'മാതൃകയാക്കാൻ പറ്റുന്ന ഭർത്താവോ അച്ഛനോ ആയിരുന്നില്ല, ഞാനൊരു സ്വേച്ഛാധിപതിയായിരുന്നു'


ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ്/മനോജ് കെ. ദാസ്manojkdas@mpp.co.in

ഈ സിനിമയും മറ്റെല്ലാ ആവിഷ്കാരങ്ങളെയുംപോലെ, യാഥാർഥ്യവും മിഥ്യയും കൂട്ടിക്കുഴച്ച ഒരു കോക്‌ടെയ്ൽ ആണ്. നല്ല പങ്കും എന്റെ പുസ്തകത്തിലുള്ളതുതന്നെ. പക്ഷേ, സിനിമയിൽ കാണുന്നപോലെ ഞാൻ ഓടിക്കയറിയത് രാഷ്ട്രപതി കലാമിന്റെ മുറിയിലേക്കായിരുന്നില്ല. ഒരു കേന്ദ്രമന്ത്രിയുടെ മുറിയിലേക്കാണ്.

ക്യാപ്റ്റൻ ഗോപിനാഥ്, സൂരറൈ പോട്രിൽ സൂര്യയും അപർണ ബാലമുരളിയും

റന്നുയരാൻ വെമ്പുന്ന ആ കുഞ്ഞു മഞ്ഞക്കൈകൾ ഒരു കാത്തിരിപ്പിന്റെ കഥയാണ്. മനസ്സിൽ സ്വപ്നം വിതച്ചതു മുതൽ ആകാശം കീഴടക്കിയ കാലംവരെയുള്ള സംഘർഷത്തിന്റെയും കണ്ണീരിന്റെയും പുഞ്ചിരിയുടെയും ചതിയുടെയും കഥയാണ്. ഒരു ക്ലാസിക് രചനയ്ക്കുവേണ്ട എല്ലാ നാടകീയതകളും അതിനുണ്ടായിരുന്നു. ക്യാപ്റ്റൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ ഗോപിനാഥ് എന്ന ജി. ആർ. ഗോപിനാഥാണ് ഈ കഥയിലെ നായകൻ ‘സിംപ്ലി ഫ്ലൈ’ എന്നുപറഞ്ഞ്, സാധാരണക്കാരായ ഇന്ത്യക്കാർക്ക് ആകാശനീലിമയിലൂടെ ഊളിയിടാൻ സഹായിച്ചത് ഗോപിനാഥ് കണ്ട് യാഥാർഥ്യമാക്കിയ ഈ സ്വപ്നമായിരുന്നു. ആ കഥ ആദ്യം പുസ്തകമായും ഇപ്പോൾ സിനിമയായും ജനങ്ങളെ കൂടുതൽ വിസ്മയിപ്പിക്കുന്നു.

പല പ്രയത്നങ്ങളുടെയും കഥകൾ ചരിത്രത്തിന്റെ ചാരംമൂടി മാഞ്ഞുറഞ്ഞ് പോവാറുണ്ട്‌; ചില ഓർമപ്പെടുത്തലുകൾ അവയുടെ കനലുകൾ വീണ്ടും ആളിക്കത്തിക്കുന്നതുവരെ. അവയെല്ലാം ഒഴുകിയെത്തുന്നത് അസാമാന്യമായ ചില പോരാട്ടങ്ങളുടെ കുരുക്ഷേത്രത്തിലേക്കാണ്‌. ക്യാപ്റ്റൻ ഗോപിനാഥിനെപ്പോലുള്ള ചില ഐക്കണുകളുടെ ജീവിതത്തിലേക്കാണ്. ഗോപിനാഥിന്റെ ജീവിതപുസ്തകമായ Simply Fly: A Decan Odyssey ആണ് സിനിമയ്ക്ക് ആധാരം. സുരറൈ പോട്രിലെ മാരനും ബൊമ്മിയും കാഴ്ചവെച്ച റീൽ വെല്ലുവിളികളെക്കാൾ ഉദ്വേഗം ജനിപ്പിക്കുന്നതാണ് ഗോപിനാഥിന്റെയും ഭാർഗവി ഗോപിനാഥിന്റെയും ജീവിതം. അതുകൂടി അറിയുമ്പോഴേ സിനിമയുടെ കാഴ്ച പൂർണമാവൂ. സുധ കൊങ്കാര എന്ന സംവിധായിക സാക്ഷാത്കരിച്ച തന്റെ ജീവിതസിനിമയെക്കുറിച്ചാണ്‌
ഗോപിനാഥ് ആദ്യം പറഞ്ഞുതുടങ്ങിയത്‌.

'‘ഈ സിനിമയും മറ്റെല്ലാ ആവിഷ്കാരങ്ങളെയുംപോലെ, യാഥാർഥ്യവും മിഥ്യയും കൂട്ടിക്കുഴച്ച ഒരു കോക്‌ടെയ്ൽ ആണ്. നല്ല പങ്കും എന്റെ പുസ്തകത്തിലുള്ളതുതന്നെ. പക്ഷേ, സിനിമയിൽ കാണുന്നപോലെ ഞാൻ ഓടിക്കയറിയത് രാഷ്ട്രപതി കലാമിന്റെ മുറിയിലേക്കായിരുന്നില്ല. ഒരു കേന്ദ്രമന്ത്രിയുടെ മുറിയിലേക്കാണ്. അതേപോലെ, എയർ െഡക്കാണിന്റെ ആദ്യയാത്ര ഉപേക്ഷിക്കാൻ കാരണമായ തീപ്പിടിത്തം അട്ടിമറിയായിരുന്നില്ല; അശ്രദ്ധകൊണ്ടായിരുന്നു. എൻജിന് പുറത്ത് തളംകെട്ടിനിന്ന ഇന്ധനം കാരണമായിരുന്നു. എന്നാൽ, സിനിമയിലെ ഓരോ െഫ്രയ്‌മിലെയും സ്വപ്നങ്ങൾ എന്റേതുമാത്രമായിരുന്നു.’’

അങ്ങനെ പറയാൻ കാരണം...

= ഒരു സാധാരണക്കാരന് വിമാനത്തിൽ പറക്കാൻ സാധിക്കണം എന്ന എന്റെ സ്വപ്നം, എന്നോടൊപ്പം വളർന്നുവന്നതായിരുന്നു. ഒത്തിരി കഥകൾ ഞാൻ കേട്ടിരുന്നു. പണത്തിന്റെ കുറവുകൊണ്ട് യാത്രമുടങ്ങിയ പലർക്കും സംഭവിച്ച സമാനതകളില്ലാത്ത സങ്കടങ്ങൾ എനിക്കറിയാമായിരുന്നു. ഇത്തരം ഒരു രംഗം ചിത്രത്തിലുണ്ട്. അച്ഛന്റെ കണ്ണടയുംമുമ്പ് ഓടിയെത്താൻ ശ്രമിക്കുന്ന മാരൻ. എയർപോർട്ടിലെ പലരും പുച്ഛത്തോടെ അവനെ ആട്ടിയോടിക്കുന്നു. ഇതൊക്കെ, ചെറിയ ചെലവിലുള്ള വിമാനയാത്ര സാധ്യമാക്കണമെന്ന ആഗ്രഹം കൂടുതൽ എന്നെ ആവേശിക്കാൻ കാരണമായി. എന്റെ ശ്രമങ്ങളും ഞാൻ നേരിട്ട തിരിച്ചടികളും ഏവിയേഷൻ ചരിത്രത്തിന്റെ ഭാഗമാണ്. അതിലെ സംഘർഷങ്ങൾ ഓർമിപ്പിക്കുന്നുവെന്നതാണ്‌ ഈ സിനിമയിൽ ഞാൻ കാണുന്ന മഹത്ത്വം. ഈ മഹാമാരിക്കാലത്തിനുമുമ്പിൽ പകച്ചുനിൽക്കുന്ന രാജ്യത്തിന്റെ യുവത്വത്തിന് തളരാതെ പോരാടാനുള്ള പ്രചോദനമായാണ് ഞാൻ ഈ സിനിമയെ കാണുന്നത്.

ക്യാപ്റ്റന്റെയും മാരന്റെയും സ്വപ്നങ്ങൾതമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ...

= ഗ്രാമത്തിൽ ജനിച്ച, സൂര്യ അവതരിപ്പിക്കുന്ന മാരൻ ഗ്രാമത്തിന്റെ എളിമ നിലനിർത്തിക്കൊണ്ടാണ് വലിയ സ്വപ്നങ്ങൾ നെയ്തത്. അത്തരം സ്വപ്നമായിരുന്നു എന്റേതും (ഇവിടെയും അച്ഛൻ അധ്യാപകനായിരുന്നു എന്നത് മാത്രമാണ് റിയാലിറ്റി).

‘സുരറൈ പോട്രി’ന്റെ അവസാന രംഗത്തിൽ കാതുകളിൽ തൂങ്ങിച്ചിരിക്കുന്ന സ്വർണക്കമ്മലുകളെക്കാൾ പ്രകാശംപരത്തി സന്തോഷം പങ്കുവെക്കുന്ന മുത്തശ്ശിമാർ ആദ്യയാത്രയ്ക്കുശേഷം പറയുന്നു: ‘‘മാരാ, ഇതുമാത്രമായിരുന്നു ബാക്കിയുണ്ടായിരുന്ന ആഗ്രഹം’’. ക്യാപ്റ്റൻ ഗോപിനാഥും ഇത്തരം സന്ദർഭങ്ങൾക്ക് നിറയെ സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ട് മുമ്പുവരെ വിമാനത്തിൽ കൂടെയിരിക്കുന്നവനെ പുച്ഛത്തോടെമാത്രം കണ്ടിരുന്ന കാലം അദ്ദേഹത്തിന് ഓർമയുണ്ട്.

സാധാരണക്കാരന് ഒരു രൂപയ്ക്ക് പറക്കാനാകുക എന്ന സ്വപ്നം ജനിക്കുന്നത് ഇവിടെനിന്ന്. ഈ ആഗ്രഹം എയർ െഡക്കാന്റെ ലോഗോ അടിവരയിടുന്നു. തുടക്കത്തിൽ പ്രതിപാദിച്ച കുഞ്ഞു മഞ്ഞക്കൈകൾ പറക്കാൻ വെമ്പൽകൊള്ളുന്നത് അങ്ങനെയാണ്‌. ഓർച്ചന്ദ് ലിയോ ബേണറ്റ് ആണ്‌ അത്‌ ഡിസൈൻ ചെയ്തത്. (സിനിമയിൽ ഇതിനോട് സാമ്യമുള്ള ചേർത്തുവെച്ച കൈകൾ). സാധാരണക്കാരനുമായി ഇതിനുമുമ്പ് ചേർന്നിരുന്ന മറ്റൊരു ബിംബം ആർ.കെ. ലക്ഷ്മണന്റെ കോമൺമാൻ ആണ്. എല്ലാ എയർ െഡക്കാൻ വിമാനങ്ങളുടെയും വാതിൽക്കൽ ഈ കുറിയമനുഷ്യൻ-ഇന്ത്യൻ ജീവിതത്തിന്റെ കണക്കെടുത്ത്‌ എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും അഭിപ്രായം പറഞ്ഞിരുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങൾ, ആശകൾ, ആശയങ്ങൾ, ആശങ്കകൾ പകർന്നാടിയ കോമൺമാൻ എന്ന അംബാസഡർ.

നടൻ മുരളി അഭിനയിച്ച എയർ ടെക്കാന്റെ പരസ്യം

ഒന്നുകൂടി വിശദീകരിക്കുമോ...

= സാധാരണക്കാരന്‌ അസാധാരണമായ ശക്തിയും ഊർജവും കൊടുക്കുന്നത്‌ ഭാര്യയാണ്‌. ആർ.കെ. ലക്ഷ്മണിന്റെ കോമൺമാനി​ന്‌ ഒപ്പവും ശക്തമായ നിശ്ശബ്ദസാന്നിധ്യമായി ഭാര്യയുണ്ടായിരുന്നു. എന്റെയൊപ്പവും ഉണ്ടായിരുന്നു. സിനിമയിൽ മാരന്‌ ഒപ്പം ബൊമ്മി നിലയുറപ്പിച്ചതുപോലെ. എന്റെ ഭാര്യ നല്ല ബേക്കറാണ്‌. സ്വന്തമായി ബേക്കറി നടത്തിയിരുന്നു. ഇന്നും നാല്‌ കടകൾ ഉണ്ട്‌. ബെംഗളൂരുവിൽ പക്ഷേ, എയർ ​െഡക്കാൻ തുടങ്ങാൻ അവരുടെ പണം എടുത്തിട്ടില്ല. എന്നാൽ, സിനിമയുടെ ഒരു നിർണായകഘട്ടത്തിൽ ബൊമ്മിയുടെ കൈയിൽ നിന്നും 20,000 രൂപ വാങ്ങുന്ന മാരന്റെ രംഗമുണ്ട്‌.

തന്റെ ജീവിതത്തിൽ ഭാര്യയുടെ പങ്ക്‌ വലുതാണ്‌ എന്ന്‌ ഗോപിനാഥ്‌ പറയുന്നു. സുരറൈ പോട്രിലെ എയർ ​െഡക്കാൻ കേറ്ററിങ്‌ കരാർ ഗോപിനാഥിന്റെ ഭാര്യക്കായിരുന്നു. അവരുടെ ബേക്കറി വ്യവസായവും ഒപ്പം വളർന്നു. ഇതിൽ എ​െന്തങ്കിലും സന്ദേശമുണ്ടോ..

ഇതും ഒരു സന്ദേശമാണ്‌, സിനിമയിലെ ബൊമ്മിയെപ്പോലെ ശക്തമായ അസ്തിത്വം മുറുകെപ്പിടിച്ച്‌ ഒരു സാധാരണ ഭാര്യയുടെ റോൾ സാക്ഷാത്‌കരിക്കുന്ന അനേകം സ്ത്രീകളുമുണ്ട്‌. എന്റെ ഭാര്യ അതുപോലെത്തന്നെ. ഇന്ത്യയുടെ യാത്രാസങ്കല്പങ്ങളെയാണ്‌ ഗോപിനാഥും സംഘവും ചേർന്ന്‌ മാറ്റിമറിച്ചത്‌. കൂടുതലായി യാത്രക്കാർ ലോകോസ്റ്റ്‌ വിമാനങ്ങളിലേക്ക്‌ യാത്ര മാറ്റിയപ്പോൾ പിടിച്ചുനിൽക്കാൻ റെയിൽവേ സൗകര്യങ്ങൾ വർധിപ്പിച്ചു. വൃത്തിയുള്ള വിശ്രമമുറികൾ റെയിൽവേ സ്റ്റേഷനുകളിലുണ്ടായി. സംസ്ഥാനാന്തര യാത്രാബസുകൾ ലക്ഷ്വറിയായി. എയർ ​െഡക്കാൻ മോഡൽ ഏറ്റുപിടിച്ച്‌ പല കമ്പനികളും എത്തി. തമാശയായി ഒരു പറച്ചിലുണ്ട്‌: എവിടേക്കും ഏത്‌ സമയത്തും ബസ്‌ കിട്ടുന്ന തമ്പാനൂർ ബസ്‌സ്റ്റാൻഡ്‌ പോലെയായി എല്ലാ എയർപോർട്ടുകളും. കൂടാതെ ഇന്ത്യയിലെ ഉപയോഗിക്കാതെകിടന്ന പല എയർസ്‌ട്രിപ്പുകളും വീണ്ടും ഉണർന്നു, ഇന്റർനെറ്റ്‌ വിമാനടിക്കറ്റ്‌ ബുക്കിങ്‌ ലാപ്‌ടോപ്പിൽനിന്നും പിന്നീട്‌ ഫോണുകളിലേക്കും.

പതുക്കെപ്പതുക്കെ പ്രതിബന്ധങ്ങൾ വന്നുതുടങ്ങിയല്ലോ...

=ഞങ്ങൾ മൂന്നാമത്തെ വലിയ എയർലൈൻ കമ്പനിയായി വളർന്നു. പക്ഷേ, ഒരേ ബിനിനസ്‌ മോഡലിന്റെ പല പതിപ്പുകൾ ഒന്നിച്ചിറങ്ങുന്നതിന്റെ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങി. പൈലറ്റുകളെ കിട്ടാതെയായി. എയർപോർട്ടുകളിൽ തിരക്കേറി. ഒപ്പം ഏവിയേഷൻ ഇന്ധനവിലയും വളരെക്കൂടി. എയർ ഡെക്കാന്റെ ചിറകുകൾ പലവട്ടം ഒടിക്കപ്പെട്ടു. അക്കാലത്ത്‌ ഞാൻ നേരിടേണ്ടിവന്ന എതിർപ്പുകൾ ഭയങ്കരമായിരുന്നു. ചെറിയ ചെലവിലുള്ള വിമാനയാത്ര എന്ന ആശയത്തെ കളിയാക്കി. ജെറ്റ്‌ എയർവേസ്‌ പല പ്രചാരണവും നടത്തി. ലൈസൻസ്‌രാജ്‌ അവർക്ക്‌ കൂട്ടുനിന്നു. എന്നാൽ, പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. ഒപ്പംനിന്നത്‌ എന്റെ പഴയ സൈനിക സഹപ്രവർത്തകരായിരുന്നു. പേരുകൾ മാറ്റിയെങ്കിലും അവർ യാഥാർഥ്യത്തെ വെളിപ്പെടുത്തുന്നുണ്ട്‌. സൗഹൃദം എന്ന മാജിക്കിനെ അനുഭവിപ്പിക്കുന്നുണ്ട്‌. ഇന്നും ഞങ്ങൾ സ്വപ്നം കാണാറുണ്ട്‌. സ്വപ്നം കാണാനും ഓർമകൾക്കൊപ്പം പറക്കാനും ഞാൻ സമയം കണ്ടെത്തുന്നു.

ആ സമയത്താണ്‌ മല്യയുടെ കിങ്‌ഫിഷറുമായി ഡെക്കാൻ കൈകോർത്ത്‌ simplifly Deccan രൂപം കൊടുത്തത്‌. ആ തീരുമാനം എടുക്കുന്നതിലും അവർ ഒന്നിച്ചായിരുന്നു. ക്യാപ്‌റ്റൻ സാമുവൽ, കേണൽ പൂവൈ, കേണൽ വിഷ്ണുറാവൽ എന്നിവർ (ഇവർ ആർമി ഏവിയേഷൻ വിഭാഗത്തിലായിരുന്നു. സിനിമയിൽ എല്ലാവരെയും വ്യോമസേനയുടെ ഭാഗമായാണ്‌ കാണിച്ചിരുന്നത്‌). അധികം കഴിയാതെ മല്യയുമായുള്ള ബിസിനസ്‌ ബന്ധം പിരിഞ്ഞു. ഗോപിനാഥ്‌ ചരക്ക്‌ ഗതാഗതരംഗത്തേക്ക്‌ തിരിഞ്ഞു. പിന്നീട്‌ രാഷ്ട്രീയം പയറ്റി. സ്വതന്ത്രനായും ആം ആദ്‌മി പാർട്ടിക്കായും മത്സരിച്ച്‌ തോറ്റു.

താങ്കളൊരു ഉത്സുകനായ ട്രക്കറും പർവതാരോഹകനുമാണ്. ഈ യാത്രകൾ ഒട്ടേറെ പാഠങ്ങൾ പഠിപ്പിച്ചതായി താങ്കൾ പറഞ്ഞു. എന്താണ് ഈ അഭിനിവേശത്തിൽനിന്നുള്ള പാഠങ്ങൾ

= ഒരിക്കൽ ഞാൻ അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു അപകടമുണ്ടായി. 40 അടി ഉയരമുള്ള മഞ്ഞുമലയിൽനിന്ന് വീണപ്പോഴായിരുന്നു അത്. എന്റെ കൈ പൊട്ടി. അത് എന്റെ യാത്രകളെ ബാധിക്കുമെന്ന് എനിക്കുറപ്പായിരുന്നു. നാലുപേർ ചേർന്ന് എന്നെ സൈനിക ക്യാമ്പിലെത്തിച്ചു. ആ അനുഭവം എന്നെ, ‘അന്നും ഇന്നും നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവരുടെ പ്രയത്‌നത്തെ ആശ്രയിച്ചിരിക്കുന്നു’വെന്ന ഐന്‍സ്‌റ്റൈറ്റന്റെ വാചകം ഓർമിപ്പിച്ചു. അതൊരു സഹജീവിപരമായ വലയാണ്. നമ്മുടെ ജീവിതവും പ്രവൃത്തിയുമെല്ലാം പരസ്പരാശ്രിതമാണ്. ഒരു സ്വയംസംരംഭകനെന്ന നിലയിലും ഇതെന്നെ സഹായിച്ചു.

സൈനികസേവനം താങ്കളെ പഠിപ്പിച്ച പാഠമെന്താണ്

= ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. റോഡിലെ മുന്നറിയിപ്പ് ചിഹ്നം പോലെ ഓരോ അനുഭവവും നിങ്ങളിൽ അവശേഷിക്കുകയും നിങ്ങളെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. പക്ഷേ, ഒരു ഓർമ അവശേഷിക്കുന്നു. അത് ഞാൻ നിങ്ങളുടെ സംസ്ഥാനത്തായിരുന്നപ്പോഴാണ്; തിരുവനന്തപുരത്ത്. അടുത്ത സുഹൃത്തായിരുന്ന ഒരു യുവതി ഒരു വിവാഹത്തിൽനിന്നു രക്ഷപ്പെടാൻ എന്റെ സഹായം തേടി. ആ വിവാഹത്തിനായി അവരുടെ കുടുംബം അവരെ ഏറെ നിർബന്ധിക്കുന്നുണ്ടായിരുന്നു. എടുത്തുചാട്ടക്കാരനായ എന്നിലെ യുവാവ് ഇടംവലം നോക്കിയില്ല. സഹപ്രവർത്തകനായ ഒരു ഓഫീസറുടെ സഹായത്തോടെ ആ യുവതിയെ വീട്ടിൽനിന്നിറങ്ങാൻ ഞാൻ സഹായിച്ചു. അവരെ ഞാൻ കൊല്ലത്തേക്ക് ഒരു ബൈക്കിൽ കൊണ്ടുപോയി. അവിടെനിന്ന് എന്റെ സുഹൃത്തായ മറ്റൊരു ഓഫീസർ അവരെ എറണാകുളത്തെത്തിച്ചു. അവിടെനിന്ന് അവർ തീവണ്ടിയിൽ ബെംഗളൂരുവിലേക്കു പോയി. ഈ സംഭവം ഏറെ വിവാദമായി. ഞാൻ കണ്ട മികച്ച ഓഫീസർമാരിലൊരാളായ ബ്രിഗേഡിയർ നരഹരി എന്നെ വിളിപ്പിച്ചു. കാരണം, ഈ യുവതിയുമായുള്ള എന്റെ സൗഹൃദം അദ്ദേഹത്തിന് അറിയാമായിരുന്നു. എനിക്കെതിരേ നടപടിയെടുക്കാൻ അദ്ദേഹത്തിനുമേൽ വൻ സമ്മർദമുണ്ടായിരുന്നു. പക്ഷേ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആ യുവതി തിരിച്ചെത്തി. ഒരു വിവാഹത്തിനും നിർബന്ധിക്കില്ലെന്ന കുടുംബത്തിന്റെ ഉറപ്പിനെത്തുടർന്നായിരുന്നു അത്. ഞാൻ ആ പെൺകുട്ടിക്കു നൽകിയ 5000 രൂപ കുട്ടിയുടെ അച്ഛൻ നരഹരിക്കു നൽകി. വീണ്ടും എന്നെ വിളിപ്പിച്ച് ആ പണം ഏൽപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘നീ ഉദ്ദേശിച്ച കാര്യവും നടന്നു, പണവും പോയില്ല. ഇനി സ്ഥലംവിട്.’’ മറ്റേതെങ്കിലും ഓഫീസറായിരുന്നെങ്കിൽ എന്നെ കോർട്ട് മാർഷൽ ചെയ്യുമായിരുന്നു. ജീവിതത്തിൽ നമ്മൾ കാണുന്നതെല്ലാം കറുപ്പും വെളുപ്പുമായിട്ടല്ലെന്ന പാഠം അന്നു ഞാൻ പഠിച്ചു. ആളുകളെ വിലയിരുത്തേണ്ടത് സഹിഷ്ണുതയുടെയും കാരണങ്ങളുടെയും വെളിച്ചത്തിലാണ്. ആളുകൾക്ക് രണ്ടാമതൊരു അവസരംകൂടി നൽകാനും ഒരു സന്ദേശം നൽകാൻ നിർബന്ധിക്കാതിരിക്കാനുമുള്ള കാരണം ഈ സംഭവം എന്നെ പഠിപ്പിച്ചു.

സിനിമയിൽ മാരനും ബൊമ്മിയും തമ്മിൽ അപൂർവമാെയാരു പാരസ്പര്യമുണ്ട്. താങ്കളുടെ ഭാര്യയും കുടുംബവും ആദ്യമായി താങ്കളുമായി കൂടിക്കാഴ്ച നടത്തിയതും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ ഒരു കൃഷിയിടത്തിൽവെച്ചാണ്. ആ കൂടിക്കാഴ്ചയെക്കുറിച്ച് താങ്കളുടെ ഓർമകളെന്താണ്

G R Gopinath captain founder of Air Deccan Interview life struggle family soorarai pottru Suriya
ജീവിതത്തിലെ കല്യാണം: ക്യാപ്‌റ്റൻ ഗോപിനാഥും ഭാര്യ ഭാർഗവിയും

= അന്ന് അവരവിടെ താമസിച്ചു. ഞങ്ങളൊരു വലിയ കുടുംബംപോലെയായിരുന്നു. ഞാൻ ഭാർഗവിയെ ആ കൃഷിസ്ഥലം ചുറ്റിക്കാണിച്ചു. ആൽമരത്തണലിലിരുന്ന് ഞങ്ങൾ ഏറെനേരം സംസാരിച്ചു. മാരനെപ്പോലെ, കൃഷിക്കാരന്റെ കഷ്ടതകളെക്കുറിച്ച് ഞാനവളോടു പറഞ്ഞു. എന്റെ മനസ്സിൽ കരുതിയതുപോലെ അവളതു സമ്മതിച്ചു. പക്ഷേ, സത്യസന്ധമായി പറഞ്ഞാൽ, അവൾ യാഥാർഥ്യം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഏറെനേരത്തെ സംസാരത്തിനുശേഷം, വിവാഹത്തിൽനിന്നു പിന്മാറില്ലെന്ന് അവൾ പറഞ്ഞു. എനിക്കു താങ്ങായിനിന്ന ഒരു തൂണായിരുന്നു അവൾ.

ഭർത്താവ്, അച്ഛൻ എന്നീ നിലകളിൽ താങ്കൾ സ്വയം എങ്ങനെ കാണുന്നു

= എന്റെയൊരു പുസ്തകം ഞാനവൾക്കു സമർപ്പിച്ചു. അതിൽ ഞാനെഴുതി: ‘എല്ലാം ത്യജിച്ച് അവൾ എനിക്കൊപ്പവും എന്റെ ഭ്രാന്തൻചിന്തകൾക്കൊപ്പവും നിന്നു. സമചിത്തതയോടെയുള്ള ധൈര്യം പ്രകടിപ്പിച്ചു’ ഞാനൊരു മാതൃകയാക്കാൻ പറ്റുന്ന ഭർത്താവോ അച്ഛനോ ആയിരുന്നില്ല. ഞാനൊരു സ്വേച്ഛാധിപതിയായിരുന്നു. ഞാനെന്റെ ജോലികളുടെ പീഡകളിലായിരുന്നപ്പോൾ കുടുംബത്തിന്‌ ആവശ്യമില്ലാതെ നിസ്സഹായമായി സഹിക്കാൻ സാഹചര്യമുണ്ടാക്കി. അത് ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

സ്വപ്നങ്ങളിൽ ആകാശത്തേക്ക്‌ ചിറകടിച്ചുയരാൻ വെമ്പുന്ന യുവതയോട്‌ സ്വപ്നങ്ങൾ സാക്ഷത്‌കരിച്ച ക്യാപ്‌റ്റൻ ഗോപിനാഥിന്‌ പറയാനുള്ളത്‌ എന്താണ്‌

=പുതിയ സാധ്യതകൾ വന്നുകൊണ്ടേയിരിക്കും. അത്‌ തേടാനും നേടാനുമുള്ള മനസ്സ്‌ മാത്രം മതി വിജയം തേടിവരാൻ. എന്റെ മക്കൾ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിച്ചാലും ഇതുതന്നെയാവും എന്റെ ഉപദേശം.

എന്തെങ്കിലും ഒരു ആശയം വീണ്ടും ഒന്നിച്ചു നേടണം എന്നുണ്ടോ? എങ്കിൽ അതെന്താണ്‌

=സംശയമെന്ത്‌? ഒരു പുതിയ എയർലൈൻതന്നെയാണത്‌.

ക്യാപ്‌റ്റൻ ഗോപിനാഥ്‌ ഇപ്പോഴും സ്വപ്നങ്ങൾ കാണുന്നു. അതെ, ആകാശത്തിന്‌ ഉൾക്കൊള്ളാവുന്ന പറവകൾക്ക്‌ പരിമിതിയോ എണ്ണമോ ഇല്ലല്ലോ...

(മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: G R Gopinath, captain founder of Air Deccan, Interview, soorarai pottru Suriya Sivakumar, Aparna balamurali, Sudha Kongara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023

Most Commented