ക് സംവിധാനംചെയ്തു. സിനിമയിൽ ആഴത്തിൽ ആണ്ടിറങ്ങിപ്പോയ ജീവിതം. അതിനാൽത്തന്നെ ഗൊദാർദിനെക്കുറിച്ചുള്ള ഈ വാചകം സമ്പൂർണമാണ്: ‘In cinema there is no God, only Godard.’ സിനിമയിൽ ദൈവങ്ങളില്ല, ഗൊദാർദ് മാത്രമേയുള്ളൂ. സിനിമയുടെ നിത്യദൈവം!

(ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവർത്തകനുമാണ്‌ ലേഖകൻ)

Content Highlights: godard passed away at 91, movies of godard


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented