തിരക്ക് നിയന്ത്രിക്കാന്‍ വന്നിട്ട് ഞാന്‍ കാരണം വഴി ബ്ലോക്കായിട്ടുണ്ട് -ജിബിന്‍ ഗോപിനാഥ്


അഞ്ജയ് ദാസ് എന്‍.ടി

ഞാന്‍ ഇപ്പോഴും പോലീസ് ജോലിയെടുത്ത് ശമ്പളം വാങ്ങി ജീവിക്കുന്ന മനുഷ്യനാണ്. ഒരുപാട് പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വൈറലാവുക എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ഇത് കാണാത്തവര്‍ വളരെ കുറവാണ്. കേരളത്തിന് പുറത്തുള്ളവരൊക്കെ എന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്ത് തുടങ്ങിയിട്ടുണ്ട്. സീരീസുകളിലേക്കും സിനിമകളിലേക്കും വിളിവന്നു. ഇടയ്ക്ക് ഒരു കന്നഡ സിനിമയിലേക്ക് ഓഫര്‍ വന്നു.

ജിബിൻ ഗോപിനാഥ്

ജോലി പോലീസില്‍. അറിയപ്പെടുന്നത് നടന്‍ എന്നും വൈറല്‍ പോലീസുകാരനുമെന്ന നിലയില്‍. തിരുവനന്തപുരം കോലിയക്കോട് സ്വദേശി ജിബിന്‍ ഗോപിനാഥിനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചെറുപ്പത്തില്‍ നാടകങ്ങളിലൂടെ കലാജീവിതത്തിന് തുടക്കം. കോളേജിലെത്തിയപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. പോലീസ് യൂണിഫോമണിഞ്ഞപ്പോഴും കല കൈവിട്ടില്ല. ഇപ്പോള്‍ രാജ്യം ശ്രദ്ധിക്കുന്ന വൈറല്‍ പരസ്യത്തില്‍ ദുല്‍ഖറിനും സാമന്തയ്ക്കുമൊപ്പം. നിരയായി കൈനിറയെ ചിത്രങ്ങളും. ജിബിന്‍ സംസാരിക്കുന്നു.

അഭിനയിക്കാതെ തന്നെ നടനായി

പണ്ടുമുതലേ ടി.വിയിലെ കാഴ്ചകള്‍ ഉള്ളില്‍ കയറിയിട്ടുണ്ട്. തിരുവനന്തപുരം കോലിയക്കോടാണ് നാട്. ആ പരിസരത്ത് നാല് തിയേറ്ററുകളാണുള്ളത്. അച്ഛന്‍ വല്ലപ്പോഴും അവിടെ സിനിമ കാണാന്‍ കൊണ്ടുപോവും. മാസത്തില്‍ ഒരിക്കല്‍ കോലിയക്കോട് നിന്ന് തിരുവനന്തപുരം ടൗണില്‍ വരും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലൊക്കെ പോയി, ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിച്ച്, സിനിമയൊക്കെ കണ്ടായിരിക്കും മടക്കം. കോലിയക്കോട് യു.പി സ്‌കൂളില്‍ അന്ന് നാടക കളരിയുണ്ടായിരുന്നു. വെഞ്ഞാറമ്മൂട് രംഗപ്രഭാതിന്റെ നേതൃത്വത്തില്‍. ഇതിന്റെ ഏറ്റവും വലിയ ആളായിരുന്നു സച്ചിദാനന്ദന്‍ പിള്ള സാര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചെറിയ ഒരു പരിപാടിയായി തുടങ്ങിയെങ്കിലും പിന്നീടത് വലുതായി. അഭിനയിക്കാനുള്ള ആഗ്രഹം വരുന്നത് അവിടെ നിന്നാണ്. പിന്നെ സ്‌കൂളില്‍ നിന്നെല്ലാം നല്ല പ്രോത്സാഹനമുണ്ടായിരുന്നു. കണ്ട് കണ്ടങ്ങ് ഇഷ്ടപ്പെട്ടതാണ് അഭിനയം. ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കണ്ട് ചെന്ന് ഓഡിഷനിലൊക്കെ പങ്കെടുത്ത് ടെലിഫിലിമിലൊക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പുറത്തുവന്നിട്ടില്ല. അത് ഭയങ്കര സങ്കടമായി. എടാ നടാ എന്നൊക്കെ പലരും വിളിച്ചിട്ടുണ്ട് അന്ന്. അഭിനയിക്കാതെ തന്നെ അന്നേ നടനായി.

ഫാന്‍സുകാരെക്കൊണ്ട് ചീത്ത കേള്‍പ്പിച്ച 'താണ്ഡവം'

ലാലേട്ടനൊക്കെ പഠിച്ച അതേ എം.ജി കോളേജിലായിരുന്നു ഡിഗ്രി പഠിച്ചത്. തിരുവനന്തപുരത്തൊക്കെ ഷൂട്ടിങ് വന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുപോകുന്ന സ്ഥലങ്ങളിലൊന്നാണ് കോളേജ്. നമ്മളും കൂടെയങ്ങ് പോകും. പാതിരാത്രിയിലൊക്കെയാവും വീടെത്തുന്നത്. പബ്ലിക് എക്‌സാം മുടക്കി പോയ ചെയ്ത സിനിമയാണ് താണ്ഡവം.ചേട്ടന്‍ മരിച്ചപ്പോള്‍ ലാലേട്ടന്‍ വരുന്ന സീനാണ്. ജനക്കൂട്ടത്തിനിടയില്‍ക്കൂടി ലാലേട്ടന് വരാനായിഉണ്ടാക്കിയ വഴിയില്‍ എന്നെ നിര്‍ത്തി. ഞാനിങ്ങനെ തള്ളിത്തള്ളി നില്‍ക്കുന്നത് കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു. എന്റെ സമയം നല്ലതായതുകൊണ്ട് ഞാന്‍ നില്‍ക്കുന്ന സ്ഥലത്തത്തുമ്പോള്‍ അദ്ദേഹം രണ്ട് സെക്കന്‍ഡ് നില്‍ക്കുന്നുണ്ട്. അവിടെയാണെങ്കില്‍ സ്ലോമോഷനും. സ്്ക്രീനില്‍ ഗംഭീര അനുഭവമായിരുന്നു. ഇത്രയും നന്നായി എന്നെ ആദ്യമായി കാണിച്ചത്് ആ സിനിമയിലായിരുന്നു. ദുഃഖം തളംകെട്ടി നില്‍ക്കുന്ന സീനാണെങ്കിലും സന്തോഷം സഹിക്കാനാവാതെ കയ്യിലിരുന്ന പേപ്പറൊക്കെ വാരിയങ്ങ് എറിഞ്ഞു. ഫാന്‍സിന്റെ വക ചീത്തയും കേട്ടു. ഇപ്പോഴും ടി.വിയില്‍ ആ സീന്‍ വരുമ്പോള്‍ ഞാന്‍ മൊബൈലില്‍ ഫോട്ടോ എടുത്തുവെയ്ക്കും. അന്ന് ലാലേട്ടനൊപ്പം എടുത്ത ഒരു ഫോട്ടോ ഇപ്പോഴും എന്റെ ഫെയ്‌സ്ബുക്കിലുണ്ട്.

ട്വല്‍ത് മാനില്‍ ലാലേട്ടനൊപ്പം

വര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടനൊപ്പം ട്വല്‍ത് മാനില്‍ അഭിനയിച്ചു. പക്ഷേ താണ്ഡവം അനുഭവം അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹത്തെ പരിചയപ്പെട്ടത് ഗംഭീര അനുഭവമായിരുന്നു. ഞങ്ങളൊക്കെ ജോയിന്‍ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം വന്നത്. എല്ലാവരും ഒരു റിസോര്‍ട്ടിലാണ്. രാത്രിയാണ് സെറ്റിലേക്ക് ആദ്യമായി ലാലേട്ടന്‍ വരുന്നത്. പിറ്റേന്ന് രാവിലെ അവിടെയുള്ള വ്യൂപോയിന്റിനടുത്താണ് ഷൂട്ട്. നല്ല മഞ്ഞാണ്. ഞാനടക്കം മൂന്നുപേരുണ്ട്. സൈഡില്‍ കൊക്കയാണ്. സത്യം പറഞ്ഞാല്‍ വിശ്വസിക്കില്ല, ദൂരേ നിന്ന് ഒരാള്‍ വരികയാണ്. സിനിമയിലെ സ്വപ്‌നരംഗമൊക്കെ പോലെ. തൊട്ടടുത്ത് എത്തിയപ്പോഴാണ് അത് ലാലേട്ടനാണെന്ന് മനസിലായത്. മറ്റുരണ്ടുപേര്‍ക്കും അദ്ദേഹത്തെ നേരത്തെ പരിചയമുണ്ട്. എന്നോട് പേരൊക്കെ ചോദിച്ചു. സീനൊക്കെ ചോദിച്ചു, വീണ്ടും കാണാമെന്നൊക്കെ പറഞ്ഞു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ തന്റെ കൂടെ ഫോട്ടോ എടുക്കുന്നതില്‍ എന്താപ്രശ്‌നം എന്നാണ് ലാലേട്ടന്‍ ചോദിച്ചത്. എന്റെ കിളി പോയി. ഞാന്‍ പോലീസുകാരനാണെന്ന് അന്നറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അറിയാം. പിന്നെ ഞാന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് മമ്മൂക്കയ്ക്കും അറിയാം.

മമ്മൂക്കയുടെ ഉപദേശം

ഗ്രേറ്റ് ഫാദറിലാണ് മമ്മൂക്കയ്‌ക്കൊപ്പം ആദ്യം ചെയ്യുന്നത്. മേക്കപ്പൊക്കെ ഇട്ട് ഡയലോഗൊക്കെ മനഃപാഠമാക്കി ഇരിക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്. അദ്ദേഹത്തെ നേരില്‍ക്കണ്ടപ്പോഴേക്കും എന്റെ സകല ഗ്യാസും പോയി. പഠിച്ചതൊക്കെ മറന്നു. ആകപ്പാടെ ഒരു വെപ്രാളം. ഹനീഫ് അദേനിയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. ഞാന്‍ കാര്യം പറഞ്ഞു. സഹതാരങ്ങളെ നന്നായി പിന്തുണയ്ക്കുന്ന ആളാണ് മമ്മൂക്കയെന്ന് പറഞ്ഞ് ഹനീഫ് എന്നെ സമാധാനിപ്പിച്ചു. പക്ഷേ ആദ്യ ഷോട്ടില്‍ത്തന്നെ സെറ്റായി. പിന്നെ മമ്മൂക്കയുമായി സംസാരിച്ചപ്പോള്‍ എന്നോട് വേറെന്തെങ്കിലും ജോലിയുണ്ടോ എന്ന് ചോദിച്ചു. പോലീസിലാണെന്ന് പറഞ്ഞപ്പോള്‍ നന്നായി, നല്ല രീതിയില്‍ മുന്നോട്ടുപോകണം എന്നു പറഞ്ഞു. പോലീസുകാരന്‍ എന്ന രീതിയിലാണ് അദ്ദേഹം പിന്നീട് പെരുമാറിയത്. വണ്ണില്‍ സീന്‍ കുറവായിരുന്നെങ്കിലും മമ്മൂക്കയ്‌ക്കൊപ്പം ഒരുപടം കൂടി ചെയ്യാനായി. എബ്രഹാമിന്റെ സന്തതികള്‍ എന്ന പടത്തിന്റെ സെറ്റില്‍പ്പോയി കണ്ട് പരിചയം പുതുക്കിയിരുന്നു.

ദുല്‍ഖറിനൊപ്പം വൈറല്‍ പരസ്യം

ഓഡിഷന്‍ വഴിയാണ് പരസ്യത്തില്‍ അഭിനയിച്ചത്. പരിചയമുള്ള ഒരു കമ്പനി വഴിയായിരുന്നു അത്. സാമന്തയും ദുല്‍ഖറുമാണ് അഭിനയിക്കുന്നത് എന്ന് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും കിട്ടില്ലെന്നാണ് കരുതിയിരുന്നത്. കൊച്ചിയിലെ കാസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് എന്റെ ചിത്രങ്ങളയച്ചത് സത്യത്തില്‍ ഞാനറിഞ്ഞിരുന്നില്ല. അങ്ങനെ ഇവിടെ നിന്ന് വളരെ ചുരുക്കം പേരെ സെലക്റ്റ് ചെയ്യുകയും വീഡിയോ ചെയ്യാന്‍ ഒരു സ്‌ക്രിപ്റ്റ് അയച്ചുതന്നു. അവര്‍ ഒരു പത്തുതവണ വിളിച്ചിട്ടുണ്ടാവും. ഇനി ശല്യപ്പെടുത്തരുത് എന്നുള്ള ഉദ്ദേശത്തോടെ മനസില്ലാ മനസോടെ വീഡിയോ ഞാന്‍ അയച്ചുകൊടുത്തു. ഫൈനലില്‍ തമിഴിലെ ഒരു പ്രശസ്ത നടനും ഞാനുമാണ് വന്നത്. നിരവധി പരസ്യങ്ങള്‍ ചെയ്ത് പ്രശസ്തനായതുകൊണ്ട് അദ്ദേഹത്തിനേ കിട്ടൂ എന്നാണ് ഞാന്‍ വിചാരിച്ചത്. കോവിഡിന്റെ സമയത്ത് ഞാന്‍ കുറച്ച് ബോധവത്കരണ വീഡിയോകള്‍ ചെയ്തിരുന്നു. അതിലെ എന്റെ ചില എക്‌സ്പ്രഷന്‍ കണ്ടാണ് പുതുമുഖം എന്ന രീതിയില്‍ സംവിധായകന്‍ റാംജെ എന്നെ തിരഞ്ഞെടുത്തത്. അദ്ദേഹവുമായി ഇപ്പോള്‍ നല്ല സൗഹൃദമുണ്ട്. പുതിയ വര്‍ക്കുകളിലേക്ക് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

ദുല്‍ഖറുമായും സാമന്തയുമായും നല്ല കൂട്ടായി

മൂന്ന് ദിവസമുണ്ടായിരുന്നു ഷൂട്ടിങ്. സാമന്തയാണ് സെറ്റില്‍ ആദ്യം വന്നത്. പണ്ടേ ഭയങ്കര ഇഷ്ടമുള്ള നടിയാണ്. ക്രഷ് എന്നൊക്കെ പറയില്ലേ. മുമ്പൊരു പരസ്യത്തില്‍ ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതില്‍ ഞാന്‍ മിന്നി മാഞ്ഞ് പോവുകയാണ്. സാമന്തയുണ്ട് എന്ന ഒറ്റക്കാരണത്തിലാണ് അതിലേക്ക് ചെന്നത്. പക്ഷേ ആളെ കാണാന്‍ പോലും പറ്റിയില്ല. പക്ഷേ കൃത്യം രണ്ടുമാസം കഴിഞ്ഞപ്പോള്‍ രണ്ട് ദിവസം ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഭാഗ്യമാണ്. ഭയങ്കര കമ്പനിയാണ് സാമന്ത. എല്ലാവരും ഹിന്ദിയാണ് പറഞ്ഞത് എന്നതായിരുന്നു ഒരു പ്രശ്‌നം. കേട്ടാല്‍ അത്യാവശ്യം മനസിലാവും. ഞാന്‍ കുറച്ച് വെള്ളംകുടിച്ചു. പിറ്റേന്ന് ദുല്‍ഖര്‍ വന്നപ്പോഴാണ് സമാധാനമായത്. ഞാനത് പുള്ളിയോട് പറയുകയും ചെയ്തു. സല്യൂട്ടിന്റെ സെറ്റില്‍ വച്ചുള്ള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. ഞങ്ങള്‍ തമ്മില്‍ മലയാളം പറയുന്നത് കേള്‍ക്കുമ്പോള്‍ സാമന്ത അടുത്ത് വരും. എന്നിട്ട് പിന്നെ തമിഴിലാകും ഞങ്ങളുടെ സംസാരം.

പരസ്യം വൈറലായി, ആരാധകരും കൂടി

ഞാന്‍ ഇപ്പോഴും പോലീസ് ജോലിയെടുത്ത് ശമ്പളം വാങ്ങി ജീവിക്കുന്ന മനുഷ്യനാണ്. ഒരുപാട് പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വൈറലാവുക എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ഇത് കാണാത്തവര്‍ വളരെ കുറവാണ്. കേരളത്തിന് പുറത്തുള്ളവരൊക്കെ എന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്ത് തുടങ്ങിയിട്ടുണ്ട്. സീരീസുകളിലേക്കും സിനിമകളിലേക്കും വിളിവന്നു. ഇടയ്ക്ക് ഒരു കന്നഡ സിനിമയിലേക്ക് ഓഫര്‍ വന്നു. സിങ്ക് സൗണ്ട് പടമായതിനാല്‍ മാത്രം ഒഴിവാക്കേണ്ടിവന്നു. പക്ഷേ അവര്‍ പകരം ആളെ എടുക്കാന്‍ എന്റെ ഫോട്ടോ വെച്ച് ഇതേ രൂപസാദൃശ്യമുള്ളയാളിനുവേണ്ടി തിരഞ്ഞു. നമ്മളെ അവിടെയുള്ളവരൊക്കെ തിരിച്ചറിയുന്നു എന്നത് തന്നെ സന്തോഷം. ഒരിക്കല്‍ തിരുവനന്തപുരം ലുലു മാളില്‍ തിരക്ക് നിയന്ത്രിക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂം വണ്ടിയുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുവന്ന ഏതാനും പെണ്‍കുട്ടികള്‍ മൂന്ന് നാല് തവണ എന്നെ നോക്കി അതിലേ നടന്നു. പിന്നെ വേറൊരു സുഹൃത്തുമായി വന്ന് പരസ്യത്തില്‍ അഭിനയിച്ച അതേയാള്‍ തന്നെയല്ലേ എന്ന് ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോള്‍ കൂടെ വന്ന മറ്റുള്ളവര്‍ മുഴുവനും എന്റെയടുത്തേക്ക് വന്നു. അവരുടെയൊക്കെ ഒരു സന്തോഷം കാണണം. അവര്‍ക്ക് എന്റെ കൂടെ സെല്‍ഫിയെടുക്കണം. നമ്മള്‍ തിരക്ക് നിയന്ത്രിക്കാന്‍ വന്നിട്ട് നമ്മള്‍ തന്നെ ബ്ലോക്ക് ഉണ്ടാക്കിയ അവസ്ഥയായിരുന്നു. വേറൊരിക്കല്‍ ഞാന്‍ റോഡില്‍ ജോലിയെടുക്കുന്നത് കണ്ട് ശ്രദ്ധ പോയി ഒരു ചെറുപ്പക്കാരന്‍ ബൈക്കില്‍ നിന്ന് വീണു. ഡബിള്‍ പണിയുണ്ടാക്കല്ലേ അളിയാ എന്ന് സഹപ്രവര്‍ത്തകര്‍ പറയും. സന്തോഷം കൊണ്ടാണ്. അമ്മമാരൊക്കെ കാണുമ്പോള്‍ വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയുമൊക്കെ ചെയ്യും. ബര്‍മുഡ എന്ന് സിനിമയുടെ പ്രചാരണപരിപാടിയില്‍ ടി.കെ. രാജീവ്കുമാര്‍ സാര്‍ എന്നെ വേദിയിലേക്ക് പ്രത്യേകം ക്ഷണിക്കുകയൊക്കെ ചെയ്തു. കമല്‍ഹാസന് വരെ ആക്ഷനും കട്ടും പറഞ്ഞയാളാണ് അദ്ദേഹമെന്നോര്‍ക്കണം.

സിനിമയില്‍ വന്ന ശേഷമുള്ള പോലീസ് ജോലി

ഞാനിപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലാണ്. പ്രതാപന്‍ സാറാണ് എ.സി.പി. സാറൊക്കെ വളരെ അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. എന്റെ പോലീസുകാരന്‍ എന്നാണ് പറയാറ്. പോലീസിന്റെ സോഷ്യല്‍ മീഡിയാ ടീമിലൂടെയാണ് ഞാന്‍ വൈറലാവുന്നത്. മനോജ് എബ്രഹാം സാറായിരുന്നു ഇതിന്റെ ഹെഡ്. സാറും ഡിപ്പാര്‍ട്ട്‌മെന്റും നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോള്‍ ലീവിലാണ്. കുഞ്ചാക്കോ ബോബന്റെ പുതിയ പടത്തില്‍ നല്ല വേഷമാണ്. ടോവിനോയും നരേനും ലാല്‍ സാറുമെല്ലാമുണ്ട്. ജൂഡ് ആന്റണിയാണ് സംവിധാനം. പതുക്കെ തിരക്കായി വരുന്നുണ്ട്.

Content Highlights: Gibin Gopinath actor Interview, Kerala Police, dulquer salmaan, samantha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented