ഫോട്ടോ, വീഡിയോ : ഷഹീർ സി എച്ച്
ഏഴു വര്‍ഷമായി നേഹ സക്‌സേന സിനിമയിലെത്തിയിട്ട്. തുളു ഭാഷയില്‍ പുറത്തിറങ്ങിയ 'റിക്ഷ ഡ്രൈവര്‍' എന്ന ആദ്യചിത്രം തന്നെ നടിയെന്ന നിലയില്‍ നേഹയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രം 'കസബ'യിലൂടെ 2016ല്‍ മലയാളത്തിലുമെത്തി. എന്നാല്‍, വ്യത്യസ്ത ഭാഷകളില്‍ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടും അവയൊന്നും തനിയ്ക്ക് സംതൃപ്തി നല്‍കിയിട്ടില്ലെന്ന് നേഹ പറയുന്നു.
'ഇത്രയും ഭാഷകളില്‍ ഇത്രയും ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്‌തെങ്കിലും എനിക്കിതുവരെ ജോബ് സാറ്റിസ്ഫാക്ഷന്‍ കിട്ടിയിട്ടില്ല.' നേഹ വ്യക്തമാക്കുന്നു. 'ഞാനൊരു ഇന്റന്‍സ് ആര്‍ട്ടിസ്റ്റാണ്. എക്കാലവും ഓര്‍ത്തിരിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഗ്ലാമര്‍-റൊമാന്റിക് സിനിമകള്‍ എനിക്കത്ര ഇഷ്ടമല്ല. വ്യത്യസ്തതയുള്ള, ശക്തമായ കഥാപാത്രങ്ങള്‍ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും ഞാന്‍ തയ്യാറാണ്. പക്ഷേ, ഇതുവരെ എനിക്ക് സംതൃപ്തി ലഭിക്കുന്ന കഥാപാത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. 2020ല്‍ അതു സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.' മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
സിനിമ കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണെന്നും എന്നാല്‍, ജനിക്കും മുമ്പേ അച്ഛനെ നഷ്ടപ്പെട്ട താന്‍ ഏറെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും നേഹ കൂട്ടിച്ചേര്‍ക്കുന്നു. 'അമ്മ എന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എന്റെ അച്ഛന്‍ മരിച്ചു. അമ്മയുടെ ആദ്യത്തെ കുട്ടിയായിരുന്നു ഞാന്‍. അച്ഛനും സഹോദരന്‍മാരുമൊന്നും ഇല്ലാത്തതിനാല്‍ അതിന്റേതായ ബുദ്ധമുട്ടുകളൊക്കെ ഉണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്നും മോഡലാകണമെന്നുമൊക്കെ ചെറുപ്പം മുതലേ എന്റെ സ്വപ്നമായിരുന്നു. എന്നാല്‍, ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അത് നമുക്ക് വേണ്ടെന്നായിരുന്നു മറുപടി.'
'വലുതായി കോര്‍പറേറ്റ് ജോലിയില്‍ പ്രവേശിച്ചെങ്കിലും എന്റെ മനസ് സിനിമയില്‍ തന്നെയായിരുന്നു. അപ്പോഴും കോര്‍പറേറ്റ് ഇന്‍ഡസ്ട്രിയാണ് നല്ലത് സിനിമ വേണ്ട എന്നുതന്നെയായിരുന്നു അമ്മയുടെ നിലപാട്. സിനിമയിലെത്താന്‍ ഞാന്‍ കഷ്ടപ്പെട്ട കാലത്ത് എനിക്ക് അമ്മയുടെ പിന്തുണ ലഭിച്ചിരുന്നില്ല. പക്ഷേ, ഞാന്‍ സിനിമയില്‍ അഭിനയിച്ചു. അത് സൂപ്പര്‍ ഹിറ്റായി. അതിനുശേഷം എന്റെ സിനിമ കണ്ടപ്പോള്‍ അമ്മ ഒരുപാട് കരഞ്ഞു. എന്നെ സപ്പോര്‍ട്ട് ചെയ്യാത്തതില്‍ അമ്മയ്ക്ക് വലിയ ദുഖമായി. പക്ഷേ, എനിക്കതില്‍ വിഷമമില്ല. കാരണം, സിനിമ വേണ്ടെന്ന് പറഞ്ഞതിന് അമ്മയ്ക്ക് അമ്മയുടേതായ കാരണങ്ങളുണ്ട്. ഇപ്പോള്‍ അമ്മയ്ക്ക് എന്നെ കുറിച്ച് വലിയ അഭിമാനമാണ്' -പഞ്ചാബില്‍ നിന്നെത്തി തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങുന്ന അഭിനേത്രി പറയുന്നു.
ഇന്ത്യയിലെ തന്നെ മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്ന ഇടമാണ് മലയാളമെന്നും താനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മലയാള സിനിമയിലാണെന്നും നേഹ പറഞ്ഞു. 'മലയാള സിനിമ വളരെ റിയലിസ്റ്റിക്കാണ്. ഹെവി മെയ്ക്കപ്പ് വേണമെന്നോ ഹീറോയിന്‍ ഗ്ലാമറസാകണമെന്നോ ഒന്നും ഇവിടെയില്ല. സിംപിള്‍ ആന്‍ഡ് നാച്വറലാണ് മലയാള സിനിമ. പുതിയ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊക്കെ വലിയ സ്വീകാര്യതയാണ് ഇവിടെ ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമുള്ള പ്രത്യേകതയാണത്.'
'കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദേശീയ പുരസ്‌കാര വേദികളിലും മികച്ച പ്രകടനമാണ് ഇവിടത്തെ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും കാഴ്ചവെക്കുന്നത്. ഓരോ ദിവസവും മലയാള സിനിമ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയുടെ ഒരു ഭാഗമാണെന്നതില്‍ എനിക്കേറെ അഭിമാനമുണ്ട്. ഞാനിപ്പോള്‍ പൂര്‍ണമായും മലയാളത്തിലാണ് ശ്രദ്ധിക്കുന്നത്. ഇവിടത്തെ ഒരു മികച്ച നടിയായി അറിയപ്പെടണമെന്നാണ് ആഗ്രഹം.' മലയാളത്തെ കുറിച്ച് നേഹ വാചാലയായി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് നേഹയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ, മൃച്ഛകടികം തുടങ്ങിയ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു. പല പ്രൊജക്ടുകളുടെയും ചര്‍ച്ച നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും നേഹ കൂട്ടിച്ചേര്‍ത്തു.
Content Highlights : film actress Neha Saxena interview Omar Lulu Dhamaka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..