സിനിമയില്‍ അഭിനയിക്കുകയെന്നത് ജി.കെ. പിള്ളയ്ക്ക് അടക്കിനിര്‍ത്താനാകാത്ത മോഹമായിരുന്നു. പട്ടാളത്തിലായിരിക്കുമ്പോഴാണ് ഈ മോഹം തലപൊക്കിയത്. പിന്നെ കാത്തിരുന്നില്ല. ജോലിയുപേക്ഷിച്ച് അഭിനയിക്കാന്‍ ഇറങ്ങിത്തിരിച്ചു.

അവസരം ചോദിച്ച് പലയിടത്തും പോയി. മേരിലാന്‍ഡില്‍ ചെന്നപ്പോള്‍ പൊക്കം കൂടുതലെന്നായിരുന്നു പരാതി. പത്രത്തില്‍ പരസ്യംകണ്ട് എറണാകുളത്തുവന്ന് നിര്‍മാതാക്കള്‍ക്ക് 300 രൂപ സഹായം നല്‍കി. എന്നിട്ടും അഭിനയിക്കാനായില്ല. അത് ചതിയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. എങ്കിലും ആഗ്രഹം മാറ്റിവെച്ചില്ല.

ചിറയിന്‍കീഴ് ഖദീജ തിയേറ്റര്‍ ഉടമ എം.എ. റഷീദാണ് ഒടുവില്‍ സഹായിച്ചത്. റഷീദിന്റെ കത്തുമായി മദ്രാസിലെത്തിയ ജി.കെ., ടി.ഇ. വാസുദേവന്റെയും മഞ്ഞിലാസ് എം.ഒ. ജോസഫിന്റെയും അഭിമുഖത്തില്‍ പങ്കെടുക്കുന്നു. അവരുടെ 'സ്‌നേഹസീമ'യെന്ന സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്.

പ്രശസ്ത നടി പത്മിനിയുടെ അച്ഛനായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കൈനിറയെ സിനിമകള്‍. ജി.കെ. പിള്ളയുടെ വില്ലന്‍ ഇമേജിനു തുടക്കംകുറിച്ചത് 'നായരുപിടിച്ച പുലിവാല്‍' എന്ന സിനിമയാണ്. ഇത്രയേറെക്കാലം അഭിനയവുമായി ജീവിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ജി.കെ. പറയാറുണ്ടായിരുന്നു.

സിനിമാലോകത്ത് സൗഹൃദങ്ങള്‍ തീരെ കുറവായിരുന്നു ഇദ്ദേഹത്തിന്. മുതുകുളവും എസ്.പി. പിള്ളയുമൊഴിച്ചാല്‍ ബാക്കിയെല്ലാവരും സഹപ്രവര്‍ത്തകരെന്നാണ് ജി.കെ. പറയാറുണ്ടായിരുന്നത്. പ്രേംനസീര്‍, ഭരത് ഗോപി, ശോഭന പരമേശ്വരന്‍നായര്‍, ജി. ശങ്കരപ്പിള്ള എന്നിവരൊക്കെ ജി.കെ. പിള്ളയുടെ നാട്ടുകാര്‍. ഒരേ കാലയളവില്‍ ചിറയിന്‍കീഴിലെ സ്‌കൂളില്‍ പല ക്ലാസുകളിലായി പഠിച്ചിരുന്നവരാണിവര്‍.

പക്വതയില്ലാത്ത ബാല്യകാലത്ത് 16-ാം വയസ്സില്‍ നാടുവിട്ട് പട്ടാളത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ക്യാമ്പിലെത്തി. മദ്രാസ് റെജിമെന്റിനു കീഴില്‍ പാളയംകോട്ടയിലായിരുന്നു ആദ്യ നിയമനം. പിന്നീട് കോയമ്പത്തൂര്‍ മധുക്കരയിലെത്തി. 1953 വരെ രാജ്യത്തിനകത്തും പുറത്തും പല സ്ഥലങ്ങളിലായി പട്ടാളസേവനം നടത്തി. ബയണറ്റ് ഫയറിങ്ങില്‍ വിദഗ്ധപരിശീലനം ലഭിച്ചയാളാണ്.

രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ബര്‍മ, സിങ്കപ്പൂര്‍, ജാവ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയതിനെത്തുടര്‍ന്നുണ്ടായ കലാപങ്ങള്‍ നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.

സൈനികസേവനത്തിന്റെ 13-ാം വര്‍ഷം സിനിമാമോഹം തലയ്ക്കുപിടിച്ചു. പട്ടാളക്യാമ്പുകളിലും റിക്രിയേഷന്‍ ക്ലബ്ബുകളിലും നാടകാവതരണം പതിവായിരുന്നു. ഹിന്ദി ചലച്ചിത്രങ്ങള്‍ കാണുന്നതും ഹരമായിരുന്നു. പട്ടാളസേവനം മതിയാക്കി 1952-ല്‍ നാട്ടിലെത്തി. ഒടുവില്‍ നിശ്ചയദാര്‍ഢ്യംകൊണ്ട് സിനിമയിലെത്തി. കുറഞ്ഞകാലംകൊണ്ട് വില്ലന്‍ വേഷങ്ങള്‍ക്ക് പര്യായമായി ജി.കെ. പിള്ള മാറി.

തികഞ്ഞ പട്ടാളച്ചിട്ടയോടെയുള്ള ജീവിതമാണ് തന്റെ ആരോഗ്യരഹസ്യമായി ജി.കെ. പിള്ള പറയാറുണ്ടായിരുന്നത്. മികച്ച സഹനടനുള്ള മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.

പ്രൊഫഷണല്‍, അമച്വര്‍ നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1953 മുതല്‍ രാഷ്ട്രീയരംഗത്തുമുണ്ടായിരുന്നു. കേരള എക്സര്‍വീസ്മെന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗം, മലനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു.