കോയമ്പത്തൂര്‍ മധുക്കരെയില്‍നിന്നു വന്ന ആ കത്ത് വിറയ്ക്കുന്ന കൈ കൊണ്ടാണ് സരസ്വതി അമ്മ അന്നു പൊട്ടിച്ചുവായിച്ചത്. ആദ്യവാചകം വായിച്ചതും സരസ്വതിയമ്മയുടെ കണ്ണ് നിറഞ്ഞു. തൊണ്ടയിടറി. നെഞ്ചിലൊരു ഗദ്ഗദം വന്നുനിറഞ്ഞു

'എന്റെ അമ്മയ്ക്ക്, ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ കോയമ്പത്തൂരിലുണ്ട്. മിലിട്ടറിയില്‍ ജോലിയാണ്. ഇന്നാണ് എനിക്ക് ആദ്യ ശമ്പളം കിട്ടിയത്. പത്ത് രൂപ. ഇതില്‍ ഏഴ് രൂപ ഞാന്‍ അമ്മയ്ക്ക് മണിയോര്‍ഡര്‍ അയക്കുന്നു. സ്വീകരിച്ചാലും.'

കരയണോ ചിരിക്കണോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല സരസ്വതിയമ്മയ്ക്ക്. അന്നേയ്ക്ക് ആറു മാസമായിരുന്നു അവരുടെ മകനെ കാണാതായിട്ട്. മരിച്ചുവെന്ന് നാടൊന്നടങ്കം അടക്കം പറയുമ്പോഴും ഉള്ളില്‍ ചെറിയൊരു വെട്ടം കാത്തുസൂക്ഷിച്ചിരുന്നു ആ അമ്മ.

ആറ് മാസം മുന്‍പ് ഒരു രാത്രി വീട്ടുകാരറിയാതെ കൂട്ടുകാരന്റെ കൈയില്‍നിന്ന് വായ്പ വാങ്ങിയ ഒരു ചക്രവുമായി വള്ളത്തില്‍ വാമനപുരം ആറ് കടന്ന് തിരുവനന്തപുരത്തേയ്ക്ക് വെച്ചുപിടിക്കുമ്പോള്‍ പതിനാറ് വയസ് മാത്രമായിരുന്നു ആ മകന് പ്രായം. സ്വാതന്ത്ര്യസമര പോരാളികള്‍ക്കൊപ്പം കൂടി പഠിത്തം ഉഴപ്പിയതിന് ചെറുതായിരുന്നില്ല വീട്ടിലെ കലാപം. ഒടുവില്‍ സഹികെട്ടായിരുന്നു നാടുവിടല്‍. ആ യാത്ര ചെന്നവന്നസാനിച്ചത്, പക്ഷേ, തിരുവനന്തപുരത്തായിരുന്നില്ല. മലയാള സിനിമയിലായിരുന്നു. അര നൂറ്റാണ്ടിലേറെക്കാലത്തെ അനുഭവ പാരമ്പര്യവുമായി ആ യാത്രയ്ക്ക് തിരശ്ശീല വീഴുമ്പോള്‍ ഗോവിന്ദ പിള്ള കേശപിള്ള എന്ന അന്നത്തെ ആ പതിനാറുകാരന് പ്രായം തൊണ്ണൂറ്റിയേഴ്. മലയാള സിനിമയുടെ വലിയൊരു കാലഘട്ടമാണ് ജി.കെ. പിള്ളയെന്ന മലയാളത്തിന്റെ നിത്യഹരിത കാരണവര്‍ക്കൊപ്പം അസ്തമിച്ചത്.

കാലത്ത് തിരുവനന്തപുരത്ത് എത്തിയ ജി.കെ. പിള്ളയ്ക്ക് എങ്ങോട്ട് പോകണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. നടന്ന് തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിലെത്തിയപ്പോള്‍ എസ്.എം.വി. സ്‌കൂളിന് മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം. പട്ടാളത്തില്‍ ചേരാന്‍ എത്തിയവരായിരുന്നു. നല്ല ഉയരവും വണ്ണവുമുള്ള പിള്ളയും അരക്കൈ നോക്കാന്‍ തീരുമാനിച്ചു. പക്ഷേ, സൈന്യം നിശ്ചയിച്ച ഭാരമില്ല. ആകെ വിഷണ്ണനായി. മടങ്ങിയാലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് റിക്രൂട്ട്മെന്റിനെത്തിയ ആള്‍ ഒരു പൊടിക്കൈ പരീക്ഷിക്കാന്‍ പറഞ്ഞത്. കുറേ പാളയംകോടന്‍ കഴിക്കുക. പിന്നെ കുറേ വെള്ളം കുടിക്കുക. അങ്ങനെ പഴം കഴിച്ച്, റോഡരികിലെ പൈപ്പില്‍നിന്ന് വെള്ളവും കുടിച്ച് വീണ്ടും സ്‌കൂളിലെത്തി. ഇക്കുറി വേണ്ടതിലേറെ ശരീരഭാരം. അങ്ങനെ സ്വാതന്ത്ര്യ സമരത്തിനിറങ്ങിപ്പുറപ്പെട്ടയാള്‍ പട്ടാളക്കാരനായി. ആദ്യം തിരുനെല്‍വേലിക്കടുത്ത് പാളംകോട്ടയില്‍. അവിടുന്ന് മധുക്കരെയിലേയ്ക്ക്. പരിശീലനത്തിനുശേഷം മുഴുവന്‍ സമയ സൈനികന്‍. യുദ്ധങ്ങള്‍... കലാപങ്ങള്‍... പ്രകൃതിദുരന്തങ്ങള്‍. കാണാത്ത നാടില്ല. അനുഭവിക്കാത്ത കാര്യങ്ങളില്ല. ഇടവും വലവുംസഹപ്രവര്‍ത്തകര്‍ വെടിയേറ്റു വീഴുന്നതിന് സാക്ഷിയായി. അവരുടെ വെടിയേറ്റ് വികൃതമായ ജഡങ്ങള്‍ വാരിയെടുക്കേണ്ടി വന്നു. ജീവിതാനുഭവങ്ങള്‍ മനസിനെ കല്ലാക്കാന്‍ പഠിപ്പിച്ച കാലം.

നാടു ചുറ്റി ഒടുവില്‍ ഊട്ടിയിലെ വെല്ലിങ്ടിലെത്തിയപ്പോഴാണ് പിള്ളയിലെ നടന്‍ ആദ്യമായി തല പൊക്കിയത്. ആദ്യ പരീക്ഷണം പാട്ടള ബാരക്കില്‍ തന്നെയായിരുന്നു. പിന്നെ പട്ടാളത്തിന്റെ നാടകസംഘത്തില്‍ സജീവമായി. നാടകരചനയിലും കൈവച്ചു അക്കാലത്ത്. സിനിമാമോഹം ഉള്ളില്‍ മൊട്ടിടുന്നതും അക്കാലത്ത് തന്നെ. അങ്ങനെയാണ് പതിനാല് കൊല്ലത്തെ സൈനിക ജീവിതം അവസാനിപ്പിച്ച് വെള്ളിത്തിരയിലേയ്ക്ക് പോയത്. പതിനഞ്ച് കൊല്ലത്തെ സര്‍വീസ് പൂര്‍ത്തിയാക്കാതിരുന്നത് കാരണം അന്ന് സൈനിക പെന്‍ഷന്‍ പോലും ലഭിച്ചിരുന്നില്ല പിള്ളയ്ക്ക്. ഒരു ടിക്കറ്റ് മാത്രം കൈയില്‍വച്ചാണ് പിള്ള സിനിമയിലേയ്ക്ക് വണ്ടി കയറിയത്. പലയിടത്തും അവസരം തേടി നടന്നു. നിരാശയായിരുന്നു ഫലം. പലരും പല കാരണങ്ങള്‍ പറഞ്ഞാണ് മടക്കിയത്. ഉയരക്കൂടുതലായിരുന്നു മെരിലാന്‍ഡിന്റെ ന്യായം.

വയലാറും അംബികയും അരങ്ങേറ്റം കുറിച്ച കൂടപ്പിറപ്പ് നിര്‍മിച്ച സുഹൃത്ത് എം.എ. റഷീദാണ് പിള്ളയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നുകൊടുക്കുന്നത്. അന്ന് വാഹിനി സ്റ്റുഡിയോയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു ടി.ഇ. വാസുദേവന്‍. അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ബാനറില്‍ സിനിമയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു വാസുദേവന്‍. പൊന്‍കുന്നം വര്‍ക്കിയുടെ കഥയെ ആസ്പദമാക്കി എസ്.എസ്. രാജന്‍ സംവിധാനം ചെയ്യുന്ന 'സ്നേഹസീമ'യിലേയ്ക്ക് അപ്പോഴേയ്ക്കും നാകയന്‍ സത്യനും നായിക പത്മിനിയും അടക്കം താരങ്ങളെയെല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ചിത്രീകരണം തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് റഷീദിന്റെ ശുപാര്‍ശയുമായി പിള്ള വാഹിനിയിലെത്തുന്നത്. അപ്പോള്‍ അശേഷിക്കുന്നത് ഒരൊറ്റ വേഷം മാത്രം.

പത്മിനി അവതരിപ്പിക്കുന്ന ഓമനയുടെ അച്ഛന്‍ അറുപത്തിയഞ്ചുകാരന്‍ പൂപ്പള്ളി തോമസിന്റെ വേഷം. പിള്ളയ്ക്ക് അന്ന് പ്രായമാവട്ടെ ഇരുപത്തിയൊന്‍പതു മാത്രവും. എന്നാല്‍, നിരാശനായി മടങ്ങാന്‍ ഒരുക്കമായിരുന്നില്ല പിള്ള. സൈന്യത്തിലെ നാടകാനുഭവം പറഞ്ഞയാളെ ഒന്ന് പരീക്ഷിച്ചുനോക്കാമെന്നുവെച്ചു ടി.ഇ. വാസുദേവന്‍. അങ്ങനെ ഇരുപതിയൊന്‍പതാം വയസ്സില്‍ ജി.കെ. പിള്ള അറുപത്തിയഞ്ചുകാരനായ പൂതപ്പള്ളി തോമസായി. പട്ടാളജീവിതകാലത്ത് കാത്തു സൂക്ഷിച്ച കൊമ്പന്‍മീശ എടുപ്പിച്ച് പുതിയ നരച്ച മീശ വെപ്പിച്ചു. അങ്ങനെ പട്ടാളക്കാരന്‍ ജി.കെ. പിള്ള നടന്‍ ജി.കെ. പിള്ളയായി. ചിറയിന്‍കീഴില്‍ നിന്നുള്ള പ്രേംനസീറിന്റെയും ഭരത് ഗോപിയുടെയും മുന്‍ഗാമിയായി. ആദ്യ പ്രതിഫലം ഇരുന്നൂറ് രൂപ. അഡ്വാന്‍സായി നൂറ് രൂപ അന്നു തന്നെ ടി.ഇ. വാസുദേവന്‍ കൈയില്‍വച്ചു കൊടുത്തു.

സിനിമ പോലെ തന്നെ രസകരമായിരുന്നു പിള്ളയ്ക്ക് ജീവിതത്തിലെ ഈ വഴിത്തിരിവ്. ചിത്രീകരണം തുടങ്ങാന്‍ നാലു ദിവസം മാത്രമുള്ളപ്പോഴാണ് താമസിക്കുന്ന ഹോട്ടലിലേയ്ക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. അച്ഛനാണ്. ഒന്നേയുള്ളു ആവശ്യം. ഉടനെ വീട്ടിലെത്തണം. ഡിസംബര്‍ പതിനാലിന് കല്ല്യാണമാണ്. ഞെട്ടലോടെയാണ് പിള്ള ഈ വിവരം അറിഞ്ഞത്. എന്നോട് ചോദിക്കാതെ എന്റെ കല്ല്യാണം ഉറപ്പിക്കാന്‍ ആരു പറഞ്ഞു എന്നായി പിള്ള. പക്ഷേ, അച്ഛന്‍ വഴങ്ങുന്ന മട്ടില്ല. എത്തിയേ പറ്റു എന്നായി ശാഠ്യം. ഇടവയിലെ വലിയ ആഢ്യകുടുംബം. ഒഴിവാക്കാന്‍ വയ്യ. അങ്ങനെ ചിത്രീകരണത്തിനിടെ പതിമൂന്നിന് വീട്ടിലെത്തി. പതിനാലിന് കല്ല്യാണം കഴിഞ്ഞ് പതിനഞ്ചിന് വീണ്ടും സെറ്റില്‍. പിള്ളയുടെ ത്യാഗം വെറുതെയായില്ല. സിനിമ പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടി ഹിറ്റായതോടെ അന്നുവരെ കണ്ടുപരിചയമില്ലാത്ത ശരീരഭാഷയും ശബ്ദനിയന്ത്രണവും കൊണ്ട് ജി.കെ. പിള്ളയും ശ്രദ്ധ പിടിച്ചുപറ്റി.

തൊട്ടടുത്ത ദിവസം ജി.കെ. പിള്ളയെ തേടി ഒരു ടെലിഗ്രാം വന്നു. സ്റ്റാർട്ട് ഇമ്മീഡിയറ്റ്‌ലി ഫോര്‍ ഷൂട്ടിങ് എന്ന ഒരൊറ്റ വരിയെ ഉണ്ടായിരുന്നുള്ളൂ. ടെലിഗ്രാം അയച്ചത് മെരിലാന്‍ഡ്. 'രാജ ഹരിശ്ചന്ദ്ര'യാണ് ചിത്രം. തിക്കുറിശ്ശി ഹരിശ്ചന്ദ്രനെ അവതരിപ്പിച്ച ചിത്രത്തില്‍ പിള്ളയ്ക്കു കിട്ടിയ വേഷം വിശ്വാമിത്രന്‍. തലയെടുപ്പുള്ള വിശ്വാമിത്രനായി അക്ഷരാര്‍ഥത്തില്‍ തന്നെ വിലസി ജി.കെ. പിള്ള. ഇതാ ശരിക്കുമുള്ള വിശ്വാമിത്രനെന്നായിരുന്നു അന്നൊരു പത്രം എഴുതിയത്. വെറുംവാക്കായിരുന്നില്ല അത്. 1962-ല്‍ പുറത്തിറങ്ങിയ 'ശ്രീരാമ പട്ടാഭിഷേക'ത്തിലും വിശ്വാമിത്രനാവാന്‍ അണിയറക്കാര്‍ തേടിയെത്തിയത് പിള്ളയെ തന്നെ. അങ്ങനെ ഒന്നിലേറെ സിനിമകളില്‍ ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന അക്കാലത്തെ അപൂര്‍വയോഗം കൂടി ജി.കെ. പിള്ളയെ തേടിയെത്തി.

എന്നാല്‍, ജി.കെ. പിള്ള എന്ന നടന്റെ വഴിത്തിരിവ് വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അതിനും കാരണക്കാരനായത് ടി.ഇ. വാസുദേവന്‍. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'നായര് പിടിച്ച പുലിവാലി'ലെ ഗോപിയാണ് ജി.കെ. പിള്ളയിലെ വില്ലനെ പുറത്തുകൊണ്ടുവന്നത്. പിന്നീട് പരുക്കന്‍ ഭാവവും രൂപവും ശബ്ദവും കൊണ്ട് ക്ഷണത്തില്‍ മലയാളത്തിലെ അക്കാലത്തെ ഏറ്റവും തിരക്കുള്ള വില്ലനായി പിള്ള മാറി. കണ്ണില്‍ ചോരയില്ലാത്ത വില്ലന്മാരുടെയും കുത്തിത്തിരിപ്പുകാരുടെയും നീണ്ട നിരതന്നെ പിള്ളയെ കാത്തിരുന്നു. അവര്‍ക്കൊക്കെ തന്റെ കൈയൊപ്പ് ചാര്‍ത്തിയ പുതിയ ഭാവം നല്‍കാന്‍ പിള്ളയ്ക്ക് കഴിഞ്ഞു. എളുപ്പമായിരുന്നില്ല അക്കാലത്തെ വില്ലന്‍ വേഷങ്ങള്‍. മത്സരിക്കാനുള്ളവരില്‍ ഒരാള്‍ അഭിനയസാമ്രാട്ട് കൊട്ടാക്കര. പിന്നെ ഏറെക്കുറെ ശാരീരികമായി സമാനതകളുള്ള കോട്ടയം ചെല്ലപ്പനുമെല്ലാമായിരുന്നു എതിരാളി. പക്ഷേ, ഇതിനിടയിലും തലയെടുപ്പുള്ള ഒട്ടേറെ വില്ലന്മാരെ സമ്മാനിക്കാന്‍ ജി.കെ. പിള്ളയ്ക്കായി.

ഡ്യൂപ്പില്ലാതെ സ്റ്റണ്ടുകള്‍ ചെയ്തിരുന്ന പിള്ള അതുകൊണ്ടു തന്നെ വടക്കന്‍ പാട്ട് ചിത്രത്തിലെയും അവിഭാജ്യ ഘടകമായി. ഇരു കൈകള്‍ കെണ്ടും ചുരിക വീശുന്ന 'ഉമ്മിണി തങ്ക'യിലെ രാമന്‍ തമ്പി ഒരു അത്ഭുതമായിരുന്നു അക്കാലത്ത്. തുടര്‍ന്ന് 'പടയോട്ടം' വരെയുള്ള സിനിമകളില്‍ നിറസാന്നിധ്യമായി.

ആദ്യസിനിമയിലെ കാരണവര്‍ വേഷം പക്ഷേ, പില്‍ക്കാലത്ത് ഒഴിയാബാധയാവുകയായിരുന്നു പിള്ളയ്ക്ക്. ഒരിടവേളയ്ക്കു ശേഷം തറവാട്ടു കാരണവരുടെയും അമ്മാവന്‍ വേഷങ്ങള്‍ക്കുമുള്ള സ്വാഭാവിക ചോയ്സായി പിള്ള. തലയെടുപ്പും ഗരിമയും കൊണ്ട് അവയൊക്കെ പൂര്‍ണതയിലെത്തിക്കുകയും ചെയ്തു പിള്ള. 'കാര്യസ്ഥനി'ലെ പുത്തെഴുത്ത ശങ്കരന്‍ നായര്‍ പോലുള്ള ഇത്തരം വേഷങ്ങള്‍ തന്നെയാണ് പുതിയ തലമുറയുടെ മനസില്‍ ജി.കെ. പിള്ളയെ പ്രതിഷ്ഠിച്ചത്. '''

പതിറ്റാണ്ടുകളോളം വില്ലനായയും യോദ്ധാവായും കാരണവരായും പോലീസ് ഉദ്യോഗസ്ഥനായും വിലസുമ്പോഴും ജീവിതം വലിയ പ്രതിസന്ധിയായിരുന്നു വളരെക്കാലം ജി.കെ.പിള്ളയ്ക്ക്. ജോലി ഉപേക്ഷിച്ച് സിനിമയെ വരിച്ച പിള്ളയോട് തുടക്കംമുതല്‍ തന്നെ കടുത്ത അമര്‍ഷമുണ്ടായിരുന്നു വീട്ടുകാര്‍ക്ക്. മകന് പെണ്ണ് തിരഞ്ഞുപോയ അച്ഛനോട് ഇവിടെ സിനിമക്കാര്‍ക്കും നാടകക്കാര്‍ക്കും പെണ്ണൊന്നുമില്ലെന്ന് പറഞ്ഞു മടക്കിയവരുമുണ്ടായിരുന്നു. എന്നിട്ടും ജി.കെ. പിള്ള അവസാനകാലം വരെ പിടിച്ചുനിന്നു. അവസാനശ്വാസംവരെ അഭിനയമോഹം കെടാതെ കാത്തു. വീണു കിട്ടിയ വേഷങ്ങളൊന്നും തിരസ്‌കരിച്ചില്ല. ചെയ്തവയെല്ലാം ഉജ്വലമാക്കി.

അപ്പോഴും ഒരു സംശയം മാത്രം ബാക്കി. പ്രതിഭ കൊണ്ടും പട്ടാളച്ചിട്ട കൊണ്ടും കാലത്തെ തോല്‍പിച്ച ഈ അഭിനേതാവിനെ മലയളം വേണ്ടവിധം ആദരിച്ചിട്ടുണ്ടോ? മരണാനന്തരമെങ്കിലും അത് അര്‍ഹിക്കുന്നുണ്ട് ജി.കെ. പിള്ള എന്ന നടന്‍.

Content Highlights: GK Pillai actor life story, Indian independence movement GK Pilla Films