മങ്കട: എല്ലമല ഗ്രാമത്തിന്റെയും വള്ളുവനാടിന്റെയും കലാഹൃദയങ്ങളില്‍ ഇടംനേടിയ ഷംസുദ്ദീന്‍ വീണ്ടും ശ്രദ്ധേയനാകുന്നു.

ക്രിക്കറ്റ് ഇതിഹാസം ഹര്‍ഭജന്‍ സിങ്ങിനെ നായകനാക്കി ജെ.പി.ആര്‍. ജോണ്‍-ഷാം സൂര്യ കൂട്ടുകെട്ടില്‍ പിറക്കുന്ന ഫ്രണ്ട്ഷിപ്പ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ത്രില്ലിലാണ് മക്കരപ്പറമ്പ് കാളാവ് സ്വദേശി മണ്ണിശ്ശേരി ഷംസുദ്ദീന്‍. കാമ്പസും ക്രിക്കറ്റും പ്രമേയമാകുന്ന സിനിമയില്‍ ക്രിക്കറ്റ് സെലക്ടറുടെ റോളിലാണ് അഭിനയിച്ചത്. സ്വപ്നസാക്ഷാത്കാരമായാണ് ഷംസുദ്ദീന്‍ ഇതിനെ കാണുന്നത്.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് സ്വന്തമായി നാടകം സംവിധാനംചെയ്ത് അഭിനയിച്ച ഷംസുദ്ദീന്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയ കായികവേദികളിലും സജീവമായിരുന്നു. ഗൂഡല്ലൂര്‍ നീലഗിരിയിലെ എല്ലമല ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. ബോഡി ബില്‍ഡറും മോഡലും മിമിക്രി ആര്‍ട്ടിസ്റ്റുംകൂടിയായ ഷംസുദ്ദീന്‍ ഒട്ടേറെ സിനിമകളില്‍ വില്ലന്‍ കഥാപാത്രമായും പോലീസ് ഓഫീസറായും വേഷമിട്ടിട്ടുണ്ട്.

മുന്ന സൈമണ്‍, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'രാവണാസുരന്‍' എന്ന തമിഴ്ചിത്രവും യുവ കലാകാരന്‍മാരുടെ കൂട്ടായ്മയില്‍ ഗോകുല്‍ സംവിധാനംചെയ്യുന്ന ആസിഡ് എന്ന മലയാളചിത്രവും ചിത്രീകരണം പുരോഗമിക്കുകയാണ്.