'എൺപതോളം ചിത്രകാരന്മാരുണ്ടായിരുന്നു എനിക്കൊപ്പം, ക്ഷമയില്ലാതെ പൂർത്തിയാക്കാൻ പറ്റുന്ന ജോലിയല്ലത്'


പ്രവീണ വി

ആനിമേഷൻ ചലച്ചിത്രരംഗത്ത് ഗീതാഞ്ജലി റാവു എന്ന മഹാരാഷ്‌ട്രക്കാരിയുടെ പങ്ക് ചെറുതല്ല. ഇന്ത്യൻ സ്പർശമുള്ള, കലാമൂല്യമുള്ളഒരുപിടി നല്ല ചിത്രങ്ങളുമായി അവർ അന്താരാഷ്ട്ര വേദികൾ കീഴടക്കുന്നു.

-

മകാലിക ഇന്ത്യൻ സിനിമയിലെ പകരക്കാരില്ലാത്ത സാന്നിദ്ധ്യമാണ് ഗീതാഞ്ജലി റാവു. മുഖ്യധാരാ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അവരുടെ സൃഷ്ടികൾ. ചിത്രകാരികൂടിയായ ഈ സിനിമാപ്രവർത്തകയ്ക്ക് വരകൾ സിനിമയുടെ ഭാഗമാണ്. അവരുടെ ഓരോ ഫ്രെയിമും ഓരോ പെയിന്റിങ്ങാണ്. ആയിരക്കണക്കിന് ചിത്രങ്ങൾ നിരത്തിയ പെയിന്റിങ് എക്‌സിബിഷനാണ് അവരുടെ ചലച്ചിത്രങ്ങൾ. വ്യത്യസ്തമായ പ്രമേയങ്ങളുള്ള ആനിമേഷൻ ചലച്ചിത്രങ്ങളുമായി അവർ മേളകളിൽനിന്ന് മേളകളിലേക്ക് സഞ്ചരിക്കുന്നു. ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ മുപ്പതിലേറെ പുരസ്‌കാരങ്ങൾ. കലാമൂല്യമുള്ള ആനിമേറ്റഡ് ഹ്രസ്വചിത്രങ്ങളുമായായിരുന്നു സിനിമാരംഗത്തേക്ക് ഗീതാഞ്ജലിയുടെ വരവ്. അവരുടെ ആദ്യ ആനിമേറ്റഡ് ഫീച്ചർ ഫിലിം ‘ബോംബെ റോസ്’ കഴിഞ്ഞ വർഷം വെനീസ് ഇന്റർനാഷണൽ ക്രിട്ടിക്‌സ് വീക്കിലെ ഉദ്ഘാടന ചിത്രമായിരുന്നു.

വേറിട്ട വഴി

പഠനകാലത്തുതന്നെ തന്റെ വഴി സിനിമയാണെന്ന ഗീതാഞ്ജലി തിരിച്ചറിഞ്ഞു. മുബൈ ചലച്ചിത്രമേളയിൽ കണ്ട ഒരു പോളിഷ് ആനിമേഷൻ സിനിമ അവരുടെ സ്വപ്നങ്ങളെ വീണ്ടും മാറ്റിമറിച്ചു. ഇന്ത്യൻ ആനിമേഷൻ രംഗത്തെ കുലപതിയായ റാംമോഹന്റെ റാംമോഹൻ ബയോഗ്രാഫിക്‌സ് സ്റ്റുഡിയോയിൽ പരിശീലനം. ജോലിക്കൊപ്പം പരിശീലനം അതായിരുന്നു അവിടുത്തെ രീതി. ആ സ്റ്റുഡിയോ ഗീതാഞ്ജലിയുടെ സർവകലാശാലയായി മാറി. വരച്ച ചിത്രങ്ങൾ ഓരോന്നായി ക്യാമറയിൽ പകർത്തുന്ന വിധത്തിലുള്ള പരമ്പരാഗത ആനിമേഷൻ രീതിയായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്.

പരസ്യ ചിത്രങ്ങൾക്ക് ആനിമേഷനുകൾ തയ്യാറാക്കിക്കൊണ്ട് തുടക്കം. അവിടെനിന്ന് ആനിമേറ്റഡ് ഷോർട്ട് ഫിലിമുകളിലേക്ക് ഗീതാഞ്ജലി എത്തി. ബ്ലൂ, ഓറഞ്ച്, പ്രിന്റഡ് റെയിൻബോ, ചായ്, ട്രൂ ലൗ സ്‌റ്റോറി, എന്നിങ്ങനെ ശ്രദ്ധേയമായ ഒരുപിടി ഹ്രസ്വചിത്രങ്ങൾ. 2006 കാൻ ഫിലിംഫെസ്റ്റിവലിൽ പ്രിന്റഡ് റെയിൻബോ പുരസ്‌കാരം സ്വന്തമാക്കി. അവിടെ നിന്നങ്ങോട്ട് ഒട്ടേറെ വേദികൾ ഒട്ടേറെ പുരസ്‌കാരങ്ങൾ. മുംബൈയിലെ നഗരജീവിതത്തിന്റെ കഥപറയുന്ന ബോംബേ റോസ് എന്ന 93 മിനിറ്റ് ദൈർഘ്യമുള്ള ഫീച്ചർ ഫിലിം കഴിഞ്ഞ വർഷം കുറെയേറെ മേളകളിൽ നിറഞ്ഞു നിന്നു... ഷിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ഹ്യൂഗോ പുരസ്‌കാരം, മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ഗേറ്റ് വേ പുരസ്‌കാരം, മനീഷ് ആചാര്യ അവാർഡ്, 2020-ലെ ബിമൽറോയ് മെമ്മോറിയൽ എമേർജിങ് ഫിലിം മേക്കർ പുരസ്‌കാരം... ബോംബേ റോസ് അംഗീകാരങ്ങളുടെ നിറവിലാണ്. ഗീതാഞ്ജലി തന്റെ സിനിമാ ജീവിതത്തെപ്പറ്റി മനസ്സു തുറക്കുന്നു.

ഇന്ത്യയിൽ ആനിമേഷൻ സിനിമകൾ എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്

ഇവിടെ ആനിമേഷന്റെ കലാപരമായ സാധ്യതയെക്കാൾ അതിന്റെ കച്ചവട സാധ്യതകൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. സൂപ്പർ ഹീറോ കഥകളും താരങ്ങളുടെ ശബ്ദവും ഉയർത്തിക്കാട്ടി ജനകീയമാക്കി മാറ്റാനുള്ള ദുർബലമായ ചില ശ്രമങ്ങൾ മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. മുഖ്യധാരാ സിനിമയുടെ കച്ചവടമൂല്യത്തിനൊപ്പം ആനിമേഷൻ സിനിമകൾക്കും മത്സരിക്കേണ്ടി വരുന്നു. കലയുടെ ഭാഗം എന്ന നിലയിൽ ആനിമേഷന് ഇവിടെ വേണ്ടത്ര പ്രാധാന്യം ഇനിയും ലഭിച്ചിട്ടില്ല.

ചിത്രകാരി, കഥാകൃത്ത്, സംവിധായിക... ഇതോടൊപ്പം സ്‌റ്റേജ് ആർട്ടിസ്റ്റും നടിയും. ഒക്ടോബർ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷവും ചെയ്തു. ലൈവ് ആക്‌ഷൻ സിനിമകളിലേക്ക് ഒരു ചുവടുമാറ്റം പ്രതീക്ഷിക്കാമോ

എന്റെ മേഖല ആനിമേഷൻ തന്നെയാണെന്ന് എത്രയോ കാലം മുന്നേ തന്നെ ഞാൻ ഉറപ്പിച്ചതാണ്. എനിക്ക് സംതൃപ്തി തരുന്ന മേഖല ഇതു തന്നെയാണ്. അതുകൊണ്ട് ഒരു ചുവടുമാറ്റത്തെപ്പറ്റി ചിന്തിക്കുന്നില്ല.

നേരിടേണ്ടി വന്ന പ്രതിസന്ധി

ആനിമേഷൻ ഫിലിം മേക്കർ എന്ന നിലയിൽ ഇന്ത്യയിൽ ഏതൊരാൾക്കും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നം ഫണ്ടിങ് തന്നെയാണ്. ബോംബെ റോസ് എന്ന സിനിമയുടെ ആശയം മനസ്സിൽ ഉരുത്തിരിഞ്ഞ ശേഷം നാലു വർഷത്തോളം ഞാനതിന്റെ ഫണ്ടിങ്ങിനായി കാത്തിരുന്നു. ഇത്തരം സിനിമകൾ നിർമിക്കാൻ തയ്യാറാകുന്ന നിർമാതാക്കൾ കുറവാണ്. അതു തന്നെയാണ് ഞാനും നേരിട്ടിട്ടുള്ള പ്രധാന പ്രതിസന്ധി.

ആനിമേഷൻ ചലച്ചിത്ര ശാഖയെ ഒരു സമാന്തര സിനിമാ പ്രവർത്തനമായി കാണുന്നുണ്ടോ

ഇത്രയും ഭാഷകൾ ഉള്ള ഇന്ത്യപോലെ ഒരു രാജ്യത്ത് വർഷത്തിൽ കഷ്ടിച്ച് ഒന്നോ രണ്ടോ ആനിമേഷൻ സിനിമകൾ മാത്രമാണ് പുറത്തിറങ്ങുന്നത്. ചില വർഷങ്ങളിൽ അതും ഉണ്ടാകില്ല. ഈ അവസ്ഥയിൽ ആനിമേഷനെ ഒരു സമാന്തര സിനിമാ മേഖലയായി കാണാൻ കഴിയില്ല. ആനിമേഷൻ ഇവിടെ അതിന്റെ ശൈശവാവസ്ഥയിലാണ്. കാര്യങ്ങൾ മാറേണ്ടതുണ്ട്. ഇത്തരം കൂടുതൽ സിനിമകൾ പുറത്തിറങ്ങേണ്ടതുണ്ട്.

ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം

അത്തരമൊരു സന്തോഷം എനിക്ക് ബോംബെ റോസുമായി ബന്ധപ്പെട്ടാണുള്ളത്. ബോം​ബെ റോസ് എന്റെ ആദ്യത്തെ ആനിമേറ്റഡ് ഫീച്ചർ ഫിലിമാണ്. അതുവരേക്കും ഞാൻ ഷോർട്ട്‌ ഫിലിമുകളാണ് ചെയ്തിട്ടുള്ളത്. ഒരു ഫീച്ചർ ഫിലിം ചെയ്യുമ്പോൾ എനിക്ക് കൂടുതൽ ആളുകളുടെ സഹായം വേണ്ടി വരും. ബോംബെ റോസിനു വേണ്ടി. എൺപതോളം ചിത്രകാരന്മാർ എനിക്കൊപ്പം പ്രവർത്തിച്ചു. അവർ എല്ലാവരും ചേർന്നാണ് ​ഫ്രെയിമുകൾ പൂർത്തിയാക്കിയത്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സിനിമയ്ക്കുവേണ്ടി പത്തുലക്ഷത്തിലധികം ചിത്രങ്ങൾ തയ്യാറാക്കേണ്ടതുണ്ടായിരുന്നു. ഒരുപാടുപേർ ചേർന്ന് തയ്യാറാക്കുന്നതുകൊണ്ടു തന്നെ അവ ഒരുമിച്ചു ചേർക്കുമ്പോൾ ഒറ്റയ്‌ക്കൊരാൾ ചെയ്ത പോലെയുള്ളസാമ്യം അതിൽ നിലനിർത്തേണ്ടതായുണ്ട്. ആനിമേഷൻ അത്രയും ശ്രമകരമായ ഒരു ജോലിയാണ്. ക്ഷമയില്ലാതെ പൂർത്തിയാക്കാൻ പറ്റാത്ത ജോലി.

ചിത്രരചനയിൽ ഞാൻ പിന്തുടരുന്ന ശൈലി എന്റെ ടീമിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിച്ചെടുക്കുകയും ചെയ്യുക ഭയങ്കര വെല്ലുവിളി ഉയർത്തുന്ന കാര്യമായിരുന്നു. പക്ഷേ, സിനിമ പൂർത്തിയായതോടെ എല്ലാ ആശങ്കകളും മാറി. ഒരുപാട് ആളുകൾക്കൊപ്പം ഒന്നിച്ചു വളരുന്ന പോലെ ഒരു അനുഭവമായിരുന്നു അത്. ആ നിമിഷം ഞാനറിഞ്ഞ സന്തോഷം അതൊരിക്കലും മറക്കാനാകില്ല.

ഫ്രെയിമുകളിൽ ...സംഗീതത്തിൽ... കഥാഘടനയിൽ... ഒക്കെയും വ്യക്തമായ ഒരു ഇന്ത്യൻ സ്പർശം കാണാൻ കഴിയും. ഇത് ബോധപൂർവമുള്ള ഇടപെടലാണോ

തീർച്ചയായും അത് അങ്ങനെത്തന്നെയാണ്. ഒന്നിന്റെയും പകർപ്പല്ലാത്ത സ്വന്തമായ ഒരു ശൈലി പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ നാടിന് ദൃഢമായ ഒരു കലാപാരമ്പര്യമുണ്ട്. ചിത്ര രചനയിലും സംഗീതത്തിലും എല്ലാംതന്നെ കൂടുതൽ ശ്രദ്ധയോടെ ആ മൂല്യങ്ങൾ ആവിഷ്‌കരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. വിഷയങ്ങളിൽ ഇന്ത്യൻ നഗരജീവിതത്തിന്റെ കാഴ്ചകളാണ് ഞാൻ കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. കലയിൽ അനുകരണങ്ങൾ ഒഴിവാക്കാൻ ഏതുകലാപ്രേമിയെയും പോലെ ഞാനും ആഗ്രഹിക്കുന്നു. അത് ആളുകൾ തിരിച്ചറിയുന്നതാണ് അവാർഡുകളെക്കാൾ സംതൃപ്തി നൽകുന്ന കാര്യം.

Content Highlights: Geetanjali Rao Indian theater actress animator and film maker Interview, Bombay rose

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented