ജി.കെ. പിള്ള | photo: Mathrubhumi
ജി.കെ. പിള്ള ഒരിക്കല്‍ പറഞ്ഞു: ''എനിക്ക് പണ്ടേയൊരു പേരു വീണിട്ടുണ്ട് -അഹങ്കാരി. ചില തുറന്നുപറച്ചിലുകള്‍, ഒരു പട്ടാളക്കാരന്റെ ചിട്ടകള്‍. അതൊക്കെയാണ് ഈ പേര് വീഴാന്‍ കാരണം. സ്വാഭാവികമായും സിനിമയിലും രാഷ്ട്രീയത്തിലും ശത്രുക്കള്‍ കൂടി.'' ആ വിളിയില്‍ ജി.കെ. ണ്ടപിള്ളയെന്ന ജി. കേശവപിള്ളയ്ക്ക്, ഒട്ടും പരിഭവമുണ്ടായിരുന്നില്ല. പക്ഷേ, വേറെ ചില സങ്കടങ്ങളുണ്ടായിരുന്നു. അത് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. താന്‍ സ്നേഹിച്ച പ്രസ്ഥാനം അവഗണിച്ചതിന്റെ സങ്കടം.
ഒരു പട്ടാളക്കാരനില്‍നിന്ന് നടനിലേക്കുള്ള യാത്രയ്ക്കിടെ ജി.കെ. പിള്ളയെ പാകപ്പെടുത്തിയത് അദ്ദേഹത്തിന്റെ ചില തിരിച്ചറിവുകളും ചങ്കുറപ്പുമായിരുന്നു. പതിനാറാം വയസ്സില്‍ ഒളിച്ചോടി സൈന്യത്തില്‍ ചേര്‍ന്നപ്പോഴും പിന്നീട് പട്ടാളംവിട്ട് നടനായപ്പോഴും അദ്ദേഹം ഒരിക്കലും നഷ്ടങ്ങളുടെയോ ലാഭത്തിന്റെയോ കണക്കെടുത്തിട്ടില്ല.
1954 ഡിസംബറില്‍ 'സ്നേഹസീമ'യിലെ നായിക പത്മിനിയുടെ അപ്പന് 'പൂപ്പള്ളി തോമസ്' എന്ന കഥാപാത്രത്തിനായിരുന്നു അദ്ദേഹത്തിന്റെ മുഖം ആദ്യമായി സിനിമയില്വന്നത്. പിന്നീട് സിനിമയില്‍ വില്ലന്‍ വേഷങ്ങളിലും സീരിയലുകളില്‍ ഒട്ടേറെ കഥാപാത്രങ്ങളായും ആ മുഖം മലയാളിക്കു പരിചിതമായി. അദ്ദേഹം പറഞ്ഞിട്ടുണ്ട്: ''എന്റെ ജീവിതം സിനിമയുടെ കഥയാണ്, സിനിമപോലൊരു കഥയാണ്. എന്റെ ശബ്ദമാണ് എന്റെ ദൈവം.''
രണ്ടാം ലോകയുദ്ധം നടക്കുമ്പോള്‍ ജി.കെ. പിള്ളയ്ക്ക് വയസ്സ് 14. സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹവും കൂടി. സമര ഗീതങ്ങളുടെ ആലാപനത്തിനുള്ള ആ കൂട്ടുച്ചേരലാണ് രാഷ്ട്രീയം ഉള്ളില്ക്കൂടാന് നിമിത്തമായത്. അതൊന്നും വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല.
പതിനാറാം വയസ്സില്‍ ചിറയിന്‍കീഴിലെ വീട്ടില്‍നിന്ന് വെറും കൈയോടെ മുങ്ങി തിരുവനന്തപുരത്തെത്തി. എസ്.എം.വി. സ്കൂളില്‍ അന്ന് പട്ടാളത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടായിരുന്നു. വിശന്നിട്ട് നിവര്‍ന്നു നില്ക്കാന് വയ്യ. സ്കൂളില്‍ ഇടിച്ചുകയറിയെങ്കിലും തൂക്കമില്ലാത്തതിനാല് പുറത്തായി. പട്ടാളത്തില്‍ ചേരാന്‍ വന്നൊരാള്‍ വയറുനിറയെ പഴം വാങ്ങിക്കൊടുത്തു. പൈപ്പുവെള്ളം കുടിച്ചു. വീണ്ടും സ്കൂളിലെത്തി. സെലക്ഷന് കിട്ടി. അങ്ങനെയാണ് സൈന്യത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പരിശീലനം കഴിഞ്ഞ് അത്യധികം ആത്മാഭിമാനത്തോടെ അമ്മയ്ക്കെഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞു: ''ഇന്ന് ഞാനൊരു പട്ടാളക്കാരനാണ്. ശമ്പളം പത്തുരൂപ. ഒമ്പതു രൂപ കൈയില്‍ക്കിട്ടി. ഏഴുരൂപ മണിയോര്‍ഡര്‍ അയക്കുന്നു. അടുത്തമാസവും അയക്കാം.''
കത്തുവായിച്ച് അമ്മ പൊട്ടിക്കരഞ്ഞെന്നറിഞ്ഞപ്പോള് ജി.കെ. പിള്ളയ്ക്കും സങ്കടമായി. 13 വര്‍ഷം സൈന്യത്തിലുണ്ടായിരുന്നു. ഹവില്‍ദാറായി. വെടിവെപ്പിലും പോരാട്ടത്തിലും മുന്‍നിരയിലെത്തി. എന്നിട്ടും സൈനികജോലി ഉപേക്ഷിച്ചത് ഇഷ്ടപ്പെട്ടിട്ടല്ല. വീട്ടുകാര്‍, മകന്റെ സിനിമാമോഹത്തെ തെറ്റിദ്ധരിച്ചതിങ്ങനെയാണ്-സിനിമാക്കാരികളുമായി ആടാനും പാടാനുമാണ് പണി കളഞ്ഞത്.
പത്രപ്പരസ്യം കണ്ടാണ് സിനിമയിലഭിനയിക്കാന്‍ തോപ്പുംപടിയിലെത്തിയത്. അഭിനയിക്കാന്‍ ചാന്‍സിനു നല്കിയ 300 രൂപ നഷ്ടപ്പെട്ടതുമാത്രം മിച്ചം. പണവുമായി സിനിമാകമ്പനിക്കാര്‍ മുങ്ങി. എന്നാല്‍, എം.എ. റഷീദ് എന്ന കൂട്ടുകാരനിലൂടെ, മദിരാശിയിലെ എ.കെ. ഗോപാലന് എന്ന റെയില്‍വേ കരാറുകാരനിലൂടെ, വാഹിനി സ്റ്റുഡിയോയില്‍, സ്നേഹസീമയില്‍ ജി.കെ. പിള്ളയുടെ രണ്ടാം ജീവിതമായ സിനിമാഭിനയത്തിനു തുടക്കമായി. അങ്ങനെ നടനായി. അന്നു പ്രതിഫലമായി കിട്ടിയത് 327 രൂപ.
'നായരു പിടിച്ച പുലിവാല് വരെ' അപ്പൂപ്പന് ണ്ടവേഷങ്ങളില് അദ്ദേഹത്തെ കെട്ടിയിട്ടു സിനിമക്കാര്‍. ''എന്നാല്‍ 'കൂടെപ്പിറപ്പു' മുതല്‍ കഥ മാറുകയായിരുന്നു. ആളുകള്‍ എന്നെക്കണ്ടാല്‍ കല്ലെറിയുന്ന വേഷങ്ങള്‍ ഒരുപാടു ചെയ്തു.'' -ജി.കെ. പിള്ള ഒരിക്കല്‍ പറഞ്ഞു.
സുഹൃത്തായ പ്രേംനസീറുമൊത്ത് വടക്കന്‍ പാട്ട് സിനിമകളിലുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചു. എന്നാല്‍, സിനിമയില്‍ ജി.കെ. പിള്ളയ്ക്ക് ആത്മാര്‍ഥ സുഹൃത്തുക്കള്‍ കുറവായിരുന്നു.
59 കൊല്ലം കോണ്‍ഗ്രസിനുവേണ്ടി ജി.കെ. പിള്ള പ്രസംഗിച്ചു. മുമ്പ് അദ്ദേഹം പറഞ്ഞിട്ടുണ്ട്: ''പണ്ട് എല്ലാ തിരഞ്ഞെടുപ്പുകാലത്തും കോണ്‍ഗ്രസുകാര്‍ക്ക് എന്നെ വേണമായിരുന്നു. വേദികളില്‍ പ്രസംഗകനായി. ഓരോതവണ കോണ്‍ഗ്രസിനു ഭരണം കിട്ടുമ്പോഴും പദവികള്‍ വാഗ്ദാനം ചെയ്യും. അതൊന്നും കിട്ടാത്തതിലല്ല ദുഃഖം. പാടേ, അവഗണിച്ചു കളഞ്ഞു. പാറശ്ശാലമുതല്‍ കാസര്‍കോടുവരെ കോണ്‍ഗ്രസിനുവേണ്ടി വായിട്ടലച്ചിട്ടാണ് ഈ അവഗണന. വിമോചന സമരകാലത്ത് മന്നത്തു പദ്മനാഭന് എന്നെ അഭിനന്ദിച്ചു, മാലയിട്ടു. എനിക്ക് അതൊക്കെ മതി.'' 15 കൊല്ലം എക്സ് മെന്സര്വീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹം.
'കുങ്കുമപ്പൂവ്' എന്ന ടെലിവിഷന്‍ പരമ്പരയില്‍ ഒരു കറുത്തവടിയുണ്ടായിരുന്നു പിള്ളയുടെ കഥാപാത്രത്തിന്. ഈ വടിയുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്. പരമ്പര വന്നുകൊണ്ടിരിക്കേ മറ്റൊരു സീരിയലില്‍ അഭിനയിക്കാന്‍ വിളി വന്നു. സര് ഈ വടി നിര്ബന്ധമാണോയെന്നായിരുന്നു അവരുടെ ചോദ്യം. ''ഈ വടി കുങ്കുമപ്പൂവിനു മാത്രം. ചിലപ്പോള്‍ ഫോട്ടോയെടുക്കാനും'' -എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലണ്ടനിലുള്ള മകന് നല്കിയതായിരുന്നു നാലായി മടക്കി ബാഗിലോ കക്ഷത്തോ വെക്കാവുന്ന വടി. സീരിയലിനു പുറമേ, കാര്യസ്ഥനിലെ മുഴുനീള വേഷവും ജി.കെ. പിള്ളയെ വീണ്ടും സ്റ്റാറാക്കുകയായിരുന്നു.
(ജി.കെ. പിള്ളയുമായി നേരത്തേ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..