ചേര്‍ത്തല : 'ശകുന്തള'യ്ക്കായി 1965ല്‍ കാര്‍ബണ്‍ കത്തിച്ച് ഫിലിം കറക്കി തുടങ്ങുമ്പോള്‍ ഗോപാലകൃഷ്ണന് പ്രായം 20. കാലംമാറി. പ്രൊജക്ടര്‍ മുറിയില്‍നിന്ന് കാര്‍ബണും ഫിലിമും കറക്കുന്ന സാമഗ്രികളുമകന്നു, എല്ലാം സാറ്റലൈറ്റ് സംവിധാനത്തില്‍. 54വര്‍ഷം പിന്നിട്ട് എറണാകുളം സരിതയിലെ പ്രൊജക്ടര്‍ മുറിയില്‍ 'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിനായി സാറ്റലൈറ്റ് സിഗ്‌നല്‍ ക്രമീകരിച്ച് കംപ്യൂട്ടര്‍ ബട്ടണുകള്‍ അമര്‍ത്തുന്നതും അതേ ഗോപിച്ചേട്ടന്‍ തന്നെ.
സിനിമ... അതുമാത്രമാണ് ഗോപാലകൃഷ്ണന്റെ ജീവിതം. സിനിമ ഓപ്പറേറ്ററായി പിന്നിട്ടത് 54 വര്‍ഷം. കൈകള്‍ വഴി തിരശ്ശീലയിലെത്തിയ സിനിമകള്‍ക്ക് എണ്ണമില്ല. സിനിമയുടെയും തിേയറ്ററിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ചു മാറി ഈ കുത്തിയതോടുകാരന്‍. കോടംതുരുത്ത് ഭാര്‍ഗവിമന്ദിരത്തില്‍ ഇ.ഗോപാലകൃഷ്ണന്‍നായര്‍ 1965ല്‍ കുത്തിയതോട്ടിലെ ശ്രീകൃഷ്ണ ടാക്കീസിലാണ് പണിതുടങ്ങിയത്. ഗാന്ധിയപ്പന്‍പിള്ളയെന്ന ആശാന്റെ കൈപിടിച്ചായിരുന്നു തുടക്കം.
തുറവൂരില്‍ ശ്രീകൃഷ്ണാ ടാക്കീസ് തുടങ്ങിയപ്പോള്‍ സ്വതന്ത്രനായി. കുത്തിയതോട് സാരഥിയിലെത്തിയശേഷം എറണാകുളത്തേക്ക് പറന്നു. ഷേണായിസും കടന്ന് ഇപ്പോള്‍ സരിതയില്‍. 'ചിത്രം' ഒരു വര്‍ഷം ഓടിയപ്പോള്‍ അവധിദിനങ്ങളൊഴിച്ചുള്ള ദിവസങ്ങളില്‍ ചുമതല അദ്ദേഹത്തിനായിരുന്നു. 54വര്‍ഷം പിന്നിട്ട ഗോപാലകൃഷ്ണനെപ്പറ്റി കേട്ടറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തന്നെ നേരിട്ട് അനുമോദിച്ചിരുന്നു.
ജീവിതത്തിലെ ഓസ്‌കാറായിരുന്നു ആ കൂടിക്കാഴ്ചയും മോഹന്‍ലാലിന്റെ ആശ്ലേഷവുമെന്ന് ഗോപിച്ചേട്ടന്‍ പറയും.
പ്രേംനസീറും കെ.ആര്‍.വിജയയും ആണ് 'ശകുന്തള'യില്‍ വേഷമിട്ടത്. കുത്തിയതോട് സാരഥിയില്‍ 'ആരോമലുണ്ണി' ഒരുമാസത്തോളം ഓടിയപ്പോള്‍ നസീര്‍ നേരിട്ടെത്തിയിരുന്നു. അന്ന് ആനപ്പുറത്ത് ആരോമലുണ്ണിയുടെ വേഷധാരിയെ നിര്‍ത്തിയാണ് സ്വീകരണം നല്‍കിയത്. സൂക്ഷ്മതയോടെ കാര്‍ബണ്‍ കത്തിച്ച് ഫിലിം ചേംബര്‍ കൃത്യമായി കറക്കിയായിരുന്നു തുടക്കം. ഗോപാലകൃഷ്ണന്‍ എല്ലാ സിനിമയും കാണും, വിലയിരുത്തും. നല്ലതിനെ നല്ലതെന്നുതന്നെ പറയും. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് മക്കളായ മനുവിനെയും മഹേഷിനെയും ഫിലിം രംഗത്തേക്കു തന്നെ വഴിതിരിച്ചത്. രണ്ടുപേരും എറണാകുളത്ത് ഇതേരംഗത്ത് ജോലിചെയ്യുന്നു.