ഒരു പെരുമഴയത്തായിരുന്നു ആ ബാലന്‍ പോലീസ് വാഹനത്തില്‍ നിന്നിറങ്ങിയത്. നീണ്ട തമുടിയും നിഗൂഢത നിറഞ്ഞ നോട്ടവും. തന്നെ എന്തിനാണ് അവിടെ കൊണ്ടുവന്നതെന്നോ, ആരുടെ കൈപിടിച്ചാണോ താന്‍ നടക്കുന്നതെന്നുപോലും അവന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവന്റെ പേര് റൂബന്‍ ഏലിയാസ്. ടോവിനോ നായകനായ 'ഫോറന്‍സിക്' കണ്ടവരാരും ഈ രംഗവും അതിലഭിനയിച്ച കുട്ടിയേയും മറക്കാനിടയില്ല. പലരും ഇതാരാണെന്ന് അന്വേഷിച്ചിട്ടുമുണ്ടാവും. ആളിവിടെ കോഴിക്കോടുണ്ട്. പേര് ഹാത്തിം.

സിനിമയും പാട്ടും ഫുട്‌ബോളും ഡാന്‍സുമെല്ലാം ഇഷ്ടപ്പെടുന്ന ഹാത്തിമിന്റെ സിനിമയിലേക്കുള്ള വരവ് കൊച്ചിയില്‍ നടന്ന ഓഡിഷനിലൂടെയായിരുന്നു. മൂന്നുഘട്ടമായി നടന്ന ഓഡിഷനില്‍ എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു. കണ്ണുകളാണ് ഹാത്തിമിനെ റൂബന്‍ ഏലിയാസെന്ന കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം. 

വില്ലന്‍ വേഷമാണെന്നു പോലും അറിയാതെയാണ് ഹാത്തിം അഭിനയിച്ചത്. റൂബന്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അഭിനയിക്കേണ്ടതെന്നും ക്യാരക്റ്റര്‍ റോളാണെന്നുമാണ് സംവിധായകര്‍ പറഞ്ഞതെന്ന് ഹാത്തിമിന്റെ ഉമ്മ ജസ്‌ന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നാല് ദിവസം മാത്രമേ ഹാത്തിമിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാനെടുത്തുള്ളൂ. ഒറ്റ സംഭാഷണവുമില്ലായിരുന്നെങ്കിലും കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ജസ്‌ന പറഞ്ഞു.

Hathim 2

മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെയെല്ലാം സിനിമകള്‍ കാണും. ടോവിനോയെ വല്യ കാര്യമാണ് ഹാത്തിമിന്. ആദ്യമായി അഭിനയിച്ച സിനിമയിലെ നായകനും ടോവിനോ തന്നെ. സിനിമ ഇറങ്ങിയതിനുശേഷം ടോവിനോയും മംമ്തയും സംവിധായകരായ അഖില്‍ പോളും അനസ് ഖാനുമെല്ലാം വിളിച്ച് അഭിനന്ദിച്ചു. സ്‌കൂളില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. മഡ്ഡി എന്ന ചിത്രത്തിലാണ് ഹാത്തിം അവസാനമായി അഭിനയിച്ചത്. ഒരു ബഹുഭാഷാ ചിത്രവും പിന്നാലെ വരുന്നുണ്ട്. റമദാന്‍ കരീം, ലൈഫ് ഓഫ് ഹാത്തിം, മനസിലെ ആകാശം എന്നീ ഹ്രസ്വ ചിത്രങ്ങളിലും ഹാത്തിം അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്ങിലും ഈ കൊച്ചുമിടുക്കന്‍ ഒരു കൈ നോക്കുന്നുണ്ട്. 2018-ലെ ജൂനിയര്‍ മോഡല്‍ ഇന്റര്‍ നാഷണലില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു. ഇതുവഴി ബള്‍ഗേറിയയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് പോകാനും ഹാത്തിമിന് അവസരമുണ്ടായി. ലിറ്റില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ് ഫസ്റ്റ് റണ്ണര്‍ അപ്പ്, കേരളാ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് സെക്കന്‍ഡ് റണ്ണര്‍ അപ്പ്, ലഷ് പ്രിന്‍സ് ട്രിവാന്‍ഡ്രം ജേതാവ് തുടങ്ങി നിരവധി ബഹുമതികളും ഈ ആറുവയസുകാരനെ തേടിയെത്തി. 

ലോക്ക്ഡൗണായതിനാല്‍ ഈസ്റ്റ് ഹില്ലിലെ വീട്ടില്‍ത്തന്നെയിരുന്ന് അഭിനയവും സിനിമ കാണലുമൊക്കെയാണ് ഹാത്തിമിന്റെ വിനോദങ്ങള്‍. ദേവഗിരി സി.എം.ഐ സ്‌കൂളിലെ ഒന്നാംതരം വിദ്യാര്‍ത്ഥിയാണ് ഹാത്തിം. ബിസിനസ്‌കാരനായ മുബീറാണ് പിതാവ്.

Content Highlights: Forensic Movie, Child Artist Hathim, Tovino Thomas and Mamta Mohandas